Image

രാധേയം (റാണി ബി മേനോന്‍)

Published on 29 September, 2019
രാധേയം (റാണി ബി മേനോന്‍)
കര്‍ണ്ണന്റെ അമ്മയായ രാധയെക്കുറിച്ച് വിശദമായ കുറിപ്പുണ്ടോ മഹാഭാരതത്തില്‍? ഞാന്‍ കണ്ടിട്ടില്ല.
രാധേയനെന്ന്, സൂതപുത്രനെന്ന്, അപഹസിയ്ക്കാനാളുണ്ടായിരുന്നെന്നറിയാം.
എന്തുകൊണ്ടാണ് കുന്തിയുടെ/സൂര്യന്റെ പുത്രനായി വസുസേനന്‍ മാറേണ്ടത്?
എന്തുകൊണ്ടാണ് സൂതന് സുഭഗനും, ആരോഗ്യവാനും, ബുദ്ധിമാനും, ധീരനുമായൊരു കുഞ്ഞു പിറന്നു കൂടാത്തത്?
നല്ലതെല്ലാം 'കുലത്തിലേ പിറക്കാവൂ' എന്ന് താരതമ്യേന, പക്ഷപാതരഹിതനായിരുന്ന വ്യാസനും നിനച്ചുവോ?
ഉരുവപ്പെടല്‍, മരണത്തേക്കാള്‍ താരതമ്യേന അനായാസമായ പ്രക്രിയയാകയാല്‍, ഏതോ ഒരു ദാതാവില്‍ നിന്നും വിധേയയായതൊ, പിടിച്ചടക്കിയതോ ആയ ആരിലോ എത്തിയ ധീരതയുടെ ജീന്‍, തലമുറകള്‍ കടന്ന് കര്‍ണ്ണനില്‍ തെളിഞ്ഞു വിളങ്ങിയതായിക്കൂടെ?
രാധ എന്റെ കാഴ്ചപ്പാടില്‍ ഇങ്ങിനെയാണ്:

മകന്‍ ഖിന്നനായി, തന്റെ മാതൃത്വത്തെയും, അദ്ദേഹത്തിന്റെ പിതൃത്വത്തെയും സംശയിക്കുന്നതായി ആദ്യമായി രാധയ്ക്ക് തോന്നിയതന്നാണ്. അവന്‍ തന്റെ തൊലിയുടെ മിനുപ്പിനെപ്പറ്റിയും, അച്ഛനമ്മമാരുടെ സൗന്ദര്യമില്ലായ്മയെയും പറ്റി ചിന്താക്രാന്തനായപ്പോള്‍.
തീരെ കുഞ്ഞായ അവനോട് എങ്ങിനെ പറയാന്‍, ഒരു പാട് തവണ അലസിപ്പോയ, പിറക്കാന്‍ വിധിയില്ലാതെ പോയ അവന്റെ ഏട്ടന്മാരേയും ഏടത്തിമാരേയും കുറിച്ച് മനസ്സിലാക്കാനുള്ള പ്രായമായിരുന്നില്ലവന്. പറഞ്ഞാലൊരു പക്ഷേ തന്റെ കണ്ണീരാവും വാക്കിനേക്കാള്‍ മുന്നേ പുറത്തുചാടുക. എന്തിനു വെറുതെ കുഞ്ഞിനെ നോവിയ്ക്കണം? അവന് ജീവനാണു തങ്ങളെ, പക്ഷേ......

രാധയോര്‍ക്കുകയായിരുന്നു, ഒന്നിച്ചു ജീവിയ്ക്കാന്‍ തുടങ്ങിയ അന്നു മുതല്‍ എല്ലായ്‌പോഴും തങ്ങളൊന്നിച്ചായിരുന്നു. അദ്ദേഹത്തിന്റെ ജോലി സമയത്തൊഴികെ.
വസുസേനനെ ഗര്‍ഭമായിരുന്നപ്പാേഴും ഭയമായിരുന്നു, കടന്നു പോകുന്ന പ്രായം, എരിഞ്ഞു തീരുന്ന പ്രതീക്ഷകള്‍...
അന്ന് പുഴയിലേയ്ക്ക് വരേണ്ടെന്നു പറഞ്ഞതാണദ്ദേഹം, തനിച്ചിരിയ്ക്കാന്‍ മടിച്ചെന്നതിനേക്കാള്‍, അദ്ദേഹത്തെ പിരിഞ്ഞിരിയ്ക്കാന്‍ മടിച്ച് കൂടെ ചെന്നു. വെയിലേറില്‍ ക്ഷീണം തോന്നുമ്പോള്‍ ഇരിയ്ക്കാറുള്ള കൈതക്കൂട്ടത്തിന്റെ നിഴലിലിരുന്നു. നനച്ചെടുത്ത തുണി വിരിയ്ക്കാന്‍ അദ്ദേഹം പോയതോര്‍മ്മയുണ്ട്, പിന്നെ ഓര്‍മ്മ വരുമ്പോള്‍ വീട്ടിലാണ്‌ലാണ്, അടുത്ത് സൂര്യതേജസ്സുള്ളൊരു കുഞ്ഞുവാവ കാലിളക്കി, ഞെളിഞ്ഞു പിരിഞ്ഞു കരയുന്നു. വാത്സല്യം നെഞ്ചില്‍ ചുരന്നു, കണ്ണീര് ധാരയായൊഴുകി, ഇരുവരിലും.
അവനെ ആദ്യം നെഞ്ചോടു ചേര്‍ക്കവേ, പിടഞ്ഞുണര്‍ന്ന നോവ് ഇപ്പോഴും തൊട്ടറിയാം, ദാ! ഇവിടെ.

യുദ്ധത്തലേന്ന് മഹാറാണി, കുന്തീദേവി മകനെ കാണാനായി വിളിപ്പിച്ചുവെന്നോ അവന്‍ സന്ധ്യാ വന്ദനം ചെയ്യുന്ന സമയത്ത് കാണാന്‍ ചെന്നുവെന്നോ കേട്ടപ്പോള്‍ ആധി പെരുത്തു രാധയ്ക്കുള്ളില്‍.

യുദ്ധത്തില്‍ ദ്രോണാചാര്യര്‍ മൃതിയടഞ്ഞ ശേഷം തന്റെ മകനെ സര്‍വ്വസൈന്യാധിപനായി അവരോധിച്ച അന്ന് രാധ കരഞ്ഞു, സന്തോഷം കൊണ്ടല്ല, സങ്കടം കൊണ്ട്.

ചളിയില്‍ താഴ്ന്ന രഥചക്രമുയര്‍ത്താന്‍ സാവകാശം ചോദിച്ചതും, ബദ്ധവൈരിയായ പാര്‍ത്ഥന്‍ അനുമതി നല്‍കിയതും, പാര്‍ത്ഥസാരഥീ പ്രേരണയാല്‍ പിന്നീടാ തീരുമാനം മാറ്റി തന്റെ കുഞ്ഞിനെ അമ്പെയ്തു വീഴ്ത്തിയതുമറിഞ്ഞ രാധയ്ക്ക് കരയാനായില്ല. ദൈവങ്ങള്‍ പക്ഷം ചേരുന്ന യുദ്ധത്തില്‍, ഒരമ്മയുടെ കണ്ണീരിനെന്തു വില? ധര്‍മ്മത്തിനെന്തു വില?

ഭര്‍ത്താവിനോടവരാെന്നേ ആവശ്യപ്പെട്ടുള്ളൂ. തന്റെ മകനെ ഒരിയ്ക്കല്‍ക്കൂടിയൊന്നു കാണണം.
അംഗ രാജാവും, സര്‍വ്വ സൈന്യാധിപനും, രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ചവനുമായൊരുവന്റെ ജഡം രാജ്യത്തിന്റെ അവകാശമാണ്. വീരപുത്രന് അര്‍ഹിയ്ക്കുന്ന അന്ത്യാേപചാരമര്‍പ്പിയ്‌ക്കേണ്ടത്, ഭരണ കര്‍ത്താവിന്റെ ചുമതലയാണ്. ഔദ്യാഗിക ബഹുമതികളാേടെ അവനെ സംസ്‌ക്കരിച്ചേക്കാം, മഹിമാ പതിത്വത്താല്‍ പെറ്റമ്മയില്‍ നിന്നും പോറ്റമ്മയിലേയ്ക്ക് തരംതാഴ്ത്തപ്പെട്ട തനിയ്ക്കും ഭര്‍ത്താവിനും ആ ചടങ്ങിന്റെ ഏഴയലത്തു പോകാനാവില്ല. തനിയ്ക്ക് മകനെ അവസാനമായൊന്നു കാണണം.....

ആ വൃദ്ധ ദമ്പതികളുടെ, ജീവിതത്തിനു മുന്നില്‍ കൂനിപ്പോയ ദേഹം, രണഭൂമിയിലെ ജഡത്തെ തേടിയെത്തുമ്പോള്‍ സൂര്യന്‍ രൗദ്രം ചുവപ്പിച്ച തീക്കണ്ണു താഴ്ത്തി കടലില്‍ മുഖം കഴുകാന്‍ കുനിയുകയായിരുന്നു.
ആ അമ്മ, യൗവ്വനമിനിയും വിടാത്ത, വടിവൊത്ത ആ പുരുഷശരീരത്തിനു മുന്നില്‍ കുനിഞ്ഞിരുന്നു, നെറ്റിയില്‍ കുനിഞ്ഞ് ചുംബിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിന്റെ ഭയം തീണ്ടിയ ആ കണ്ണുകളിനിയും അടഞ്ഞിരുന്നില്ല. അമ്മ ആ ദേഹം തന്റെ കൈകളിലുയര്‍ത്തി, നനഞ്ഞു കുഴഞ്ഞൊരു കരിമ്പടം പോലെ ആ വലിയ ദേഹം അമ്മയുടെ കൈകളില്‍ തളര്‍ന്നു കിടന്നു. അമ്മ സൂര്യനെ നോക്കി, ആ നാേട്ടം താങ്ങാനാവാതെ, അദ്ദേഹം മുഖം മറച്ചു, ചോരച്ചുവപ്പു പടര്‍ന്ന ആകാശം സാക്ഷി!
കൈവളരാനും കാല്‍ വളരാനും പാടിയുഴിഞ്ഞ കൈകാലുകളിലൂടെ, വിരിഞ്ഞ മാറു പിളര്‍ന്ന മുറിവിലൂടെ, തന്റെ കൈയ്ക്ക് പുറത്തേയ്ക്ക് തൂങ്ങിയാടിക്കിടന്ന ശിരസ്സിലേയ്ക്ക്....
ഏതെങ്കിലുമൊരണുവില്‍ പ്രാണന്‍ തുടിയ്ക്കുന്നുവോ എന്ന് ശ്രദ്ധാപൂര്‍വ്വം, ഒരമ്മയ്ക്കു മാത്രം കഴിയുന്ന സൂക്ഷ്മതയോടെ പരിശോധിയ്ക്കുകയായിരുന്നു...
അവനിനിയീ ഭൂമിയിലില്ലെന്ന യാഥാര്‍ത്ഥ്യം ആ അമ്മ ഉള്‍ക്കൊള്ളുകയായിരുന്നു.
ശവംതീനിക്കുറുക്കന്മാരലയുന്ന യുദ്ധഭൂവില്‍, രാവത്രയും ഒരു തുള്ളിക്കണ്ണീരു തൂവാതെ രാധയിരുന്നു, തന്റെ കുഞ്ഞിനെ അവസാനമായാണു താന്‍ എടുക്കുന്നതെന്ന അറിവ്, ആ ഇരിപ്പില്‍ നിന്നനങ്ങാനവരെ അനുവദിച്ചില്ലെന്നതാണ് സത്യം.
ഒളിയ്ക്കാന്‍ കഴിയാതെ സൂര്യ രഥം ചുവപ്പു വെളിച്ചം പടര്‍ത്തി കിഴക്കണയും വരെ....

വസുസേനന്റെ ദേഹം താഴെ മെല്ലെക്കിടത്തി രാധ. കുഞ്ഞുനാളിലവനെ ഉറക്കി താഴെ കിടത്തും പോലെ മെല്ലവെ, ഉണര്‍ത്താതെ, ഉണര്‍ത്താതെ...... .

ഒരേ ഇരുപ്പില്‍ രാധയുടെ ദേഹം വല്ലാതെ മരവിച്ചു പോയിരുന്നു. തരിച്ചു പോയ കാല്‍ വലിയൊരു തടിക്കഷണമിഴയ്ക്കും പോലെ വലിച്ചു വച്ച് രാധ അതിരഥനെ പിന്‍പറ്റി നടന്നു.

നഗരജീവിതം, അല്ല ജീവിതമല്ല മരണം, രാജത്വത്തിനായുള്ള യുദ്ധത്തിന്റെ തുടര്‍ച്ചയ്ക്കുള്ള തയ്യാറെടുപ്പുകളില്‍ മുഴുകി. ഇനിയിവയൊന്നും തന്നെ ബാധിയ്ക്കുന്ന ഒന്നല്ല. തിരിച്ചു പോകവെ മഹാറാണിയെ ഒന്നു കണ്ടു പോകണമെന്നു രാധയ്ക്കു തോന്നി. രണ്ടു വാക്കു പറഞ്ഞു പോകണമെന്നും.

പതിവില്ലാത്തതാണ്. അമ്മ മഹാറാണിയെ കാണാന്‍ സാധാരണ പ്രജകള്‍ക്ക് ഭാഗ്യം സിദ്ധിയ്ക്കാറില്ല. പക്ഷെ രാധ സാധാരണ പ്രജയാവുമ്പോഴും കര്‍ണ്ണന്റെ അമ്മയാണ്. കുരുവംശ സേനാപതിയുടെ അമ്മ. വളര്‍ത്തമ്മയെന്ന് താഴ്ത്തപ്പെട്ടുവെങ്കിലും, അതിന്റെയും വാലറ്റത്തൊരമ്മയുണ്ട്.

കാവല്‍ക്കാരന്‍ വഴി ആഗ്രഹം അറിയിക്കവേ അത്ഭുതപ്പെടുത്തിക്കൊണ്ട് അനുമതി. സായംകാല സന്ദര്‍ശനത്തിന്.
വീട്ടിലെത്തിയ രാധ തളര്‍ന്നു കിടന്നു, മയക്കം പോലും അകന്ന ഓര്‍മ്മയില്‍ മകന്റെ വളര്‍ച്ചയുടെ ഓരോ പടവും.

കുറുക്കന്‍ കുഞ്ഞിന്റെയും സിംഹക്കുഞ്ഞിന്റെയും കഥ പറയുന്ന അമ്മക്കഥകളില്‍ നിന്ന് വീരരാജാക്കന്മാരുടെ, തേരാളികളുടെ, പോരാളികളുടെ അച്ഛന്‍ കഥകളിലേയ്ക്കുള്ള മകന്റെ വളര്‍ച്ച, രാജ സൗഹൃദം മുതല്‍ ഇന്നലെ വരെയുള്ള സംഭവ പരമ്പരകളത്രയും ആ അമ്മയുടെ മനസ്സിലൂടെ ഘോഷയാത്രയായി കടന്നു പോയ്‌ക്കൊണ്ടിരുന്നു.

സായന്തനത്തില്‍ മഹാറാണിയുടെ മന്ദിരത്തിലേയ്ക്ക് പോകണമോ വേണ്ടയോ എന്നതും രാധയെ ഉലച്ചു കൊണ്ടിരുന്നു. അത്രമേല്‍ ശക്തിയറ്റു പോയിരുന്നു. എങ്കിലും രണ്ടു വാക്കു പറയാതെ പോയാല്‍ തന്നോട്, തന്നിലെ അമ്മയോട് ചെയ്യുന്ന നീതികേടാവും.

മഹാറാണിയുടെ, രാജമാതാവിന്റെ, ആര്‍ഭാടങ്ങളില്ലാത്ത കൊട്ടാരത്തിലെ അതിഥിമുറിയില്‍, കുന്തി വിശേഷ അതിഥികളെ സ്വീകരിയ്ക്കുന്ന അറയിലെ കാത്തിരിപ്പിലേയ്ക്ക്, വിധവയുടെ വെളുപ്പുചുറ്റിയ കുന്തി, കുന്തീ ഭോജന്റെ രാജ ദാസി, പൃഥ കടന്നു വന്നു. മുഖം ദുഃഖഭരിതം, ചിരി പകരാവുന്ന മുഹൂര്‍ത്തവുമല്ലല്ലൊ.

രാധയുടെ സങ്കടം, കോപത്തിലേയ്ക്ക് പടര്‍ന്ന് അണ പൊട്ടിയൊഴുകാന്‍ തുടങ്ങിയത് കുന്തിയുടെ വിതുമ്പല്‍ കേട്ടതാേടെയാണ്.
'അഭിനയം മതിയാക്കൂ പൃഥേ!' രാധ പൊട്ടിത്തെറിച്ചു.
'രാജദാസിയായ നിനക്ക് അഭിനയം അനായാസമാണ്. അമ്മമഹാറാണിപ്പട്ടത്തിനു വേണ്ടി മക്കളെ ബലി കൊടുക്കാന്‍ മടിയില്ലാത്ത നീ, നിന്റെതല്ലാത്ത ഒരുവനെ ബലി കൊടുത്തതില്‍ വേദനിയ്ക്കുമെന്നു കരുതാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍, അന്ത:പുര രഹസ്യങ്ങള്‍, അന്യമായവളുമല്ല'
രാധ കിതച്ചു.

ഒരു നിമിഷത്തെ അമ്പരപ്പില്‍ നിന്നും ശാന്തത വീണ്ടെടുത്ത കുന്തി, അതീവ ശാന്തയായി രാധയ്ക്കരികിലെത്തി. ചേര്‍ത്തു പിടിയ്ക്കാന്‍ തുടങ്ങിയ കുന്തിയെ തട്ടിയകറ്റി രാധ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി സങ്കടപ്പെരുങ്കടലിന്റെ ആ അണ തകര്‍ന്നെത്തിയ നീറ്റില്‍, പൊടിഞ്ഞു നുറുങ്ങിയ വാക്കുകളായി അരക്കില്ലമുണ്ടായിരുന്നു, ഊരുതെണ്ടിയായ ഒരമ്മയുടേയും അഞ്ചു മക്കളുടേയും ജീവന് ഒരു ഊണിന്റെ വിലയിട്ട രാജമാതാവിന്റെ കൗശലമുണ്ടായിരുന്നു.

ഏങ്ങലടങ്ങിയപ്പോള്‍ രാധ വീണ്ടും ചോദ്യമുതിര്‍ത്തു. എന്റെ കുഞ്ഞിനെ കൗശലത്തിലൂടെ സ്വന്തമാക്കി, എന്നെ പോറ്റമ്മയാക്കി തരം താഴ്ത്തി നീ നിന്റെ മക്കളുടെ പ്രാണന്‍ കാത്തു. സാധുവും, വെറും വാക്കു പറയാത്തവനുമായ അവനെ നിങ്ങള്‍ ഒരു പാഴ് വാക്കില്‍ കുടുക്കി തളച്ചു.
പൃഥേ എന്നാണ് അധികാരികളായ നിന്റെ വംശം വാക്കുപാലിച്ചിട്ടുള്ളത്? അച്ഛന്റെ തൊഴിലില്‍ കുറവു തോന്നിയ മകനെ പറഞ്ഞു പൊക്കി, വീരനാക്കി, വീരനായകനാക്കി, കൊലയ്ക്കു കൊടുത്തില്ലേ? കൊന്നുകളഞ്ഞില്ലേ നിങ്ങളെന്റെ കുഞ്ഞിനെ? അവര്‍ തളര്‍ന്നു നിലത്തിരുന്നു. അവര്‍ അഴിഞ്ഞു തീരും വരെ, കുന്തി അവരെ നോക്കി നിശ്ശബ്ദമിരുന്നു.

കുന്തിയുടെ മുന്നില്‍ തീപ്പന്തമായാളിയ ഒരു സ്ത്രീരൂപം അരക്കില്ലത്തില്‍ നിന്നും പുറത്തേയ്ക്കു വരാനാകാതെ ജാലകത്തിലൂടെ ഉഴന്നു നോക്കി.
ചുണ്ടനക്കം കുന്തി കണ്ടു, ശാപവാക്കു കേട്ടു.
തന്റെ ശാപമായിരുന്നു, കാണരുതാത്തതു കാണുക, കേള്‍ക്കരുതാത്തതു കേള്‍ക്കുക, ചെയ്യരുതാത്തതു ചെയ്യുക... യഥാര്‍ത്ഥത്തില്‍ താനാണോ അതില്‍ കുറ്റവാളി?
തന്നെ അതിലേയ്ക്കു നയിച്ച വിധിയല്ലേ?
വിധി നിയന്താവല്ലേ?
താന്‍ ... താന്‍ വെറും ഉപകരണം മാത്രം.

അച്ഛനു വേണ്ടാത്തവളായി ദാനം ചെയ്യപ്പെട്ട ഒരുവള്‍ക്ക്, രാജകീയമെങ്കിലും, വശീകരണത്തിനു ശിക്ഷണം സിദ്ധിച്ച, സന്ദര്‍ശകരെ പരിചരിക്കേണ്ട, ദാസ്യത്തിന്റെ അപമാനത്തിനും കീഴ്‌പ്പെട്ടു പോകേണ്ടി വന്ന ഒരുവള്‍ക്ക്, ഒടുവില്‍ പാണ്ഡു രോഗിയായ ഒരുവന്റെ പത്‌നിയാവേണ്ടി വന്ന ഒരുവള്‍ക്ക്, ബാല്യകൗമാരങ്ങളിലും, ഭാര്യാ പദവിയില്‍ പോലും നഷ്ടപ്പെട്ടു പോയ ആത്മാഭിമാനം വീണ്ടെടുക്കാന്‍ വഴി വേറെന്തുണ്ടായിരുന്നു? ഭര്‍ത്താവിനു നല്‍കാന്‍ കഴിയാതെ പോകുന്ന അന്തസ്സ്, സപത്‌നിമാരുടെ ധാര്‍ഷ്ട്യങ്ങളില്‍ നഷ്ടപ്പെട്ടു പോവുന്ന സ്വാധീനത, ഇവയെല്ലാം ഒരുവള്‍ മക്കളിലൂടെയല്ലെ തിരിച്ചു പിടിയ്ക്കുക?

കുന്തി തികയ്ച്ചും അക്ഷോഭ്യയായിരുന്നു. തന്നിലുയര്‍ന്നവരുടേയും താഴ്ന്നവരുടേയും ഭത്സനങ്ങള്‍ അന്യമല്ലല്ലൊ തനിയ്ക്ക്! പെയ്തു തീരട്ടെ രോഷം! സുനിശ്ചിതമായ ജയം മുന്നിലുള്ളൊരാള്‍ തോറ്റുപോയൊരുവളോട് തര്‍ക്കിയ്‌ക്കേണ്ടതെന്തിന്?

തനിയ്ക്കറിയാം, ചരിത്രത്തിലിടം നേടാന്‍ ചരിത്രം സ്വന്തമാക്കണം. ചരിത്രം സ്വന്തമാക്കാനൊരേയൊരു വഴി വിജയിയാവുക എന്നതു മാത്രമാണ്. എന്നും ചരിത്രം വിജയിയുടേതാണ്, എന്തെന്നാല്‍ ചരിത്രമെഴുതിയ്ക്കുന്നത് വിജയിയത്രെ!
എന്തു വില കൊടുത്തും വിജയം സ്വന്തമാക്കേണ്ടതതിനാലാണ്. തങ്ങള്‍ ഒരോര്‍മ്മ പോലുമല്ലാത്തൊരു കാലത്ത്, കൂര്‍മ്മതയുള്ളവരാരോ കുത്തിപ്പൊക്കിയേക്കാവുന്ന ചരിത്രം....
അപ്പോഴും, അത് വ്യാഖ്യാനം മാത്രമേ ആകുന്നുള്ളൂ.

എന്തിനോ മുറിയിലേക്കെത്തി നോക്കിയ മകന്‍ ഭീമസേനനെ തറച്ചൊരു നോട്ടത്താല്‍ മടക്കീ കുന്തി.
കാട്ടിലും മേട്ടിലുമലഞ്ഞ തന്റെ കുഞ്ഞുങ്ങള്‍ക്ക് തന്റെ കണ്‍പീലിയുടെ ചലനം പോലും ആജ്ഞയാണ്. അവര്‍ക്കറിയാം അമ്മ കറതീര്‍ന്ന നേത്രിയാണ് എന്ന്. നേതാവുക എന്നാല്‍ വിജയത്തിലേയ്ക്കുള്ള വഴിയിലെ തടസ്സം നീക്കാന്‍ കയ്യുറപ്പും കരളുറപ്പും ഉണ്ടാവുക എന്നതു മാത്രമല്ല, ചോര കണ്ട് അറപ്പു തീരുക എന്നതുകൂടിയാണ്.

തളര്‍ച്ചയില്‍ നിന്നുണര്‍ന്ന രാധയുടെ ചുണ്ടുകള്‍ വരണ്ടിരുന്നു, അത് ദാഹജലം ആവശ്യപ്പെടും പോല്‍ പിളര്‍ന്നിരുന്നു.
കുന്തി ദയാമയിയായി, സ്വയം അകത്തു നിന്നും അല്‍പ്പം പഴച്ചാറുമായെത്തി രാധയ്ക്കു സമീപം തറയിലിരുന്നു. മെല്ലെ ചേര്‍ത്തു പിടിച്ചു, പാത്രം ചുണ്ടോടടുപ്പിച്ചു. പിടയാന്‍ പോലുമാവാത്ത ആ ദേഹം കുതറിയകന്നില്ല, തന്റെ വിധി ഏറ്റുവാങ്ങും പോല്‍ ആ പാത്രത്തില്‍ നിന്നും പഴച്ചാര്‍ നുണഞ്ഞിറക്കി പിന്നെ തളര്‍ന്നു കിടന്നു. ആഹാരമോ ജലപാനമോ ഇല്ലാത്ത രണ്ടു ദിവസത്തിലെ ആയാസത്താലും, കടുത്ത ദു:ഖത്താലും, മാനസികവ്യഥയാലും ആ ശരീരം കുഴഞ്ഞു പോയിരുന്നു. ഒരു പഴന്തുണി പോലെ ചുരുണ്ടു കിടന്ന ആ ദേഹം, വിശിഷ്ടാതിഥികള്‍ക്കുള്ള അറയ്ക്കപ്പുറം അവര്‍ക്കു ശയിക്കാനുള്ള മുറിയിയിലേയ്ക്ക് മാറ്റപ്പെട്ടു.

രാവേറെ ചെന്നിരുന്നു. ഉറങ്ങാതെ കണ്ണടച്ചു കിടന്ന കുന്തി, അടുത്ത അറയിലെ ശബ്ദത്തിലേയ്ക്ക് ചെവി കൂര്‍പ്പിച്ചു. ഒരു ഞരക്കം, ചെറുമൂളലുകള്‍...
ദേഹവും ദേഹിയുമായ (അസം)ബന്ധം പറഞ്ഞ സഹോദരപുത്രനോട് കുന്തിയ്ക്കപ്പോള്‍ അതിയായ സ്‌നേഹം തോന്നി. അവന് ആളുകളെ തന്റെ പുഞ്ചിരിയാലും മന്ത്രമധുരമായ മുരളിയാലും മാത്രമല്ല, വീണ്‍വാക്കുകളാലും പിന്‍ നടത്താനറിയാം.
കുന്തി ഒരു ദീര്‍ഘനിശ്വാസത്തിലൂടെ നിദ്രാദേവിയെ ധ്യാനിച്ചു.....

പുലര്‍ച്ചെ ആ ചെറുദേഹം അജ്ഞാത ജഡങ്ങളുടെ കൂട്ടത്തിലെത്തിയിരിയ്ക്കും. ദേഹം അപ്പോഴും ദേഹിയോടു വിട പറഞ്ഞിരിയ്ക്കുമോ എന്തോ!
രാധേയം (റാണി ബി മേനോന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക