Image

വി.എസിന്റേത് ധീരനായ കമ്മ്യൂണിസ്റ്റിന്റെ അഭിപ്രായമെന്ന് രമേശ് ചെന്നിത്തല

Published on 09 May, 2012
വി.എസിന്റേത് ധീരനായ കമ്മ്യൂണിസ്റ്റിന്റെ അഭിപ്രായമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ചന്ദ്രശേഖരനെക്കുറിച്ചുള്ള വി.എസിന്റെ അഭിപ്രായം ധീരനായ ഒരു കമ്മ്യൂണിസ്റിന്റെ അഭിപ്രായമാണെന്ന് രമേശ് ചെന്നിത്തല. ഒരു നല്ല പൊതുപ്രവര്‍ത്തകന്‍ സ്വീകരിക്കേണ്ട നിലപാടാണതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. വധത്തിന് പിന്നില്‍ സിപിഎം തന്നെയെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു.

വി.എസിനെപ്പോലും പിണറായിക്ക് ബോധ്യപ്പെടുത്താന്‍ കഴിയാത്ത രാഷ്ട്രീയ കൊലപാതകമാണ് നടന്നത്. എല്‍ഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐയെയും സിപിഎമ്മിന് ഇതേക്കുറിച്ച് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പ്രദേശത്ത് നിന്നും തനിക്ക് ലഭിച്ച വിവരമനുസരിച്ചാണ് സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് പറയുന്നതെന്ന് ചെന്നിത്തല വ്യക്തമാക്കി. ചന്ദ്രശേഖരനോട് ഇത്രവിരോധമുള്ള മറ്റൊരു പാര്‍ട്ടിയില്ല. സംഭവത്തിന്റെ തലേന്ന് സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകന്‍, ഏരിയാകമ്മറ്റിയംഗം ഗോപാലകൃഷ്ണന്‍ മാസ്റര്‍, വി.വി. രാഘവന്‍, മുന്‍ ഏരിയ കമ്മറ്റി സെക്രട്ടറി ആര്‍. ഗോപാലന്‍ എന്നിവര്‍ വീടുവിട്ട് മാറി താമസിച്ചിരുന്നു. ചന്ദ്രശേഖരനെ വെള്ള പുതപ്പിച്ച് കിടത്തുമെന്നായിരുന്നു സിപിഎമ്മിന്റെ ഒഞ്ചിയം ഏരിയാസമ്മേളനത്തിന്റെ ഭാഗമായി നടന്ന ജാഥയില്‍ വിളിച്ച മുദ്രാവാക്യമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കൊലപാതകത്തിന്റെ ഉത്തരവാദിത്വം മറ്റ് പലരുടെയും തലയില്‍ കെട്ടിവെയ്ക്കാനുള്ള പാഴ്വേലയാണ് പിണറായി നടത്തുന്നത്, ഇത് ചെലവാകില്ലെന്നും ചെന്നിത്തല പറഞ്ഞു. ഒരു തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി മനുഷ്യജീവന്‍ അപഹരിക്കുക എന്നത് യുഡിഎഫിന് ചിന്തിക്കാന്‍ പോലും കഴിയില്ല. അത്തരം ഒരു ചരിത്രം യുഡിഎഫിനും കോണ്‍ഗ്രസിനുമില്ല. ചന്ദ്രശേഖരനുമായി യാതൊരു എതിര്‍പ്പും കോണ്‍ഗ്രസിനുണ്ടായിരുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഒഞ്ചിയം, ഏറാമല, അഴിയൂര്‍ മേഖലയിലെ നിര്‍ണായക ശക്തിയായി ആര്‍എംപി മാറിയതിലെ അസഹിഷ്ണുതയാണ് സിപിഎമ്മിനെ ഇതിന് പ്രേരിപ്പിച്ചത്. സംഭവം നടന്ന് പിറ്റേന്നു തന്നെ ഇതിനു പിന്നില്‍ പ്രൊഫഷണല്‍ കൊലപാതകികളാണെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന് എവിടെ നിന്നുമാണ് ഈ വിവരം കിട്ടിയതെന്നും ചെന്നിത്തല ചോദിച്ചു.

കേരള സമൂഹത്തില്‍ സിപിഎമ്മിന്റെ മുഖം കൂടുതല്‍ വികൃതമായിരിക്കുകയാണ്. മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ട് കാര്യമില്ലെന്നും കൊലപാതകത്തിന്റെ ഉത്തരവാദിത്വം യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക