Image

വിദഗ്ധസംഘം നാളെ കൂടത്തായിയിലേക്ക്; കേസ് പഠിക്കാന്‍ ഐപിഎസ് ട്രെയിനികളും

Published on 12 October, 2019
വിദഗ്ധസംഘം നാളെ കൂടത്തായിയിലേക്ക്; കേസ് പഠിക്കാന്‍ ഐപിഎസ് ട്രെയിനികളും

കോഴിക്കോട്: കൂടത്തായി കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നാളെ എസ്പി ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുവാനായി കൂടത്തായിയിലെത്തും. ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരുമൊക്കെയുള്‍പ്പെടുന്ന സംഘമാണ് നാളെ എത്തുക. വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്കും റിപ്പോര്‍ട്ടിനും ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് ഫോറന്‍സിക് പരിശോധനക്ക് അയയ്ക്കുന്ന കാര്യം തീരുമാനിക്കുക.


കേരളത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയ ഈ കേസിനെ ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പത്ത് എഎസ്പിമാര്‍ക്കുള്ള പരിശീലനം വടകര റൂറല്‍ എസ്പി ഓഫീസില്‍ ആരംഭിച്ചുകഴിഞ്ഞു. ഉത്തരമേഖലാ റേഞ്ച് ഐജി അശോക് യാദവാണ് ക്ലാസെടുക്കുന്നത്. ട്രെയിനിംഗിന് എത്തിയവര്‍ക്ക് ജോളിയെ ചോദ്യം ചെയ്യുന്നത് നിരീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

അതേസമയം കൂടത്തായി കേസ് തെളിയിക്കുക എന്നത് പൊലീസിന് കടുത്ത വെല്ലുവിളിയാണെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് രാവിലെ പറഞ്ഞിരുന്നു. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. ആവശ്യമെങ്കില്‍ അന്വേഷണസംഘത്തില്‍ കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പൊന്നാമറ്റം വീട് സന്ദര്‍ശിച്ച ശേഷമാണ് ഡിജിപി ഇക്കാര്യം പറഞ്ഞത്.


രാവിലെ എട്ടരയോടെയാണ് ഡിജിപി പൊന്നാമറ്റത്തെ വീട്ടിലെത്തിയത്. ഐജി അശോക് യാദവ്, ഡിഐജി കെ സേതുരാമന്‍, അന്വേഷണ സംഘത്തെ നയിക്കുന്ന റൂറല്‍ എസ്പി കെ ജി സൈമണ്‍ എന്നിവരും ഡിജിപിക്കൊപ്പം ഉണ്ടായിരുന്നു. പത്ത് മിനിറ്റോളം വീടിനുളളില്‍ ചെലവഴിച്ച ഡിജിപി, കേസ് അന്വേഷണത്തിന്റെ പുരോഗതി ചോദിച്ചറിഞ്ഞു. താമരശേരി ഡിവൈഎസ്പി ഓഫീസിലും സന്ദര്‍ശനം നടത്തിയ ഡിജിപി വടകര റൂറല്‍ എസ്പി ഓഫീസില്‍ വച്ച്‌ കേസിന്റെ അന്വേഷണ പുരോഗമതി സംബന്ധിച്ച്‌ മാധ്യമങ്ങളോട് പ്രതികരിച്ചു.

പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആവശ്യമെങ്കില്‍ വിദേശത്ത് പരിശോധനകള്‍ നടത്താന്‍ കോടതിയുടെ അനുമതി തേടുമെന്നും ഡിജിപി പറഞ്ഞു.


റൂറല്‍ എസ്പി ഓഫീസില്‍ അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം വിളിച്ച ഡിജിപി കേസിന്റെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തു. മുഖ്യപ്രതി ജോളിയെ ഡിജിപി ചോദ്യം ചെയ്‌തെന്ന സൂചനകള്‍ പുറത്തുവന്നെങ്കിലും ഇതേക്കുറിച്ച്‌ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. റൂറല്‍ എസ്പി ഓഫീസില്‍ ജോളിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നും ചോദ്യം ചെയ്യുന്നുണ്ട്. രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരെ ഇന്ന് ചോദ്യം ചെയ്തിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക