Image

മുതലക്കണ്ണീരൊഴുക്കുന്നവര്‍ മുത്തലാക്കഖും, ആര്‍ട്ടിക്കിള്‍ 370ഉം തിരിച്ചുകൊണ്ടുവരുമോ: മോഡി

Published on 13 October, 2019
മുതലക്കണ്ണീരൊഴുക്കുന്നവര്‍ മുത്തലാക്കഖും, ആര്‍ട്ടിക്കിള്‍ 370ഉം തിരിച്ചുകൊണ്ടുവരുമോ: മോഡി
ന്യൂഡല്‍ഹി: മുത്തലാഖും ആര്‍ട്ടിക്കിള്‍ 370ഉം തിരിച്ചുകൊണ്ടുവരുമോയെന്ന് പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.. . . മുതലക്കണ്ണീരൊഴുക്കി ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്ന നേതാക്കള്‍ കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുമോയെന്നു പ്രധാനമന്ത്രി ചോദിച്ചു. മഹാരാഷ്ട്രയിലെ ജാല്‍ഗണില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി കോണ്‍ഗ്രസ്, എന്‍സിപി നേതാക്കളെ വെല്ലുവിളിച്ചത്.

“ഞാനവരെ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെയും ഭാവിയിലെ തിരഞ്ഞെടുപ്പിന്റെയും പ്രകടന പത്രികയില്‍, മോദി സര്‍ക്കാര്‍ ഓഗസ്റ്റ് 5ന് എടുത്തു കളഞ്ഞ ആര്‍ട്ടിക്കിള്‍ 370, 35 എന്നിവ പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം നല്‍കൂ,” മോദി പറഞ്ഞു. മുതലക്കണ്ണീര്‍ ഒഴുക്കുന്നത് നിര്‍ത്തണമെന്നും മോദി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യാനും ഓഗസ്റ്റ് 5 ന് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച മോദി, നാലുമാസത്തിനുള്ളില്‍ താഴ്‌വര സാധാരണ നിലയിലേക്ക് മടങ്ങിവരുമെന്നും ഉറപ്പുനല്‍കി. “40 വര്‍ഷമായി അവിടെ നിലനിന്നിരുന്ന അവസ്ഥ സാധാരണ നിലയിലാക്കാന്‍ നാല് മാസത്തില്‍ കൂടുതല്‍ എടുക്കില്ല,” അദ്ദേഹം ഉറപ്പ് നല്‍കി.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായ ആക്രമണം ശക്തമാക്കിയ മോദി ഈ വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ചു.

കാശ്മീരില്‍ ഭീകരതയും വിഘടന വാദവും മാത്രമാണുള്ളത്. കാശ്മീരില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ അയല്‍രാജ്യം ശ്രമിക്കുകയാണ്. എത്രയും പെട്ടെന്ന് കശ്മീരിനെ സാധാരണരീതിയിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുത്തലാഖ് വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ പ്രധാനമന്ത്രി വിമര്‍ശിച്ചു. മുസ്ലീം സഹോദരിമാര്‍ക്ക് നീതി ലഭിച്ചത് പ്രതിപക്ഷത്തിന് കാണാന്‍ സാധിക്കുന്നില്ലെന്ന് മോദി പറഞ്ഞു.മുസ്ലീം അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും നല്‍കിയ വാഗ്ദാനം താന്‍ പാലിച്ചുവെന്നു പറഞ്ഞ മോദി മുത്തലാഖ് സമ്പ്രദായം തിരികെ കൊണ്ടുവരാനും പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക