Image

അയോധ്യ കേസില്‍ ഹാജരാക്കിയ ഭൂപടം അഭിഭാഷകന്‍ കീറി; താക്കീതുമായി ചീഫ് ജസ്റ്റിസ്‌

Published on 16 October, 2019
അയോധ്യ കേസില്‍ ഹാജരാക്കിയ ഭൂപടം അഭിഭാഷകന്‍ കീറി; താക്കീതുമായി ചീഫ് ജസ്റ്റിസ്‌

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ വാദം പൂര്‍ത്തിയാകാനിരിക്കെ സുപ്രീം കോടതിയില്‍ നാടകീയരംഗങ്ങള്‍. തെളിവായി ഹാജരാക്കിയ രേഖ മുതിര്‍ന്നഅഭിഭാഷകന്‍ വലിച്ചു കീറിയതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ശക്തമായ താക്കീത് നല്‍കി.

ഹിന്ദു മഹാസഭ കോടതിയില്‍ ഹാജരാക്കിയഭൂപടമാണ് സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ വലിച്ചു കീറിയത്. ഭൂപടം മറ്റു രേഖകള്‍ക്കൊപ്പം പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയില്‍ ഹാജരാക്കിയത്.

പുതിയതായി ഹാജരാക്കിയ രേഖയ്‌ക്കെതിരെ എതിര്‍പ്പുന്നയിച്ച രാജീവ് ധവാനോട് അംഗീകരിക്കാനാവില്ലെങ്കില്‍ അത് കീറികളയൂ എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് കേട്ടയുടന്‍ രാജീവ് ധവാന്‍ ഭൂപടം കീറിക്കളയുകയായിരുന്നു.

ഇത്തരത്തിലാണ് വാദം മുന്നോട്ടു പോകുന്നതെങ്കില്‍ തുടരാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഇരു കക്ഷികള്‍ക്കും താക്കീത് നല്‍കി. എന്നാല്‍ താന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞത് അനുസരിക്കുകയായിരുന്നുവെന്നും കോടതിയലക്ഷ്യമല്ലെന്നും രാജീവ് ധവാന്‍ അറിയിച്ചു.

അയോധ്യ കേസില്‍ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്ക്‌ വാദം പൂര്‍ത്തിയാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക