Image

സ്‌റ്റോക് ഓണ്‍ ട്രെന്‍ഡില്‍ ഗാന വസന്തം തീര്‍ത്ത് ഗന്ധര്‍വ ഗായകന്‍

Published on 14 October, 2019
സ്‌റ്റോക് ഓണ്‍ ട്രെന്‍ഡില്‍ ഗാന വസന്തം തീര്‍ത്ത് ഗന്ധര്‍വ ഗായകന്‍


സ്‌റ്റോക്ക് ഓണ്‍ ട്രെന്റ്: 2019 ഒക്ടോബര്‍ പതിമൂന്നിനു സ്‌റ്റോക് ഓണ്‍ ട്രെന്‍ഡിലെ കിങ്‌സ് ഹാളില്‍ ഇന്നലെ മലയാളത്തിന്റെ ഗന്ധര്‍വ ഗായകന്‍ ഡോ. കെ. ജെ യേശുദാസ് നടത്തിയ സംഗീത വിരുന്ന് മലയാളികള്‍ക്ക് മാത്രമല്ല ,തമിഴും, തെലുങ്കും,കന്നഡയും ,ശ്രീലങ്കന്‍ വംശജരും ഒക്കെയായി ആരാധക വൃന്ദത്തെ ജന്മ പുണ്യം പോലൊരു അനുഭവമാണ് സമ്മാനിച്ചത് .

യുകെ ഇവന്റ് ലൈഫ് സംഘാടകരായ നോര്‍ഡി ജേക്കബിനും, സുദേവ് കുന്നത്തിനും തങ്ങളുടെ മാസങ്ങളുടെ പരിശ്രമത്തിന് ഫലം കണ്ട സന്തോഷവും .വിവിധ സംസ്ഥാന ങ്ങളില്‍നിന്നുള്ള ആസ്വാദകര്‍ ഉണ്ടായിരുന്നതിനാല്‍ പതിവ് 'ഇടയ കന്യകക്കു ' പകരം ഗണേശ സ്തുതികളോടെ ആണ് ഗാനമേള ആരംഭിച്ചത്. തുടര്‍ന്ന് മതമൈത്രിയുടെ സന്ദേശവുമായി ക്രിസ്ത്യന്‍ ,ഹിന്ദു , മുസ്ലിം പാട്ടുകളുടെ ഒരു മെഡ് ലെ , തുടര്‍ന്ന് ഏഴു ദശകങ്ങളായി മലയാളിയുടെ സുഖ ദുഖങ്ങളില്‍ നിഴല്‍ പോലെ പിന്തുടരുന്ന ഗന്ധര്‍വ്വനാദം കിങ്‌സ് ഹാളില്‍ അലയടിക്കുകയായിരുന്നു . പ്രിയ സുഹൃത്ത് രവീന്ദ്രന്‍ മാസ്റ്ററെ അനുസ്മരിച്ചുകൊണ്ട് പാടിയ തേനും വയമ്പും മുതല്‍, ഹരിവരാസനം വരെ നീണ്ട നാലര മണിക്കൂര്‍ ഓരോ ശ്രോതാവിനേയും സംഗീതത്തിന്റെ വിസ്മയ രാവിലേക്കു കൂട്ടികൊണ്ടു പോകുകയായിരുന്നു,ഇളയരാജയുടെയും,എം.എസ് വിശ്വനാഥന്റെയും, ഉഷാഖന്നയുടെയും ബാബുരാജിന്റെയും, ദേവരാജന്‍ മാസ്റ്ററുടെയും ഒക്കെ അനശ്വര ഗാന ങ്ങള്‍ സമ്മാനിക്കുന്നതിനൊപ്പം, അവരുമായുള്ള പഴയ ഓര്‍മ്മകള്‍ പങ്കുവെക്കാനും , റെക്കോഡിങ് കാലത്തേ അനുഭവങ്ങള്‍ സദസിനോട് പങ്കിടുവാനും ദാസേട്ടന്‍ മറന്നില്ല , പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായി വിവിധ ഭാഷകളില്‍ നിന്നും ആവശ്യപ്പെട്ട പാട്ടുകള്‍ എല്ലാം തന്നെ പാടുവാനും അദ്ദേഹം ശ്രമിച്ചു എന്നതും ശ്രദ്ധേയമായി .


മലയാളിയെ പ്രണയത്തിന്റെ ഗൃഹാതുരതയിലേക്കു കൂട്ടി കൊണ്ടുപോകുന്ന ഒരു പുഷ്പവും ദാസേട്ടന്റെ എക്കാലത്തെയും ഹിറ്റുകളായ ഹരിമുരളീരവവും , ഹിന്ദി , തമിഴ് , കന്നഡ ഗാനങ്ങളും , പാടി തീരുമ്പോള്‍ പലപ്പോഴും സദസ് എഴുന്നേറ്റു നിന്നാണ് ആദരം അര്‍പ്പിച്ചത് .തന്റെ ഹിറ്റ് നമ്പറുകളുമായി വിജയ് യേശുദാസും കാണികളെ ഹരം കൊള്ളിച്ചു .സംഗീതത്തിന് ഭാഷയും , പ്രായവും ഒന്നും അതിര്‍ വരമ്പുകള്‍ അല്ല എന്ന് വീണ്ടും തെളിയിച്ചു മോയിന്‍ കുട്ടി വൈദ്യരുടെ 'സംകൃത പമകരി 'ഇത് വരെ കേള്‍ക്കാത്ത രീതിയില്‍ ഉള്ള സ്പീഡില്‍ അനായാസേന പാടിയാണ് ദാസേട്ടന്‍ വേദി വിട്ടത് നാട്ടില്‍ നിന്നെത്തിയ ലൈവ് ഓര്‍ക്കെസ്ട്രയും, കൂടെ പാടാന്‍ എത്തിയ ചിത്ര അരുണും, ഒക്കെ മികച്ച പിന്തുണയാണ് നല്‍കിയത് .തിരഞ്ഞെടുക്കപ്പെട്ട ഒന്‍പതു കുട്ടികള്‍ക്ക് ദാസേട്ടന്റെ സാനിധ്യത്തില്‍ വേദിയില്‍ പാടാനുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിരുന്നു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക