Image

ഓര്‍മ്മത്തുരുത്തുകള്‍ (കഥ: ആര്‍.ദേവിപ്രിയ)

Published on 08 October, 2019
ഓര്‍മ്മത്തുരുത്തുകള്‍ (കഥ: ആര്‍.ദേവിപ്രിയ)
കഴിഞ്ഞ ദിവസമാണ് നാട്ടില്‍ ഒരു കല്യാണം കൂടാന്‍ പോയത്. പ്രവൃത്തി ദിവസമായിരുന്നു. രമേശേട്ടന് ലീവ് ഇല്ല. മോള്‍ക്കാകട്ടെ സ്കൂളിലും  പോകണം. അത് കൊണ്ട് തനിച്ചാണ് പോയത്. എല്ലാ കല്യാണങ്ങളുടെ യും പതിവ് കാഴ്ച പോലെ താലികെട്ട് കഴിയുംമുമ്പേ ആള്‍ക്കാര്‍ ഊണിന് തിരക്ക് കൂട്ടാന്‍ തുടങ്ങി. മോള്‍ സ്കൂളില്‍നിന്ന് വരുന്നതിനു മുന്നേ വീട്ടില്‍ എത്തിയാല്‍ മതി. അതുകൊണ്ട് ക്ഷമയോടെ കാത്തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. വെറുതെ ഓഡിറ്റോറിയത്തിന് പുറകിലേക്ക് കണ്ണോടിച്ചപ്പോള്‍ ആണ് ഒരു പരിചിത മുഖം ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടത്. ഞാന്‍ മെല്ലെ അടുത്ത് ചെന്നു. "ദൈവമേ.... രാധേച്ചി അല്ലേ ഇത്... "
 മനസ്സിലൂടെ ഒരുപാട് ഓര്‍മ്മകള്‍ മിന്നിമറഞ്ഞു. എന്റെ ഒരു അകന്ന ചാര്‍ച്ചക്കാരി ആണ്  രാധേച്ചി. ഒറ്റയ്ക്കിരുന്ന് മൊബൈല്‍ നോക്കുകയാണ് മൂപ്പത്തി. ആരെയും ഗൗനിക്കുന്നില്ല.
 ഞാന്‍ മെല്ലെ തട്ടി വിളിച്ചു.
"ചേച്ചി...."
. ആ മുഖത്ത് അത്ഭുതവും സന്തോഷവും കലര്‍ന്ന വിവിധ വികാരങ്ങള്‍ മിന്നി മറയുന്നത് ഞാന്‍ കണ്ടു.
" മായ കുട്ടീ... "ചേച്ചി എന്നെ ചേര്‍ത്ത് പിടിച്ചു.
 "എത്ര നാളായി കണ്ടിട്ട്....
 കഥകളൊക്കെ കാണാറുണ്ട്... ട്ടോ..... എല്ലാം ഒന്നിനൊന്ന് മെച്ചം ആകുന്നുണ്ട്... "
 സന്തോഷത്തില്‍ എന്തുപറയണമെന്നറിയാതെ ഞാന്‍ ചേച്ചിയെ നോക്കി. ചേച്ചിക്ക് വലിയ മാറ്റങ്ങളൊന്നുമില്ല. വയസ്സ് 49 ഉണ്ടെന്ന് പറയുകയില്ല. അന്നും ഇന്നും സുന്ദരി തന്നെ...
" ചേച്ചിക്ക് മാറ്റമൊന്നുമില്ല.. ട്ടോ.. "
 ഞാന്‍ പറഞ്ഞു.
 "ചേച്ചി... തനിച്ച്... "
 മടിച്ചു മടിച്ചാണ് ഞാന്‍ ചോദിച്ചത്.
 "അപ്പോള്‍ കുട്ടി... നീ ഒന്നും അറിഞ്ഞില്ല അല്ലേ... "

 ശശിയേട്ടന്‍ മരിച്ചിട്ട് കഴിഞ്ഞ മാസം ആയപ്പോള്‍ രണ്ടു വര്‍ഷം തികഞ്ഞു. മോന്‍ ആണെങ്കില്‍ ദുബായിലും... വീട്ടില്‍ ഞാന്‍ തനിച്ചാണ് ഇപ്പോള്‍.. സഹായത്തിന് ഒരു കുട്ടിയുണ്ട്.. "
 പെട്ടെന്ന് എന്റെ മനസ്സില്‍ ഓടിയെത്തിയത് രാധേച്ചിയുടെ കല്യാണമാണ്.

 ഒരു മധ്യവേനല്‍ അവധിക്കാലം.. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെ ചിലവിടാന്‍ പോയതാണ്. കളിക്കൂട്ടുകാരിയായി തൊട്ടപ്പുറത്തെ വീട്ടില്‍ എന്നെക്കാള്‍ രണ്ടു വയസ്സ് മൂപ്പുള്ള ഭാമേച്ചി ഉണ്ട്. ചെന്ന ഉടനെ തന്നെ ഭാമേച്ചി എന്നോട് പറഞ്ഞു.. നീ അറിഞ്ഞില്ലേ.. രാധേച്ചിയുടെ കല്യാണം ഇന്നലെയായിരുന്നു. നിന്റെ അച്ഛനും അപ്പച്ചിയും ഒക്കെ ഉണ്ടായിരുന്നല്ലോ."
മനസ്സില്‍ തെല്ലു ഈര്‍ഷ്യ തോന്നി...  ( അല്ലേലും കുട്ടികള്‍ വലിയവരുടെ കാര്യങ്ങള്‍ ഒന്നും അറിയാറില്ല ല്ലോ) "അമ്പലത്തിന് അടുത്താണ് കല്യാണം കഴിച്ച വീട്... " ഭാമേച്ചി തുടര്‍ന്നു...
 "നമുക്ക് നാളെ രാവിലെ അമ്പലത്തില്‍ പോകാം. രാധേച്ചിയെ  കയറി കാണാം.... " നിഷ്കളങ്കമായി ഞാന്‍ പറഞ്ഞു. അങ്ങനെ പിറ്റേദിവസം രാവിലെ അമ്പലത്തില്‍ പോയിട്ട് ഞാനും ഭാമേച്ചിയും കൂടി രാധേച്ചിയുടെ വീട്ടില്‍ പോയി. കല്യാണം കഴിഞ്ഞ
 വീടല്ലേ... ആരൊക്കെയോ വിരുന്നുകാര്‍ ഉണ്ടായിരുന്നു. രണ്ടു ചെറിയ പെണ്‍കുട്ടികള്‍ കയറിച്ചെന്നപ്പോള്‍ ചാരുകസേരയില്‍ കിടന്നിരുന്ന ശശിയേട്ടന്റെ അച്ഛന്‍ അപരിചിത ഭാവത്തില്‍ നോക്കി. ശശിയേട്ടനും...
 "രാധേച്ചിയെ കാണാന്‍.. .." മടിച്ചു മടിച്ചു ഞാന്‍ പറഞ്ഞു.
 "രാധേ... " ചേട്ടന്‍ നീട്ടിവിളിച്ചു.
 പുറത്തിറങ്ങിയ ചേച്ചിയുടെ മുഖത്തെ സന്തോഷം ഇന്നും ഞാനോര്‍ക്കുന്നു. ചേട്ടാ... ഞാന്‍ പറഞ്ഞിട്ടില്ലേ... ഇത് പടീറ്റയിലെ ഭാമ... പിന്നെ ഇത് മായക്കുട്ടി... ജയന്‍ മാമന്റെ മകള്‍.. ചേച്ചി ഞങ്ങളെ പരിചയപ്പെടുത്തി. ആകെ ഒരു അപരിചിതത്വം ചേച്ചിക്കും അതിലേറെ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു. ചേച്ചി സ്വന്തം മുറിയിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. ആ മുറിയില്‍ കുറച്ചുകൂടി സ്വാതന്ത്ര്യം ഉള്ളതുപോലെ ഞങ്ങള്‍ക്ക് തോന്നി. സംഭാഷണങ്ങള്‍ ക്കിടയില്‍ ഭാമേച്ചി മടിച്ചു മടിച്ചു... എന്നാല്‍ തെല്ലു ജിജ്ഞാസയോടെ ഒരു ചോദ്യം

" ചേച്ചി.. ആദ്യരാത്രി... "
 രാധേച്ചി യൊന്ന് കുലുങ്ങിച്ചിരിച്ചു.
 "ഒന്നും പറയണ്ട.. ഞാന്‍ ഒരു ഗ്ലാസ് പാലും കൊണ്ടുവന്നപ്പോള്‍ ശശിയേട്ടന്‍... " ചേച്ചി നിര്‍ത്തി.
 "ചേച്ചി പറയൂ... " ഭാമേച്ചി പിന്നെയും.....
 ഞാന്‍ ഒന്നും മിണ്ടാതിരുന്നു.
 "പിന്നെ... പിന്നെ പാലു വാങ്ങി മേശപ്പുറത്ത് വെച്ചിട്ട് എന്റെ നെഞ്ചില്‍ ഒരു പിടിത്തം... വേദനിച്ചു കരയാന്‍ പോയപ്പോള്‍ വായ പൊത്തി..."
 ബാക്കി പറയാന്‍ പോയപ്പോഴേക്കും ശശിയേട്ടന്റെ അമ്മ എത്തി.
 "കുട്ടികളെ.. കഴിക്കാം... വരൂ"
 അമ്മ പറഞ്ഞു.
 സത്യത്തില്‍ "രസം കൊല്ലി" എന്ന വാക്കിന്റെ അര്‍ത്ഥം എനിക്ക് ശരിക്കും മനസ്സിലായത് അപ്പോഴാണ്.

 ആദ്യമായി പെണ്ണിന്റെ വീട്ടില്‍ നിന്നും വന്നവരല്ലേ. .. രണ്ടു പീക്കിരി പിള്ളേര് ആണെങ്കിലും...
 ഭക്ഷണം വിഭവസമൃദ്ധമായി രുന്നു.
 എല്ലാം കഴിഞ്ഞ് രണ്ടുപേരും വീട്ടിലെത്തിയപ്പോള്‍ അപ്പൂപ്പന്‍ കോലായില്‍ ഇരിപ്പുണ്ട്.
 "എന്താ താമസിച്ചത്? "
 ചോദ്യത്തിന് കടുപ്പം അല്പം കൂടുതലായിരുന്നു.
 ഭാമേച്ചി ആണ് മറുപടി പറഞ്ഞത്. "ഞങ്ങള്‍ വട്ടക്കാട്ട് കയറി.. രാധേ ച്ചിയെ കാണാന്‍"
 സത്യത്തില്‍ അപ്പൂപ്പനെ അത്രയും ദേഷ്യപ്പെട്ട് ഞാന്‍ ഒരിക്കലും കണ്ടിരുന്നില്ല. ശകാരം മുഴുവനും കിട്ടിയത് ഭാമേച്ചിക്ക് ആണ്. " അവള്‍ ചെറിയ കുട്ടിയാണ്. ഒന്നുമറിയില്ല. നിനക്കറിയാ മാ യിരുന്നല്ലോ... നല്ല വിരുന്നിന് ഇവിടുന്ന് ആള്‍ക്കാര്‍ ചെല്ലാതെ അങ്ങോട്ട് പോകരുതെന്ന്... അല്ലേലും നിനക്ക് ഇത്തിരി കുറുമ്പ് കൂടുന്നുണ്ട്.. ഈയിടെയായി..." തലകുനിച്ച് എല്ലാം കേട്ട് നിന്ന ഭാമേച്ചിയെ തൊട്ട് ഞാനും നിന്നു.
 എല്ലാം കഴിഞ്ഞപ്പോള്‍ ഭാമേച്ചി എന്റെ ചെവിയില്‍ അടക്കം പറഞ്ഞു. "തല്ലു കിട്ടിയില്ലല്ലോ.. ഭാഗ്യം.." പക്ഷേ ആ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു. ഞാനാണ് കാരണം എന്നോര്‍ത്തപ്പോള്‍ തെല്ലു കുറ്റബോധവും തോന്നി. പക്ഷേ പിന്നെ ശശിയേട്ടനെ കാണുമ്പോഴൊക്കെ രാധേച്ചി പറഞ്ഞ ആദ്യരാത്രി ഞാന്‍ ഓര്‍ക്കുമായിരുന്നു. പൊന്തി വരുന്ന ചിരി പണിപ്പെട്ട് അ ടക്കുമായിരുന്നു....

" നീ ലേശം തടിച്ചിട്ടുണ്ട്  ട്ടോ " രാധേച്ചിയുടെ വാക്കുകളില്‍ ഞാന്‍ പരിസര ബോധം വീണ്ടെടുത്തു." ഇവിടെ ഇരിക്കു കുട്ടി" രാധേച്ചി എന്റെ കയ്യില്‍ പിടിച്ച് അടുത്തിരുത്തി. സ്‌നേഹമസൃണമായ ആ വാക്കുകള്‍ അനുസരിക്കാതെ നിര്‍വാഹമില്ലായിരുന്നു. തിരക്കൊഴിഞ്ഞ  ഒരു കോണില്‍ ഇരുന്നത് കൊണ്ട് കുശലാന്വേഷണവു മായി എത്തിയവര്‍ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഭൂതകാലത്തിന്റെ ആ പഴയ ഇടവഴികള്‍ ഞങ്ങളുടെ സംഭാഷണത്തില്‍ പുനര്‍ജനിച്ചു. എത്ര പെട്ടെന്നാണ് ഞാന്‍ ഒരു ഹാഫ് സ്കര്‍ട്ട് കാരിയും രാധേച്ചി ഒരു ഹാഫ് സാരിക്കാരിയും ആയത്. കൂട്ടത്തില്‍ അങ്ങുദൂരെ ബോംബെയില്‍ താമസിക്കുന്ന ഭാമേച്ചി അദൃശ്യയായൊരു നീളന്‍ പാവാടക്കാരിയായി ഞങ്ങളുടെ കൂടെ കൂടി. മധ്യവേനലവധിക്കാലത്തെ മറക്കാനാവാത്ത ഓര്‍മ്മ പാടത്തിനക്കരെ ഉള്ള കുളവും കുളക്കടവുമായിരുന്നു. കുളക്കടവില്‍ തിരക്ക് കുറയുന്ന സമയം നോക്കിയായിരുന്നു ഞങ്ങള്‍ കുളിക്കാന്‍ പോയിരുന്നത്. ഭാമേച്ചിക്കും രാധേച്ചിക്കും നീന്തല്‍ അറിയാമായിരുന്നു. എനിക്കാകട്ടെ അന്നും ഇന്നും നീന്താന്‍ അറിയില്ല.. ഒപ്പം ലേശം പേടിയും. മിക്ക ദിവസവും അക്കര കടവില്‍ കൂട്ടം കൂടി നില്‍ക്കുന്ന ആമ്പല്‍ പൂക്കള്‍  കൈക്കലാക്കുന്നത് രാധേച്ചിയുടെ വിനോദമായിരുന്നു. സ്‌നേഹത്തോടെ എനിക്ക് കൊണ്ട് തരും. ഒരുകാലത്ത് ഗ്രാമത്തിലെ ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയ സൗന്ദര്യത്തിന്റെ ഉടമയായ രാധേച്ചിയുടെ നീന്തലിന് ഒരു പ്രത്യേക ചന്തം ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസമാണ് ആ രസകരമായ സംഭവം നടന്നത്. കുളക്കരയിലെ പൊന്തക്കാടിന്  പിന്നില്‍ ഒരനക്കം കേട്ടാണ് ഞാനും ഭാമേച്ചിയും തിരിഞ്ഞു നോക്കിയത്. ഒരു സിനിമ കാണുന്ന ആസ്വാദ്യത യോടെ  ചായക്കടക്കാരന്‍ ശങ്കരന്‍ രാധേച്ചിയുടെ നീന്തല്‍ അങ്ങനെ ആസ്വദിക്കുകയാണ്. ഭാമേ ച്ചി യുടെ കയ്യില്‍ കിട്ടിയത് ഒരു വള്ളി ചെരുപ്പാണ്. ഒറ്റ ഏറ്..
 കഷ്ടമെന്നു പറയട്ടെ..
 ഏറുകൊണ്ടത് ആ വഴി പശുവിനെ  അഴിച്ചു കൊണ്ടുവന്ന അപ്പൂപ്പന്റെ തലയിലും. ഞങ്ങള്‍ മൂവരും കിട്ടിയ വസ്ത്രങ്ങള്‍ വാരി ചുറ്റി വീട്ടിലേക്കോടി. അപ്പൂപ്പന്‍ കണ്ടതാകട്ടെ...  ഓടിപ്പോകുന്ന ശങ്കര നെയും.... ശങ്കരന്റെ  കവിളത്ത് പടക്കം പൊട്ടുന്നത് പോലെ അപ്പൂപ്പന്റെ കൈകള്‍ പതിച്ചത് ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. അത്ര വേണമെന്ന് തന്നെയാണ് ഞങ്ങളും ആഗ്രഹിച്ചത്. പക്ഷേ അപ്രതീക്ഷിതമായി സ്വാതന്ത്ര്യം കിട്ടിയ പശുവും കിടാവും കുറ്റിക്കാടിനപ്പുറ ത്തെ അബ്ദുള്ളയുടെ പുരയിടത്തിലെ കൃഷി അത്രയും മേഞ്ഞു  നശിപ്പിച്ചതിന്റെ വഴക്ക് ഒരു ബാക്കിപത്രമായി ഏറെനാള്‍ അവശേഷിച്ചു. പൊട്ടിച്ചിരിക്കിടയില്‍ പെട്ടെന്നാണ് രാധേച്ചി ചോദിച്ചത്." നിനക്ക് അമ്മിണിയേട്ടത്തിയെ ഓര്‍മ്മയുണ്ടോ? "അമ്മിണിയേട്ടത്തി ". എന്റെ കണ്ണുകളില്‍ ഭയം നിഴലിച്ചു . എനിക്ക് 10 വയസ്സുള്ളപ്പോഴാണ് അവര്‍ മരിച്ചു പോയത്. പനങ്കുല പോലെ വിതിര്‍ത്തിട്ട മുടിയുമായി വീണ്ടും അവര്‍ മുന്നില്‍ നില്‍ക്കുന്ന പോലെ എനിക്ക് തോന്നി.

"നിനക്ക് പേടിയായിരുന്നോ  അമ്മിണിയെ? " രാധേച്ചിയുടെ ചോദ്യം എന്നെ ഉണര്‍ത്തി.
 "കേട്ടുകേള്‍വികള്‍ അങ്ങനെ ആയിരുന്നല്ലോ? " ഞാന്‍ പറഞ്ഞു.... "പക്ഷേ അവള്‍ ഒരു പാവം ആയിരുന്നു.  നാട്ടുകാര്‍ വെറുതെ കഥകള്‍ മെനഞ്ഞു. അതാണ് സത്യം" ചേച്ചിയുടെ മുഖത്തേക്ക് ഒന്നും മനസ്സിലാകാത്ത ഒരു കൊച്ചു കുട്ടിയെ പോലെ ഞാന്‍ നോക്കി.
 ചേച്ചി പറഞ്ഞു തുടങ്ങി.
 ഈ നാട്ടിലെ ഏറ്റവും പഴയതെന്ന് പറയപ്പെടുന്ന വടക്കടത്ത് തറവാട്ടിലെ ഉണ്ണിമാമന്റെ ഏറ്റവും ഇളയ മകള്‍....  വൃക്ഷങ്ങള്‍ നിറഞ്ഞ വിശാലമായ പറമ്പു ള്ള തറവാട്. പറമ്പിന്റെ തെക്കേ മൂലയ്ക്ക് ആയി സര്‍പ്പക്കാവും കുളവും.  ചേച്ചിമാരെ ഒക്കെ നേരത്തെ കല്യാണം കഴിച്ചിരുന്നു. എന്നെക്കാള്‍ മൂന്നു വയസ്സിനു മൂപ്പ്  ഉണ്ടായിരുന്നു അമ്മിണിയേടത്തിക്ക്... രാധേച്ചി തുടര്‍ന്നു..
 ഞങ്ങള്‍ ഒരുമിച്ചായിരുന്നു സ്കൂളില്‍ പോയിരുന്നത്. സര്‍പ്പസൗന്ദര്യം എന്നൊക്കെ പറയാറില്ലേ... ആ സൗന്ദര്യത്തിന് ഏറ്റവും യോജിച്ച വിശേഷണം അതാണ്.. ആ കണ്ണുകളുടെ നോട്ടം എത്ര തീഷ്ണം ആയിരുന്നോ.... അധികം ആരോടും സംസാരിക്കാത്ത പ്രകൃതം..   ചോദ്യങ്ങള്‍ക്ക് മറുപടി ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുക്കും.കൂടുതല്‍  ചിരിക്കാറില്ല. ഏതുനേരവും പുസ്തകങ്ങള്‍ വായിച്ചിരിക്കും. കുറച്ചെങ്കിലും ആ മനസ്സിന്റെ വിഹ്വലതകളും ഭയപ്പാടുകളും തുറന്നു പറഞ്ഞിട്ടുള്ളത് എന്നോട് മാത്രമായിരുന്നു.

   അകാരണമായി പാമ്പു കളെ ഭയപ്പെട്ട ഒരു പെണ്‍കുട്ടി.. ശബ്ദമില്ലാതെ വഴുവഴുത്ത ഉടലുമായി നാക്ക് നീട്ടി തറയിലൂടെ ഇഴഞ്ഞുനീങ്ങുന്ന പാമ്പുകളെ   മിക്കപ്പോഴും രാത്രിയില്‍ അവള്‍ സ്വപ്നം കണ്ടു... പേടിച്ചു നിലവിളിച്ചു. ഉറക്കത്തിന് ഭംഗം വന്നതിന്റെ ദേഷ്യത്തില്‍ ഉണ്ണി മാമന്‍ ആ രാത്രികളില്‍ അവളെ ഏറെനേരം പുറത്തുനിര്‍ത്തി... വാതിലടച്ചു.. ശബ്ദമില്ലാതെ കരഞ്ഞുകൊണ്ട് ആ പാവം ശിക്ഷ ഏറ്റു വാങ്ങി....
 ഒരിക്കല്‍ പറമ്പിലെ കുളത്തില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ ആണ് അവളൊരു നീര്‍ക്കോലിയെ കണ്ടത്. കുളത്തിലെ പായലിനിടയില്‍ക്കൂടി അവളുടെ നനഞ്ഞൊട്ടിയ  ശരീരത്തിലേക്ക് അത് കണ്ണു തുറിച്ചു നോക്കി. ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അഴിഞ്ഞു പോകുന്നതുപോലെ അവള്‍ക്ക് തോന്നി. പരിസരം മറന്ന് പേടിച്ചോടി അടുക്കളയില്‍ ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചപ്പോഴവള്‍  വിറക്കുന്നുണ്ടായിരുന്നു. മുത്തശ്ശി അവളുടെ പേടിച്ചരണ്ട് കണ്ണുകളിലേക്ക് നോക്കി അമ്മയോട് പറഞ്ഞു
 "കുട്ടിക്ക് പേടി കിട്ടി.. ന്ന് തോന്നുന്നു. അമ്പലത്തില്‍ നിന്ന് ഒരു ചരട് ജപിച്ചു കെട്ടണം" രാവിലെ ഉറക്കത്തിനിടയിലും  അവളറിഞ്ഞു.. ശബ്ദമുണ്ടാക്കാതെ അമ്മ ഒരു ചരട് കയ്യില്‍ കെട്ടുന്നത്...
 കാവില്‍ ആയില്യം പൂജയും നൂറുംപാലും ഒക്കെ മുറപോലെ നടക്കുന്നുണ്ടായിരുന്നു.
 പക്ഷേ അവളുടെ പേടി മാറിയില്ല. മുറിയില്‍ വസ്ത്രം മാറുമ്പോള്‍... രാത്രിയില്‍ ഉറങ്ങുമ്പോള്‍... ഒക്കെ പാമ്പുകള്‍ ഇല്ലെന്ന് അവള്‍ വീണ്ടും വീണ്ടും ഉറപ്പുവരുത്തി.  മുറിയിലെ ഓ വുകള്‍ അടച്ചുവെച്ചു. കട്ടിലിനു താഴെ പാമ്പുകള്‍ ഒന്നും പതുങ്ങിയിരിക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയിട്ട് ആണ് അവള്‍ ഉറങ്ങിയത്.
 എന്നിട്ടും വെളിച്ചമില്ലാത്ത ഒരു സന്ധ്യക്ക്.. വിറകുപുരയില്‍ അവള്‍ വീണ്ടും കണ്ടു... വിറകിന്റെ  നിറത്തില്‍ വഴുവഴുത്ത ഒരെണ്ണത്തിനെ.. തൊട്ടു തൊട്ടില്ല.. ന്നായപ്പോള്‍..  തിരിച്ചറിഞ്ഞു. വീണ്ടും അവള്‍ പേടിച്ചോടി.
 പിന്നെ പതുക്കെ പതുക്കെ അവള്‍ പാമ്പുകളെ മറന്നു തുടങ്ങി... സ്വപ്നത്തില്‍ പാമ്പുകള്‍ വരാതെയായി.
 അങ്ങനെയുള്ള ഒരു ദിവസമാണ് അവളാ മഞ്ഞച്ചേരയെ  കണ്ടത്. പറമ്പിലെ മാവിന്റെ  ചുവട്ടിലും പ്ലാവിന്റെ ചുവട്ടിലും ഒക്കെ അവള്‍ അതിനെ കാണുന്നുണ്ടായിരുന്നു. അവള്‍ക്ക് പേടി തോന്നിയില്ല. ഒരു ദിവസം അവള്‍ ഒറ്റയ്ക്ക് പറമ്പില്‍ നിന്നപ്പോഴാണ് അത് അവളുടെ കാലില്‍ കൂടി ഇഴഞ്ഞു പോയത്. അവള്‍ ചലിച്ചില്ല. പകരം കണ്ണടച്ച് നിശ്ചേഷ്ടയായി നിന്നു. തന്റെ ശരീരത്തുകൂടി വൈദ്യുതി പ്രവഹിക്കുന്നത് പോലെയാണ് അപ്പോള്‍  അവള്‍ക്ക്  തോന്നിയത്.  ഉപദ്രവിക്കാന്‍ വിഷം കരുതി വച്ചിട്ടില്ലാത്ത ഒരു പാവം മഞ്ഞച്ചേര...  പക്ഷേ എന്നിട്ടും  അതിനുശേഷം അകാരണമായി അവള്‍ അതിനെ ഭയന്നു. അത് പടം പൊഴിച്ചിട്ടിരുന്നിടത്തുനിന്ന് ഒക്കെ അവള്‍ ഓടിയൊളിച്ചു. അതിന്റെ പൊത്തുകള്‍ അടച്ചുവെച്ചു. നിശബ്ദമായി മഞ്ഞച്ചേര മറ്റേതോ പറമ്പിലേക്ക് ഇഴഞ്ഞുപോയി.

 അപ്പോഴേക്കും അവളുടെ പഠിത്തം പൂര്‍ത്തിയായിട്ടുണ്ടാ  യിരുന്നു. കല്യാണാലോചനകള്‍ ക്ക് മുന്നോടിയായി മുത്തശ്ശി ജോത്സ്യനെ കൊണ്ട് അവളുടെ ജാതകം വിശദമായി പരിശോധിപ്പിച്ചു. "ചൊവ്വ ദോഷം ഉണ്ട്. ചൊവ്വയുടെ കൂടെ രാഹുവും.. കടുത്ത ദോഷ ജാതകം ആണ്.. "ജോത്സ്യന്‍ പറഞ്ഞുനിര്‍ത്തി. കൂടുതല്‍ ജാതകങ്ങളും  ചേര്‍ന്നില്ല. ജാതക ചേര്‍ച്ച ഒത്തു കിട്ടിയവര്‍ ചോദിച്ചത് ഭീമമായ സ്ത്രീധനവും.  ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും ഒക്കെ വളരെ വേഗം കടന്നു പോയി. ഒടുവില്‍ കല്യാണ ആലോചനയുമായി ദല്ലാളന്‍ മാര്‍ തറവാട്ടില്‍  വരാതെയായി. അമ്മയും മുത്തശ്ശിയും അധികം ഒന്നും സംസാരിക്കാതെ ആയി. ഉണ്ണി മാമന്‍ ആകട്ടെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യപ്പെടാന്‍ തുടങ്ങി. "ഇതുവരെ കല്യാണം ഒന്നും ആയില്ലേ" കേട്ടുമടുത്ത ചോദ്യത്തിന് വീണ്ടും വീണ്ടും മറുപടി പറയാന്‍ ആകാത്തത് കൊണ്ട് കവലയിലേക്ക് പോലും ഇറങ്ങാതെ വീട്ടില്‍ തന്നെ ഇരുന്നു. അവളുടെ മുഖത്ത് നിറയെ നിസ്സംഗത ആയിരുന്നു. ചിലപ്പോഴൊക്കെ ഒറ്റയ്ക്ക് തൂണില്‍ ചാരിയിരുന്ന്  ഒരിക്കലും തിരിച്ചു വരാത്ത ഒരു മഞ്ഞച്ചേര യെ പറ്റി അവള്‍ ആലോചിച്ചു.
സര്‍പ്പ ദോഷം മാറാന്‍ ആണ് കാവില്‍ വിളക്ക് വെക്കുന്ന ജോലി മുത്തശ്ശി അവളെ ഏല്‍പ്പിച്ചത്. കൃത്യമായി അവള്‍ അത് ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ പിന്നെ പിന്നെ ചില ദിവസങ്ങളില്‍ എങ്കിലും കാവില്‍ നിന്ന് തിരിച്ചുവരാന്‍ അവള്‍ വൈകി. വന്നപ്പോഴാ കട്ടെ അവളുടെ വസ്ത്രങ്ങള്‍ ചുളുങ്ങിയിരുന്നു. മുടി അഴിഞ്ഞു ലഞ്ഞിരുന്നു. മുത്തശ്ശി ചോദിച്ചപ്പോള്‍ അവള്‍ ഒന്നും മിണ്ടിയില്ല. പിന്നെ പിന്നെ അവള്‍ ആരോടും അധികം മിണ്ടാതായി.
 "ഈ കുട്ടിക്കിദെന്താ   പറ്റിയത് ദൈവമേ? "
 മുത്തശ്ശിയുടെ പരിദേവനങ്ങള്‍ മാത്രം ആ വീട്ടില്‍ മുഴങ്ങിക്കേട്ടു. കാവിലെ വിളക്കുകള്‍ ഇടയ്‌ക്കൊക്കെ നേരത്തെ കെട്ടു.. ചിലപ്പോഴൊക്കെ കരിന്തിരി കത്തി.

 അങ്ങനെയിരിക്കെ ഒരു ദിവസം ചായക്കടയില്‍ നിന്ന് ചൂട്ടും കത്തിച്ച് പിടിച്ച് തിരികെ വീട്ടിലേക്ക് പോവുകയായിരുന്നു ശങ്കരനാണ് ആ കാഴ്ച കണ്ടത്. മങ്ങിയ വെളിച്ചത്തില്‍ കാവില്‍ പരസ്പരം പുണര്‍ന്നു കിടക്കുന്ന രണ്ട് ശരീരങ്ങള്‍.. ഒന്ന് അവളായിരുന്നു. മറ്റേതൊരു  പുരുഷന്‍... അയാള്‍ക്ക് ഒരു മൂര്‍ഖന്‍ പാമ്പിന്റെ തലയായായിരുന്നു. വെളുത്ത ഭംഗിയുള്ള അമ്മിണിയുടെ ശരീരമാകെ പരതുന്ന ആ നീണ്ട നാവ് ശങ്കരന്‍ വ്യക്തമായി കണ്ടു. അലറിവിളിച്ചുകൊണ്ട് അയാള്‍ ഓടി. കാവിലെ വിളക്ക് അപ്പോഴേക്കും കരിന്തിരി കത്തിയിരുന്നു. ശബ്ദം പൊങ്ങാതെ പേടിച്ച് പനിച്ചു വിറച്ച് ശങ്കരന്‍ ആഴ്ചകളോളം കിടന്നു. അമ്മിണിയേടത്തി കടയുടെ മുന്നില്‍ കൂടി പോകുമ്പോഴൊക്കെ അയാള്‍ പേടിച്ച് അകത്തേക്ക് ഓ ടുമായിരുന്നു.
 പതിവ്രതകളെന്നും ചാരിത്ര്യ വ തികളെന്നും സ്വയം പ്രതിഷ്ഠിച്ചവരൊക്കെ അമ്മിണിയേടത്തി യുടെ നേരെ വെറുപ്പിന്റെ  നോട്ടമെ  റിഞ്ഞു. അമ്മിണിയേടത്തി ക്ക് മാത്രം യാതൊരു കൂസലും ഉണ്ടായില്ല. അവള്‍ പഴയതുപോലെതന്നെ അമ്പലത്തിലേക്ക് പോയി... കാവില്‍ വിളക്ക് കൊളുത്തി...

 പക്ഷേ പിന്നെ ഒരു ദിവസം സര്‍പ്പക്കാവില്‍ നിന്ന് വന്ന അവളുടെ ശരീരമാസകലം നീലനിറം വ്യാപിക്കാന്‍ തുടങ്ങി. ബോധം മറഞ്ഞു. വിഷഹാരിയെ കൊണ്ടുവരാന്‍ ആളു പോയി. പക്ഷേ അപ്പോഴേക്കും അവള്‍ മരിച്ചു കഴിഞ്ഞിരുന്നു. അവളുടെ ചുണ്ടില്‍ ദംശനത്തിന്റെ രണ്ടു വ്യക്തമായ പാടുകള്‍ അവശേഷിച്ചിരുന്നു. പിന്നീടൊരിക്കലും കാവില്‍ ആരും വിളക്ക് തെളിയിച്ചില്ല. ഏതാണ്ട്  ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ചന്തക്ക്  അടുത്തുള്ള മൈതാനത്ത് ഒരു പാമ്പാട്ടി പാമ്പുമായി എത്തിയത്. അയാളുടെ മകു ടിക്കൊത്ത് പാമ്പ് ആ ടിക്കൊണ്ടേയിരുന്നു. കാഴ്ചക്കാരായി നിരവധി പേര്‍ തടിച്ചുകൂടി. പക്ഷേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മകു ടി ക്കൊപ്പമുള്ള പാമ്പിന്റെ  സീല്‍ ക്കാ രത്തില്‍ അവളുടെ പേര് അശരീരി പോലെ അന്തരീക്ഷമാകെ മുഴങ്ങി.

 അതിനുശേഷമാണ് ആളുകളവളെ  ഭയപ്പെടാന്‍ തുടങ്ങിയത്.. കഥകള്‍ മെനഞ്ഞത്. അവള്‍ നാഗയക്ഷി ആണെന്നും അപ്‌സരസ് ആണെന്നും ഒക്കെയുള്ള കിംവദന്തികള്‍ നാട്ടിലാകെ പരന്നത്.  സന്ധ്യയ്ക്കു ശേഷം സര്‍പ്പക്കാവിനരികില്‍ കൂടി ആരും പോകാതെയായി. രാധേച്ചി പറഞ്ഞുനിര്‍ത്തി. ഊണ് കഴിച്ച് യാത്രപറഞ്ഞു പിരിഞ്ഞപ്പോള്‍ മനസ്സിന് വല്ലാത്തൊരു നൊമ്പരം തോന്നി. മടക്ക യാത്രയില്‍ ഉടനീളം ഞാന്‍ ആലോചിച്ചത് അമ്മിണിയേടത്തിയെ പറ്റി ആയിരുന്നു. അവരുടെ നീലച്ച  ശരീരത്തെപ്പറ്റി... അവരെ പുണര്‍ന്നു കിടന്ന പാമ്പിന്റെ  തലയുള്ള ആ രൂപത്തെ പറ്റി.. ദുരൂഹമായ അവരുടെ മരണത്തെപ്പറ്റി.. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍...ബസ്സിറങ്ങി വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കവേ.. ഓര്‍മ്മകളുടെ തുരുത്തുകളില്‍ നിന്നും എന്റെ തോണി തിരികെ എത്തിയിരുന്നു....

Join WhatsApp News
Sudhir Panikkaveetil 2019-10-08 17:16:30
ചേച്ചിയോട് അനിയത്തിമാർ അവരുടെ ആദ്യരാത്രിയെ 
കുറിച്ച് ചോദിക്കുന്നത് . ഭർത്താവ് നെഞ്ചിൽ 
ഒരു പിടിത്തം  എന്ന് ചേച്ചി പറയുന്നത് (നെഞ്ച് .??.ഹൃദയത്തിലായിരിക്കും )
ഇതൊക്കെ  ഇല്ലാതിരുന്നെങ്കിലും    കഥ 
നന്നാകുമായിരുന്നു. കാരണം കഥ ഫോക്കസ് 
ചെയ്യുന്നത് അമ്മിണി ഏടത്തിയെയല്ലേ? അത് 
നന്നായി ആവിഷ്കരിച്ചു.
amerikkan mollakka 2019-10-08 20:04:45
ചേച്ചിമാരോട് സംസം തീർക്കുന്നത് തെറ്റില്ല.
കൂടുതൽ  ഡീറ്റയിൽസിലേക്ക് പോകാതിരുന്നാൽ 
മതി.  കഥ കൊയപ്പമില്ല.  ആ പാമ്പിന്റെ 
തലയുള്ള പഹയൻ ആരാണ്.? ഒരു ക്ലൂ തരിൻ 
സാഹിബ. ഇനീം എയ്തണം . അപ്പൊ അസ്സലാമു 
അലൈക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക