Image

ഗാന്ധിജി ‘ആത്മഹത്യ’ ചെയ്‌തെന്ന് പരീക്ഷയില്‍ ചോദ്യം: അന്വേഷണം ആരംഭിച്ചു.

Published on 13 October, 2019
ഗാന്ധിജി ‘ആത്മഹത്യ’ ചെയ്‌തെന്ന് പരീക്ഷയില്‍ ചോദ്യം: അന്വേഷണം ആരംഭിച്ചു.
അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ‘ആത്മഹത്യ’ ചെയ്തത് എങ്ങനെയെന്ന് ഗുജറാത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ പരീക്ഷയില്‍ ചോദ്യം. സുഫലാം ശാലാ വികാസ് ശാന്‍ഗൂലിന്റെ കീഴില്‍ 9–ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പരീക്ഷയിലെ ചോദ്യമാണു വിവാദമായത്. ഇതേ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.

ഗാന്ധിനഗറില്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വാശ്രയ സ്കൂളുകളുമാണ് സുഫലാം ശാലാ വികാസ് ശാന്‍ഗൂലിന്റെ പരിധിയില്‍ വരുന്നത്. മദ്യവില്‍പന കൂടിവരുന്ന സാഹചര്യത്തിലും മദ്യക്കടത്തുകാരുടെ ശല്യത്തെക്കുറിച്ചും ജില്ലാ പൊലീസ് മേധാവിക്കു കത്തെഴുതാമോയെന്നും ചോദ്യമുണ്ട്. 12–ാം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷയിലാണ് ഈ ചോദ്യമുള്ളത്. മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ഇത്തരമൊരു ചോദ്യം പരീക്ഷയില്‍ ഉള്‍പ്പെടുത്തിയതും വിവാദമായി.

ശനിയാഴ്ചയാണ് ചില സ്വാശ്രയ സ്കൂളുകളില്‍ നടത്തിയ പരീക്ഷയില്‍ ഇത്തരം ചോദ്യങ്ങള്‍ ഉള്‍പ്പെട്ടതെന്ന് അധികൃതരും സ്ഥിരീകരിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്നും ഗാന്ധിനഗര്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഭാരത് വധേര്‍ പ്രതികരിച്ചു. പരീക്ഷയ്ക്കായുള്ള ചോദ്യങ്ങള്‍ സ്കൂള്‍ മാനേജ്‌മെന്റാണു തയാറാക്കുന്നതെന്നാണ് അധികൃതരുടെ നിലപാട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക