Image

പാലാ ഉപതെരഞ്ഞെടുപ്പ്‌ ; പോളിംഗ്‌ ശതമാനം 50 കടന്നു

Published on 23 September, 2019
പാലാ ഉപതെരഞ്ഞെടുപ്പ്‌ ; പോളിംഗ്‌ ശതമാനം 50 കടന്നു

കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന്‌ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഉച്ചയ്‌ക്ക്‌ ഒരു മണിവരെ 50 ശതമാനം പോളിങ്‌ രേഖപ്പെടുത്തി. 86407 പേപേരാണ്‌ ഇതുവരെ വോട്ട്‌ രേഖപ്പെടുത്തിയത്‌ . 50.2%.

പാലാ നഗരസഭ ഉള്‍പ്പെടെയുള്ള മേഖലകളിലും മികച്ച പോളിങ്‌ രേഖപ്പെടുത്തി. രാവിലെ ഏഴു മണി മുതല്‍ തുടങ്ങിയ വോട്ടെടുപ്പ്‌ തടസങ്ങളില്ലാതെ പുരോഗമിക്കുകയാണ്‌.

അതേസമയം, മലയോര ഗ്രാമീണ മേഖലകളില്‍ പോളിങ്‌ മന്ദഗതിയിലാണ്‌. പാലായില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന്‌ ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. യു.ഡി.എഫ്‌ ഒറ്റക്കെട്ടാണെന്നും യു.ഡി.എഫിന്റെ വോട്ടുകള്‍ മുഴുവനും കൈതച്ചക്ക ചിഹ്നത്തിന്‌ ലഭിക്കുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍, യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ജോസ്‌ ടോം, കെഎം മാണിയുടെ കുടുംബം, പാലാ രൂപത ബിഷപ്പ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, സിനിമാതാരം മിയ ജോര്‍ജ്‌ എന്നിവരും രാവിലെ തന്നെ വോട്ട്‌ രേഖപ്പെടുത്തി.

പാലായിലെ സെന്റ്‌ തോമസ്‌ സ്‌കൂളിലെ 128-ാം നമ്‌ബര്‍ ബുത്തിലെത്തിയാണ്‌ കെഎം മാണിയുടെ കുടുംബം വോട്ട്‌ രേഖപ്പെടുത്തിയത്‌. ജോസ്‌.കെ.മാണി, നിഷാ ജോസ്‌.കെ. മാണി, കെഎം മാണിയുടെ ഭാര്യ കുട്ടിയമ്മ എന്നിവരാണ്‌ വോട്ട്‌ ചെയ്‌തത്‌. കെഎം മാണിയുടെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിച്ചതിനു ശേഷമാണ്‌ മാണിയുടെ കുടുംബം വോട്ട്‌ ചെയ്യാനെത്തിയത്‌. 

യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന പൂര്‍ണവിശ്വാസമുണ്ടെന്ന്‌ കെഎം മാണിയുടെ ഭാര്യ കുട്ടിയമ്മ പ്രതികരിച്ചു. മാണി സാറിന്റെ പിന്‍ഗാമിയാണ്‌ ജോസ്‌ ടോം. ജോസ്‌ ടോം വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും കുട്ടിയമ്മ പ്രത്യാശ പ്രകടിപ്പിച്ചു.

പാലായില്‍ 100 ശതമാനം വിജയം ഉറപ്പാണെന്ന്‌യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ജോസ്‌ ടോം പുലിക്കുന്നേല്‍ പറഞ്ഞു. കൂവത്തോട്‌ ഗവ.എല്‍പി സ്‌കൂളിലാണ്‌ അദേഹം വോട്ട്‌ രേഖപ്പെടുത്തിയത്‌. 

പാലാ നഗരസഭയിലെ കാണാട്ടുപാറയിലെ 119 ാം നമ്‌ബര്‍ ബൂത്തിലാണ്‌ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ വോട്ടു ചെയ്‌തത്‌. രാവിലെ 7 മണിക്ക്‌ തന്നെ കുടുംബത്തോടൊപ്പം എത്തി മാണി സി കാപ്പന്‍ വോട്ടു ചെയ്‌തു മടങ്ങി. 

ഒന്നാമനായി വോട്ട്‌ ചെയ്‌ത്‌ തെരഞ്ഞെടുപ്പില്‍ ഒന്നാമനാകുമെന്ന്‌ വോട്ടു ചെയ്‌ത ശേഷം അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക