Image

ആശുപത്രികളുടെ ചൂഷണം നഴ്‌സുമാര്‍ ജനങ്ങളെ അറിയിക്കും: നഴ്‌സസ്‌ അസോ. ജനറല്‍ സെക്രട്ടറി

Published on 08 May, 2012
ആശുപത്രികളുടെ ചൂഷണം നഴ്‌സുമാര്‍ ജനങ്ങളെ അറിയിക്കും: നഴ്‌സസ്‌ അസോ. ജനറല്‍ സെക്രട്ടറി
മസ്‌കറ്റ്‌: ആശുപത്രികളുടെ ചൂഷണം നഴ്‌സുമാര്‍ ജനങ്ങളെ അറിയിക്കുമെന്ന്‌ ഇന്ത്യന്‍ നഴ്‌സ്സ്‌ അസോസിയേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രജിത്‌ കൃഷ്‌ണന്‍കുട്ടി മസ്‌കറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രോഗി മരിച്ചാലും മൃതദേഹം മണിക്കൂറുകള്‍ വെന്‍റിലേറ്ററിലിട്ട്‌ വാടക കൈപറ്റുന്ന ആശുപത്രികളുണ്ട്‌ കേരളത്തില്‍, ഹൃദയത്തിലെ 40 ശതമാനം ബ്‌ളോക്ക്‌ 70 ശതമാനമാണെന്ന്‌ രോഗിയെ തെറ്റിദ്ധരിപ്പിച്ച്‌ ആന്‍ജിയോഗ്രാം നടത്തുന്നവര്‍ വേറെ. കാത്ത്‌ ലാബില്‍ രോഗിയെ കിടത്തി സ്‌റ്റെഡിന്‍െറ വില ലേലംവിളിക്കുകയും ചെയ്യുന്ന ആശുപത്രികളുമുണ്ട്‌. ഇത്രയും കാലം ആശുപത്രികളുടെ ഇത്തരം പകല്‍കൊള്ളകള്‍ ഒന്നും പറയാതെ കണ്ടുനില്‍ക്കേണ്ടി വന്ന നഴ്‌സുമാര്‍ ഇനി മുതല്‍ ഇത്തരം ചൂഷണങ്ങള്‍ ലോകത്തെ അറിയിക്കുമെന്നും പ്രജിത്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്വന്തം അവകാശങ്ങള്‍ക്കായി ശബ്ദിക്കാന്‍ പോലും കഴിയാതിരുന്ന നഴ്‌സുമാര്‍ക്ക്‌ ഇതുവരെ ഇത്തരം ചൂഷണങ്ങളെ തുറന്ന്‌ എതിര്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഇനി മുതല്‍ സംഘടനാതലത്തില്‍ തന്നെ ആശുപത്രികളിലെ ചൂഷണത്തെ തങ്ങള്‍ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോണെടുത്ത്‌ പഠിക്കാന്‍ മാത്രം ആകര്‍ഷകമായ തൊഴില്‍മേഖലയല്ല ഇന്ത്യയില്‍ നഴ്‌സിങ്‌. എങ്കിലും വിദേശത്തെ തൊഴില്‍സാധ്യത സ്വപ്‌നം കണ്ടാണ്‌ പലരും ഈരംഗത്തേക്ക്‌ കടന്നുവരുന്നത്‌. പ്രവേശനപരീക്ഷ പാസായി നാലുവര്‍ഷം ബി.എസ്‌.സി നഴ്‌സിങ്‌ പഠിച്ചവരും ആറുമാസത്തെ ഡിപ്‌ളോമ കോഴ്‌സ്‌ പഠിച്ചവരും കേരളത്തില്‍ തുച്ഛവേതനം പറ്റുന്ന നഴ്‌സുമാരാണ്‌. നഴ്‌സുമാരുടെ ജോലിയും അവകാശവും കൃത്യമായി നിഷ്‌കര്‍ഷിക്കുന്ന നഴ്‌സസ്‌ പ്രാക്ടീസസ്‌ ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും പ്രജിത്‌ പറഞ്ഞു. നഴ്‌സസ്‌ ദിനമായ ഈമാസം 12ന്‌ ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും കേരളത്തിലെ മെട്രോകളിലും നൂറുകണക്കിന്‌ നഴ്‌സുമാര്‍ പങ്കെടുക്കുന്ന കാന്‍ഡില്‍ മാര്‍ച്ച്‌ നടത്തുമെന്നും പ്രജിത്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക