Image

പാലാരിവട്ടം അഴിമതി: ആദ്യം ചോദ്യം ചെയ്യും, പിന്നാലെ അറസ്‌റ്റ്, ഇബ്രാഹിംകുഞ്ഞിന് കുരുക്ക് മുറുക്കി വിജിലന്‍സ്

Published on 20 September, 2019
പാലാരിവട്ടം അഴിമതി: ആദ്യം ചോദ്യം ചെയ്യും, പിന്നാലെ അറസ്‌റ്റ്, ഇബ്രാഹിംകുഞ്ഞിന് കുരുക്ക് മുറുക്കി വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം ഫ്ലൈഓവര്‍ അഴിമതിക്കേസില്‍ ആരോപണ മുള്‍മുനയില്‍ നില്‍ക്കുന്ന മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള ചുവടു വയ്പ്പുകളുമായി വിജിലന്‍സ്. കോടികളുടെ അഴിമതി നടന്ന പാലാരിവട്ടം ഫ്ലൈഓവറിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും വിജിലന്‍സ് വീണ്ടും പഠിക്കുന്നു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിന്റെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഫയലുകള്‍ ഇഴകീറി പരിശോധിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങളും നേരത്തെ ചോദ്യം ചെയ്തവരുടെ മൊഴിയും ഒത്ത് നോക്കും. പ്രത്യേകം ചോദ്യം തയ്യാറാക്കും. ഇതിന് ശേഷമായിരിക്കും ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുക. വീണ്ടും ഹാജരാകണമെന്ന് കാട്ടി ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.


സൂരജിന്റെ ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്ബുണ്ടെന്നാണ് സൂചന. അതേസമയം,​ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്‌തേക്കുമെന്നും വിവരമുണ്ട്. എന്നാല്‍,​ ഇതേക്കുറിച്ച്‌ പ്രതികരിക്കാന്‍ വിജിലന്‍സ് തയ്യാറായില്ല. ഇബ്രാഹിം കുഞ്ഞിനൊപ്പം കിറ്റ്‌കോയിലെയും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. മുന്‍ പൊതുമരാമത്ത് സെക്രട്ടറി മുഹമ്മദ് ഹനീഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.


അറസ്റ്റ് മുന്‍കൂട്ടിക്കണ്ട്, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കായി ഇബ്രാഹിം കുഞ്ഞ് നിയമോപദേശം തേടിയതായും സൂചനയുണ്ട്. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ തെളിവുണ്ടെന്ന് വിജിലന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ തെളിവുകളുണ്ടെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നത്. അതേസമയം,​ ഇബ്രാഹിംകുഞ്ഞിനെതിരെ നടപടിയുണ്ടാകുമെന്ന വിവരം വിജിലന്‍സ് സ്പീക്കറുടെ ഓഫീസിനെ അറിയിച്ചതായാണ് വിവരം. അറസ്റ്റ് സംബന്ധിച്ച്‌ തീരുമാനമെടുക്കാനാണ് ഇന്നലെ വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നത്. പാലാരിവട്ടം പാലം നിര്‍മാണത്തിന് മുന്‍കൂര്‍ പണം നല്‍കിയത് മന്ത്രിയുടെ ഉത്തരവിന്‍മേലാണെന്ന് ടി.ഒ സൂരജ് വീണ്ടും ആവര്‍ത്തിച്ചതോടെയാണ് ഇബ്രാഹിം കുഞ്ഞ് കുരുക്കിലായത്.


റിമാന്‍ഡ് കാലാവധി അവസാനിക്കാനിരിക്കെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്ബോഴായിരുന്നു സൂരജിന്റെ വെളിപ്പെടുത്തല്‍. താന്‍ ഇടപെട്ടാണ് അതിന് പലിശ ഈടാക്കാന്‍ തീരുമാനിച്ചത്. 8.25 കോടി രൂപ നിര്‍മാണക്കമ്ബനിയായ ആര്‍.ഡി.എസിന് നല്‍കിയതില്‍ അപകാതയില്ല. മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണ് പണം നല്‍കിയതെന്നും സൂരജ് ആവര്‍ത്തിച്ചിരുന്നു. ടി.ഒ സൂരജ് ഉള്‍പ്പടെയുള്ളവരുടെ റിമാന്‍ഡ് കാലാവധി കോടതി ഒക്ടോബര്‍ മൂന്നുവരെ നീട്ടി.

കൊച്ചിയിലുണ്ട്, രംഗത്തെത്തി


പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിന്റെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ ഇന്നലെ മാറിനിന്ന മുന്‍ മന്ത്രിയും പാലാവരിവട്ടം ഫ്ലൈഓവര്‍ അഴിമതിക്കേസില്‍ ആരോപണ മുള്‍മുനയില്‍ നില്‍ക്കുന്ന വി.കെ. ഇബ്രാഹിം കുഞ്ഞ് ഇന്ന് രാവിലെ മാദ്ധ്യങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. കൊച്ചിയിലെ വീട്ടില്‍ വച്ചാണ് അദ്ദേഹം മാദ്ധ്യമങ്ങളെ കണ്ടത്. ടി.ഒ സൂരജിന്റെ ആരോപണം പാടെ തള്ളിയായിരുന്നു ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇബ്രാഹിം കുഞ്ഞ് മറുപടി നല്‍കിയത്. പാലം പണിയുമായി ബന്ധപ്പെട്ട് എടുത്ത എല്ലാ തീരുമാനങ്ങളെല്ലാം നയപരം മാത്രമായിരുന്നുവെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ഉപയോഗിച്ചത് ഒരു മന്ത്രിയെന്ന നിലയിലുള്ള അവകാശമാണ്. മുന്‍കൂര്‍ പണം നല്‍കിയതില്‍ ചട്ടലംഘനമില്ല. മൊബിലൈസേഷന്‍ അഡ്വാന്‍സ് ശേഖരിക്കാനടക്കം മുന്‍കൂര്‍ പണം നല്‍കുന്ന കീഴ്വഴക്കം എല്ലാ സര്‍ക്കാരുകളും തുടര്‍ന്ന് വരുന്നതാണ്. ഈ സര്‍ക്കാരും അത് ചെയ്യുന്നുണ്ട്. ബഡ്ജറ്റിതര പ്രോജക്ടുകള്‍ക്കെല്ലാം ഇത്തരത്തില്‍ പണം നല്‍കാറുണ്ട്. ബഡ്ജറ്റില്‍ തുക വകയിരുത്താത്ത എല്ലാ പദ്ധതികള്‍ക്കും ഇത്തരത്തില്‍ പണം നല്‍കാന്‍ കഴിയും. ടി.ഒ സൂരജിനെ പൊതുമരാമത്ത് സെക്രട്ടറിയാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. കുറേക്കാലം പൊതുമരാമത്ത് വകുപ്പിന് സ്വന്തമായി സെക്രട്ടറിയുണ്ടായിരുന്നില്ല. അഡീഷണല്‍ സെക്രട്ടറിമാര്‍ക്ക് അധിക ചുമതല നല്‍കുകയായിരുന്നു പതിവ്. ലോകബാങ്ക് ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ ഇതില്‍ ബുദ്ധിമുട്ട് അറിയിച്ച സാഹചര്യത്തിലാണ് ഇത് മാറ്റി വകുപ്പിനൊരു സെക്രട്ടറിയെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതുവരെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് നോട്ടീസൊന്നും കിട്ടിയിട്ടില്ലെന്ന് ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക