Image

കോണ്‍ഗ്രസിന്റെ ഗ്രൂപ്പുകളിക്ക് ചന്ദ്രശേഖരന്‍ വധം ഉപയോഗിക്കരുതെന്ന് എളമരം കരീം

Published on 08 May, 2012
കോണ്‍ഗ്രസിന്റെ ഗ്രൂപ്പുകളിക്ക് ചന്ദ്രശേഖരന്‍ വധം ഉപയോഗിക്കരുതെന്ന് എളമരം കരീം
ഒഞ്ചിയം: കോണ്‍ഗ്രസിന്റെ ഗ്രൂപ്പുകളിക്ക് ചന്ദ്രശേഖരന്‍ വധം ഉപയോഗിക്കരുതെന്ന് എളമരം കരീം. ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ മേഖലകളില്‍ ഇടത് എംഎല്‍എമാര്‍ക്കൊപ്പം സന്ദര്‍ശനം നടത്തിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എളമരം കരീം.

അതിവേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. ക്രിമിനല്‍ കുറ്റമാണ് നടന്നത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എന്നാല്‍ പ്രതികളെ പിടികൂടുന്നതു വരെ ഇടതുപക്ഷത്തെ ആക്രമിക്കാനുള്ള ആയുധമായി സംഭവം ഉപയോഗിക്കരുതെന്നും എളമരം കരീം പറഞ്ഞു.


ചന്ദ്രശേഖരന്റെ കൊലപാതകം പോലെ തന്നെ അപലപിക്കപ്പെടേണ്ട ആക്രമണ പരമ്പരയാണ് മേഖലയില്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അനുഭാവികളോ സജീവരാഷ്ട്രീയ പ്രവര്‍ത്തകരോ അല്ലാത്തവരുടെ വീടുകള്‍ക്ക് നേരെയും അക്രമം നടന്നു. 69 വീടുകള്‍ അക്രമിക്കപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതില്‍ നാല് വീടുകള്‍ തീവെച്ചു നശിപ്പിക്കുകയായിരുന്നു. നിരവധി വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. അക്രമങ്ങളില്‍ രണ്ട് കോടിയോളം രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായും അദ്ദേഹം പറഞ്ഞു. സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറിയെ ചന്ദ്രശേഖരന്റെ വീട്ടിലേക്ക് അയച്ച് വീട് സന്ദര്‍ശിക്കുന്നതില്‍ എതിര്‍പ്പുണ്ടോയെന്ന് അന്വേഷിച്ചിരുന്നതായും ഇടത് എംഎല്‍എമാര്‍ വരേണ്ടെന്ന് ആര്‍എംപി നേതാക്കള്‍ പറഞ്ഞതനുസരിച്ചാണ് പോകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക