Image

നിശബ്ദ രോദനങ്ങള്‍: മാഗി

മാഗി Published on 08 May, 2012
നിശബ്ദ രോദനങ്ങള്‍: മാഗി
കണ്ണീര്‌ വീണുപടര്‍ന്ന അക്ഷരങ്ങള്‍ക്ക്‌ മുമ്പേ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഞാനെത്ര നേരം ഇരുന്നുവെന്ന്‌ എനിക്കറിയില്ല. എന്റെ കണ്ണീരു കൂടി വീണ്‌ ഈ കടലാസ്‌ കുതിര്‍ന്നു തുടങ്ങിയിരിക്കുന്നു. അവളെഴുതിയ വാക്കുകള്‍ നിശ്ശബ്ദമായൊരു രോദനംപോലെ എന്റെ ഹൃദയത്തെ ഇത്രയും വേദനിപ്പിക്കുകയും ഈ കണ്ണീരല്ലാതെ എനിക്ക്‌ മറുവാക്കുകളില്ലല്ലോ.

കുട്ടികള്‍ക്കിടയില്‍ അവളെ ആദ്യമായ്‌ കണ്ടപ്പോള്‍ വല്ലാത്തൊരസ്വസ്ഥതയായിരുന്നു മനസ്സിലുണ്ടായിരുന്നത്‌. ആ രൂപവുമായി പൊരുത്തപ്പെടാന്‍ മനസ്സ്‌ കുതറുന്ന പോലെ, നിറയെ പൂക്കളുള്ള തോട്ടത്തില്‍ ഒരു പൂവ്‌ മാത്രം പുഴുക്കുത്തേറ്റ ഇതളുകളുമായ്‌ രൂപവും ശബ്ദവും മുറിഞ്ഞ്‌ പിന്നെ പിന്നെ ആ കണ്ണില്‍ പതഞ്ഞ്‌ കിടക്കുന്ന അളവറ്റ വിഷാദത്തെ കാണേ, അവളെനിക്ക്‌ കുട്ട്യേടത്തിപോലെ തോന്നിച്ചു. എം.ടിയുടെ കുട്ട്യോത്തി. കുറേ ജാച്ചേടത്തിമാര്‍ക്കിടയില്‍ ശപ്‌തജത്തിന്റെ അപമാനവും പേറി ഇവള്‍ മാത്രം കൂട്ട്യേടത്തിപോലെ ഒരു ചോദ്യചിഹ്നമായി ചന്ദനസോപ്പിന്റെ വാസനകള്‍ക്കിടയില്‍ എനിക്കുള്ളില്‍ തുളച്ചുകയറിയതവളില്‍ നിന്ന്‌ പ്രസരിച്ച കയ്‌പ്‌ വാസന.

സ്വപ്‌നം പൂക്കുകയും വിടരുകയും ചെയ്യുന്ന മുഖങ്ങളേക്കാള്‍ എന്റെ കണ്ണുകള്‍ തറച്ചത്‌ ചിരിക്കുമ്പോള്‍ കണ്ണുകള്‍ തുറിച്ച്‌ വികൃതമാവുന്ന അവളുടെ മുഖത്തായിരുന്നു. മെല്ലിച്ച്‌ വളഞ്ഞ കാലുകള്‍ സ്റ്റീലിന്റെ ഷൂവിനുള്ളില്‍ സ്‌ക്രൂകൊണ്ട്‌ മുറുക്കി, കൂട്ടുകാരുടെ തോളില്‍ ചാരി എന്നും ക്ലാസ്സിലെത്തുന്ന സാധുകുട്ടി. ശബ്ദംപോലും അവളെ തോല്‌പിച്ച്‌ വഴുതിയും കുതറിയും അവളില്‍ നിന്നൊളിച്ചു നിന്നു. ജദോഷത്തിന്റെ വികൃതി അവളുടെ വിരലുകളെയും വികലമാക്കി. ജീവന്‍ വറ്റി, നിറം മങ്ങിയ ഒറ്റപ്പെടലിന്റെ സങ്കടം തിളയ്‌ക്കുന്ന കണ്ണുകളെ നേരിടാനാവാതെ ക്‌ളാസ്സ്‌ മുറിയില്‍ പലപ്പോഴും ഞാനെന്റെ നോട്ടങ്ങളെ ശാസിച്ച്‌ അവളില്‍നിന്ന്‌ നുള്ളിയെടുത്തു. ക്രമേണ അവളും എനിക്ക്‌ അനിവാര്യമായ സാധാരണത്വത്തിന്റെ ഭാഗമായി മാറി. എന്നാലും തന്നെ തോല്‌പിച്ച ജവൈകല്യങ്ങളേയും നിസ്സംഗത പതിഞ്ഞ ക്‌ളാസ്സ്‌മുറികളേയും ഉള്‍വലിയലിന്റെ ചെറിയൊരു ശരീരഭാഷപോലും കാണിക്കാതെ മനോഹരമായ വാക്കുകളിലൂടെ അവള്‍ നേരിടുന്നത്‌ കാണേ ഞാന്‍ ശുദ്ധമായി അഭിമാനിക്കുകയും ഉറക്കെ അഭിനന്ദിക്കുകയും ചെയ്‌തു.

പിന്നെയുമെത്രയോ നാളുകള്‍ക്ക്‌ ശേഷം ഒരു പരീക്ഷക്കാലത്താണ്‌ അവളെന്റെ സൗഹൃദത്തെ കവര്‍ന്നെടുത്തത്‌. വെറുതേ എന്തിനെന്നറിയാത്തൊരു സങ്കടത്തിന്റെ ദിവസമായിരുന്നു എനിക്കത്‌. പരീക്ഷാഹാളില്‍ ഏറ്റവും പിന്നില്‍ അവള്‍ക്കരികെ ചെന്നിരുന്നതും സങ്കടം പെരുമഴയായ്‌ പെയ്യാന്‍ തുടങ്ങി. അവളെന്നെ തൊട്ട്‌ വിളിച്ചതും ആ കണ്ണുകളിലുയര്‍ന്ന ചോദ്യത്തെ വിളറിയൊരു ചിരികൊണ്ട്‌ ഞാനമര്‍ത്തി. പക്ഷേ അവളങ്ങനെ വിടാനൊരുക്കമായിരുന്നില്ല. ഒരു കുഞ്ഞ്‌ കടലാസില്‍ എഴുതി ചോദിച്ചു. ടീച്ചറല്ലേ, എപ്പോഴും പറയാറ്‌ എത്ര സങ്കടമുണ്ടെങ്കിലും, അതിനെ തോല്‌പിച്ച്‌ പ്രസന്നമായിരിക്കണമെന്ന്‌. എന്നിട്ട്‌ ടീച്ചറിപ്പോള്‍?... അപ്പോള്‍ തോന്നിയ ലാഘവത്തില്‍ തിരികെ കുറിച്ചു.

അറിയാതെ You are sweet dear ചടുലമായ സന്തോഷത്തോടെ വീണ്ടുമവളെഴുതി, I love you teacher. പൊടുന്നനേ നിറഞ്ഞൊഴുകിയ ഹൃദയത്തെ തീര്‍ത്തും നിയന്ത്രിക്കാനാവാതെ ആ കൈകളെടുത്ത്‌ ഞാനതില്‍ അപാരമായ സ്‌നേഹവായ്‌പോടെ ഉമ്മ വച്ചു. ആ ഞടുക്കത്തില്‍ അവള്‍ പിടയുന്നതും ആ കണ്ണുകളില്‍ നനവൂറുന്നതും ഞാന്‍ കണ്ടു. ആര്‍ദ്രമായൊരു സൗഹൃദത്തതിന്റെ തുടക്കമായിരുന്നു അത്‌. പിന്നീടുള്ള തീരെ കുറച്ചു ദിവസങ്ങളില്‍ എനിക്കായവള്‍ മുടങ്ങാതെ കുഞ്ഞുകത്തുകളെഴുതി. തിരിച്ച്‌ ഞാനെഴുതണമെന്ന്‌ ശാഠ്യം കൂടി. ഞാനവളെ കൈപിടിച്ച്‌ ക്‌ളാസിലെത്തിക്കണമെന്നു കൊഞ്ചലായി. കൂട്ടായവള്‍ക്ക്‌ ഞാന്‍ പുസ്‌തകങ്ങള്‍ കൊടുത്തു തുടങ്ങി. ജീവന്‍ വറ്റിയ കണ്ണുകളില്‍ നീരോടിത്തുടങ്ങി. കുസൃതിയുടെ കൗതുകം അവയില്‍ നിറഞ്ഞു. വാക്കുകളില്ലാത്തൊരു സംഗീതം അവളില്‍ നിന്ന്‌ പ്രസരിച്ചുതുടങ്ങി. ഇത്തിരികൂടി മുമ്പ്‌ ഈ കൂട്ട്‌ തുടങ്ങിയിരുന്നുവെങ്കില്‍ ഞാന്‍ കടന്നുപോയ, ഞാന്‍ അടക്കിയൊളിപ്പിച്ചപ്പോഴും എന്നെ ഉരുക്കിയ എന്റെ ഒറ്റപ്പെടല്‍ എത്ര കുറഞ്ഞേനെ. അവളെഴുതി. ക്‌ളാസ്സുകളവസാനിച്ച്‌ പിരിയുമ്പോഴും പ്രതീക്ഷയുടെ തിളക്കം ആ കണ്ണുകളില്‍ ഞാന്‍ കണ്ടു. മുടങ്ങാതെ പുസ്‌തകങ്ങള്‍ ഞാന്‍ കൊടുത്തുവിടാം. വായിച്ച്‌ നീ നിന്റെ ലോകത്തെ കണ്ടെത്തൂ എന്ന്‌ പറഞ്ഞവളെ യാത്രയാക്കവേ പൊടിയാന്‍ വിതുമ്പുന്ന കണ്ണീരിനെ ഞാന്‍ കണ്ടില്ലെന്ന്‌ നടിച്ചു. കഴിഞ്ഞ ദിനങ്ങളിലൊക്കെയും ഞാന്‍ കാണാതെ പോയ മുറിവേറ്റ ഏകാന്തമായ ആ ഹൃദയത്തെ മനസ്സ്‌ കൊണ്ട്‌ മൗനമായ്‌ ഞാന്‍ നെഞ്ചോട്‌ ചേര്‍ത്തു. ഇത്രയും നാളുകള്‍ക്കൊണ്ട്‌ തനിക്ക്‌ നേരെ നിരന്തരം വീശുന്ന വെറുപ്പ്‌ കലര്‍ന്ന സഹതാപങ്ങളുടെയും, നിസ്സംഗതയുടെയും വരണ്ട കാറ്റുകളെ തളരാതെ ഏറ്റുവാങ്ങാനുള്ള കരുത്ത്‌ അവളുടെ മനസ്സിനുണ്ട്‌. ദുര്‍ബലമായൊരു ഇളംകാറ്റിന്റെ നേര്‍ത്ത സാന്ത്വനത്തില്‍ ആ കരുത്ത്‌ ഉരുകിക്കൂടാ. ഒരു മൗനസാന്ത്വനമായ്‌ ആ മനസ്സിനൊപ്പം സഞ്ചരിച്ചാല്‍ മതിയെനിക്ക്‌.

തനിക്കാവില്ല എന്നറിഞ്ഞിട്ടും കോളേജില്‍ പോവാനുള്ള ആഗ്രഹം തീവ്രമായിരുന്നു അവള്‍ക്ക്‌. ചലനങ്ങളെ സുഗമമാക്കാനുള്ള ചികിത്സയുടെ പ്രതീക്ഷയില്‍ ആഗ്രഹങ്ങളെ കുറച്ചുനാളത്തേക്ക്‌ കൂടി മാറ്റി നിര്‍ത്തിയിരിക്കുന്നു അവള്‍. വായനയിലൂടെ വിരിയുന്ന ലോകങ്ങളെ അറിഞ്ഞും സ്വപ്‌നം കണ്ടും അവളുടെ ദിവസങ്ങളിപ്പോള്‍ നിറയുന്നു. വല്ലപ്പോഴും കേള്‍ക്കുന്ന എന്റെ ശബ്ദത്തെ കൊതിയോടെ കാത്തിരിക്കുന്നു. വായിച്ചു തിരികെ തരുന്ന പുസ്‌തകങ്ങളില്‍ ചിതറിക്കിടക്കുന്ന അക്ഷരങ്ങളില്‍ എനിക്കായൊരു കത്തുമുണ്ടാവും. ഓരോ കത്തിലൂടെയും അവളുടെ ഹൃദയം ചിറക്‌ വിരിക്കുന്നത്‌, അവളുടെ ജാലകങ്ങള്‍ തുറക്കുന്നത്‌ മെല്ലെ അവള്‍ വളര്‍ന്ന്‌ തുടങ്ങുന്നത്‌ ഞാനറിയുന്നു. ഇന്ന്‌ ഈ കത്ത്‌ വായിക്കേ എന്റെ ഹൃദയം തകരാതെങ്ങനെ. ഓരോ പുസ്‌തകവും കൈകളിലെടുക്കുമ്പോള്‍ അക്ഷരങ്ങളുടെ തുടിപ്പും ടീച്ചറുടെ സ്‌നേഹത്തിന്റെ സ്‌പന്ദനവും ഞാനറിയുന്നുവെന്ന്‌ ഒറ്റപ്പെട്ടും മുരടിച്ചുംപോയ ആ വിരലുകള്‍ കുറിക്കവേ എന്റെ ഹൃദയം കരയാതെങ്ങനെ. അഴകും മിഴിവും തികഞ്ഞ ആട്ടിന്‍പറ്റങ്ങളില്‍ ആരും കാണാതെ പോയ എന്റെ മുടന്തനാട്ടിന്‍കുഞ്ഞ്‌, കൂട്ടുകാരെല്ലാം കുതിച്ചുചാടി പുതിയ പച്ചപ്പുകളിലേക്ക്‌ ചേക്കേറിയപ്പോള്‍ നീ മാത്രം നീ മാത്രമെന്തേ എന്റെ തണലിനെത്തേടിയെത്തി, ദുസ്സഹമൊരു വേദനയായ്‌ എന്നില്‍ നിറഞ്ഞ്‌ തളിക്കാനുള്ള ഊര്‍ജ്ജം എനിക്ക്‌ തരുന്നത്‌. പ്രപഞ്ചവും മനുഷ്യരും മയങ്ങുന്ന ഉച്ചനേരങ്ങളില്‍ തുറന്നിട്ട ജാലകങ്ങളെ പിടിതരാതെ പറക്കുന്ന സ്വപ്‌നങ്ങളെ വിറയ്‌ക്കുന്ന വിരല്‍ത്തുമ്പു കോണ്ട്‌ നീ തൊടുന്നത്‌ കാണേ എന്റെ ഹൃദയത്തിലുണരുന്ന വേദന നീയൊരിക്കലും അറിയാതിരിക്കട്ടെ.
നിശബ്ദ രോദനങ്ങള്‍: മാഗി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക