Image

ബാലാകോട്ട്‌ ആക്രമണത്തില്‍ ഇന്ത്യ ബോംബിട്ട്‌ തകര്‍ത്ത ജെയ്‌ഷേ കേന്ദ്രം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു

Published on 22 September, 2019
ബാലാകോട്ട്‌ ആക്രമണത്തില്‍ ഇന്ത്യ ബോംബിട്ട്‌ തകര്‍ത്ത ജെയ്‌ഷേ കേന്ദ്രം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു
ന്യൂഡല്‍ഹി: പാകിസ്‌താനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ബോംബിട്ട്‌ തകര്‍ത്ത ജെയ്‌ഷേ-ഇ-മുഹമ്മദ്‌ പരിശീലന കേന്ദ്രം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചതായി റിപ്പോര്‍ട്ട്‌. 

അന്താരാഷ്ട്ര ശ്രദ്ധ ഒഴിവാക്കാന്‍ പുതിയ പേരില്‍ ആരംഭിച്ച കേന്ദ്രത്തില്‍ കശ്‌മീരിലും ഇന്ത്യയിലെ മറ്റിടങ്ങളിലും സ്‌ഫോടനങ്ങള്‍ നടത്താന്‍ 40 തീവ്രവാദികള്‍ക്ക്‌ പരിശീലനം നല്‍കാന്‍ ആരംഭിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

കേന്ദ്ര സര്‍ക്കാര്‍കശ്‌മീരിന്‌ പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്‌മീരിനെ വിഭജിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ പാകിസ്‌താന്റെ അനുഗ്രഹാശ്ശിസ്സുകളോടെ ജെയ്‌ഷെയുടെ ഈ നീക്കം. കശ്‌മീരിലെ ഇന്ത്യന്‍ നടപടികള്‍ക്ക്‌ പിന്നാലെ ഇന്ത്യയെ ലക്ഷ്യം വെക്കുന്ന ഭീകര ഗ്രൂപ്പുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ക്ക്‌ പാകിസ്‌താന്‍ ഇളവ്‌ വരുത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.

കഴിഞ്ഞെ ഫെബ്രുവരി 27നാണ്‌ വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തി കടന്ന്‌ ബാലാകോട്ടിലെ ജെയ്‌ഷെ കേന്ദ്രം ബോംബിട്ട്‌ തകര്‍ത്തത്‌. 

ഫെബ്രുവരി 14ന്‌ കശ്‌മീരിലെ പുല്‍വാമയില്‍ നടന്ന സ്‌ഫോടനത്തില്‍ 40 സി.ആര്‍.പി.എഫ്‌ ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന്‌ തിരിച്ചടിയായാണ്‌ ഇന്ത്യ ഈ സൈനിക നീക്കം നടത്തിയത്‌. ഇതിനെ തുടര്‍ന്ന്‌ ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുകള്‍ സംഭവിച്ചിരുന്നു.

പുല്‍വാമ ആക്രമണത്തിനും അതിന്റെ തിരിച്ചടികള്‍ക്കും ശേഷം കാര്യമായ മുന്നേറ്റങ്ങള്‍ നടത്താതിരുന്ന ഇന്ത്യ വിരുദ്ധ ഭീകര സംഘടനകള്‍ കശ്‌മീര്‍ നടപടികള്‍ക്ക്‌ ശേഷം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയതായി ഇന്ത്യന്‍ ഭീകരവിരുദ്ധ വിഭാഗത്തിന്‌ വിവരം ലഭിച്ചരുന്നു. 

ഇന്ത്യയുടെ കശ്‌മീര്‍ നടപടികള്‍ക്ക്‌ തിരിച്ചടി നല്‍കാനായി ജെയ്‌ഷേ നേതൃത്വവും ഐ.സ്‌.ഐ ഉദ്യോഗസ്ഥരും തമ്മില്‍ കൂടിയാലോചനകള്‍ നടത്തിയതായും വിവരം ലഭിച്ചിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക