Image

മുല്ലപ്പെരിയാര്‍: ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പുതിയ ഡാമിന് അനുകൂലമെന്ന് മുഖ്യമന്ത്രി

Published on 09 May, 2012
മുല്ലപ്പെരിയാര്‍: ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പുതിയ ഡാമിന് അനുകൂലമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് അനുകൂലമാണ് ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച വിവാദങ്ങളും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.

 ജസ്റീസ് കെ.ടി. തോമസിന്റെ നിലപാടുകളില്‍ സര്‍ക്കാര്‍ പൂര്‍ണ തൃപ്തമാണ്. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അദ്ദേഹം പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. അണക്കെട്ടിന്റെ സുരക്ഷയുടെ കാര്യം പ്രതിപാദിക്കുന്ന ഒരു ഭാഗത്ത് മാത്രം അദ്ദേഹം വേണ്ട രീതിയില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ വിയോജനക്കുറിപ്പില്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ കൂട്ടരുതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇത് സാധൂകരിക്കാന്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുള്ള ആറ് കാരണങ്ങള്‍ മുഴുവന്‍ സംസ്ഥാനത്തിന്റെ വാദങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.ടി. തോമസ് കേരളത്തിന്റെ പ്രതിനിധിയാണ്. പക്ഷെ കേരളത്തിന്റെ അഭിഭാഷകനായി അദ്ദേഹം നിലനില്‍ക്കണമെന്ന് പറയാനാകില്ലെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി.

 പുതിയ അണക്കെട്ടിന് പച്ചക്കൊടി കിട്ടിയിരിക്കുകയാണ്. സുപ്രീംകോടതിയില്‍ അതിന് വേണ്ടി ശക്തമായ നിലപാട് കേരളം സ്വീകരിക്കും. ഇക്കാര്യത്തില്‍ അവസാന വാക്ക് സുപ്രീംകോടതിയുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ അണക്കെട്ടിന്റെ നിര്‍മാണച്ചെലവ് കേരളം വഹിക്കണമെന്നാണ് പറയുന്നത്. സര്‍ക്കാര്‍ അതിനു തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ ഡാം സുരക്ഷിതമാണെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തില്‍ ജസ്റീസ് കെ.ടി. തോമസ് വിയോജനക്കുറിപ്പ് രേഖപ്പെടുത്താഞ്ഞതിനെതിരേ ജലവിഭവമന്ത്രി പി.ജെ. ജോസഫ് പരസ്യമായി രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ വാദങ്ങള്‍ കെ.ടി. തോമസ് വേണ്ട വിധത്തില്‍ അവതരിപ്പിച്ചില്ലെന്നും പി.ജെ. ജോസഫ് കുറ്റപ്പെടുത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക