Image

യുക്മ ദേശീയ കലാമേള: മാഞ്ചസ്റ്ററില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Published on 03 October, 2019
യുക്മ ദേശീയ കലാമേള: മാഞ്ചസ്റ്ററില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

മാഞ്ചസ്റ്റര്‍: ദശാബ്ദി വര്‍ഷത്തിലെ പത്താമതു യുക്മ ദേശീയ കലാമേളക്ക് അരങ്ങുണരാന്‍ ഇനി ഒരു മാസം കൂടി മാത്രം. യുകെയുടെ വ്യവസായ നഗരമായ മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ പാര്‍സ് വുഡ് ഹൈസ്‌ക്കൂള്‍ & സിക്‌സ്ത് ഫോറം കോളേജിലാണ് ദേശീയകലാമേള അരങ്ങേറുന്നത്.

യുക്മയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ദേശീയ കലാമേളക്ക് മാഞ്ചസ്റ്റര്‍ ആതിഥേയത്വം വഹിക്കുന്നത്. യുക്മ ദേശീയ കമ്മിറ്റി അദ്ധ്യക്ഷന്‍ മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കമ്മിറ്റിയാണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസിന്റെ സ്വന്തം റീജിയണില്‍ നടക്കുന്ന കലാമേളയ്ക്ക് റീജിയണ്‍ പ്രസിഡന്റ് ജാക്‌സണ്‍ തോമസ്, ദേശീയ നിര്‍വാഹക സമിതിയംഗം കുര്യന്‍ ജോര്‍ജ്, സെക്രട്ടറി സുരേഷ് നായര്‍, ട്രഷറര്‍ ബിജു പീറ്റര്‍, എന്നിവരുടെ നേതൃത്വത്തിലുള്ള റീജിയണ്‍ കമ്മിറ്റി, അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു.

യുക്മ ദേശീയ കലാമേള നടക്കുന്ന പാര്‍സ് വുഡ് സ്‌കൂളില്‍ അഞ്ച് സ്‌റ്റേജുകളിലായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഏകദേശം എഴുന്നൂറ് പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള പ്രധാന ഹാളിലെ സ്‌റ്റേജിനൊപ്പം മറ്റ് നാല് സ്‌റ്റേജുകളിലും ഒരേ സമയം മത്സരങ്ങള്‍ നടക്കും. മത്സരാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും കാണികളും വിപുലമായ യുക്മ നേതൃനിരയും ഉള്‍പ്പെടെ അയ്യായിരത്തോളം പേര്‍ കലാമേളയ്ക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യമുള്ള സ്‌ക്കൂളില്‍ ഏകദേശം അഞ്ഞൂറോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കലാമേള നഗറില്‍ രാവിലെ മുതല്‍ ഭക്ഷണശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. ആതിഥേയരായ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 12 ന് ബോള്‍ട്ടണില്‍ പൂര്‍ത്തിയായാല്‍ നാഷണല്‍ കമ്മിറ്റിക്കൊപ്പം റീജിയണൊന്നാകെ ദേശീയ കലാമേളയ്ക്കായി പൂര്‍ണതോതില്‍ സജ്ജരാകും.

നവംബര്‍ രണ്ടിന് സംഘടിപ്പിച്ചിരിക്കുന്ന പത്താമത് ദേശീയ കലാമേള ചരിത്രത്താളുകളില്‍ ഇടം പിടിക്കാനും ഏറ്റവും ഭംഗിയുമാക്കാനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, കലാമേള ജനറല്‍ കണ്‍വീനര്‍ സാജന്‍ സത്യന്‍ എന്നിവര്‍ അറിയിച്ചു



റിപ്പോര്‍ട്ട്: സജീഷ് ടോം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക