Image

മലയാളി മണ്ണിലേയ്ക്കു മയക്കുമരുന്ന് പ്രവാഹം (കോര ചെറിയാന്‍)

Published on 10 October, 2019
മലയാളി മണ്ണിലേയ്ക്കു മയക്കുമരുന്ന് പ്രവാഹം  (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ: കഴിഞ്ഞ രണ്ടുവര്‍ഷമായി 1000 കോടി രൂപയിലധികം വിലയുള്ള മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിയതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംങ് വേദനയോടെ വെളിപ്പെടുത്തി. ഇന്‍ഡ്യയില്‍ പഞ്ചാബ് സ്റ്റേറ്റ് കഴിഞ്ഞാല്‍ മയക്കുമരുന്ന് ഉപയോഗത്തില്‍ കേരളം രണ്ടാംസ്ഥാനത്തായി. ഒരു കാലഘട്ടത്തില്‍ ഏറ്റവും വിദ്യാസമ്പന്നരും പണ്ഡിതരും തത്വജ്ഞാനികളും വസിച്ച സംസ്കാരകേന്ദ്രമായിരുന്ന ആലുവ പ്രദേശം മയക്കുമരുന്നിന്റെ ചക്രകൂടമായി. 2017ലെ നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ മയക്കുമരുന്ന് ഉപയോഗം രണ്ടുലക്ഷം ജനങ്ങളില്‍ 33 വ്യക്തികള്‍ എന്ന അനുപാതം സ്ഥിരീകരിച്ചിരിക്കുന്നു.
   
കേരളത്തിലേക്ക് മയക്കുമരുന്ന് കരമാര്‍ക്ഷവും കടല്‍മാര്‍ക്ഷവും വിവിധ എയര്‍പോര്‍ട്ടുകള്‍ വഴിയും വലിയ പ്രതിബന്ധം ഇല്ലാതെ എത്തിച്ചേരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിയന്ത്രണ രംഗത്തുനിന്നു താത്പര്യ രഹിതമായാല്‍ നമ്മുടെ ദൈവത്തിന്റെ നാട് എന്നു അബോധത്തോടെയോ സുബോധത്തോടെയോ വിശേഷിപ്പിക്കുന്ന കൊച്ചുകേരളം ഒരു തകര്‍ന്ന മെക്‌സിക്കോ ആയിട്ടോ കൊളമ്പിയ ആയിട്ടോ സമീപ‘ാവിയില്‍ തന്നെ മാറും. റാഫേല്‍ കാരോയെപ്പോലെയോ റെന്‍ഡന്‍ ഹെരീരയെപ്പോലെയോ പല മലയാളി മയക്കു മരുന്നു മാഫിയ നേതാക്കളും ഭീകരരൂപികളായി ഉയര്‍ത്തെഴുന്നേറ്റു സ്വന്തം ഡ്രക്ഷ് കാര്‍ടെല്‍ അധിപതിയായി വാഴുവാനുള്ള സാഹചര്യം സൃഷ്ടിക്കരുത്. നവരത്‌നം പതിപ്പിച്ച കൊട്ടാരങ്ങളില്‍ വാഴുന്ന മയക്കുമരുന്നു മാഫിയ നേതാക്കളേയും കാര്‍റ്റെള്‍നേയും പരിരക്ഷിക്കുവാന്‍ നിറതോക്കുകളടക്കമുള്ള ആയുധധാരികളും മയക്കുമരുന്നാശ്രിതരുമായ അനേകം യുവനിര മെക്‌സിക്കന്‍ സ്റ്റൈലില്‍ ഉണ്ടാകുവാനുള്ള സാദ്ധ്യതകള്‍ വിരളമല്ല. ചെയ്തു കൂട്ടുന്ന കുറ്റകൃത്യങ്ങള്‍ കണ്ടു പിടിക്കപ്പെട്ടാല്‍ കോടിപതികളായ മാഫിയ രാജാക്കന്മാര്‍ പണവും സ്വാധീനവും ബലവും ഉപയോഗിച്ചു പുറത്തു വന്നു സൈ്വര്യ വിഹാരം നടത്തുന്നതു കാണേണ്ടിവരും. ഇപ്പോള്‍ ഇന്‍ഡ്യയിലും പ്രത്യേകിച്ചു കേരളത്തിലുമുള്ള കുറ്റകൃത്യ വ്യവസ്ഥിതികള്‍ ദുര്‍ബലമാണെന്നുള്ള ഉത്തമ ഉദാഹരണങ്ങള്‍ കുറവല്ല.
   
ലോകത്തിലേറ്റവും അധികം കറുപ്പ്- ഓപിയം അഫ്ഗാനിസ്ഥാനില്‍ ഉല്‍പ്പാദിപ്പിച്ച് കൊക്കൈന്‍, ഹെറോയിന്‍, ഫെന്റാനില്‍ തുടങ്ങി ശക്തികൂടിയ മയക്കുമരുന്നായി റീപ്രോസസ്സ് ചെയ്തു പാക്കിസ്ഥാന്‍ വഴി അന്തര്‍ദേശീയ മയക്കുമരുന്നു മാഫിയകളുടെ സഹായത്തോടെ ഇന്ത്യയടക്കം പലരാജ്യങ്ങളിലേക്കും കയറ്റി അയയ്ക്കുന്ന പ്രക്രിയ വര്‍ഷങ്ങളായി മാധ്യമങ്ങള്‍ വഴി പ്രസിദ്ധമാണ്. കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ പലരിലും മയക്കുമരുന്നു ഉപയോഗ പ്രവണത ഉള്ളതായി വ്യസനസമേതം എക്‌സൈസ് അധികൃതര്‍ അറിയിച്ചതു പല മാതാപിതാക്കളും നിസങ്കോചം അംഗീകരിക്കുവാന്‍ വൈമനസ്യപ്പെടുന്നു. സാമ്പത്തിക പരാധീനതകള്‍ ഉള്ള കുട്ടികള്‍ പഠിക്കുന്ന ഗവണ്‍മെന്റ് പള്ളിക്കൂടങ്ങളില്‍ മയക്കുമരുന്നുപയോഗം കുറവായും ഉന്നത കുടുംബങ്ങളിലെ കുട്ടികള്‍ പഠിക്കുന്ന പ്രൈവറ്റ് സ്കൂളുകളിലെ വിദ്യാത്ഥികള്‍ പണം മുടക്കി മയക്കുമരുന്നിന് അടിമകളാകുന്നതായും അറിയപ്പെടുന്നു.
   
മയക്കുമരുന്നടിമത്വത്തില്‍ നിന്നും കുട്ടികളെ പിന്‍തിരിപ്പിക്കുവാന്‍ സ്കൂള്‍ അധികൃതരും മാതാപിതാക്കളും ഗൗരവമായി ഏകാഗ്രതയോടെ ഇടപെടണം. മയക്കുമരുന്നു വില്‍ക്കുന്നവരെയും വാങ്ങുന്നവരേയും മനസ്സിലാക്കി നിയമം അനുശാസിക്കുന്ന വിധത്തില്‍ കൈകാര്യം ചെയ്യണം. സ്കൂളിന്റെ സല്‍പേരു നിലനിര്‍ത്തണമെന്ന ദുരുദ്ദേശത്തോടെ കുറ്റവാളിയായ കുട്ടികളുടെ മേല്‍ നടപടികള്‍ സ്വീകരിക്കാതെ വെറും ലാളിത്യ ശാസന നല്‍കി ഉപേക്ഷയോടെ അധികൃതര്‍ പിന്‍വാങ്ങിയാല്‍ ഒരു തലമുറയാണു നശിക്കുന്നത്.
മലയാളി മണ്ണിലേയ്ക്കു മയക്കുമരുന്ന് പ്രവാഹം  (കോര ചെറിയാന്‍) മലയാളി മണ്ണിലേയ്ക്കു മയക്കുമരുന്ന് പ്രവാഹം  (കോര ചെറിയാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക