Image

യുഡിഎഫിലെ തമ്മിലടിക്ക് ജനം ഷോക്ക് നല്‍കും; ഇത്തവണ പാല ഇടതിനൊപ്പം- കോടിയേരി

Published on 20 September, 2019
യുഡിഎഫിലെ തമ്മിലടിക്ക് ജനം ഷോക്ക് നല്‍കും; ഇത്തവണ പാല ഇടതിനൊപ്പം- കോടിയേരി

കെ.എം മാണി എന്ന വികാരം വോട്ടാകുമെന്നും മണ്ഡലം നിലനിര്‍ത്താനാകും എന്ന ശുഭപ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാല്‍ കെ.എം മാണിയില്ലാത്ത പാലാ ഇത്തവണ പിടിച്ചെടുക്കുമെന്ന് ഉറപ്പിച്ചാണ് എല്‍ഡിഎഫ് പ്രചാരണം കൊഴുപ്പിക്കുന്നത്‌.


ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്നൊരു തിരിച്ചുവരവും ചെങ്ങന്നൂരില്‍ നേടിയ അട്ടിമറി വിജയം പാലായിലും ആവര്‍ത്തിക്കുമെന്ന ശുഭാപ്തി വിശ്വാസം പല വേദികളിലും സിപിഎം സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണന്‍ പ്രകടിപ്പിക്കുകയുണ്ടായി. പാലായില്‍ ഇടതുപക്ഷത്തിനുള്ള പ്രതീക്ഷകള്‍ കോടിയേരി മാതൃഭൂമി ഡോട്ട് കോം പ്രതിനിധി കെ.എ ജോണിയുമായി പങ്കുവെക്കുന്നു.

പാലായിലേത് 20 മാസം മാത്രം കാലവധിയുള്ള ജനപ്രതിനിധിക്കായുള്ള ഒരു ഉപതിരഞ്ഞെടുപ്പാണ്. 20 മാസം കൊണ്ട് സംസ്ഥാനം ഭരിക്കുന്ന ഗവണ്‍മെന്റില്‍ പ്രത്യേകിച്ചൊരു മാറ്റം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ പാലായില്‍ നിന്ന് സര്‍ക്കാരിനോടൊപ്പം നില്‍ക്കുന്നൊരു ജന പ്രതിനിധി ഉണ്ടാകുന്നതാണ് നല്ലതെന്ന് വികസന തല്‍പരരായ പാലായിലെ വോട്ടര്‍മാര്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും.


പാലായില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളും പ്രാദേശിക വികസനവും ആണ് മുഖ്യം. കുടിവെള്ളം, വൈദ്യുതി, റോഡ് തുടങ്ങി പ്രദേശികമായ പല പ്രശ്‌നങ്ങളും പാലായില്‍ ഉണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നല്ലത് ഗവണ്‍മെന്റിന്റെ കൂടെ നില്‍ക്കുന്ന ജന പ്രതിനിധിയെ തിരഞ്ഞെടുക്കുക എന്നതാണ്.

യുഡിഎഫ് ജനപ്രതിനിധി ആയിരുന്ന കെ.എം മാണി പ്രഗത്ഭനായ സ്ഥാനാര്‍ത്ഥിയായിരുന്നു. അദ്ദേഹത്തിന് ചിലപ്പോള്‍ എല്‍ഡിഎഫ് അനുഭാവികളുടേത് അടക്കം വോട്ടുകള്‍ കിട്ടിയിട്ടുണ്ടാകാം. നല്ല നേതാക്കന്‍മാര്‍ക്ക് രാഷ്ട്രീയത്തിന് അതീതമായി വോട്ടുകള്‍ കിട്ടുന്ന സാഹചര്യം കേരളത്തിലെ പല മണ്ഡലങ്ങളിലും ഉണ്ട്. അത് ഇത്തവണ യൂഡിഎഫിന് അനുകൂലമല്ല. അത് എല്‍ഡിഎഫിന് അനുകൂലമായി വരുന്നൊരു ഘടകമാണ്. അതുകൊണ്ട് തന്നെ എല്‍ഡിഎഫിന് പാലയില്‍ ഇത്തവണ വിജയപ്രതീഷ ഉണ്ട്.


പാല പോലുള്ള യുഡിഎഫിന്റെ കോട്ടകള്‍ മുമ്ബും തകര്‍ന്നിട്ടുണ്ട്. യുഡിഎഫിന്റെ നേതാക്കന്‍മാര്‍ക്കുള്ള ഒരു പ്രത്യേകത പലരും വ്യക്തികേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്നവരാണ്. കെ. കരുണാകരന്‍ അത്തരത്തിലുള്ളൊരു നേതാവാണ്. അദ്ദേഹം ഉള്ളപ്പോള്‍ മാളയില്‍ മറ്റാര്‍ക്കും ജയിക്കാനാകുമായിരുന്നില്ല. അദ്ദേഹം മാറി നിന്നപ്പോഴാണ് എല്‍ഡിഎഫ് മാള പിടിച്ചെടുത്തത്. മാളയില്‍ ഉണ്ടായത് പോലെയുള്ള ഒരു സ്ഥിതിവിശേഷമാണ് പാലയില്‍ ഉള്ളത്.


കെ.എം മാണി ഇല്ലാത്ത, മരിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് പക്ഷേ കെ. എം മാണിയോടുള്ള ആദരവും ഇഷ്ടവും ഒന്നിച്ച്‌ നിന്ന് വോട്ടാക്കി മാറ്റാന്‍ യുഡിഎഫിന് ആകുന്നില്ല. മരിച്ച ഒരു നേതാവിന്റെ സ്മരണ ഉയര്‍ത്തിപ്പിടിക്കാതെ തമ്മിലടി കൂടുന്നവര്‍ക്ക് ഇനി എങ്ങനെയാണ് മുന്നോട്ട് യോജിച്ച്‌ പ്രവര്‍ത്തിക്കാനാകുക. കേരളാകോണ്‍ഗ്രസുകാര്‍ക്ക് പോലും നേതൃത്വത്തിന്റെ ഈ തമ്മിലടി കാരണം മനസുമടുത്തിരിക്കുകയാണ് അതിനാല്‍ തന്നെ അവരുടെ പാര്‍ട്ടിക്കാര്‍ പോലും ഇത്തവണ ഒരു ഷോക്കുകൊടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് വസ്തുത. യുഡിഎഫ് മുന്നണിക്കുള്ളിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചുവെന്ന് പറയുമ്ബോഴും രണ്ടില ചിഹ്നത്തില്‍ മത്സരിക്കാതെ ചക്ക ചിഹ്നത്തില്‍ മത്സരിക്കുന്നത് തന്നെ പടലപ്പിണക്കം മാറിയില്ലെന്നതിന്റെ ഉദാഹരമാണ്.


മതേതരത്വത്തിനും ബഹുസ്വരതയ്ക്കും ഫെഡറല്‍ ഗവണ്‍മെന്റിനും എല്ലാം എതിരായിട്ടുള്ള കേന്ദ്രസര്‍ക്കാറിന്റെ നിലപാടുള്‍പ്പെടെ ഞങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാണിക്കും. ഇതിനെതിരെ ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ പോലും കോണ്‍ഗ്രസിനാകുന്നില്ല. കേരളത്തില്‍ നിന്നുള്ള 19 എം.പിമാര്‍ക്കും 19 സ്വരമാണ്. മതേതരത്വം ഇന്ത്യയ്ക്ക് യോജിക്കാത്ത ഒരു ആശയമാണെന്ന് കോണ്‍ഗ്രസ് എം.പിയായ ശശി തരൂര്‍ ആണ് പറഞ്ഞത്. 370ാം വകുപ്പ് എടുത്തുകളഞ്ഞത് ശരിയാണ്, ആയോധ്യയില്‍ രാമക്ഷേത്രം പണിയണം എന്നെല്ലാം ഒരു കോണ്‍ഗ്രസ് എം.പി പറയുമ്ബോള്‍ കോണ്‍ഗ്രസുകാര്‍ക്ക് പോലും കോണ്‍ഗ്രസ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആവുന്നില്ലെന്നതിന് മറ്റെന്ത് തെളിവുവേണം. 


കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലവുമായി നിയമസഭാ തിരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യാനാകില്ല. ലോക്‌സഭയിലേക്ക് യുഡിഎഫിനെയും നിയമസഭയിലേക്ക് എല്‍ഡിഎഫിനെയും ആണ് കേരളത്തിലെ ജനങ്ങള്‍ പിന്തുണക്കാറ്. 17 ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ നടന്നപ്പോള്‍ 4 എണ്ണത്തില്‍മാത്രമെ ഇതുവരെ എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ചിട്ടുള്ളു. പഞ്ചായത്തിലേക്കും അസംബ്ലിയിലേക്കും ലോക്‌സഭയിലേക്കും വ്യത്യസ്തമായി ചിന്തിക്കുന്ന വോട്ടര്‍മാരാണ് കേരളത്തിലേത്. അതുകൊണ്ട് തന്നെ പാല ഇടതിനൊപ്പം നില്‍ക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക