Image

ശബരിമല എയര്‍പോര്‍ട്ട്: ടേക്കോഫിന് മുമ്പ് ടര്‍ബുലന്‍സ് (ശ്രീനി)

Published on 13 October, 2019
ശബരിമല എയര്‍പോര്‍ട്ട്: ടേക്കോഫിന് മുമ്പ് ടര്‍ബുലന്‍സ് (ശ്രീനി)
ചെറുതോ വലുതോ ആയിക്കോട്ടെ, കേരളത്തില്‍ ജനോപകാരപ്രദമായ ഒരു പൊതു പദ്ധതി ആവിഷ്കരിക്കപ്പെടുമ്പോള്‍ അതിന്റെ ആരംഭഘട്ടത്തില്‍ തന്നെ വിവാദങ്ങളും പൊട്ടിപ്പുറപ്പെടാറുണ്ട്. അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് വിദേശമ ലയാളികള്‍ക്ക് പ്രയോജനമാവുന്നതും മധ്യകേരളത്തിന്റെ വികസനത്തിന് വഴിമരുന്നിടുന്നതുമായ നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തിലും ചരിത്രം ആവര്‍ത്തിക്കുന്നുവെന്നാണ് മനസിലാക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് നെടുമ്പാശേരി വിമാനത്താവളത്തിന്റെ നിര്‍മാണത്തുടക്കത്തിലും വിവാദകോലാഹലങ്ങളും എതിര്‍പ്പ് വിളികളും ഉയര്‍ന്നിരുന്നു.

1990കളുടെ തുടക്കകാലത്ത് നിലവിലുണ്ടായിരുന്ന നേവിയുടെ കൊച്ചി എയര്‍പോര്‍ട്ട്  വികസനത്തിനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍  പങ്കെടുക്കാന്‍ ഡല്‍ഹിക്ക് പോയ അന്നത്തെ എറണാകുളം കളക്ടര്‍ വി.ജെ കുര്യനാണ് ഒരുപാട് എതിര്‍പ്പുകളെ അതിജീവിച്ച് നെടുമ്പാശേരി എയര്‍പോര്‍ട്ടിന്റെ പൂര്‍ത്തീകരണത്തിന് ഇഛാശക്തിയോടെ നേതൃത്വം നല്‍കിയത്. ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമാണിത്. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സോളാര്‍ വിമാനത്താവമെന്ന പ്രത്യേകതയുമുണ്ട്. 1999 മേയ് 25നാണ് പ്രവര്‍ത്തനമാരംഭിച്ചത്. മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഏഴാമതും അന്തര്‍ദേശീയ യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ നാലാമതുമാണ് ഈ  വിമാനത്താവളം. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയിലേയ്ക്ക് ടേക്ക്ഓഫ് ചെയ്തുകഴിഞ്ഞല്ലോ.

നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്ക് കോടതിയില്‍ പണം കെട്ടിവെച്ച്, ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമുള്ള  ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മുന്നണിക്കുള്ളില്‍ത്തന്നെ അതൃപ്തി ഉയര്‍ന്നിരിക്കുകയാണിപ്പോള്‍. പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും റവന്യൂവകുപ്പ് കൈവശമുള്ള സി.പി.ഐക്ക് തന്നെ ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ട്. സ്വന്തം ഭൂമിയേറ്റെടുക്കാന്‍ എന്തിനാണ് സര്‍ക്കാര്‍ പണം കെട്ടിവെക്കുന്നതെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ഭൂമിയുടെ ഉടമാവകാശത്തില്‍ സര്‍ക്കാരിനു സംശയമുണ്ടെന്ന ധ്വനിയാണ് കോടതിയില്‍ പണം കെട്ടിവെക്കുന്നതിലൂടെ വരുന്നതെന്ന് സി.പി.ഐ കരുതുന്നു. ഉടമാവകാശം ബിലീവേഴ്‌സ് ചര്‍ച്ചിനാണെന്ന് കോടതി പറഞ്ഞാല്‍ കെട്ടിവക്കുന്ന പണം അവര്‍ക്കു നല്‍കി മാത്രമേ ഭൂമിയേറ്റെടുക്കാന്‍ കഴിയൂ.

ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഹാരിസണ്‍ ഭൂമികള്‍ ആരുടേതെന്ന് സുപ്രീംകോടതി വിധിച്ചിരുന്നില്ല. ഐ.എ.എസ് ഓഫീസര്‍ ഭൂമിയേറ്റെടുത്തത് ചട്ടവിരുദ്ധമാണെന്നും സിവില്‍ കേസ് വഴി സ്ഥലമേറ്റെടുക്കണമെന്നുമാണ് കോടതി നിരീക്ഷിച്ചത്. ഭൂമി സര്‍ക്കാരിന്റേതാണെന്ന് റവന്യൂമന്ത്രി തന്നെ വ്യക്തമാക്കുമ്പോഴും സംശയ സൂചനവെച്ച് കോടതിയില്‍ പണം കെട്ടിവെക്കുന്നതെന്തിനെന്ന് സര്‍ക്കാരിനും വിശദീകരിക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഭൂമിയുടെ ഉടമാവകാശം സുപ്രീംകോടതി നിശ്ചയിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വന്തം ഭൂമിയുടെ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ പരിസ്ഥിതി പ്രവര്‍ത്തകരും വിമര്‍ശിച്ചിട്ടുണ്ട്. വഞ്ഞിപ്പുഴ മഠത്തിന്റെ കൈവശമായിരുന്ന ചെറുവള്ളി ഭൂമി ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന സമയത്ത് സര്‍ക്കാര്‍ പണം കൊടുത്ത് വാങ്ങിയതാണ്. അതേ സ്ഥലം പണം കൊടുത്ത് ഏറ്റെടുക്കേണ്ടിവരുന്ന സാഹര്യമാണ് വിമര്‍ശിക്കപ്പെടുന്നത്.

എന്നാല്‍ വിമാനത്താവള പദ്ധതിയുമായി സര്‍ക്കാര്‍ നീങ്ങുമ്പോള്‍ ഭൂമിക്കേസുമായി മുന്നോട്ടു പോകാന്‍ ഉറച്ചിരിക്കുകയാണ് സി.പി.ഐ ഭരിക്കുന്ന റവന്യുവകുപ്പ്. ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളമെന്ന ആശയം നിലനില്‍ക്കുന്നതിനാല്‍ സിവില്‍ കേസിനു പോകുമോയെന്ന കാര്യത്തില്‍ തീര്‍ച്ചയുണ്ടായിരുന്നില്ല. കോട്ടയം കളക്‌ട്രേറ്റില്‍ കേസിനുള്ള ഭൂമി വിവരങ്ങളും രേഖകളും തയ്യാറാക്കിവെച്ചിരിക്കുകയായിരുന്നു. റവന്യൂ മേധാവികള്‍ നിര്‍ദേശം നല്‍കിയതോടെ ഇതിന്റെ ഫയല്‍ നിയമവകുപ്പിനു കൈമാറിയിട്ടുണ്ട്. ചെറുവള്ളിയടക്കം എല്ലാ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളും ഏറ്റെടുക്കാനുള്ള കേസുകള്‍ ഉടന്‍ ഫയല്‍ ചെയ്യുമെന്നാമറിയുന്നത്.

""തോട്ടങ്ങള്‍ ആരുടെയും ജന്മാവകാശമല്ല. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടം സര്‍ക്കാരിന്റേതു തന്നെയാണ്. സുപ്രീംകോടതി നിര്‍ദേശപ്രകാരം സിവില്‍ കോടതികളില്‍ ഉടമാവകാശം സ്ഥാപിക്കാന്‍ പോവുകയാണ്. എല്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. തര്‍ക്കമുള്ള ഭൂമി ഏറ്റെടുക്കാനും ഒരു തടസ്സവുമില്ല...'' റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറയുന്നു. ""പണം കോടതിയില്‍ കെട്ടിവെക്കുമെന്നു പറയുന്നതിലൂടെ ഭൂമി തര്‍ക്കമുള്ളതാണെന്നു സര്‍ക്കാര്‍ തന്നെ വരുത്തുകയാണ്. ഇതു സര്‍ക്കാര്‍ ഭൂമിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചെറുവള്ളിയില്‍ ഭൂമിയേറ്റെടുക്കേണ്ട കാര്യം തന്നെയില്ല. സ്വന്തം ഭൂമി എന്തിനാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്..?'' ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന്റെ മുന്‍ പ്രത്യേക അഭിഭാഷക സുശീലാ ഭട്ട് ചോദിക്കുന്നു. 

വിമാനത്താവള വിഷയത്തില്‍ ഇനി ശ്രദ്ധ കേന്ദ്രസര്‍ക്കാരില്‍ കേന്ദ്രീകരിക്കുകയാണ്. വിമാനത്താവളം സ്ഥാപിക്കുന്നതില്‍ മോദി സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമാണ്. പ്രധാന പട്ടണങ്ങളില്‍ ചെറുവിമാനത്താവളങ്ങള്‍ വേണമെന്ന നയമാണ് വ്യേമയാന മന്ത്രാലയത്തിനുള്ളത്. എന്നാലും ബി.ജെ.പിയുടെ രാഷ്ട്രീയതീരുമാനവും പ്രധാനമാണ്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്ക്, സംസ്ഥാനം സ്ഥലമേറ്റെടുത്ത് അതിന്റെ വിശദാംശങ്ങള്‍ നല്‍കണം. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പദ്ധതിയില്‍ പ്രധാനമാണ്. ഇതിനു മുന്നോടിയായി അംഗീകൃത ഏജന്‍സി പരിസ്ഥിതി പരിസ്ഥിതിയാഘാത പഠനം നടത്തണം. സൂമൂഹികാഘാത പഠനവും വേണ്ടിവരും.

എരുമേലിക്ക് ഏറ്റവുമടുത്തുള്ള കൊച്ചി നാവിക കേന്ദ്രത്തിന്റെ അംഗീകാരവും അനിവാര്യം. അവര്‍ സുരക്ഷാപരമായ വിശകലനം നടത്തും. വിമാനങ്ങള്‍ ഉയരുന്നതിന്റെ ദിശയടക്കമുള്ള കാര്യങ്ങളില്‍ നാവികസേനയുടെയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും തീരുമാനമാണു പ്രധാനം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദിഷ്ട പദ്ധതിക്കു സമീപമുള്ള ഉയര്‍ന്ന സ്ഥലങ്ങള്‍, മരങ്ങല്‍, മറ്റു തടസ്സങ്ങള്‍ എന്നിവ കണ്ടെത്തി നീക്കേണ്ടതുണ്ടെങ്കില്‍ അറിയിക്കും. 1.83 ഹെക്ടര്‍ സ്ഥലം എരുമേലി-ചേനപ്പാടി റോഡിന്റെ ഭൂമിയാണ്. 914.43 ഹെക്ടര്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ (ബിലീവേഴ്‌സ് ചര്‍ച്ച്) കൈവശവും കൃഷി റബ്ബറാണ്. എസ്റ്റേറ്റ് ഓഫീസുകള്‍, ലയങ്ങള്‍, ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം ദേവാലയങ്ങള്‍ എന്നിവയും ഇതിലുണ്ട്. നാല് ആരാധനാലയങ്ങളാണുള്ളത്.

വസ്തു ഭൂരിഭാഗം സമതലവും, ബാക്കി കുന്നുമാണ്. സംസ്ഥാന, ദേശീയപാതകളുടെ സാമീപ്യം ഗുണകരമാണ്. തിരുവനന്തപുരം - എരുമേലി  ദൂരം 135 കിലോമീറ്ററും നെടുമ്പാശ്ശേരിക്ക് 110 കിലോമീറ്ററുമാണ്. കോട്ടയത്തിന് 58 കിലോമീറ്റര്‍. പമ്പയ്ക്ക് 45 കിലോമീറ്ററും. ഭൂമി സംബന്ധിച്ച് ബിലിവേഴ്‌സ് ചര്‍ച്ചുമായാണ് സര്‍ക്കാരിന് കേസുള്ളത്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടാനുള്ള നടപടിയുമായിമുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. ഹൈക്കോടതിവിധിയനുസരിച്ച് ഇതിനായി സിവില്‍ കോടതിയെ സമീപിക്കാനാകുമെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടിയാലേ തുടര്‍നടപടികളിലേക്കു നീങ്ങാനാകൂ. ഇതിനായി കോടതികയറേണ്ടി വരുന്നതോടെ പരിസ്ഥിതിയനുമതി നേടുന്നതടക്കമുള്ള തുടര്‍നടപടികള്‍ക്കു താമസം വരും.

ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് ശബരിമല വിമാനത്താവളം നിര്‍മിക്കാമെന്ന നിര്‍ദേശം ഗതാഗതവകുപ്പാണ് മുന്നോട്ടു വെച്ചത്. ഈ നിര്‍ദേശം ഔദ്യോഗികമായി ലഭിക്കുന്നമുറയ്ക്ക് സിവില്‍ കോടതിയെ സമീപിക്കാനാണ് റവന്യൂവകുപ്പിന്റെ തീരുമാനം. ഹാരിസണ്‍ മലയാളത്തിന് പാട്ടത്തിനു നല്‍കിയിരുന്ന ഭൂമി തിരുവല്ല ആസ്ഥാനമായ ബിലീവേഴ്‌സ് ചര്‍ച്ചിന് അവര്‍ മറിച്ചു വില്‍ക്കുകയായിരുന്നു. ഈ ഭൂമിയുടെ യഥാര്‍ഥ ഉടമ സര്‍ക്കാരാണെന്നാണ് റവന്യൂവകുപ്പ് പറയുന്നത്.

ഇതിനിടെ ചെറുവള്ളി എസ്റ്റേറ്റിന്റെ എരുമേലി തെക്ക് വില്ലേജിന്റെ പരിധിയിലുള്ള ഭൂമിയുടെ നികുതി വില്ലേജധികൃതര്‍ കണക്കു കൂട്ടി, 21,35.000 രൂപയാണ് നികുതിയിനത്തില്‍ ഒടുക്കേണ്ടത്. 5,94,384 രൂപ പലിശയും ചേര്‍ത്ത് 27,29,384 രൂപയാണ് കണക്കാക്കിയിരിക്കുന്നതെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞു. 2009-2010 സാമ്പത്തികവര്‍ഷം മുതല്‍ 2019-2010 വരെ 11 വര്‍ഷത്തെ നികുതിയാണിത്. 281, 283 സര്‍വേ നമ്പറിലായി 854 ഹെക്ടര്‍ (2109.38 ഏക്കര്‍) ഭൂമിയാണ് എരുമേലി തെക്ക് വില്ലേജിന്റെ പരിധിയിലുള്ളത്. ബാക്കി മണിമല വില്ലേജിന്റെ പരിധിയിലാണ്. കഴിഞ്ഞ ദിവസം എസ്റ്റേറ്റ് മാനേജ്‌മെന്റ് പ്രതിനിധികള്‍ എരുമേലി തെക്ക് വില്ലേജ് ഓഫീസിലെത്തി നികുതിവിവരങ്ങള്‍ ശേഖരിച്ചിരുന്നു.

അതേസമയം ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് വത്തങ്ങള്‍ പറഞ്ഞു. എസ്റ്റേറ്റില്‍ വിമാനത്താവളം വരുന്നെന്ന് വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയാണ് സഭ അറിഞ്ഞത്. സര്‍ക്കാര്‍ സഭയുമായി ബന്ധപ്പെട്ടിട്ടില്ല. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത സഭയ്ക്കാണ്. ഇതുസംബന്ധിച്ച് ഒരു കേസും ഒരു കോടതിയിലും നിലവിലില്ല. കേരള ഹൈക്കോടതിയും സുപ്രീംകോടതിയും കേസുകള്‍ക്ക് തീര്‍പ്പുകല്പിച്ചിട്ടുള്ളതാണ്. സര്‍ക്കാരിന്റെ വാദങ്ങളെല്ലാം കോടതികള്‍ തള്ളിയതാണ്. സഭ സര്‍ക്കാരിനോ വികസനപ്രവര്‍ത്തനങ്ങള്‍ക്കോ എതിരല്ല. കോടതിവിധിയുടെ അന്തസത്ത ഉള്‍ക്കൊണ്ടുള്ള ഏതു പ്രവര്‍ത്തനത്തിനും സഭയുടെ സഹകരണമുണ്ടാകും. സര്‍ക്കാരിന്റെ മുമ്പോട്ടുള്ള നടപടിക്രമങ്ങളുടെ ഔദ്യോഗികമായ അറിയിപ്പ് കിട്ടുന്നതനുസരിച്ച് സിനഡ് ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് പി.ആര്‍.ഒ. ഫാ.സിജോ പന്തപ്പള്ളില്‍ അറിയിച്ചു.

ഏതായാലും തടസവാദങ്ങള്‍ ടേക്ക് ഓഫ് ചെയ്‌തെങ്കിലും നെടുമ്പാശേരി എയര്‍പോര്‍ട്ട് ഇന്ന് വിദേശ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്നു. രാഷ്ട്രീയ-ഉദ്യോഗസ്ഥ-കരാര്‍-കമ്മീഷന്‍ ലോബിയുടെ സാമ്പത്തിക ആര്‍ത്തിയിലാണ് പല മോഹ പദ്ധതികളും കടലാസിലൊതുങ്ങി ചരമമടയുന്നത്. എന്നാല്‍ ഇഛാശക്തിയുള്ള ജനക്ഷേമ, വികസനതല്‍പരരായുള്ള ഭരണകര്‍ത്താക്കള്‍ക്ക് കാര്യങ്ങള്‍ വിഭാവനം ചെയ്തപോലെ തന്നെ നടപ്പാക്കാനാവും. അഴിമതി വിരുദ്ധപ്രതിജ്ഞ ചൊല്ലി അധികാരത്തിലെത്തിയ ഇടതുമുന്നണി സര്‍ക്കാരിന് തീര്‍ത്തും സുതാര്യമായ ഇടപെടലുകളിലൂടെ ശബരിമല വിമാനത്താവളം  സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവുമോ എന്നറിയില്ല. കാരണം ഈ സര്‍ക്കാരിന് ഇനി ഒന്നരവര്‍ഷത്തെ കാലാവധി മാത്രമേയുള്ളു, പിണറായി സര്‍ക്കാരിന് ഭരണ തുടര്‍ച്ച കിട്ടുമോ എന്നിപ്പോള്‍ പ്രവചിക്കാനാവില്ല. ഇനി അധികാരത്തില്‍ വരുന്നത് ഏത് മുന്നണിയായാലും അവര്‍ക്കായിരിക്കും ശബരിമല വിമാനത്താവളം പറക്കലിന് ഒരുക്കിത്തീര്‍ക്കാനുള്ള നിയോഗം.

Join WhatsApp News
എല്ലാം ശരണമായം 2019-10-13 15:47:11
ഈ പ്ലെയിൻ  ആണുങ്ങൾ അയ്യപ്പന്മാർക്ക് വേണ്ടി മാത്രം. അയ്യപ്പൻ പൈലറ്റ് , അയ്യപ്പൻ ഹയർഹോസ്റ്റസ് ,എയർപോർട്ടിന്റെ പേര് 'ശരണം അയ്യപ്പ' , പ്ലെയിനിന്റെ പേര് 'സ്വാമി ശരണം ' പ്ലെയിനിൽ ശരവണപ്പായസം മാത്രം 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക