Image

നരേന്ദ്രമോദിക്കു കീഴില്‍ ഇന്ത്യ കുതിച്ചുയരുന്നു: ഡൊണാള്‍ഡ് ട്രംപ്

Published on 22 September, 2019
നരേന്ദ്രമോദിക്കു കീഴില്‍ ഇന്ത്യ കുതിച്ചുയരുന്നു: ഡൊണാള്‍ഡ് ട്രംപ്
ഹൂസ്റ്റണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കീഴില്‍ ഇന്ത്യ കുതിച്ചുയരുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന ആവേശ്വജ്ജ്വലമായ ഹൗഡി മോദി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. മോദിക്ക് ജന്മദിനാശംസ നേര്‍ന്ന് പ്രസംഗം ആരംഭിച്ച ട്രംപ്, അമേരിക്കയുടെ വിശ്വസ്തനായ സുഹൃത്തെന്നാണ് മോദിയെ വിശേഷിപ്പിച്ചത്. മോദിയോടൊപ്പം വേദിപങ്കിടാനായത് മഹത്തായ കാര്യമാണ്. ഇന്ത്യയ്ക്കായി അസാധാരണമായി പ്രവര്‍ത്തിക്കുന്ന മഹാനായ നേതാവാണ് മോദി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ 300 മില്യണ്‍ ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ത്തി. ഇന്ത്യ  അമേരിക്ക ബന്ധം മുമ്പുണ്ടായിരുന്നതിനെക്കാളേറെ ശക്തിപ്പെട്ടു. തന്നേക്കാള്‍ നല്ലൊരു സുഹൃത്തിനെ ഇനി ഇന്ത്യയ്ക്ക് കിട്ടാനില്ലെന്നും ട്രംപ് പറഞ്ഞു.

'ഇന്ത്യയിലേക്കുള്ള എല്‍.എന്‍.ജി, പ്രകൃതിവാതക കയറ്റുമതി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടും. ആരോഗ്യമേഖല, സുരക്ഷ, പ്രതിരോധം, ബഹിരാകാശം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തും. നവംബറില്‍ ഇന്ത്യയും അമേരിക്കയും ടൈഗര്‍ ട്രയംഫ് എന്ന പേരില്‍ സംയുക്ത സൈനികാഭ്യാസം നടത്തും. അതിര്‍ത്തി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളത്. തീവ്ര ഇസ്‌ളാമിക ഭീകരവാദികളില്‍ നിന്ന് സാധാരണ പൗരന്‍മാരെ സംരക്ഷിക്കാന്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. ഇതിനായി ഇന്ത്യയ്‌ക്കൊപ്പംനിന്ന് നേരിടും. ജനങ്ങളുടെ സംരക്ഷണത്തിനായി ജോലി ചെയ്യുന്ന ധീരന്മാരായ അമേരിക്കന്‍ ഇന്ത്യന്‍ സൈനികരെ ആദരിക്കുന്നു.'  ട്രംപ് പറഞ്ഞു. നവംബറില്‍ മുംബയില്‍ നടക്കുന്ന ആദ്യ എന്‍.ബി.എ ബാസ്കറ്റ് ബാള്‍ മത്സരം വീക്ഷിക്കാന്‍ പ്രധാനമന്ത്രി മോദി എന്നെ ക്ഷണിക്കുന്നില്ലേ എന്നും ട്രംപ് ചോദിച്ചു. ഇന്ത്യാസന്ദര്‍ശനത്തിന്റെ സൂചന നല്‍കി മത്സരം കാണാന്‍ താനെത്തിയേക്കുമെന്നും ട്രംപ് പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക