Image

സ്വപ്‌ന സാഫല്യം പദ്ധതി പ്രവാസികളോടുള്ള യുഡിഎഫ്‌ സര്‍ക്കാരിന്‍െറ പ്രതിബദ്ധത: മന്ത്രി എ.പി അനില്‍കുമാര്‍

Published on 09 May, 2012
സ്വപ്‌ന സാഫല്യം പദ്ധതി പ്രവാസികളോടുള്ള യുഡിഎഫ്‌ സര്‍ക്കാരിന്‍െറ പ്രതിബദ്ധത: മന്ത്രി എ.പി അനില്‍കുമാര്‍
റിയാദ്‌: കേരളത്തിലെ ഉമ്മന്‍ ചാണ്‌ടിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി സര്‍ക്കാരിന്‌ പ്രവാസി മലയാളികളോടുള്ള പ്രതിബദ്ധതക്ക്‌ മകുടോദാഹരണമാണ്‌ ഈയിടെ നോര്‍ക്കയുടേയും പ്രവാസി മലയാളി വ്യവസായികളുടേയും സഹകരണത്തോടെ സൗദി അറേബ്യയില്‍ നടപ്പാക്കിയ സ്വപ്‌ന സാഫല്യം പദ്ധതിയെന്നും താമസിയാതെ ഇത്‌ മുഴുവന്‍ ഗള്‍ഫ്‌ നാടുകളിലേക്കും വ്യാപിപ്പിക്കാനാണ്‌ സര്‍ക്കാരിന്‍െറ ശ്രമമെന്നും കേരള ടൂറിസം വകുപ്പ്‌ മന്ത്രി എ.പി അനില്‍ കുമാര്‍ പറഞ്ഞു.

ഔദ്യോഗിക സന്ദര്‍ശനാര്‍ഥം സൗദി അറേബ്യയിലെത്തിയ മന്ത്രി, റിയാദിലെ മലസ്‌ ജയിലില്‍ നിന്നും ശിക്ഷാ കാലാവധി കഴിഞ്ഞു പോകുന്ന മലപ്പുറം ജില്ലയില്‍ നിന്നുള്ള രണ്‌ട്‌ പേര്‍ക്ക്‌ സ്വപ്‌ന സാഫല്യം പദ്ധതിയില്‍ ഐ.ടി.എല്‍ വേള്‍ഡ്‌ നല്‍കുന്ന കോഴിക്കോട്ടേക്കുള്ള എയര്‍ ടിക്കററുകള്‍ നോര്‍ക്ക റൂട്ട്‌സിന്‍േറയും കേരള ടൂറിസം വകുപ്പിന്‍േറയും സെക്രട്ടറി ടി.കെ മനോജ്‌ കുമാറിന്‌ കൈമാറിക്കൊണ്‌ട്‌ സംസാരിക്കുകയായിരുന്നു. ഒട്ടേറെ സ്വപ്‌നങ്ങളുമായി ഗള്‍ഫ്‌ നാടുകളിലെത്തുകയും പല കാരണങ്ങളാല്‍ ജയിലിലകപ്പെടുകയും ചെയ്യുന്ന പ്രവാസികള്‍ക്ക്‌ തിരികെ നാടണയാന്‍ എല്ലാം ശരിയായിട്ടും ഒരു എയര്‍ ടിക്കററിന്‍െറ പണമില്ലാത്തത്‌ മൂലം അനിശ്‌ചിതത്വത്തിലാകുമ്പോഴാണ്‌ സ്വപ്‌ന സാഫല്യം പദ്ധതി സഹായഹസ്‌തം നീട്ടുന്നത്‌. മാനുഷിക പരിഗണനയും സഹജീവി സ്‌നേഹവും മാത്രം മുന്‍നിര്‍ത്തി ഐ.ടി.എല്‍ ഇറാം ഗ്രൂപ്പുകളുടെ സി.എം.ഡി സിദ്ദീഖ്‌ അഹമ്മദ്‌ കേരള സര്‍ക്കാരിന്‍െറ അഭ്യര്‍ത്ഥന മാനിച്ച്‌ പ്രവാസി മലയാളികള്‍ക്ക്‌ നല്‍കുന്ന ഈ സാന്ത്വന സ്‌പര്‍ശം ഏറെ ഉപകാരപ്രദമാണെന്നും മന്ത്രി പറഞ്ഞു.

റിയാദിലേയും ദമാമിലേയും ജിദ്ദയിലേയും കോ ഓര്‍ഡിനേററര്‍മാര്‍ വഴി ലഭിക്കുന്ന അപേക്ഷകളില്‍ നോര്‍ക്കയുടെ അംഗീകാരം ലഭിച്ചതിന്‌ ശേഷമാണ്‌ ജയിലിലുള്ളവര്‍ക്ക്‌ ഐ.ടി.എല്‍ ടിക്കററ്‌ നല്‍കുന്നത്‌. ഇതിനകം റിയാദില്‍ നിന്നു മാത്രം പതിമൂന്ന്‌ പേര്‍ക്ക്‌ ഐ.ടി.എല്‍ ടിക്കററ്‌ നല്‍കിയിട്ടുണ്‌ട്‌. എംബസിയില്‍ നിന്നും ഔട്ട്‌പാസ്സ്‌ ലഭിച്ച്‌ എക്‌സിററ്‌ വിസ പ്രതീക്ഷിച്ച്‌ നില്‍ക്കുന്ന കുറച്ച്‌ പേരുടെ അപേക്ഷകള്‍ പരിഗണനയിലാണ്‌. ഇന്ന്‌ നാട്ടിലെത്തുന്ന മലപ്പുറം പുത്തന്‍പള്ളി സ്വദേശി മുഹമ്മദ്‌ ഫിറോസ്‌ ഖാനും വ്യാഴാഴ്‌ച നാട്ടിലേക്ക്‌ പോകുന്ന മലപ്പുറം കണ്ണംവെട്ടിക്കാവ്‌ സ്വദേശി അമ്പലത്തില്‍ കുളങ്ങരശ്ശേരി മുഹമ്മദ്‌ അബ്ബാസിനുമുള്ള എയര്‍ ടിക്കററുകളാണ്‌ മന്ത്രി അനില്‍ കുമാര്‍ കൈമാറിയത്‌.

ഐ.ടി.എല്‍ വേള്‍ഡ്‌ റിയാദ്‌ ഹെഡ്‌ ഓഫീസില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക സൗദി കണ്‍സല്‍ട്ടന്‍റ്‌ ഷിഹാബ്‌ കൊട്ടുകാട്‌, ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി അബ്‌ദുള്ള വല്ലാഞ്ചിറ, ഉമര്‍ ഫാറൂഖ്‌, ഐ.ടി.എല്‍ പ്രതിനിധികളായ സി.പി സക്കീര്‍ ഹുസൈന്‍, ഷക്കീബ്‌ കൊളക്കാടന്‍, അഹമദ്‌ മീരാന്‍, അബ്‌ദുള്ള അല്‍ ശമ്മരി, അഹമദ്‌ അല്‍ ഹാരിദി, ഇറാം ഗ്രൂപ്പ്‌ ഇന്നവേഷന്‍സ്‌ മാനേജര്‍ ബിജോയ്‌ ഡി. ദാസ്‌ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
സ്വപ്‌ന സാഫല്യം പദ്ധതി പ്രവാസികളോടുള്ള യുഡിഎഫ്‌ സര്‍ക്കാരിന്‍െറ പ്രതിബദ്ധത: മന്ത്രി എ.പി അനില്‍കുമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക