Image

ഹൂസ്റ്റണില്‍ വെള്ളപ്പൊക്കം, അടിയന്തരാവസ്ഥ; "ഹൗഡി മോദി' മാറ്റിവയ്ക്കില്ലെന്നു സംഘാടകര്‍

Published on 20 September, 2019
ഹൂസ്റ്റണില്‍ വെള്ളപ്പൊക്കം, അടിയന്തരാവസ്ഥ; "ഹൗഡി മോദി' മാറ്റിവയ്ക്കില്ലെന്നു സംഘാടകര്‍
ഹൂസ്റ്റണ്‍ : ഹൂസ്റ്റണില്‍ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടങ്ങള്‍. വ്യാഴാഴ്ച മുതലാണ് ടെക്‌സസില്‍ കനത്ത മഴ തുടങ്ങിയത്. ഇതോടെ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. സ്ഥിതി വിലയിരുത്തി മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന 'ഹൗഡി മോദി' പരിപാടിക്കുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് മേഖലയില്‍ കനത്ത മഴയുണ്ടായത്. പരിപാടിക്കുള്ള ഒരുക്കങ്ങളെ കാലാവസ്ഥ ബാധിച്ചിട്ടില്ലെന്നും പ്രതീക്ഷിച്ചതു പോലെ ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമൂഹം ഒഴുകിയെത്തുമെന്നും സംഘാടകര്‍ പറഞ്ഞു. 1500 സന്നദ്ധപ്രവര്‍ത്തകരാണ് പരിപാടിയുടെ വന്‍വിജയത്തിനായി പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. യുഎസിലെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 'ഹൗ ഡു യു ഡു' എന്നതിന് 'ഹൗഡി' എന്നാണ് പ്രയോഗിക്കുന്നത്. ഇത് അടിസ്ഥാനപ്പെടുത്തിയാണ് 'ഹൗഡി മോദി'എന്ന പേര് പരിപാടിക്ക് നല്‍കിയത്.

തെക്കുകിഴക്കന്‍ ടെക്‌സസിലാണ് കനത്ത മഴയുണ്ടായത്. ഇവിടുത്തെ 13 കൗണ്ടികളില്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പലയിടത്തും വൈദ്യുതി മുടങ്ങിയതോടെ ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാനും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മോദിക്കൊപ്പം വേദി പങ്കിടുന്നുണ്ട്. പ്രമുഖ യുഎസ് നേതാക്കളും പരിപാടിക്കെത്തും. യുഎസ് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗമായ തുള്‍സി ഗബ്ബാര്‍ഡ് 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ തിരക്കിലായതിനാല്‍ പരിപാടിക്ക് എത്താനാകില്ലെന്നും ഇതില്‍ ഖേദം അറിയിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

പരിപാടിയില്‍ പങ്കെടുക്കാന്‍ അരലക്ഷം ഇന്ത്യക്കാരാണ് പേരു റജിസ്റ്റര്‍ ചെയ്തത്. 8000 പേര്‍ റജിസ്റ്റേഷനായി കാത്തിരിക്കുന്നു. ഹൗഡി മോദിയില്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് കലിഫോര്‍ണിയയില്‍ ട്രംപ് പറഞ്ഞതോടെ ഇവിടുത്തെ ഇന്ത്യന്‍ സമൂഹവും പ്രതീക്ഷകളിലാണ്. ഇന്ത്യയുമായുള്ള വ്യാപാരക്കരാറില്‍ ഇരുനേതാക്കളും ശുഭകരമായ പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷ.

ഇതാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും 'ഹൗഡി മോദി'ക്കുണ്ട്. 2014 ല്‍ അധികാരമേറ്റ ശേഷം നരേന്ദ്ര മോദി അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന മൂന്നാമത്തെ പരിപാടിയാണ് ഹൂസ്റ്റണിലേത്. 2014 ല്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയറിലും 2016 ല്‍ സിലിക്കണ്‍ വാലിയിലുമാണ് ഇതിനു മുന്‍പ് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികള്‍. ഇതില്‍ രണ്ടിലും ഏകദേശം 20,000 പേരാണ് പങ്കെടുത്തത്.

ഇന്നു രാത്രിയാണ് ഏഴു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് തിരിക്കുക. 24 ന് മോദി–ട്രംപ് കൂടിക്കാഴ്ച നടക്കും. 27 ന് ഐക്യരാഷ്ട്രസഭയില്‍ പ്രധാനമന്ത്രി സംസാരിക്കും.


Join WhatsApp News
കാറ്റേ വാ കാറ്റേ വാ 2019-09-20 13:06:25
കാറ്റേ വാ കാറ്റേ വാ  
കുഞ്ഞിക്കാറ്റേ വന്നാട്ടെ 
മഴയെം  കൂട്ടി നീ വന്നാട്ടെ 
മോദി മീറ്റിങ് കലക്കീടാനായി, 
ട്രംപിനെ അവിടെന്നോടിക്കാൻ
കാറ്റേ വാ കാറ്റേ വാ
കുഞ്ഞിക്കാറ്റേ വന്നാട്ടെ 
മഴയേം കൂട്ടി നീ വന്നാട്ടെ   
തരികടയാണെ  രണ്ടെണ്ണോം
അധികാരത്തിലിരിക്കാനായ് 
ജനങ്ങളെ തമ്മിലടിപ്പിക്കും.
എരിയും തീയിൽ എണ്ണയൊഴിക്കാൻ 
അവരെ കഴിഞ്ഞേ ആളുള്ളൂ  
വർഗ്ഗീയവാദികളാ രണ്ടെണ്ണോം
വെളുത്ത രാജ്യം ഒരുത്തനു സ്വപ്നം 
ഹൈന്ദവരാജ്യം മറ്റൊരുത്തന്
കണികാണാൻ കിട്ടുകയില്ല 
മനുഷ്യത്വത്തിൻ കണിക ഇവരിൽ.
ഇവരെ തലയിൽ കൊണ്ടു നടക്കും 
വിവരം കെട്ടോർക്ക് അയ്യോ കഷ്ടം ! 
കാറ്റേ വാ കാറ്റേ വാ  
കുഞ്ഞിക്കാറ്റേ വന്നാട്ടെ 
മഴയെം  കൂട്ടി നീ വന്നാട്ടെ 
മോദി മീറ്റിങ് കലക്കീടാനായി, 
ട്രംപിനെ അവിടെന്നോടിക്കാൻ
കാറ്റേ വാ കാറ്റേ വാ
കുഞ്ഞിക്കാറ്റേ വന്നാട്ടെ 
മഴയേം കൂട്ടി നീ വന്നാട്ടെ

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക