Image

വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു

Published on 21 September, 2019
വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു
ബംഗലുരു: വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. ലാന്‍ഡറിന്‌ ഇസ്രോ കണക്കാക്കിയ ആയുസ്സ്‌ കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്‌ ഇത്‌. 

ചന്ദ്രോപരിതലത്തില്‍ കഴിഞ്ഞ 7ന്‌ ഇടിച്ചിറങ്ങിയ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെയും ഇതിനുള്ളിലെ പ്രഗ്യാന്‍ റോവറിന്റെയും ബാറ്ററിയുടെ ആയുസ്സ്‌ അവസാനിച്ചു.

ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ മേഖലയിലെ ചാന്ദ്രപകല്‍ ഇന്നലെ അവസാനിക്കുന്നതിനാല്‍ ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന സോളര്‍ പാനലുകള്‍ക്ക്‌ സൗരോര്‍ജം തുടര്‍ന്നു ലഭിക്കില്ല. 

ഇതോടെ ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഇസ്‌റോ നടത്തുന്ന ശ്രമങ്ങളും അവസാനിക്കും. ലാന്‍ഡറിനും റോവറിനും ഭൂമിയിലെ 14 ദിനങ്ങളാണ്‌ (ഒരു ചാന്ദ്രദിനം) ആയുസ്സ്‌ കണക്കാക്കിയിരുന്നത്‌.

വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ഇസ്‌റോ തീവ്രശ്രമം നടത്തിയിരുന്നു. ആശയവിനിമയം സാധ്യമാക്കത്തക്കവിധം വിധം ലാന്‍ഡറിലെ ആന്റിനയുടെയും ട്രാന്‍സ്‌പോണ്ടറുകളുടെയും ദിശതിരിക്കാനുള്ള ശ്രമങ്ങളാണു പീനിയയിലെ ഇസ്‌റോ കേന്ദ്രമായ ഇസ്‌ട്രാക്കില്‍ നടന്നത്‌. 

ഇതിനു പുറമേ ബയലാലുവിലെ 32 മീറ്റര്‍ ആന്റിനയുടെ സഹായത്തോടെ ലാന്‍ഡറിനു സ്വീകരിക്കാന്‍ പാകത്തിലുള്ള ഫ്രീക്വന്‍സിയിലുള്ള വിവിധ കമാന്‍ഡുകളും അയച്ചു. എന്നാല്‍ ഫലം കണ്ടില്ല.
ചന്ദ്രയാന്‍-2 ദൗത്യത്തിന്‌ ഇന്ത്യന്‍ ജനത നല്‍കിയ പിന്തുണയ്‌ക്ക്‌ ഇ സ്‌റോ നന്ദി രേഖപ്പെടുത്തി. 'ഒപ്പം നിന്നതിനു നന്ദി. 

ലോകമെമ്‌ബാടുമുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ഊര്‍ജമേകി മുന്നോട്ടു പോകാനുള്ള ശ്രമം തുടരും.'- ഇസ്‌റോ ഔദ്യോഗിക സമൂഹ മാധ്യമ പേജില്‍ കുറിച്ചു.

ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുന്നതിനു മുന്‍പ്‌ വിക്രം ലാന്‍ഡര്‍ നിയന്ത്രണം വിട്ടത്‌ ഏതാണ്ട്‌ 500 മീറ്റര്‍ മാത്രം ഉയരത്തില്‍ നിന്നാണെന്നാണു നിഗമനം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക