Image

ശരണംവിളി കേട്ട് ഇനി ശബരിമല എയര്‍പോര്‍ട്ടില്‍ നിന്ന് ടേക്ക് ഓഫ് (ശ്രീനി)

ശ്രീനി Published on 10 October, 2019
 ശരണംവിളി കേട്ട് ഇനി ശബരിമല എയര്‍പോര്‍ട്ടില്‍ നിന്ന് ടേക്ക് ഓഫ് (ശ്രീനി)
വളരെ നാളായി സ്വപ്നം കണ്ടിരുന്ന ശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാവുമെന്നുറപ്പായിരിക്കുന്നു. നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ നിര്‍മാണത്തിന് എരുമേലിക്ക് സമീപമുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ സന്തോഷത്തോടെയാണ് കേട്ടത്. ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമുള്ള ഭൂമി ഏറ്റെടുക്കുന്നതിന് നിയമപരമായ മാര്‍ഗം തേടുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം തീരുമാനിച്ചത്. തര്‍ക്കഭൂമിയായ, 2263 ഏക്കര്‍ വിസ്തൃതിയുള്ള ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ച് ബിലീവേഴ്‌സ് ചര്‍ച്ചും സര്‍ക്കാരും തമ്മിലാണ് കേസുള്ളത്. 

മുമ്പ് ഹാരിസണ്‍ കമ്പനിയും സര്‍ക്കാരും തമ്മിവായിരുന്നു ഉടമസ്ഥാവകാശത്തര്‍ക്കം. എസ്റ്റേറ്റ് ബിലീവേഴ്‌സ് ചര്‍ച്ച് വാങ്ങിയതോടെ അവരും സര്‍ക്കാരും തമ്മിലായി തര്‍ക്കം. ബിലീവേഴ്‌സ് ചര്‍ച്ച് ഈ ഭൂമി വാങ്ങിയ ശേഷം 2008-'09 സാമ്പത്തിക വര്‍ഷം മുതല്‍ സര്‍ക്കാരില്‍ കരം അടച്ചിട്ടില്ല. ഭൂനികുതിയിനത്തില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷത്തില്‍പരം രൂപയാണ് അടയ്‌ക്കേണ്ടത്. അതേസമയം 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 പ്രകാരം തര്‍ക്കത്തില്‍പ്പെട്ട ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാം. പകരം നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവയ്ക്കണം. അന്തിമ വിധിയനുസരിച്ചായിരിക്കും തുക ഭൂവുടമയ്ക്ക് കൈമാറുക. ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ രണ്ടുവര്‍ഷം മുമ്പാണ് ധാരണയായത്. 

ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് ശബരിമലയ്ക്ക് 48 കിലോമീറ്റര്‍ മാത്രമാണ് ദൂരം. നെടുമ്പാശേരി എയര്‍പോര്‍ട്ടിലേയ്ക്ക് 113 കിലോ മീറ്റും. വടശ്ശേരിക്കര-പമ്പ, കോട്ടയം-കുമളി, എം.സി. റോഡ്, പുനലൂര്‍-മൂവാറ്റുപുഴ, എരുമേലി ഉള്‍പ്പെടുന്ന ശബരിമല പാതകള്‍ അടുത്താണ്. എരുമേലിയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരമാണ് നിര്‍ദ്ദിഷ്ട വിമാത്താവളത്തിലേക്കുള്ളത്. കോട്ടയം, തിരുവല്ല റെയില്‍വേ സ്റ്റേഷനുകളും ചെറുവള്ളിക്കടുത്ത്. ശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കം ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കും പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ഗുണകരമാകും. എരുമേലി, മണിമല വില്ലേജുകളുടെ പരിധിയിലാണ് നിര്‍ദിഷ്ട എയര്‍പോര്‍ട്ട് ഭൂമി. ആന്ധ്രാ, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാനാ തുടങ്ങിയ സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തര്‍ക്കും നിര്‍ദ്ദിഷ്ട വിമാനത്താവളം പ്രയോജനപ്പെടും. ഭക്തരുടെ വരവും കൂടാനിടയാക്കും.

നിലവില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ വിദേശയാത്രയ്ക്ക് തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നത്. മൂന്ന് ജില്ലകളിലായി മൂന്നുലക്ഷത്തോളം പ്രവാസികളുള്ളതായാണ് കണക്ക്. വിദേശത്തേക്കു പോകാനോ, തിരികെ നാട്ടിലേക്കു വരാനോ എയര്‍പോര്‍ട്ടില്‍ നിന്ന് 100 മുതല്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കേണ്ടി വരുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയായ ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് കോട്ടയത്തിനും പത്തനംതിട്ടയ്ക്കും 50 കിലോമീറ്ററില്‍ താഴെയേ ദൂരമുള്ളു. ഇടുക്കി ജില്ലയിലുള്ളവര്‍ക്കും ചെറുവള്ളിയാണ് എളുപ്പം.

വര്‍ഷങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കും അനിശ്ചിതകാല സമര കോലാഹലങ്ങള്‍ക്കുമൊടുവില്‍ ആറന്‍മുള എയര്‍പോര്‍ട്ട് പദ്ധതി ഉപേക്ഷിക്കപ്പെട്ടതോടെയാണ് പത്തനംതിട്ട ജില്ലയില്‍ ഒരു എയര്‍പോര്‍ട്ട് വേണം എന്ന ആവശ്യത്തിന് ശക്തിയാര്‍ജിച്ചത്. ചെറുവള്ളി, പ്രപ്പോസ്, കുമ്പഴ, ളാഹ, കല്ലേലി എസ്റ്റേറ്റുകള്‍ പഠനവിധേയമാക്കി. സാധ്യതാപഠനം നടത്തിയതില്‍ ലാഭകരവും അനുയോജ്യവുമായി കണ്ടെത്തിയത് ചെറുവള്ളി എസ്റ്റേറ്റായിരുന്നു. റബ്ബര്‍ കൃഷിയിടമായ എസ്റ്റേറ്റ് ഉറച്ചമണ്ണാണ്. ശബരിമല തീര്‍ഥാടകര്‍ക്ക് കൂടി പ്രയോജനം ലഭിത്തക്ക വിധത്തിലുള്ള ഈ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭ തത്ത്വത്തില്‍ അംഗീകാരം നല്‍കിയിരിക്കുന്നതിനാല്‍ ആ സ്വപ്നം താമസിയാതെ പൂവണിയുമെന്ന പ്രതീക്ഷ അസ്ഥാനത്തായില്ല. 

പ്രതിവര്‍ഷം മൂന്നു കോടിയിലധികം തീര്‍ഥാടകര്‍ സന്ദര്‍ശിക്കുന്ന ശബരിമലയിലേക്ക് നിലവില്‍ റോഡ് മാത്രമാണുള്ളത്. സീസണ്‍ സമയത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് വിമാനത്താവളം സഹായകരമാകും. അതുപോലെ തന്നെയാണ് വിദേശ മലയാളികളുടെ ആഗ്രഹവും. എരുമേലി പഞ്ചായത്തിന് എയര്‍ പോര്‍ട്ട് വരണം എന്നുള്ള ആത്മാര്‍ത്ഥമായ ആഗ്രഹം ഉണ്ടെന്നും ഒരു നാടിന്റെ വികസനത്തിന് അവിഭാജ്യ ഘടകമാണ് എയര്‍പോര്‍ട്ട് പോലെയുള്ള ബഹുജനമുഖ സംരംഭങ്ങളെന്നും എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് കൃഷ്ണകുമാര്‍ പറഞ്ഞു. 

''പഞ്ചായത്ത് കമ്മിറ്റി നേരത്തെതന്നെ വിമാനത്താവള പദ്ധതി പാസാക്കിയിരുന്നു. ഇതിനെ പറ്റി ചര്‍ച്ച നടന്നപ്പോള്‍ ഒട്ടും പാരിസ്ഥിതിക പ്രശ്‌നമില്ലാത്ത സ്ഥലമായിട്ടാണ് ചെറുവള്ളി എസ്റ്റേറ്റ്  തിരഞ്ഞെടുക്കപ്പെട്ടത്. അങ്ങനെ ഒരു താത്പര്യവും അഭിപ്രായവും വന്നപ്പോള്‍ പഞ്ചായത്ത് ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചു. അതിനു ശേഷം സര്‍വേ നടന്നപ്പോള്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ഇതാണെന്ന് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് എരുമേലിയില്‍ തന്നെ എന്ന് ഗവണ്‍മെന്റ് തീരുമാനം എടുക്കുകയുണ്ടായി. പക്ഷേ ചില സാങ്കേതിക വിഷയങ്ങള്‍ ഉണ്ട്. അത് സര്‍ക്കാരും സ്ഥല ഉടമയും തമ്മിലുള്ള ഉടമാവകാശത്തിന്റെ തര്‍ക്കമാണ്. ഈ തര്‍ക്കത്തില്‍ ഏറ്റവും അനുഭാവപൂര്‍ണമായ തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. എന്താണെന്ന് വച്ചാല്‍ ചെറുവള്ളി എസ്റ്റേറ്റ് എന്ന റബര്‍ തോട്ടത്തിന്റെ വില കോടതിയില്‍ കെട്ടിവയ്ക്കുക. കോടതി തീരുമാനിക്കുന്നതു പോലെ ഉടമസ്ഥാവകാശം ഗവണ്‍മെന്റിനാണെങ്കില്‍ പൈസ തിരികെ വാങ്ങുക. അല്ലെങ്കില്‍ പണം അവര്‍ക്ക് കൊടുക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. ഇത് ഗവണ്‍മെന്റിന്റെ സ്ഥലമാണ് എന്നാണ് സര്‍ക്കാരിന്റെ വിശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തുകയുണ്ടായല്ലോ. ഇവിടെ ഒരു എയര്‍പോര്‍ട്ട് വരികയാണെങ്കില്‍ അതിന് വലിയ നിര്‍മാണ പ്രക്രിയകളുടെ ആവശ്യമില്ല. ഏറെക്കുറെ നിരപ്പ് ഭൂമിയായതുകൊണ്ട് കുന്നും മലയുമൊക്കെ വെട്ടിനിരത്തുന്ന പോലെയുള്ള ശ്രമകരമായ പണികളില്ല...'' പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.

''അതുകൊണ്ട് എയര്‍പോര്‍ട്ട് വരുവാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ് എന്ന് ഫീസിബിലിറ്റി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. യാതൊരു വിധത്തിലുള്ള എതിര്‍പ്പുകളും ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അല്പം തൊഴിലാളി പ്രശ്‌നങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയം ഉണ്ടാക്കി പരിഹരിക്കുന്നതാണ്. ഗവണ്‍മെന്റ് എസ്റ്റേറ്റ് ഉടമകളുമായും ചര്‍ച്ച നടത്തും. താമസിയാതെ തന്നെ ഈ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. ഒപ്പം പ്രവാസികളുടെ പ്രാര്‍ത്ഥനയും പിന്തുണയും ഉണ്ട്...'' അദ്ദേഹം വ്യക്തമാക്കി. അതേ സമയം ഈ എയര്‍പോര്‍ട്ട് ഇവിടെ വരുന്നതില്‍ തങ്ങള്‍ക്ക് എതിരില്ലെന്നും തൊഴിലാളികളുടെയും മാനേജ്‌മെന്റിന്റെയും താത്പര്യം സംരക്ഷിക്കണമെന്നും  മുടക്കുമുതല്‍ തങ്ങള്‍ക്ക് കിട്ടണമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. 

നെടുമ്പാശ്ശേരി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിന്റെ മാതൃകയില്‍ അതായത് 'സിയാല്‍' മോഡലില്‍ ആണ് നിര്‍ദിഷ്ട ശബരിമല എയര്‍പോര്‍ട്ട്. ബിഷപ്പ് കെ.പി യോഹന്നാന്റെ നിയന്ത്രണത്തിലുള്ള ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് റണ്‍വേ ഒരുക്കുന്ന ഈ വിമാനത്താവളത്തിന് പതിറ്റാണ്ടുകള്‍ മുമ്പുണ്ടായ ഒരു പ്രവചനത്തിന്റെ കാലപ്പഴക്കമുണ്ട്. 30 വര്‍ഷങ്ങള്‍ക്കു മുമ്പ് ആദിദ്രാവിഡ രാജകീയ പുരോഹിത ഗുരുകുല ദൈവ ഭവനത്തിന്റെ അദ്ധ്യക്ഷന്‍ പ്രാപഞ്ചിക കേസരി ബ്രഹ്മര്‍ഷികള്‍ പൊയ്കയില്‍ തിരു. പി.ജെ സഭാരാജ് തിരുമേനികളാണ് ആ പ്രവചനം നടത്തിയത്. എരുമേലിക്കു സമീപം മുക്കടയിലാണ് സഭാരാജിന്റെ ആസ്ഥാനം. അക്കാലത്ത് ഇടുങ്ങിയ വഴികളും ആറ് വീടുകളും മാത്രമേ അവിടെയുള്ളു. ഒരിക്കല്‍ സഭാരാജ് തിരുമേനികള്‍ ചെറുവള്ളി എസ്റ്റേറ്റിനു നേരെ കൈചൂണ്ടി പറഞ്ഞു ''ഇവിടെ ഒരു വിമാനത്താവളം വരും...'' എന്ന്. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് ടാപ്പിംഗ് തൊഴിലാളിയായ തങ്കരാജ് പറഞ്ഞു. 

നാനൂറിലേറെ തൊഴിലാളികളുള്ള ചെറുവള്ളി എസ്റ്റേറ്റില്‍ ഹിന്ദു മുസ്ലീം ക്രൈസ്തവ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുണ്ട്. 1981ല്‍ സ്ഥാപിതമായ സെന്റ് തോമസ് എക്യൂമെനിക്കല്‍ ചര്‍ച്ച്, ശ്രീ പൂവന്‍ പാറമല ക്ഷേത്രം, ഹിദായത്തുല്‍ ഇസ്ലാം ജം അ മസ്ജിദ് എന്നിവയാണിവ. ഒട്ടേറെ കുടുംബങ്ങള്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ജീവിക്കുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റപ്പെടണം. അല്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സഭാരാജ് പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ ചെയര്‍മാനായ രാജ്‌മോഹന്‍ തമ്പുരാന്‍ പറഞ്ഞു. 

''എയര്‍പോര്‍ട്ടിനു വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ ചെറുവള്ളി എസ്റ്റേറ്റില്‍ മിച്ചം വരുന്ന സ്ഥലം ഭൂരഹിതരായ പാവപ്പെട്ടവര്‍ക്ക് വീതിച്ചു നല്‍കണം. കേവല ബിസിനസ്സിന്റെ പേരില്‍ ബിസിനസ്സുകാരും കോര്‍പ്പറേറ്റുകളും ഭൂമി കൈവശം വയ്ക്കുന്നതിനോട് എതിര്‍പ്പുണ്ട്. ഞങ്ങളുടെ സമുദായത്തിന് ഈ എയര്‍പോര്‍ട്ട് വരുന്നതില്‍ യാതൊരു എതിര്‍പ്പും ഇല്ല...'' രാജ്‌മോഹന്‍ തമ്പുരാന്‍ കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ട ജില്ലയിലെ ഈ എയര്‍പോര്‍ട്ട് നാടിന്റെ വികസനത്തിന് അനിവാര്യമാണെന്നും ആറന്മുള വിമാനത്താവളത്തിന്റെ വിഷയങ്ങള്‍ ഇവിടെ പ്രസക്തമല്ലെന്നും സ്ഥലവാസികളായ പുരുഷനും ജോസും വെളിപ്പെടുത്തി. ആറന്മുള എയര്‍പോര്‍ട്ടിനെ എതിര്‍ത്ത ബി.ജെ.പിക്കാര്‍ എരുമേലി വിമാനത്താവളത്തെ പിന്തുണയ്ക്കുമെന്നാണ് നാട്ടുകാരില്‍ ഏറിയ പങ്കും സൂചിപ്പിച്ചത്. നെടുമ്പാശേരി മോഡലില്‍ സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള എയര്‍പോര്‍ട്ടായിരിക്കും ഇതെന്ന് രാജു എബ്രഹാം എം.എല്‍.എ വ്യക്തമാക്കി. എയര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സ്ഥലം എം.പി ആന്റോ ആന്റണിക്കും ശുഭാപ്തിവിശ്വാസമുണ്ട്.

ശബരി ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളപദ്ധതി വരുന്നതോടെ മധ്യതിരുവിതാംകൂറിന്റെ മുകച്ഛായ മാറ്റുമെന്നാണ് പ്രതീക്ഷ. പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ കോടതി വിധി മാത്രമല്ല കേന്ദ്രസര്‍ക്കാരിന്റെ നിലപാടും അനുകൂലമാകണമെന്നാണ് വിലയിരുത്തല്‍. ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മിക്കാന്‍ 2017 ഫെബ്രുവരിയിലാണ് മന്ത്രിസഭ തീരുമാനിച്ചത്. ലൂയിസ് ബര്‍ഗ് കണ്‍സള്‍ട്ടന്‍സി സാധ്യതാ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്ഥലത്തിന്റെ പ്രത്യേകതകള്‍, നിര്‍മാണച്ചെലവ്, പദ്ധതി ലാഭകരമാകുമോ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടാണ് നല്‍കിയിട്ടുള്ളത്.

 ശരണംവിളി കേട്ട് ഇനി ശബരിമല എയര്‍പോര്‍ട്ടില്‍ നിന്ന് ടേക്ക് ഓഫ് (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക