Image

പൈലറ്റുമാര്‍ സമരം തുടരുന്നു; മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി

Published on 09 May, 2012
പൈലറ്റുമാര്‍ സമരം തുടരുന്നു; മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ ഒരു വിഭാഗം പൈലറ്റുമാര്‍ നടത്തുന്ന സമരം രണ്ടാം ദിനത്തിലേക്ക് കടന്നു. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും രാവിലെ പുറപ്പെടേണ്ട മൂന്ന് രാജ്യാന്തര സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
 
ഡല്‍ഹിയില്‍ നിന്നും സിംഗപ്പൂരിലേക്കും ന്യൂയോര്‍ക്കിലേക്കുമുള്ള സര്‍വീസുകളും മുംബൈയില്‍ നിന്നും നെവാര്‍ക്കിലേക്കുള്ള സര്‍വീസുമാണ് റദ്ദാക്കിയത്. സമരത്തിന്റെ ഫലമായി ഇതുവരെ 13 അന്താരാഷ്ട്ര സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ട്. ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനങ്ങളുടെ പരിശീലനവുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതയാണ് ഒരു വിഭാഗം പൈലറ്റുമാരുടെ സമരത്തിന് കാരണം. സമരം നടത്തിയ 10 പൈലറ്റുമാരെ ഇന്നലെ എയര്‍ ഇന്ത്യ പുറത്താക്കിയിരുന്നു.

വിമാനങ്ങള്‍ റദ്ദാക്കുന്ന വിവരം പുറപ്പെടാറായപ്പോള്‍ മാത്രമാണ് അറിയിച്ചതെന്ന് യാത്രക്കാര്‍ പരാതി പറഞ്ഞു. എയര്‍ ഇന്ത്യയുടെ ഓഫീസ് ജീവനക്കാര്‍ പോലും കൃത്യമായ മറുപടി പറയാന്‍ തയാറാകുന്നില്ലെന്നും അവര്‍ ആരോപിച്ചു. ബോര്‍ഡിംഗ് പാസ് പോലും യാത്രക്കാര്‍ക്ക് നല്‍കിയിരുന്നു. ഇവരില്‍ പലര്‍ക്കും ലഗേജ് തിരികെലഭിക്കാന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിയും വന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക