Image

എന്‍.ആര്‍.ജി. സ്റ്റേഡിയത്തിലേക്കു ജനപ്രവാഹം

Published on 22 September, 2019
എന്‍.ആര്‍.ജി. സ്റ്റേഡിയത്തിലേക്കു ജനപ്രവാഹം
ഹൂസ്റ്റന്‍: ഹൌഡി മോഡി സ്വീകരണത്തിനു അല്പസമയം മാത്രമുള്ളപ്പോള്‍ എന്‍.ആര്‍.ജി. സ്റ്റേഡിയത്തിലേക്കു ജനപ്രവാഹം

പ്രസ് ഗാലറിയില്‍ നിന്നു ഇ-മലയാളിക്കു വേണ്ടി ജോണ്‍ കുന്തറ

പരിപാടിക്ക്50,000-ത്തിലേറെ പേരാണ് എത്തുക. ഫ്രാന്‍സിസ് മാര്‍പാപ്പ യു.എസില്‍ പങ്കെടുത്ത പരിപാടിക്കുശേഷം ആദ്യമായാണ് ഇത്രയേറെ കാണികള്‍ ഒരു രാഷ്ട്രനേതാവിനെ കാണാനെത്തുന്നതു.

എന്‍.ആര്‍.ജി.സ്റ്റേഡിയത്തില്‍ മൂന്നുമണിക്കൂര്‍ നീളുന്ന പരിപാടിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്യും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സവിശേഷ ബന്ധത്തിന്റെ സൂചനയായാണ് ട്രംപും മോദിക്കൊപ്പം വേദി പങ്കിടുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.

'നമോ എഗെയ്ന്‍' (വീണ്ടും നരേന്ദ്രമോദി) എന്നു രേഖപ്പെടുത്തിയ ടിഷര്‍ട്ടുകള്‍ ധരിച്ചാണ് വൊളന്റിയര്‍മാര്‍ എത്തിയിട്ടുള്ളത്. നമോ വീണ്ടുമെന്ന് ഒരേസ്വരത്തില്‍ പാടിയാകും മോദിയെ സ്വാഗതം ചെയ്യുക.

ഇന്നലെ ഹൂസ്റ്റണിലെത്തിയ മോദി ഊര്‍ജ കമ്പനികളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ഊര്‍ജമേഖലയിലെ അവസരങ്ങള്‍ ശരിയായി പ്രയോജനപ്പെടുത്തുന്നിതിന് ഉതകുന്ന മാര്‍ഗങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടന്നതായും ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചതായും മോദി ട്വീറ്റ് ചെയ്തു. 'ഹൗഡി ഹൂസ്റ്റണ്‍' എന്ന് അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്.

യു.എസ്. ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ അധിക ഇറക്കുമതി തീരുവയില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നും, യു.എസില്‍നിന്ന് ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ഉറപ്പുവരുത്താന്‍ ഇന്ത്യ ശ്രമിച്ചേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടൊപ്പം ഇന്ത്യയ്ക്ക് നല്‍കിയിരുന്ന വ്യാപാര മുന്‍ഗണനാ പദവി പുന:സ്ഥാപിക്കുന്നത് സംബന്ധിച്ചും ട്രമ്പുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമുണ്ടായേക്കും.

ഇന്ത്യ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച ഉത്പന്നങ്ങളില്‍നിന്നും കാര്‍ഷിക ഉത്പന്നങ്ങളുടെ അധിക തീരുവ കുറയ്ക്കാനാകും യു.എസ്. ആവശ്യപ്പെടുക. യു.എസില്‍നിന്നുള്ള ബദാം, പന്നി മാംസം, ക്ഷീര ഉത്പന്നങ്ങള്‍, ചെറിപ്പഴം, ആപ്പിള്‍ തുടങ്ങിയവ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.ഈ സാഹചര്യത്തില്‍ ക്ഷീര ഉത്പന്നങ്ങള്‍ അടക്കം ചില ഉത്പന്നങ്ങളുടെ അധിക ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചേക്കുമെന്നാണ് സൂചന. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും തീരുവ കുറയ്ക്കാനും യു.എസ്. സമ്മര്‍ദം ചെലുത്തുന്നുണ്ട്.

അതേസമയം, ഇറക്കുമതി തീരുവ കുറയ്ക്കുന്നതിന് പകരമായി നേരത്തെ പിന്‍വലിച്ച വ്യാപാര മുന്‍ഗണനാ പദവി കുറച്ചുവര്‍ഷങ്ങള്‍ കൂടി തുടരാന്‍ ഇന്ത്യ യു.എസിനോട് ആവശ്യപ്പെട്ടേക്കും.

ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും യു.എസ്.പ്രസിഡന്റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും ഹൗഡി മോദിക്ക് ലഭിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക