Image

മലയാളിക്ക് നഷ്ടമാകുന്ന പ്രാദേശിക സംസ്കാരം ഇന്നത്തെ കേരളം (വെള്ളാശേരി ജോസഫ്)

Published on 14 October, 2019
മലയാളിക്ക് നഷ്ടമാകുന്ന പ്രാദേശിക സംസ്കാരം  ഇന്നത്തെ കേരളം (വെള്ളാശേരി ജോസഫ്)
പ്രേം നസീറും ജയഭാരതിയും കൂടിയുള്ള പ്രസിദ്ധമായ പാട്ടുസീനാണ്

"പതിനാലാം രാവുദിച്ചത് മാനത്തോ..
കല്ലായിക്കടവത്തോ..
പനിനീരിന്‍ പൂ വിരിഞ്ഞത്
മുറ്റത്തോ കണ്ണാടി കവിളത്തോ.. "

 എന്നുള്ളത്. 'മരം' എന്നുള്ള സിനിമയിലാണ് ഇത് ഉള്ളത്. യൂസഫലി കേച്ചേരിയുടെ പ്രസിദ്ധമായ വരികള്‍. ആ പാട്ട് കേള്‍ക്കുമ്പോള്‍ പതിനാലാം രാവുദിച്ചത് കല്ലായി കടവത്ത് മാത്രമായിരുന്നില്ലാ; ലോകമെമ്പാടുമുള്ള മലയാളിയുടെ മനസ്സിലായിരുന്നു. അത്ര മനോഹരമായിരുന്നു അന്ന് ആ പാട്ടിലെ വരികള്‍. ഇന്നും യു ട്യൂബിലെ ഹിറ്റ് ഗാനമാണിത്. പ്രേം നസീറും ജയഭാരതിയും കൂടി

"തനതിന്ത താനതിന്ത തിന്തിന്നോ..
താനിന്നി താനതിന്ത താനിന്നോ.. "

 എന്ന് താളം പിടിക്കുമ്പോള്‍ മലയാളിയും കൂടെ താളം പിടിക്കും.

"കല്ലായി പുഴയൊരു മണവാട്ടി
കടലിന്‍റ്റെ പുന്നാര മണവാട്ടി"

 എന്നുള്ള മറ്റൊരു ഹിറ്റ് പാട്ടും കല്ലായി പുഴയെ പശ്ചാത്തലമാക്കി ഉണ്ട്.

"കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ
മണിമാരന്‍ വരുമെന്നു ചൊല്ലിയില്ലെ...."

 അങ്ങനെ കല്ലായി പുഴയെ പശ്ചാത്തലമാക്കി ബ്‌ളാക്ക് ആന്‍ഡ് വൈറ്റും, കളറുമായി എത്രയെത്രയോ ഗാനങ്ങള്‍.

ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് സിനിമകളിലെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ഗാനമാണ്

"കസ്തൂരിത്തൈലമിട്ടു മുടിമിനുക്കീ
മുത്തോടുമുത്തുവെച്ച വളകിലുക്കീ കയ്യില്‍
മുത്തോടുമുത്തുവെച്ച വളകിലുക്കീ
മന്ദാരക്കുളങ്ങരെക്കുളിച്ചൊരുങ്ങീ...."

 എന്നുള്ളത്. ഇവിടേയും മലയാളിയുടെ അന്നത്തെ കാലത്തെ നിത്യ ഹരിത നായകനായിരുന്ന പ്രേം നസീറും ജയഭാരതിയും കൂടിയുള്ള പ്രസിദ്ധമായ പാട്ടുസീനാണ്. ആ പാട്ടിലെ വരികള്‍ നോക്കുക:

"എന്നും പതിനാറുവയസ്സാണ് ഖല്‍ബില്‍
ഏഴു നേരവും കനവാണ് ഉള്ളില്‍
ഏഴു നേരവും കനവാണ്

പടിഞ്ഞാറന്‍ കടല്‍ക്കരെ പകലന്തിമയങ്ങുമ്പോള്‍...."

 ഇവിടെ കേരളത്തിലെ മുസ്‌ലിം കമ്യുണിറ്റിയുടെ തനതു ഭാവങ്ങള്‍ നന്നായി കാണാം.

ഒപ്പന ഒരുകാലത്ത് കേരളത്തിന്‍റ്റെ ഉത്സവമായിരുന്നു. മിക്ക സ്കൂളുകളിലും കോളേജുകളിലും കലോത്സവങ്ങളുടെ ഭാഗമായി ഒപ്പന ഉണ്ടായിരുന്നു. സ്കൂളുകളിലും കോളേജുകളിലും ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെയാണ് ഒപ്പനയിലെ വധുവാക്കിയിരുന്നത്. ഇത്തരം ഒരു സാംസ്കാരിക തനിമ നിലനിന്നിരുന്നതുകൊണ്ടാണ് 1970കളിലും, 80കളിലും ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ നിന്നും കളറിലേക്ക് മലയാള സിനിമ നീങ്ങിയപ്പോള്‍ ഒപ്പന പല സിനിമകളിലും വന്നത്. അന്നത്തെ മലയാള സിനിമയിലെ സുന്ദരി നായികയായിരുന്ന അംബിക പല ഒപ്പന പാട്ടുകളിലേയും കേന്ദ്ര കഥാപാത്രമായി.

"കന്നിപ്പളുങ്കേ പൊന്നുംകിനാവേ
സുന്ദരി പുന്നാരേ
കണ്‍മണിക്കെന്തിനീ കള്ളപ്പരിഭവം
കല്യാണരാവല്ലേ  ഇത്
കല്യാണരാവല്ലേ..?

 1980കളിലെ ഐ. വി. ശശിയുടെ സൂപ്പര്‍ ഹിറ്റ് സിനിമയായ അങ്ങാടിയില്‍ ഈ ഒപ്പന പാട്ട് അങ്ങനെ വന്നതാണ്. ബിച്ചു തിരുമലയുടെ വരികള്‍. ശ്യാമിന്‍റ്റെ സംഗീതം. പി. സുശീല പാടിയ പ്രസിദ്ധമായ കോറസ് ഗാനമായിരുന്നു അത്.

"കരിമിഴിയില്‍ സുറുമയണിഞ്ഞും
കവിളിണയില്‍ പുളകമണിഞ്ഞും
പതിനേഴിന്‍ പടിവാതിലില്‍
നീ മുട്ടി വിളിയ്ക്കുമ്പോള്‍,
മാര്‍മൊട്ടുകള്‍ പൂക്കുമ്പോള്‍,
കൊതി തട്ടിയുണര്‍ത്തുമ്പോള്‍,
പുതുചെക്കനു കിക്കിളിമുത്തം നല്‍കാ
തൊക്കുകയില്ലല്ലോ...
മുത്തേ ഒക്കുകയില്ലല്ലോ..."

 ഇവിടെയും കാല്‍പ്പനിക ഭാവങ്ങളും, കേരളത്തിലെ മുസ്‌ലിം കമ്യുണിറ്റിയുടെ തനതു ഭാഷാ ശൈലിയും നന്നായി കാണാം.

"പാവാട വേണം മേലാട വേണം പഞ്ചാര പനംകിളിക്ക്
ഇക്കാന്‍റ്റെ കരളേ ഉമ്മാന്‍റ്റെ പൊരുളേ മുത്താണ് നീ ഞമ്മക്ക്....
അള്ളാനെ ഉമ്മാ പൊല്ലാപ്പ് ബേണ്ട അയ്യായിരം കൊടുക്കാം
അതിനൊപ്പം പണമവന്‍ മഹറായ് തന്നാല്‍
നിക്കാഹു പൊടിപൊടിക്കാം ആയിഷാന്‍റ്റെ
നിക്കാഹു പൊടിപൊടിക്കാം"

 അങ്ങാടി സിനിമയിലെ അടുത്ത സൂപ്പര്‍ ഹിറ്റ് ഗാനം. ഈ പാട്ടു സീനിലും അന്നത്തെ മലയാള സിനിമയിലെ സുന്ദരി നായികയായിരുന്ന അംബിക തന്നെയായിരുന്നു കേന്ദ്ര കഥാപാത്രം.

"പുതുക്കപ്പെണ്ണിന്‍ കവിളിനെന്തൊരു തുടു തുടുപ്പാണെ...."

 എന്നൊക്കെയുള്ള മനോഹര വരികളുമായി പിന്നീടും മലയാള സിനിമയില്‍ ഒപ്പന പാട്ടുകള്‍ ഉണ്ടായെങ്കിലും 1970കളിലേയും, 80കളിലേയും 'ട്രെന്‍ഡുകളില്‍' നിന്ന് വ്യത്യസ്തപ്പെട്ട് ഒപ്പന പാട്ടുകളും, മുസ്‌ലിം കഥാപാത്രങ്ങളും മലയാള സിനിമകളില്‍ പിന്നീട് കുറയുന്നതായിയാണ് കണ്ടുവരുന്നത്. ഒപ്പം മുസ്‌ലിം സമുദായത്തിലും മാറ്റങ്ങളുണ്ടായി എന്നതും കൂടി ഇവിടെ കാണണം. മുസ്‌ലിം സമുദായം പ്രാദേശിക രീതികള്‍ വിട്ട് അറബ് സംസ്കാരത്തെ പുല്‍കുന്ന കാഴ്ച പിന്നീടങ്ങോട്ടുള്ള കാലയളവില്‍ കാണാം.

1990കളില്‍ ബാബ്‌റി മസ്ജിദിന്‍റ്റെ തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യയൊട്ടാകെ വ്യാപകമായ വര്‍ഗീയവല്‍ക്കരണമാണ് ഉണ്ടായത്. ഇന്നിപ്പോള്‍ കേരളത്തില്‍ ഒരു മതക്കാരും ശബ്ദ കോലാഹലങ്ങള്‍ ഉണ്ടാക്കുന്നതിലും, സാമുദായിക ചിന്താഗതികള്‍ വളര്‍ത്തുന്നതിലും മോശക്കാരല്ല. മതത്തിന്‍റ്റെ പേരില്‍ കേരളത്തില്‍ ഇപ്പോള്‍ എന്തൊക്കെ ശബ്ദ കോലാഹലങ്ങള്‍ ആണ് ലൗഡ് സ്പീക്കറിലൂടെ സാധാരണ ജനങ്ങള്‍ കേള്‍ക്കുന്നത്? അമ്പലത്തില്‍ പാട്ടു വെക്കുന്നു. പെക്കോസ്തുകാരും, ധ്യാന കേന്ദ്രങ്ങളും കൈകൊട്ടി പാട്ടും, ഹല്ലേലൂയാ വിളിയും. കൂട്ടത്തില്‍ പ്രെയ്‌സ് ദ ലോര്‍ഡ് എന്നു കൂടി തൊണ്ട കാറി അലറുന്നു. മസ്ജിദില്‍ ബാങ്ക് വിളി. ഇതൊക്കെ കൂടാതെ രാമായണ പാരായണം; ഖുറാന്‍ ഓത്ത്; ബൈബിള്‍ പാരായണം; ഭാഗവത പാരായണം  അങ്ങനെ പല ശബ്ദ കോലാഹലങ്ങള്‍. ഇതെല്ലാം ലൗഡ് സ്പീക്കറിലൂടെ മനുഷ്യന്‍റ്റെ ചെവി പൊട്ടുന്നത് പോലെയാണെന്ന് ഓര്‍ക്കണം!!! നമ്മുടെ ചുറ്റുപാടും നടന്നുകൊണ്ടിരിക്കുന്ന അങ്ങേയറ്റം അപലപനീയവും പിതൃ ശൂന്യപരവുമായ ഒരു പൊതുജന ദ്രോഹമാണ് ലൗഡ് സ്പീക്കറിലൂടെ മനുഷ്യന്‍റ്റെ ചെവി പൊട്ടുന്നത് പോലെയുള്ള ഈ ഭക്തി പ്രകടനം.

കേരളത്തിലിന്ന് മത മൗലികവാദം വളര്‍ന്നു വരികയാണ്. കൈ വെട്ടിനെ അനുകൂലിച്ചും, സലഭി ചിന്താഗതിയുമായി ഒരു കൂട്ടര്‍. ഇത്തരക്കാര്‍ ആടിനെ മേയ്ക്കാന്‍ യമനില്‍ വരെ പോകും. വടക്കേ ഇന്ത്യയിലെ ഹിന്ദി ബെല്‍റ്റില്‍ മാത്രം കാണപ്പെടുന്ന പശു സ്‌നേഹം പ്രകടിപ്പിക്കുന്ന ആളുകളാണ് വേറൊരു കൂട്ടര്‍. ഇവരെല്ലാവരും 1970കളിലും, 80കളിലും കേരളത്തില്‍ നിലവിലുണ്ടായിരുന്ന പ്രാദേശിക ഭാവങ്ങളില്‍ നിന്ന് അകലുകയാണ്. പ്രാദേശിക തനതു സംസ്കാരത്തിന്‍റ്റെ ഭാവങ്ങളില്‍ നിന്ന് അകലുമ്പോഴാണ് മനുഷ്യര്‍ തമ്മിലുള്ള ഒരുമ നഷ്ടപ്പെടുന്നത്. പര്‍ദ്ദയും, കുറു വടിയും, മൈക്ക് കെട്ടിവെച്ചുള്ള അലറി പ്രാര്‍ത്ഥനയും ഒന്നും കേരളത്തില്‍ അടുത്ത കാലം വരെ വ്യാപിച്ചിട്ടില്ലാത്ത ഒന്നായിരുന്നു. കേരളത്തിലേതു പോലെ ഹ്യുമിഡിറ്റി അല്ലെങ്കില്‍ ഈര്‍പ്പമുള്ള പ്രദേശങ്ങളില ആളുകള്‍ പണ്ട് അരക്കു മുകളിലോട്ട് അധികം വസ്ത്രങ്ങള്‍ ധരിച്ചിരുന്നില്ല എന്നതാണ് യാതാര്‍ദ്ധ്യം.

ഭക്ഷണത്തിലും, വസ്ത്ര ധാരണത്തിലും, പേരിലുമെല്ലാം നമുക്ക് നമ്മുടെ തനതു പ്രാദേശിക ഭാവങ്ങള്‍ നഷ്ടപ്പെടുകയാണ്. ഒരുവശത്ത് കേരളവും മറ്റു പ്രദേശങ്ങളെ പോലെ ആഗോളവല്‍ക്കരണത്തിന് വിധേയമാകുന്നു എന്ന് വേണമെങ്കില്‍ പറയാം. പക്ഷെ മറുവശത്ത് എല്ലാ കമ്യുണിറ്റികളിലും വര്‍ഗീയത കൂടുന്നതും കൂടി കാണണം. മതവും, മതക്കാരും, അവരുടെ ആചാരങ്ങളും, അനാചാരങ്ങളും, മത നിയമങ്ങളും നിമിത്തം ഇവിടത്തെ പച്ചയായ മനുഷ്യര്‍ക്ക് പ്രകൃതിയോടിണങ്ങിയ ജീവിതം നയിക്കാന്‍ പറ്റാത്ത കാഴ്ചയാണിന്നുള്ളത്. കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങളായുള്ള ഡിജിറ്റല്‍ ടെക്‌നോളജിയുടെ വളര്‍ച്ച സാമുദായിക സൗഹാര്‍ദ്ദത്തിന് മുതല്‍കൂട്ടാകുന്നതിനു പകരം അതിന് വിഖാതമായി നില്‍ക്കുന്ന കാഴ്ചയാണ് കേരളത്തില്‍ കാണാന്‍ സാധിക്കുന്നത്. ഓണ്‍ലയിന്‍ പത്രങ്ങളിലും, സോഷ്യല്‍ മീഡിയയിലും മതത്തിന്‍റ്റെ കണ്ണില്‍ കൂടിയാണ് പലരും മനുഷ്യനെ അളക്കുന്നത്. 1970കളിലും, 80കളിലും കേരളത്തില്‍ നിലവിലുണ്ടായിരുന്ന മത സാഹോദര്യത്തില്‍ ഊന്നിയ പ്രാദേശിക സംസ്കാരത്തില്‍ നിന്ന് വ്യത്യസ്തമാണിതൊക്കെ.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ്റിലെ അസിസ്റ്റന്‍റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക