കൊച്ചി : മരട് കേസില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാരിന്റെ സത്യവാങ്മൂലം. കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കും. കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി കൈക്കൊണ്ട നടപടികളും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് പറഞ്ഞ ചീഫ് സെക്രട്ടറി ഇക്കാര്യത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടായാല്‍ മാപ്പ് തരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ചീഫ് സെക്രട്ടറി കോടതിയില്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
നിര്‍മ്മാണത്തില്‍ ചട്ടലംഘനം കണ്ടെത്തിയ ഫ്ലാറ്റ് പൊളിച്ച് മാറ്റാന്‍ കോടതി അനുവദിച്ച സമയപരിധി ഇന്ന് തീരാനിരിക്കെയാണ് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
ഇന്ന് വിധി നടപ്പാക്കിയ ശേഷം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ എടുത്ത നടപടികള്‍ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്.