Image

കനല്‍യാത്ര (കഥ: ജയശ്രീ രാജേഷ് )

ജയശ്രീ രാജേഷ് Published on 20 September, 2019
കനല്‍യാത്ര (കഥ: ജയശ്രീ രാജേഷ് )
പാതി തുറന്നിട്ട  തെക്കേ മുറിയിലെ ജനാല കമ്പികള്‍ക്കിടയിലൂടെ  ഒരു മിന്നല്‍ പിണര്‍ ചട്ടവാറു പോലെ പുളഞ്ഞത്  കണ്ണില്‍ പ്രതിഫലിച്ചതും കിടന്നിടത്തു നിന്നു ചാടി എണീറ്റ്  ഒറ്റ അലര്‍ച്ചയായിരുന്നു വേലായുധന്‍ മാഷ്.   കട്ടിലിന്റെ  കാലിനോട്  ചേര്‍ത്ത്  കൊളുത്തിയിട്ട ചങ്ങലവട്ടം  കാലുകളില്‍ കുരുങ്ങി വലിഞ്ഞപ്പോള്‍ ജടപിടിച്ച തലമുടിയില്‍ കൈ പേര്‍ത്തു വലിച്ച അലര്‍ച്ച  വേദനയില്‍ കുതിര്‍ന്ന കണ്ണീരായി മാറി .  ചപ്രതലമുടിയും  വെട്ടിയൊതുക്കാത്ത അലങ്കോലപ്പെട്ട  താടിയും മുഷിഞ്ഞ  ഒരു പാന്റും ബനിയനും . മാഷ് വിധിയുടെ കണക്കുപുസ്തകം സമ്മാനിച്ച  ഈ തടവിലായിട്ട് വര്‍ഷങ്ങളായി.  പുറത്തു മഴ തിമിര്‍ത്തു പെയ്യുന്നു .  വെടിക്കെട്ട് പോലെ  കത്തിക്കയറുന്ന ഇടി മുഴക്കങ്ങളുടെ അകമ്പടിയോടെ കണ്ണഞ്ചിപ്പിക്കുന്ന മിന്നലുകള്‍   
ഇടവിട്ട് പ്രണയപൂര്‍വ്വം കാത്തിരിക്കുന്ന പ്രിയയെ എന്നപോലെ ഭൂമിയെ ചുംബിച്ചു കടന്നുപോകുന്നു . പ്രകൃതി സംഹാര താണ്ഡവം ആടാന്‍ തയ്യാറെടുത്ത പോലെ തിരി  മുറിയാതെ പെയ്യുന്ന മഴ . 

'ഉച്ചക്ക് തുടങ്ങിയതാണ്  ഈ ഭ്രാന്തെടുത്ത പോലെയുള്ള പ്രകൃതിയുടെ കലിതുള്ളല്‍.  ഈ മഴയൊന്ന് ഇത്തിരി നേരം തോര്‍ന്നിരുന്നെങ്കില്‍, നേരം സന്ധ്യ മയങ്ങി,  തുളസിത്തറയില്‍ ഒരു വിളക്ക് വെച്ചില്ല . രാമ...രാമ...രാമ ന്നു  ജപിച്ച്  കത്തിച്ച ചിമ്മിനി വിളക്ക്  മുന്നോട്ട് നീട്ടി പിടിച്ച്    പാറുവമ്മ  ഇടനാഴിയില്‍ നിന്നു തെക്കാറയിലേക്ക് കടന്നു . 

'വേലു ...പേടിയായോ നിനക്ക്...പുറത്ത് മഴ തിമിര്‍ക്ക...ഇനി എന്തെല്ലാം നാശങ്ങള്‍ ആവോ നാളെ പുലരുമ്പോഴേക്കും ഉണ്ടാക്കിവെക്ക '.. 

പേടിച്ചരണ്ട  കൊച്ചു കുട്ടിയെപ്പോലെ  സ്വന്തം കാല്‍മുട്ടുകളില്‍  മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്ന വേലായുധന്‍   അമ്മ മുറിയിലേക്ക് വന്നതൊന്നും അറിഞ്ഞില്ല .  പാതി തുറന്നു കിടന്ന ജനല്‍ പാളികള്‍ വലിച്ചടച്ച് കൈയിലെ ചിമ്മിനി ജനല്‍ പടിയില്‍ വെച്ച് പാറുവമ്മ കട്ടിലിനടുത്ത് വന്ന് ഒരു കൊച്ചു കുഞ്ഞിനെ എന്നോണം മകന്റെ  തലയില്‍ തഴുകി . 'വേലു.....പേടിക്കണ്ട ഇനി മിന്നല്‍ അകത്തു വരില്ല ട്ടൊ..അമ്മ ജനല്‍ അടച്ചു '

ഒന്നു തല ഉയര്‍ത്തി അമ്മയുടെ  മുഖത്തേക്ക് നോക്കിയെന്നല്ലാതെ   വേലു അപ്പോഴും  ഒരു നിശ്ചലാവസ്ഥയില്‍ ആയിരുന്നു . പാറുവമ്മയുടെ  കണ്ണകള്‍ ഈറനണിഞ്ഞു . കട്ടിലിന്റെ ഒരോരത്ത്  ഇരിക്കുന്ന  അമ്മയുടെ മടിയിലേക്ക്  ചാഞ്ഞു വേലായുധന്‍  . കാലുകള്‍ മടക്കി കൈ രണ്ടും ചുരുട്ടി കാലുകള്‍ക്കിടയില്‍ തിരുകി  കണ്ണുകളടച്ച് അമ്മ മടിത്തട്ടില്‍, ഗര്‍ഭപാത്രത്തില്‍  സുരക്ഷിതമായി കിടക്കുന്ന ഒരു കുഞ്ഞു പോലെ  വേലായുധന്‍ മാഷ് അമ്മയുടെ മടിയില്‍ തളര്‍ന്നു കിടന്നു  . 

രാഘവന്‍ മാഷ് മരിച്ചതിനു ശേഷം പാറുവമ്മയും മോനും ഒറ്റക്ക് ആണ് . പറയത്തക്ക ബന്ധുക്കള്‍ ആരും ഇല്ല .  ഉള്ളവരാകട്ടെ  ബാധ്യത ഏറ്റെടുക്കേണ്ടി വരും എന്ന ചിന്തയില്‍ വിട്ടു മാറി നില്‍ക്കാനും പരസ്പരം  മത്സരിച്ചു . അച്ഛന്‍ പഠിപ്പിച്ചിരുന്ന സ്‌കൂളില്‍ തന്നെ മാഷായി ജോലി കിട്ടിയ  വേലായുധന്റെ ലോകം അമ്മയും  കൂടെ കുറെ പുസ്തകങ്ങളും മാത്രം . സഹപ്രവര്‍ത്തകരോട് പോലും അധികം അടുപ്പം കാണിക്കാറില്ല . ചെറുപ്പം തൊട്ടേ ഒറ്റപ്പെട്ട ജീവിതം ആക്കിത്തീര്‍ത്തതാകാം അങ്ങനെ ഒക്കെ.  മാഷക്ക് വായന ഒരു ലഹരി ആയിരുന്നു . ഒരു കൊച്ചു വായനശാല തന്നെ ഉണ്ട് ആ വീട്ടില്‍ . കിട്ടുന്നതില്‍ പാതി പുസ്തകങ്ങള്‍ക്കായി ചിലവഴിക്കും . ഒഴിവു സമയങ്ങള്‍ പുസ്തകത്താളുകളില്‍ സ്വയം നൂര്‍ന്നിറങ്ങാന്‍  മാത്രമായി. 

അമ്മയും പുസ്തകങ്ങളും മാത്രം കൂട്ടായുള്ള മാഷിന്റെ ഒറ്റപ്പെട്ട  ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നത് അമ്മുവിനെ കണ്ടത് മുതലായിരുന്നു . സ്‌കൂളിന് തൊട്ടപ്പുറത്തുള്ള സ്‌നേഹഭവനത്തിലെ   രണ്ടു കുഞ്ഞുങ്ങളെ സ്‌കൂളില്‍ വിടാനും തിരിച്ചുകൊണ്ടുപോകാനും ആയിരുന്നു  അവള്‍ മാഷിന്റെ സ്‌കൂളില്‍ വന്നിരുന്നത്. എപ്പോഴും നിറഞ്ഞ ചിരി മാത്രമുള്ള വെളുത്ത കൊലുന്നനെ ഉള്ള ആ ദാവണിക്കാരി എപ്പോഴോ മാഷിന്റെ ഹൃദയത്തില്‍ അയാള്‍പോലും അറിയാതെ കുടിയേറി .    അമ്മുവിന്റെ പുഞ്ചിരിക്ക്  പിന്നില്‍  മറഞ്ഞിരുന്ന കണ്ണീരിന്റെ തിളക്കം മനസിലാക്കാന്‍ കഴിഞ്ഞത് വേലായുധന്‍ മാഷ്‌ന് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനം.  ഒന്നും പറയാതെ ഒന്നും മിണ്ടാതെ  കണ്ണുകളിലൂടെ അവര്‍ സംസാരിച്ചു, ഹൃദയം പങ്കിട്ടു.  പുസ്തകങ്ങള്‍ അക്ഷരക്കോട്ട തീര്‍ത്ത മാഷിന്റെ മനസ്സില്‍ അമ്മുവിന്റെ പാദസരങ്ങള്‍ കിലുങ്ങി,  ആ കിലുക്കം പാറുവമ്മയും അറിഞ്ഞു . താനും മകനും മാത്രമായ ലോകത്തേക്ക് മൂന്നാമതൊരു അതിഥി കടന്നുവരുന്ന സന്തോഷമായിരുന്നു പാറുവമ്മക്ക്.  

തൊട്ടടുത്ത കാവില്‍ വെച്ചായിരുന്നു ആര്‍ഭാടങ്ങളില്ലാത്ത കല്യാണം.  മാഷിന്റെ നിഴലായി അമ്മു എപ്പോഴും കൂടെയുണ്ടായിരുന്നു, അവരുടെ ഇടയിലേക്ക് അധികം വൈകാതെ മാഷിന്റെ വിടര്‍ന്ന കണ്ണുകളും അമ്മുവിന്റെ നുണക്കുഴിയുമായി ആര്‍ദ്രമോളും കടന്നുവന്നു . 

കണ്ണുകളടച്ചു ഏറ്റവും വലിയ സുരക്ഷിതബോധത്തോടെ  മടിയില്‍ കിടക്കുന്ന വേലുവിന്റെ  മുഖത്തേക്ക് നോക്കിയപ്പോള്‍  പാറുവമ്മയുടെ   കവിളില്‍  വേദനയും  സങ്കടവും  നിസ്സഹായതയുടെ കണ്ണീര്‍  ചാലുകള്‍ തീര്‍ത്തു . ചുമരില്‍ തൂക്കിയിരുന്ന ഫ്രെയിമിനുള്ളില്‍ നിന്ന് ഇതെല്ലാം നോക്കി  ഒരിളം പുഞ്ചിരിയോടെ അമ്മുവും ആര്‍ദ്രമോളും.
 
'കൊണ്ടുപോകാമായിരുന്നില്ലേ ഇവനെ കൂടെ ....എന്തിന് ഈ നരകജീവിതം സമ്മാനിച്ച് ഒറ്റക്കാക്കി കടന്നു പോയി രണ്ടാളും... എങ്കില്‍ എനിക്കിങ്ങനെ  ഇവന്‍ നരകിക്കുന്നത് കാണാണ്ടയിരുന്നല്ലോ ..' ഫോട്ടോയിലേക്ക് നോക്കി  ആ അമ്മയുടെ ചുണ്ടുകള്‍ വിതുമ്പി . 

കര്‍ക്കിടകത്തിലെ മഴയുള്ള ഒരു സന്ധ്യക്കായിരുന്നു മാഷിന്റെ ജീവിതത്തിലെ വെളിച്ചം കെടുത്തിയ ആ ദുരന്തം .  സിനിമക്ക് പോയി വരികയായിരുന്നു മൂന്നു പേരും കൂടെ ബൈക്കില്‍,  ബൈക്ക് ഒരു വളവു തിരിഞ്ഞപ്പോള്‍ കുറുകെ ചാടിയ ഒരു നായ, സാമാന്യ സ്പീഡില്‍ ആയത് കൊണ്ട് വണ്ടിയുടെ നിയന്ത്രണം വിട്ട്  ചെരിഞ്ഞതും അമ്മുവും ആര്‍ദ്ര മോളും റോഡിലോട്ടു  തെറിച്ചു  തെന്നി പോയത് എതിരെ വന്ന ലോറിക്കടിയിലേക്ക്. ഒന്നും ചെയ്യാനാകാതെ  ഒരാര്‍ത്തനാദത്തോടെ  കുഴഞ്ഞുവീണു പോയി ആ നിമിഷം  വേലായുധന്‍ മാഷ്.   താളം തെറ്റിയ മനസ്സിന് പിന്നീട് ജീവതത്തിലേക്ക് സ്വബോധത്തോടെ ഒരു തിരിച്ചു വരവുണ്ടായില്ല.  പലപ്പോഴും റൂമിലെ മാലയിട്ടു തൂക്കിയ അമ്മുവിന്റെയും ആര്‍ദ്രമോളുടെയും ചിത്രത്തില്‍ നിസ്സംഗനായി നോക്കിയിരിക്കും മാഷ്.  ആ കണ്ണുകളിലൂടെ അപ്പോള്‍ ഇന്നലെയുടെ ഓര്‍മ്മചിത്രങ്ങള്‍ അശ്രുമഴയായി ഉതിരും.    

പുറത്തു തകര്‍ത്തു പെയ്യുന്ന മഴയുടെ ശക്തി വീണ്ടും കൂടി . ആശ്രയമില്ലാതെ ശോഷിച്ച മേല്‍ക്കൂരയില്‍  പതിക്കുന്ന മഴനൂലുകളുടെ ഭാരം ഏറി വന്നു ,  മനസ്സിലെ  സങ്കടങ്ങളുടെ ഭാരം  താങ്ങാനാകാതെ തളര്‍ന്ന് നിറമിഴികളോടെ  ഒരമ്മയും... ആ മടിയില്‍ തലചായ്ച്ച് ഏകാന്തതയുടെ  അശാന്തമനസ്സുമായി  വേലായുധന്‍ മാഷും.  ....

                  ജയശ്രീ രാജേഷ്

കനല്‍യാത്ര (കഥ: ജയശ്രീ രാജേഷ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക