Image

ഹിന്ദി വാദവും പഴയ സോവിയറ്റ് യൂണിയന്‍ നല്‍കുന്ന പാഠവും (വെള്ളാശേരി ജോസഫ്)

Published on 20 September, 2019
ഹിന്ദി വാദവും പഴയ സോവിയറ്റ് യൂണിയന്‍ നല്‍കുന്ന പാഠവും (വെള്ളാശേരി ജോസഫ്)
'ഞാന്‍ ഉദ്ദേശിച്ചത് അങ്ങനെയൊന്നുമല്ല' എന്ന് പറഞ്ഞു ന്യായീകരണവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇപ്പോള്‍ വന്നിരിക്കുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരേ രൂക്ഷ പ്രതികരണവുമായി തമിഴ്‌നാടും ബംഗാളും മറ്റ് ചില സംസ്ഥാനങ്ങളും വന്നപ്പോഴാണ് അമിത് ഷായുടെ ന്യായീകരണവും വരുന്നത് എന്നത് ശ്രദ്ധേയം.

മലയാളികള്‍ എന്തായാലും കാര്യമായി പ്രതികരിച്ചില്ല. കാരണം മിക്ക മലയാളികളും പ്രവാസിയായിട്ടാണല്ലോ ഇന്ന് ജനിച്ചു വീഴുന്നത് തന്നെ! പല പ്രവാസി മലയാളികള്‍ക്കും കേരളത്തെ കുറിച്ച് വലിയ ഗൃഹാതുരത്ത്വമൊന്നുമില്ല. 1970 -കളിലും, അതിനു മുമ്പും കേരളത്തില്‍ നിന്ന് പോയവര്‍ക്ക് അല്ലെങ്കിലും ഇപ്പോള്‍ എന്ത് ഗൃഹാതുരത്ത്വമാണ് ഉള്ളത്?

1970 -കളിലും, 80 -കളിലും, 90 -കളുടെ തുടക്കത്തിലും ഉള്ള കേരളമല്ല ഇപ്പോള്‍ ഉള്ളത്. കേരളം ഇപ്പോള്‍ കണ്‍സ്യൂമര്‍ കള്‍ച്ചറിന് വഴിമാറി. പഴയ ഗ്രാമീണ സൗന്ദര്യമോ, നെല്‍പ്പാടങ്ങളോ ഒന്നും ഇപ്പോള്‍ കേരളത്തിലില്ല. 'കിളിപാടും കാവുകള്‍; തുടികൊട്ടും കളരികള്‍; അല ഞൊറിയും പാടങ്ങള്‍; പുളകങ്ങള്‍ വിതറുന്ന മധ്യ തിരുവിതാംകൂര്‍' - എന്നൊക്കെ പരസ്യങ്ങളില്‍ വേണമെങ്കില്‍ പറയാം. യാഥാര്‍ഥ കേരളവുമായി അതിന് വലിയ ബന്ധമൊന്നും ഇല്ലാ.

പക്ഷെ മലയാളികളെ പോലെയല്ല ഇന്ത്യയിലെ പല പ്രാദേശിക ജനതയും. തമിഴര്‍ക്കും ബംഗാളികള്‍ക്കുമൊക്കെ കടുത്ത ഭാഷാപ്രേമം തന്നെയുണ്ട്. 'മരുമകളെ മരുമകളെ വാ വാ' എന്നു പറഞ്ഞു വധുവിനെ പോലും തമിഴ് കോവിലിലേക്ക് ആനയിക്കുന്ന കണ്ണദാസന്റെ പാട്ടുണ്ട് തമിഴില്‍. പല വിവാഹ ചടങ്ങുകളിലും ആ പാട്ട് വെക്കും എന്നാണ് ഒരു തമിഴ് സുഹൃത്ത് ഇതെഴുതുന്ന ആളോട് പറഞ്ഞിട്ടുള്ളത്.

മലയാളി ഒഴിച്ചുള്ള ഇന്ത്യയിലെ പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്നവരിലെല്ലാം ഭാഷാസ്‌നേഹം നന്നായി കാണാം. രണ്ടു തമിഴന്മാര്‍ കൂടിയാല്‍ തമിഴേ സംസാരിക്കുകയുള്ളൂ. രണ്ടു ബംഗാളികള്‍ കൂടിയാല്‍ ബംഗാളിയേ സംസാരിക്കുകയുള്ളൂ. പക്ഷെ രണ്ടു മലയാളി കൂടിയാലോ? കൂടുന്നിടത്ത് മാതൃഭാഷ എഴുതാനും സംസാരിക്കാനും മടി കാണിക്കുന്ന ഒരേ ഒരു വിഭാഗം മലയാളികളാണ്.

പിന്നെയെങ്ങനെയാണ്കേരളത്തിലും, പ്രവാസി മലയാളികള്‍ക്കിടയിലും മലയാള ഭാഷയെ ഉന്നതസ്ഥാനത്ത് എത്തിക്കുക? സ്വന്തം ഭാഷയോടും, സംസ്‌കാരത്തോടും പ്രതിപത്തി ഇല്ലാത്ത ലോകത്തിലെ ഒരേയൊരു ഭാഷാ വിഭാഗം ഒരുപക്ഷെ മലയാളികള്‍ ആയിരിക്കും.

കുറ്റം പറഞ്ഞിട്ട് കാര്യമില്ല. രക്ഷപ്പെടണമെങ്കില്‍ പുറത്തു പോണം എന്ന ചിന്ത കേരളത്തില്‍ വേര് പിടിച്ചു കഴിഞ്ഞു. കേരളത്തിന്റ്റെ വികസന പിന്നോക്കാവസ്ഥ കൊണ്ടും, സ്ഥല പരിമിതി കൊണ്ടും കേരളത്തില്‍ നിന്നിട്ട് രക്ഷയില്ല എന്ന ചിന്ത പണ്ട് തൊട്ടേ മലയാളികള്‍ക്കിടയില്‍ രൂഢമൂലമായി കഴിഞ്ഞു.

പിന്നെ മലയാളിയുടെ മാതൃഭാഷയെ പ്രോത്സാഹിപ്പിക്കേണ്ടകേരളത്തിലെ രാഷ്ട്രീയ നേത്രുത്വങ്ങള്‍- അവരെ കുറിച്ച് പറയാതിരിക്കുന്നതാകും ഉത്തമം -അത്ര ശോചനീയമാണ് കേരളത്തിലെ രാഷ്ട്രീയക്കാരുടെ മാതൃഭാഷയുടെ വികാസത്തിനോടുള്ള സമീപനം!മാതൃ ഭാഷയെ പ്രോത്സാഹിപ്പിക്കണം എന്നൊരു ചിന്ത പോലും നമ്മുടെ കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാര്‍ക്കിടയില്‍ ഇല്ല! തമിഴരില്‍ നിന്ന് ഇക്കാര്യത്തില്‍ വൈകിയ വേളയിലെങ്കിലും മലയാളി കുറച്ചു പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്.

രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്തുന്നതിലും വലിയ ലോജിക്ക് ഇല്ലാ. കാരണം കേരളത്തില്‍ ജീവിക്കുന്നവരില്‍ തന്നെഅഭ്യസ്തവിദ്യരായ മലയാളികള്‍ രണ്ട് പേര്‍ കൂടിയാല്‍ ആംഗലേയ ഭാഷയേ ഉപയോഗിക്കുകയുള്ളൂ. പിന്നെ പുറത്ത് പോയവരുടെ കാര്യം പറയാനുണ്ടോ? മലയാളം പറഞ്ഞാല്‍ അവരുടെ യോഗ്യതയ്ക്ക് എന്തെങ്കിലും കുറവ് മറ്റുള്ളവര്‍ കാണുമോ എന്ന ഒരു അബദ്ധ ധാരണ മലയാളിയുടെ ഉള്ളില്‍ രൂഢമൂലമായിഒളിഞ്ഞിരുപ്പുണ്ട്.

ഭാഷാ പ്രേമമുണ്ടാകണമെങ്കില്‍ അത്തരം ചിന്താഗതി ആദ്യം മാറണം. ഇംഗ്ലീഷ് ഭാഷയിലോ അല്ലെങ്കില്‍ ലോകത്തെ ഏതു ഭാഷയിലോ മലയാളി പ്രാവീണ്യം നേടിക്കോട്ടെ. പക്ഷെ അതോടൊപ്പം തന്റെ മാതൃഭാഷയായ മലയാളത്തെ നെഞ്ചോടു ചേര്‍ത്ത് ആത്മാര്‍ത്ഥമായി സ്‌നേഹിക്കാനുള്ള ഒരു മനസ്സ് കൂടി മലയാളിയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. അത് മറ്റുള്ളവരുടെ നിര്‍ബന്ധത്തോടെയല്ലാതെ സ്വന്തം പെറ്റമ്മയെ സ്‌നേഹിക്കുന്ന തരത്തിലുള്ള ഒരു സ്‌നേഹമായിരിക്കണം.

കേരളത്തിന്റ്റെ പുറത്ത് പോകാതെ തന്നെ മലയാളത്തെ അവഗണിച്ച് സംസാരിക്കുന്നവരെ നമ്മുടെ കേരള ഇട്ടാവട്ടത്തില്‍ തന്നെ ഒരുപാട്കാണാന്‍ സാധിക്കും. രഞ്ജിനി ഹരിദാസിനെ പോലെ നമ്മുടെ മലയാളം ചാനലുകളിലെ പല റിയാലിറ്റി ഷോകളിലും മറ്റും അസ്ഥാനത്ത് വരെ ഇംഗ്ലീഷ് ഉപയോഗിക്കുന്നവരെ കാണാം.

അതേ സ്ഥാനത്ത് തന്നെ ഒരു അന്യസംസ്ഥാനക്കാരന്‍ കഷ്ടപ്പെട്ടാണെങ്കിലും അവരുടെ ഭാഷ തന്നെ പ്രയോഗിക്കുന്നതും കാണാം. മലയാളികള്‍ക്ക് പൊങ്ങച്ചം കൂടുതലാണ് എന്നതിന്റെ ഒരു തെളിവാണ് സ്ഥാനത്തും,അസ്ഥാനത്തും ഉള്ള ആംഗലേയ ഭാഷാ പദ പ്രയോഗം. മലയാളി വിദ്യാഭ്യാസത്തില്‍ ഒരുപാട് മുന്നിലാണ് എന്ന അഹങ്കാരത്തിന്റ്റെ ധ്വനി കൂടി ഇതില്‍ പ്രകടമാക്കുന്നു. നമ്മള്‍ മലയാളികള്‍ക്ക് ഒരുപാട് അഭിമാനിക്കാവുന്ന ഒന്ന് തന്നെയാണ് എന്തും അറിയാനും, എല്ലാ അറിവുകളും നേടാനുള്ള ത്വര എന്നുള്ളത്. അതിനെയെല്ലാം മാനിക്കുന്നു. പക്ഷെ ഭാഷയെ മാത്രം ചേര്‍ത്ത് പിടിക്കുന്നതില്‍ മലയാളി ഒരു വലിയ പരാജയമാണ്.

മറ്റു ഭാഷകളില്‍ പ്രാവീണ്യം നേടുന്നതോടൊപ്പം നമ്മുടെ സ്വന്തം ഭാഷയെ നെഞ്ചോടു ചേര്‍ത്ത് പിടിക്കാന്‍ കൂടി മലയാളി ആത്മാര്‍ത്ഥമായി ശ്രമിക്കണം. അതെല്ലാം നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ നിന്നും തോന്നേണ്ട ഒരു വികാരമാണ്; പറഞ്ഞു കൊടുത്ത് ചെയ്യിപ്പിക്കാന്‍ പറ്റിയ ഒന്നല്ലത്.

ഒരുപക്ഷെ മാതൃഭാഷ സംസാരിക്കുന്നത് അപമാനമായി കരുതുന്ന ലോകത്തിലെ ഏക ജനത എന്ന ബഹുമതി കേരളീയര്‍ക്ക് മാത്രം സ്വന്തമാക്കാവുന്ന ഒന്നാണ്. 'പൂത്തുമ്പി പൂവാന്‍ തുമ്പി നീയെന്തേ തുള്ളാത്തൂ തുള്ളത്തൂ' - എന്നൊക്കയുള്ള പാട്ടുകളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു പ്രത്യേക ഭാവമുണ്ട്. മലയാളി ഇനിയെങ്കിലും അത്തരം സൂക്ഷ്മവും ലോലവുമായുള്ള ഭാവങ്ങളോട് മമത കാണിച്ചാല്‍ മാത്രമേ സ്വന്തം ഭാഷയോടുള്ള വികാരം മനസ്സിലെങ്കിലും അങ്കുരിക്കൂ.

ഇപ്പോള്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന വിഷയം വന്നപ്പോള്‍ ഗാന്ധിജിയെ ചില സംഘ പരിവാറുകാര്‍ ഹിന്ദി ഭാഷയുടെ പ്രചാരകനായും, ഗോവധത്തിനെതിരേ നിലകൊണ്ട ആളുമായുമൊക്ക ചിത്രീകരിക്കാന്‍ നോക്കുകയാണ്.രാഷ്ട്രപിതാവിനെ അങ്ങനെയൊക്കെ ചിത്രീകരിക്കാന്‍ നോക്കുന്നത് ഒട്ടുമേ ശരിയല്ല.

പട്ടേലിനെ ഹൈജാക്ക് ചെയ്തത് പോലെ ഗാന്ധിയേയും ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമായി വേണം ഇത്തരം പ്രചാരണങ്ങളെ കാണുവാന്‍. ദക്ഷിണാഫ്രിക്കയില്‍ ഐതിഹാസികമായ സമരം നടത്തി തിരിച്ചു വന്ന ഗാന്ധിയോട് തിലക് പറഞ്ഞത് ഇന്ത്യയില്‍ നേത്വത്വം ഏറ്റെടുക്കുന്നതിന് മുമ്പ് ഇന്ത്യയെ കാണാനും, പഠിക്കാനുമാണ്.

മഹാത്മാ ഗാന്ധി ഇന്ത്യ മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. പിന്നീട് കോണ്‍ഗ്രസ്സ് നേത്രുത്വം ഏറ്റെടുക്കാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ആദ്യം പറഞ്ഞത് കോണ്‍ഗ്രസ്സ് ഭാഷാടിസ്ഥാനത്തില്‍ വിഭജിക്കണം എന്നായിരുന്നു. അത് കൊണ്ടാണ് കേരള സംസ്ഥാനം ഉണ്ടാകുന്നതിനു മുന്‍പ് കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി നിലവില്‍ വന്നത്.

ഇന്ത്യയുടെ വൈവിധ്യം അല്ലെങ്കില്‍ ഭാഷയില്‍ അടിസ്ഥിതമായ പ്രാദേശികമായ വൈജാത്യങ്ങള്‍സൂക്ഷ്മമായി കണ്ടറിഞ്ഞ വ്യക്തി ആയിരുന്നു മഹാത്മാ ഗാന്ധി. തീവ്ര ദേശീയതയുടെ വക്താക്കളായ ബി.ജെ.പി. തീര്‍ത്തും പരാജയപ്പെടുന്നത് ആ പ്രാദേശികമായ വൈജാത്യങ്ങള്‍ മനസിലാക്കാതിരിക്കുമ്പോഴാണ്.

അത് കൊണ്ടാണ് ഭക്ഷണ കാര്യത്തിലും, ഭാഷയുടെ കാര്യത്തിലും, ഇന്ത്യയിലെ വൈവിധ്യങ്ങളായ മതങ്ങളുടെ കാര്യത്തിലും അവര്‍ക്ക് ഒരു അഭിപ്രായ രൂപീകരണം നടത്തുവാന്‍ കഴിയാതെ പോകുന്നത്. ഇന്‍ഡ്യാ മഹാരാജ്യത്തിലുള്ളഭക്ഷണകാര്യത്തിലുള്ള വൈവിദ്ധ്യം ബി.ജെ.പി. ഇനിയും ഉള്‍ക്കൊണ്ടിട്ടില്ല. അത് ഉള്‍ക്കൊള്ളാതിരിക്കാന്‍ ഗാന്ധിജിയെ കൂട്ട് പിടിക്കുന്നത് തീര്‍ത്തും കഷ്ടമാണ്.

ഗാന്ധിജി ഗോവധ നിരോധനം ഭരണകൂടത്തിന്റ്റെ നയമാക്കി മാറ്റണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഗ്രാമ സ്വരാജ്, സാഹോദര്യം, മത സൗഹാര്‍ദം, എല്ലാ മതങ്ങളോടും, സ്ത്രീകളോടും, പ്രകൃതിയോടും ഉള്ള ബഹുമാനം - ഇതൊക്കെ ആയിരുന്നു ഗാന്ധിജിയുടെ പ്രിയപ്പെട്ട വിഷയങ്ങള്‍; അല്ലാതെ ഗോവധ നിരോധനമൊന്നുമായിരുന്നില്ല. ഗാന്ധിജി ഒരു സസ്യാഹാരി എന്ന നിലയിലും കാര്‍ഷിക വൃത്തിയില്‍ പശുക്കളുടെ ഉപയോഗം കണക്കിലെടുത്തും ഗോവധ നിരോധനത്തോട് വ്യക്തിപരമായി ആഭിമുഖ്യം കാണിച്ചിരുന്നു എന്നേയുള്ളൂ.

അതേ സമയം ഇന്ത്യയുടെ വൈവിധ്യവും ഗാന്ധി അംഗീകരിച്ചു. അനേകം മതങ്ങളും, ജാതികളും, പ്രാദേശിക സംസ്‌കാരങ്ങളും ഉള്ള ഇന്ത്യയിലെ ഭക്ഷണ രീതി കണക്കിലെടുത്ത് ഗാന്ധി ഗോവധ നിരോധനം കൊണ്ടുവരുന്നതിനെ എതിര്‍ക്കുകയും ചെയ്തു.

ഇപ്പോള്‍ ബി. ജെ. പി. - യും, സംഘ പരിവാറും ഉയര്‍ത്തുന്ന തീവ്ര ദേശീയതയേയും, തീവ്ര മത ബോധത്തേയും എങ്ങനെ നേരിടണം? ഭാഷാ ദേശീയതയും, പ്രാദേശിക വികസന പ്രശ്‌നങ്ങളും ഉയര്‍ത്തി തന്നെയാണ് ഈ വെല്ലുവിളി നേരിടേണ്ടത്. തമിഴര്‍ക്കും, ബംഗാളികള്‍ക്കും, മറാഠികള്‍ക്കും ഒക്കെ അവരുടെ ഭാഷയും സംസ്‌കാരവും ജീവനാണ്.

മലയാളി അടിസ്ഥാനപരമായി പ്രവാസിയായതുകൊണ്ട് മാതൃഭാഷയോടോന്നും ഒരു വൈകാരിക ബന്ധമില്ല. അതുപോലെയല്ല ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍. ഹിന്ദിയില്‍ തന്നെ ഭോജ്പൂരിയും മൈഥിലിയുമൊക്കെയുണ്ട്. ആധുനിക ഡിജിറ്റല്‍ യുഗത്തില്‍ ഹരിയാന്‍വി നാടന്‍ പാട്ടുകളും, ഡാന്‍സുകളുമൊക്കെ ഇന്റ്റെര്‍നെറ്റില്‍ വന്‍ ഹിറ്റാണ്.

പണ്ട് പെരിയാറിന്റ്റെ പ്രതിമക്ക് കേടുപാടുകള്‍ വരുത്തിയപ്പോള്‍ ബി. ജെ. പി. തന്നെ തമിഴരുടെ ഭാഷാ സ്‌നേഹത്തിനന്റേയും, പ്രാദേശിക വികാരത്തിന്റേയും ചൂടറിഞ്ഞു. ബംഗാളില്‍ ഈശ്വര്‍ ചന്ദ്ര വിദ്യാ സാഗറിന്റ്റെ പ്രതിമ തകര്‍ത്തപ്പോഴും ഇതുതന്നെ സംഭവിച്ചു. മമതാ ബാനര്‍ജി ആ സംഭവം ബി.ജെ.പി.ക്കെതിരെ വലിയ രാഷ്ട്രീയ ആയുധമാക്കി മാറ്റി.

പ്രാദേശിക ഭാഷാ വിഷയം പോലെ തന്നെ പ്രാദേശിക വികസന പ്രശ്‌നങ്ങള്‍ ഇന്ത്യയിലെല്ലായിടത്തും ഉണ്ട്. കേരളത്തിന്റെ കാര്യം തന്നെ നോക്കൂ: മഴക്കാലമായാല്‍ കേരളത്തില്‍ ജലജന്യ രോഗങ്ങള്‍ പെരുകും. കൊതുകാണിവിടുത്തെ പ്രധാന വില്ലന്‍. പണ്ട് കൊതുകിനെതിരേ മീനും തവളയുമൊക്കെയായി പ്രകൃതി തന്നെ പ്രതിരോധം തീര്‍ത്തിരുന്നു. മരുന്നടിയും കയ്യേറ്റവുമൊക്കെ വന്നപ്പോള്‍ ആ പ്രതിരോധമൊക്കെ തകര്‍ന്നു വീണു.

ആ ജല സംസ്‌കാരത്തെ നാം തിരിച്ചു പിടിക്കേണ്ടതുണ്ട്. ഉത്തരേന്ത്യയിലും സമാനമായ പ്രശ്‌നങ്ങളുണ്ട്. പണ്ട് ചൂടില്‍ അവിടെയൊക്കെ ആളുകള്‍ ടെറസിലോ വീടിന് പുറത്ത് കയറ്റു കട്ടിലിലോ ആയിരുന്നു കിടന്നു കൊണ്ടിരുന്നത്. ഇന്നങ്ങനെ കിടന്നാല്‍ കൊതുക് രക്തം മുഴുവനും ഊറ്റിയെടുക്കില്ലേ? ഉത്തരേന്ത്യയിലെ മിക്ക ഗ്രാമങ്ങളിലും മലിന ജലം പോകുന്ന ഓടകള്‍ പൊട്ടുന്നതും വലിയ പ്രശ്‌നമാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യ പ്രദേശിലും, തമിഴ്നാട്ടിലും, മഹാരാഷ്ട്രയിലും കര്‍ഷകര്‍ വന്‍ പ്രക്ഷോഭങ്ങള്‍ നടത്തി. ഇത്തരത്തിലുള്ള ജനങ്ങളുടെ പ്രാദേശികമായ വികസന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാട്ടി വേണം എപ്പോഴും മതത്തിന്റേയും, രാഷ്ട്രത്തിന്റ്റേയും പേരുപറഞ്ഞു മനുഷ്യരെ തമ്മില്‍ തല്ലിക്കാന്‍ നോക്കുന്നവരെ എതിരിടാന്‍.

റഷ്യന്‍ ഭാഷ അടിച്ചേല്‍പ്പിക്കുന്ന 'റസിഫിക്കേഷന്‍' ആയിരുന്നു സോവിയറ്റ് യൂണിയന്‍ തകരാനുള്ള ഒരു പ്രധാന കാരണം. അതോടൊപ്പം തന്നെ പ്രാദേശിക വിഷയങ്ങളും, വികാരങ്ങളും അവഗണിച്ച അങ്ങേയറ്റം കേന്ദ്രീകൃതമായ കമ്യുണിസ്റ്റ് പാര്‍ട്ടിയായിരുന്നു മുന്‍ സോവിയറ്റ് യൂണിയനെ തകര്‍ത്തത്.

ഇന്ത്യയെ മുഴുവന്‍ പ്രതിനിധീകരിക്കേണ്ടതിന് നന്നായി ഇംഗ്ലീഷ് അറിയാവുന്ന ഒരു പ്രധാന മന്ത്രിയേയും, ആഭ്യന്തര മന്ത്രിയേയും ബി.ജെ.പി.ക്ക് തിരഞ്ഞെടുക്കാമായിരുന്നു. അവരത് ചെയ്തില്ല. അതിലൂടെ തന്നെ പ്രാദേശിക വ്യത്യസ്തകള്‍ അനേകം ഉളള ഭാരതീയ ജനതക്ക് തെറ്റായ സന്ദേശമാണ് നല്‍കിയത്. 'ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍' - എന്നുള്ള മുദ്രാവാക്യം പണ്ടു മുതലേ ജനസംഘിനെ കുറിച്ചും, ബി.ജെ.പി. - യെ കുറിച്ചും പറഞ്ഞു കേള്‍ക്കുന്നതാണ്. ഇനിയെങ്കിലും ബി.ജെ.പി. അത്തരം സങ്കുചിത ഭാഷാ വീക്ഷണങ്ങള്‍ ഒക്കെ മാറ്റി കൂടുതല്‍ ദേശീയമാകാന്‍ ശ്രദ്ധിക്കണം.

പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തുന്നതും, മാതൃഭാഷയില്‍ അധിഷ്ഠിതമായ ഐഡന്റ്റിറ്റി ഉയര്‍ത്തി പിടിക്കുന്നതും ഇന്നത്തെ ഇന്ത്യന്‍ പ്രതിപക്ഷത്തിന് കരുത്തേകും. വൈവിദ്ധ്യപൂര്‍ണമായ ഇന്ത്യയാണ് എന്നും ഇന്ത്യന്‍ ദേശീയതയുടെ കരുത്ത്. നാനാത്ത്വത്തില്‍ ഏകത്ത്വം; വൈവിദ്ധ്യത്തില്‍ ഐക്യം എന്ന മുദ്രാവാക്യം ഈ വൈകിയ വേളയിലെങ്കിലും നാം ഉയര്‍ത്തിപിടിക്കേണ്ടിയിരിക്കുന്നു.
ഹിന്ദി വാദവും പഴയ സോവിയറ്റ് യൂണിയന്‍ നല്‍കുന്ന പാഠവും (വെള്ളാശേരി ജോസഫ്)
Join WhatsApp News
josecheripuram 2019-09-20 19:21:50
I'am a person who love my mother tongue,but if I only loved my mother tongue I will never be in America.If a country is strong & keep their people in the country.provide them jobs,shelter,food,health care.You need not to learn any other language.Look at the people who persuade others to learn Malayalam,their children are in foreign universities.I know Russians who has no knowledge of English,had to learn English to get a job in America.They were cursing their country for letting not learn English.If you want to be Doctor/Engineer like top in the administrative line you have to English or else you will be stuck in Kerala.
Ninan Mathulla 2019-09-21 08:14:51
Well written article. Love Malayalam does not mean not use any other language. Try to learn as many languages as you can and communicate appropriately as the audience is. Learning other languages will help learn other cultures. But you must know Malayalam and be proud to speak in that language as much as possible. Our identity as one culture is through language.
വിദ്യാധരൻ 2019-09-21 10:02:57
മാറുന്നു ഭാഷയും സംസാരവും 
മാറിമറിയുന്നു കാലത്തിനൊത്ത് സർവ്വതും 
ആഗോളവത്കരണത്തിൻ പിടിയിൽ 
ഭൂഗോളം ഇന്ന് തിരിയുന്നു സ്നേഹിതാ.
ആശയ്ക്ക് വകയുണ്ടെങ്കിലും നമ്മൾ 
ആശ കൈവെടിയാതെ കാക്കണം ഭാഷയെ 
ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ പക്ഷെ 
ചേരയുടെ നടുമുണ്ടം തിന്നണം നമ്മളെ- 
ന്നോർമിപ്പിച്ച  ഭാസുരരാം പിതാമഹരുടെ 
കൂർമ്മ ബുദ്ധിയെ നമിക്കുന്നു ഞാനും 
ഉണ്ട് ഏതുഭാഷയ്ക്കും  ലാവണ്യവും അഴകും  
കണ്ടെത്തിടേണം ആഴത്തിലാരാഞ്ഞത് 
വളരുന്നു ഭാഷ കടംകൊടുത്തും വാങ്ങിയും
വളർന്നതാണ് മലയാള ഭാഷയും മറന്നിടാ നാം 
കാണാം  തമിഴും സംസ്കൃതോം മലയാളത്തിൽ 
കാണാം  അറബിയും പേർഷ്യനും ഫ്രഞ്ചുമിംഗ്ളീഷും 
"ഒന്നിനുമില്ല നില ഉന്നതമായ കുന്നുമാഴിയും" 
ഖിന്നരാകേണ്ടതില്ല അതിനാൽ നമ്മളാരും  
 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക