Image

“കൗമാരഛിദ്രം” (കവിത: മഞ്ജുള ശിവദാസ്)

Published on 13 October, 2019
“കൗമാരഛിദ്രം” (കവിത: മഞ്ജുള ശിവദാസ്)
മോഹങ്ങള്‍ കിളിര്‍ക്കും മുന്‍
പു മുറിച്ചൊരു ചില്ലയിതാ,
വിറകായെരിയുന്നൊരടു
പ്പിലതാര്‍ക്കെന്നറിയാതെ.

പ്രേതപ്പുക പൊന്തുമടുപ്പി
ന്നോരത്താകെയതാ,
കരിവാരിയുടുത്തൊഴുകു
ന്നതുനിണമോ കണ്ണീരോ.

കനവിന്‍ ചാപിള്ളകളെ
രിയുമടുപ്പിന്നരികത്തായ്,
മറ്റാരോ വെട്ടിയുണക്കിയ
വിറകുകണക്കൊരുവള്‍.

നോവേറുന്നോര്‍മ്മകളുലയി
ലുരുക്കി രചിയ്ക്കാനായ്,
അഴലലകളുലച്ചൊരു
ജീവിതനൗകയിലെത്തിയവള്‍.

മോഹങ്ങള്‍ മുളയ്ക്കാനറി
വിന്നര്‍ക്കനുദിയ്‌ക്കേണം,
ലക്ഷ്യക്കതിര്‍ വിളയാനകമേ
പുലരൊളി തഴുകേണം.

പെണ്‍കുഞ്ഞിനുഷസ്സു
നിഷേധിച്ചൂറ്റം കൊള്ളുന്നോര്‍,
കൂരിരുളിന്‍ കാണാക്കയമതി
ലവളെയുപേക്ഷിച്ചോര്‍.

ഉടമ്പടിയിലുടക്കിയവള്‍
ക്കോ, നഷ്ടം കൗമാരം.
ഉത്തരവാദിത്വമൊഴിച്ചവ
രുത്തമ രക്ഷകരായ്.

ഒരുപാതിയുണങ്ങിയ ചില്ല
തളിര്‍ത്തുവരുന്നതുപോല്‍,
കൗമാരഛിദ്രത്തിന്നിര
യിനിയുമുയിര്‍ക്കുന്നു.

ഭാസുരമൊരുഭാവിപ്പിറ
യവള്‍ സ്വപ്നം കണ്ടിട്ടോ,
അഴകൂറും നിനവിന്‍മൊട്ടു
കളിന്നിനു ചാര്‍ത്തുന്നു.

ഇതുവരെയുള്ളഴലുകളെല്ലാ
മിന്നലെകള്‍ക്കേകുകിലും,
നിനവുകളായ് നിറയണമനു
ഭവമുരവംകൊണ്ടുയരാന്‍.

കതിരേതതില്‍ പതിരേതെ
ന്നതറിഞ്ഞു കരേറാനായ്,
കാതര്യമതേകിയ പതനം
കനലായെരിയട്ടെ.

കണ്ണീരിലണഞ്ഞാലോ
മിഴിയറിയരുതൊരുനോവും.
അനുഭവഗുരുവേകിയ നോവു
കളറിവുകളായേയ്ക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക