സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തന്റെ ആദ്യത്തെ നിര്‍മ്മാതാവിന് ഒരു കോടിയുടെ വീട് സമ്മാനിച്ചു. താനാദ്യമായി നായകനായ ഭൈരവിയെന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ കലൈജ്ഞാനത്തിനാണ് രജനികാന്ത് വീട് വാങ്ങി നല്‍കിയത്. സ്വന്തമായി ഒരു വീടില്ലാതെ, ദുരിതത്തില്‍ ആയ കലൈജ്ഞാനത്തിന്റെ അവസ്ഥ നടന് ശിവകുമാറില്‍ നിന്നറിഞ്ഞതിനെ തുടര്‍ന്നാണ് രജനികാന്ത് ഈ സഹായം നല്‍കിയത്.
1975ല്‍ കെ. ബാലചന്ദറിന്റെ അപൂര്‍വ്വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച രജനികാന്തിന്റെ ആദ്യ സോളോ നായക ചിത്രമായിരുന്നു എം. ഭാസ്കര്‍ സംവിധാനം ചെയ്ത ഭൈരവി. ഭൈരവിയുടെ കഥയും കലൈജ്ഞാനത്തിന്റേതായിരുന്നു. ഈ ചിത്രം പുറത്തിറങ്ങിയതോടെയാണ് രജനികാന്ത് സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്ക് എത്തിയത്. 25 വര്‍ഷത്തിനു ശേഷം രജനികാന്ത് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമായ ദര്‍ബാര്‍ ആണ് ഇനി റിലീസ് ചെയ്യാനുള്ള രജനികാന്ത് ചിത്രം.
ഏ.ആര് മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് രജനികാന്തിന്റെ നായികയായി എത്തുന്നത്. 'പേട്ട' എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്കുന്ന രജനി ചിത്രം എന്ന പ്രത്യേകതയും 'ദര്‍ബാറി'നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊലീസ് യൂണിഫോമില്‍ നിറയെ ആയുധങ്ങളുടെ ബാക്ക്ഗ്രൗണ്ടിലുള്ള രജനികാന്തായിരുന്നു ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ ഉണ്ടായിരുന്നത്.