Image

'തങ്ങള്‍ക്ക് സയനൈഡ് തന്ന് കുടുംബസ്വത്ത് എടുക്കുകയായിരുന്നു നല്ലത്'

Published on 08 October, 2019
'തങ്ങള്‍ക്ക് സയനൈഡ് തന്ന് കുടുംബസ്വത്ത് എടുക്കുകയായിരുന്നു നല്ലത്'
കട്ടപ്പന: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിക്ക് ഒരുവിധ നിയമസഹായവും നല്‍കില്ലെന്ന് സഹോദരന്‍ നോബി. പണം ആവശ്യപ്പെട്ട് ജോളി നിരന്തരം തന്നെയും അച്ഛനെയും വിളിക്കുമായിരുന്നെന്ന് നോബി പറഞ്ഞു. രണ്ടാഴ്ച മുമ്പ് വീട്ടിലെത്തിയപ്പോഴും അച്ഛനില്‍നിന്ന് പണം വാങ്ങിയാണ് പോയത്. ജോളിയുടെ ചെയ്തികള്‍ കുടുംബത്തിനാകെ മാനഹാനിയുണ്ടാക്കി.

ഇതിലും ഭേദം തങ്ങള്‍ക്ക് സയനൈഡ് തന്ന് കട്ടപ്പനയിലെ കുടുംബസ്വത്ത് എടുക്കുകയായിരുന്നു നല്ലത്. റോയിയുടെ മരണത്തിനുശേഷം മക്കളുടെ പഠനത്തിനെന്ന് പറഞ്ഞ് പിതാവിനോട് സാമ്പത്തിക സഹായം ചോദിച്ചിരുന്നു. ജോളിയുടെ ധൂര്‍ത്ത് അറിയാവുന്നതിനാല്‍ മക്കളുടെ അക്കൗണ്ടിലേക്കാണ് പണം ഇട്ടിരുന്നത്. ഷാജുവുമായുള്ള വിവാഹത്തിന് മാത്രം കൂടത്തായില്‍ പോയിരുന്നു. ഷാജുവിന്റെ പിതാവ് നേരില്‍ വിളിച്ച് ജോളിയുമായുള്ള വിവാഹ കാര്യങ്ങള്‍ പിതാവിനോട് സംസാരിച്ചിരുന്നു.

അതനുസരിച്ചാണ് പോയതെന്ന് സഹോദരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റോയിയുടെ മരണശേഷം സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തന്റെ സഹോദരങ്ങളും അളിയന്‍ ജോണിയും കൂടത്തായിയില്‍ പോയിരുന്നു. ഈ സമയത്ത് ഒസ്യത്തിന്റെ രേഖകള്‍ ജോളി കാണിച്ചു. എന്നാല്‍, അത് വ്യാജമെന്ന് തോന്നിയതിനാല്‍ ജോളിയെ വഴക്ക് പറഞ്ഞാണ് അന്ന് തിരിച്ചുപോന്നത്. സ്വത്ത് തട്ടിപ്പിനെയും കൊലപാതകങ്ങളെക്കുറിച്ചും ഒന്നും അറിഞ്ഞിരുന്നില്ലെന്നും നോബി പറഞ്ഞു. (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക