Image

ഒരു പ്രഭാത സവാരി (ജെസ്സി)

Published on 05 October, 2019
ഒരു പ്രഭാത സവാരി (ജെസ്സി)
പുലര്‍കാലത്തിലെ നനവുള്ള തണുപ്പ് നുകര്‍ന്ന് , പുതപ്പിനുള്ളിലേക്കു ചുരുണ്ടു കൂടാനുള്ള ആഗ്രഹത്തെ ഉള്ളിലടക്കി അവള്‍ പതുക്കെ എഴുന്നേറ്റു. പുതുവത്സര പുലരിയിലെ പ്രതിജ്ഞകള്‍ പോലെ നാളെ നാളെ നീളെ, എന്ന് നീണ്ടുപോകുന്ന അവധികള്‍ക്ക്, ഒരു അവധി കൊടുക്കാം എന്ന തീരുമാനത്തോടെ , ബ്രഷ് ചെയ്തു , കതകു തുറന്ന്, മുന്‍പില്‍ നീണ്ടു കിടക്കുന്ന നടപ്പാതയിലേക്കു ഇറങ്ങി. എപ്പോഴത്തേതും പോലെ ഇതും വെറും ഒരു ആരംഭ ശൂരത്വം മാത്രം ആകാതിരുന്നാല്‍ മതിആയിരുന്നു എന്ന പ്രാര്‍ത്ഥനയോടെ.

നനുത്ത തണുപ്പിന്റെ ആലസ്യം പുതച്ചുനില്‍ക്കുന്ന ഭൂമി. വിട പറയാന്‍ മടിച്ചു ആകാശത്തു തെളിഞ്ഞുകാണുന്ന ചന്ദ്രക്കല. ഉദയസൂര്യനും ഉദിച്ചുയരാന്‍ ഒരു മടി പോലെ. അങ്ങിങ്ങു ചില പക്ഷികള്‍ തങ്ങളുടെ കളകകൂജനങ്ങള്‍ കൊണ്ട് പ്രഭാതത്തിന്റെ വരവ് അറിയിക്കാന്‍ ശ്രമിക്കുന്നുണ്ട്.(നാട്ടിലായിരുന്നെങ്കില്‍ കൊക്കര കോ ശബ്ദം ഉണ്ടാക്കി , താനാണ് എല്ലാവരെയും വിളിച്ചുണര്‍ത്തുന്നത് എന്ന അഹംഭാവത്തോടെ നീട്ടി കൂവുന്ന കോഴിപ്പൂവന്റെ ശബ്ദം ആയിരുന്നേനെ)

നിരത്തുകളിലൂടെ പായുന്ന വണ്ടികളും കുറവാണ്. സ്കൂള്‍ , ഓഫീസ് സമയം ആയി വരുന്നതേ ഉള്ളൂ . നടപ്പാതയിലൂടെ ചിലര്‍ പ്രഭാത സവാരി ചെയ്യുന്നുണ്ട്. അവര്‍ക്കൊപ്പം അവരുടെ നടപ്പിനെ നിയന്ത്രിക്കുന്നത് തങ്ങളാണ് എന്ന അവകാശബോധത്തോടെ തലയുയര്‍ത്തി പിടിച്ചു നടക്കുന്ന ശുനക വീരന്മാര്‍. അവര്‍ തങ്ങള്‍ക്കിഷ്ടമുള്ളിടത്തു വിസര്ജിക്കുന്നു . ആ വിസര്‍ജ്യത്തെ കരുതലോടെ കോരി പ്ലാസ്റ്റിക് കൂട്ടിലാക്കുന്ന ഉടയവര്‍. യെജമാനന്‍ താനാണ് എന്ന് ശുനകന്‍ വിളിച്ചുപറഞ്ഞാല്‍ അത് സത്യം അല്ല എന്ന് ആര്‍ക്കും പറയാന്‍ തോന്നുകയില്ല. കാരണം കുട്ടിക്ക് പ്രവേശനം ഇല്ലെങ്കിലും പട്ടിക്ക് ബെഡ്‌റൂമില്‍ എല്ലാ സ്വാതന്ത്ര്യവും .

 പതുക്കെ പതുക്കെ നിരത്തുകള്‍ സജീവമാകാന്‍ തുടങ്ങി . ഉദയസൂര്യന്റെ കിരണങ്ങള്‍ക്കു ചൂടേറിവരുന്നു.തിരിച്ചു വീട്ടിലേക്കു നടക്കുമ്പോള്‍ മുന്‍പില്‍ വഴി വിലങ്ങി എന്നവണ്ണം നില്‍ക്കുന്ന ശുനകന്‍. ഒരു നിമിഷം ചങ്കിടിച്ചു പോയെങ്കിലും , ശുനകന്റെ കഴുത്തിലെ തുടലിന്റെ അറ്റത്തു മദാമ്മയെ കണ്ടപ്പോള്‍ ആശ്വാസത്തിന്റേതായ ഒരു നെടുവീര്‍പ്പ് അറിയാതെതന്നെ വെളിയിലേക്കുവന്നു . ഷീ ഈസ് ഫ്രണ്ട്‌ലി . മദാമ്മ എന്തിനാണോ ഇത് തന്നോട് പറയുന്നതെന്ന് ആത്മഗതം ചെയ്തു ഒന്ന് ചിരിച്ചെന്നു വരുത്തി മുന്‍പോട്ടു പോയപ്പോള്‍ ഇറ്റ് ഈസ് ഓക്കേ ഹണി , നോട്ട് എവെരി വണ്‍ വാന്‍ഡ്‌സ് ടു പെറ്റ് എ ഡോഗ് . ജീവനും കയ്യില്‍ പിടിച്ചു നടക്കുമ്പം , മദാമ്മയുടെ പരിദേവനം കേട്ട് , നില്‍ക്കണോ വേണ്ടയോ എന്നറിയാതെ തിരിഞ്ഞുനിന്നു ഒരു പ്ലാസ്റ്റിക് പുഞ്ചിരി അവര്‍ക്കു നല്‍കി , കാലുകള്‍ നീട്ടി ആഞ്ഞുനടന്നപ്പോള്‍ ഇനി നാളെ എന്ത് എന്ന് ആരോ ചോദിക്കുന്നതുപോലെ ......
ശുഭം




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക