Image

സ്വാതന്ത്ര്യം, സൗഹാര്‍ദ്ദം, പ്രസ്‌ ക്ലബ്‌: ജഗദീഷ്‌

Published on 08 May, 2012
സ്വാതന്ത്ര്യം, സൗഹാര്‍ദ്ദം, പ്രസ്‌ ക്ലബ്‌: ജഗദീഷ്‌
എഡിസണ്‍ (ന്യൂജേഴ്‌സി): ഏവര്‍ക്കും സ്വാതന്ത്ര്യം അനുവദിക്കുമ്പോള്‍ തന്നെ അതിലൂടെയുണ്ടാകുന്ന സൗഹാര്‍ദ്ദതയും അമേരിക്കന്‍ സാമൂഹ്യ വ്യവസ്ഥിതിയെ ചിട്ടപ്പെടുത്തിയ മഹാരഥന്മാര്‍ ലക്ഷ്യമിട്ടിരുന്നുവെന്ന്‌ സുപ്രസിദ്ധ ചലച്ചിത്രതാരം ജഗദീഷ്‌. പരിപൂര്‍ണ്ണ സ്വാതന്ത്ര്യം അനുഭവിക്കുമ്പോഴാണ്‌ അതിരുകളില്ലാത്ത സൗഹാര്‍ദ്ദതയെ ജനങ്ങള്‍ കണ്ടെത്തുക എന്നവര്‍ മനസിലാക്കിയിരിക്കുന്നു. അമേരിക്ക വെച്ചു നീട്ടിയ ഈ സ്വാതന്ത്ര്യത്തേയും സൗഹാര്‍തയേയും സമന്വയപ്പിച്ചതിനു തെളിവായാണ്‌ ഇന്ത്യ പ്രസ്‌ ക്ലബ്‌ അംഗങ്ങള്‍ പുലര്‍ത്തുന്ന ഒത്തൊരുമയെ താന്‍ കാണുന്നതെന്നും ജഗദീഷ്‌ ചൂണ്ടിക്കാട്ടി. പ്രസ്‌ ക്ലബിന്റെ പുതിയ ദേശീയ നേതൃത്വം ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ അഭിമാനതാരം.

സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ്‌ റെജി ജോര്‍ജില്‍ (മലയാളി സംഗമം) നിന്നും ഇന്ത്യ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ 2012 മുതല്‍ 2014 വരെയുള്ള നേതൃത്വം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഏഷ്യാനെറ്റ്‌ യു.എസ്‌.എ ഓപ്പറേഷന്‍സ്‌ മാനേജര്‍ മാത്യു വര്‍ഗീസ്‌ ഏറ്റെടുത്തു. ശിവന്‍ മുഹമ്മയില്‍ നിന്നും ജനറല്‍ സെക്രട്ടറിയായി മധു കൊട്ടാരക്കരയും (അശ്വമേധം), ജോര്‍ജ്‌ തുമ്പയില്‍ നിന്നും ട്രഷററായി സുനില്‍ തൈമറ്റവും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു. ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ വെച്ച്‌ മെയ്‌ മൂന്നാം തീയതിയായിരുന്നു ലളിതമെങ്കിലും ഗാംഭീര്യം നിറഞ്ഞ ചടങ്ങ്‌.

അമേരിക്കന്‍ മലയാളികളുടെ വിവിധ പ്രശ്‌നങ്ങള്‍ ജനശ്രദ്ധയിലെത്തിക്കുന്നതിന്‌ ഇന്ത്യ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക നടത്തുന്ന ശ്രമങ്ങളെക്കുറിച്ച്‌ താന്‍ ധാരാളം അറിഞ്ഞിട്ടുണ്ടെന്ന്‌ ജഗദീഷ്‌ പറഞ്ഞു. ഇവിടെയുള്ള പത്രപ്രവര്‍ത്തകരുടെ പല റിപ്പോര്‍ട്ടുകളും മലയാളത്തിലെ പ്രമുഖ പത്രങ്ങളിലും ഓണ്‍ലൈനുകളിലും വരുന്നത്‌ സൂക്ഷ്‌മമായി വായിച്ചിട്ടുമുണ്ട്‌. പലപ്പോഴും നാട്ടിലുള്ള പത്രപ്രവര്‍ത്തകര്‍ തയാറാക്കുന്ന റിപ്പോര്‍ട്ടിനോട്‌ കിടപിടിക്കുന്നതോ അതിലും ഒരുപടി മുന്നില്‍ നില്‍ക്കുന്നതോ ആണ്‌ ഇവിടുള്ളവരുടെ റിപ്പോര്‍ട്ടിംഗ്‌ ശൈലിയെന്നത്‌ തന്നെ അത്ഭുതപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. കേരളത്തില്‍ നിന്നും ഇതയേറെ ദൂരെ മാറിക്കിടന്നിട്ടും മലയാളത്തിന്റെ സൗന്ദര്യം ഒട്ടും ചോര്‍ന്നുപോകാത്ത ഭാഷയാണ്‌ പലരും ഉപയോഗിച്ചുകാണുന്നത്‌. പത്രപ്രവര്‍ത്തനം മുഴുവന്‍ സമയ ജോലിയായി കാണാത്തവരുമാണ്‌ ഇവര്‍. നിത്യജീവിതത്തിന്‌ ഇംഗ്ലീഷ്‌ കൂടുതലായി സംസാരിക്കുന്നവര്‍ മലയാളത്തെ ഇത്ര പവിത്രമായി ഉപയോഗിക്കുന്നത്‌ അവര്‍ക്ക്‌ മാതൃഭാഷയോടുള്ള അര്‍പ്പണബോധത്തിന്റെ തെളിവാണെന്ന്‌ നിസംശയം പറയാം. ചില പ്രസിദ്ധീകരണങ്ങളുടേയും ചാനലുകളുടേയും പ്രതിനിധികളായിരിക്കുന്നവര്‍ തൊഴിലിലെ മാത്സര്യം കണക്കിലെടുക്കാതെ ഇന്ത്യ പ്രസ്‌ ക്ലബ്‌ എന്ന വന്‍വൃക്ഷത്തിനു കീഴില്‍ സൗഹാര്‍ദ്ദതയോടെ ഒത്തുകൂടുന്നതും അമ്മ തന്നെയാണ്‌ മലയാളമെന്ന ഉള്‍ക്കാഴ്‌ചയുള്ളതുകൊണ്ടാണെന്നും ജഗദീഷ്‌ പറഞ്ഞു.

സ്ഥാനമൊഴിയുന്ന നാഷണല്‍ ട്രഷറര്‍ ജോര്‍ജ്‌ തുമ്പയില്‍ സ്വാഗതം ആശംസിച്ചു. വിവിധ അച്ചടി-ദൃശ്യമാധ്യമങ്ങളെ പ്രതിനിധീകരിച്ച്‌ ഡോ. കൃഷ്‌ണ കിഷോര്‍ (ഏഷ്യാനെറ്റ്‌), വിന്‍സെന്റ്‌ ഇമ്മാനുവേല്‍ (കേരളാ എക്‌സ്‌പ്രസ്‌), ഫിലിപ്പ്‌ മാരേട്ട്‌ (കൈരളി ടിവി), പ്രസ്‌ ക്ലബ്‌ നാഷണല്‍ വൈസ്‌ പ്രസിഡന്റും മലയാളം പത്രം ഫിലാഡല്‍ഫിയ പ്രതിനിധിയുമായ ജോബി ജോര്‍ജ്‌, സജി കീക്കാടന്‍ (മലയാളി സംഗമം), ഏബ്രഹാം മാത്യു (മലയാളം വാര്‍ത്ത), രാജു പള്ളം (ഏഷ്യാനെറ്റ്‌), സുനില്‍ ട്രൈസ്റ്റാര്‍ (മലയാളം ടെലിവിഷന്‍), ടാജ്‌ മാത്യു (മലയാളം പത്രം), അനിയന്‍ ജോര്‍ജ്‌ എന്നിവര്‍ പുതിയ നേതൃത്വത്തിന്‌ ഭാവുകങ്ങള്‍ നേര്‍ന്ന്‌ സംസാരിച്ചു. സ്ഥാനമൊഴിയുന്ന അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോസ്‌ കണിയാലി ടെലിഫോണിലൂടെ തദവസരത്തില്‍ ആശംസകള്‍ അറിയിച്ചു. പുതിയ ഭാരവാഹികളായ മാത്യു വര്‍ഗീസ്‌, മധു കൊട്ടാരക്കര, സുനില്‍ തൈമറ്റം എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

ഇന്ത്യ പ്രസ്‌ ക്ലബ്‌ ഹൂസ്റ്റണ്‍ ചാപ്‌റ്ററിന്റെ ഉദ്‌ഘാടനം മെയ്‌ 29-ന്‌ നടത്തുമെന്ന്‌ തുടര്‍ന്ന്‌ നടന്ന പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. നാഷണല്‍ പ്രസിഡന്റ്‌ മാത്യു വര്‍ഗീസ്‌, മധു കൊട്ടാരക്കര എന്നിവര്‍ ഉദ്‌ഘാടന സമ്മേളനത്തില്‍ സംബന്ധിക്കുന്നതാണ്‌. കേരളത്തിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‌ നല്‍കുന്ന പ്രസ്‌ ക്ലബ്‌ അവാര്‍ഡിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. ജനുവരിയില്‍ ഒരു ലക്ഷം രൂപയുടെ അവാര്‍ഡ്‌ വിതരണം ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
സ്വാതന്ത്ര്യം, സൗഹാര്‍ദ്ദം, പ്രസ്‌ ക്ലബ്‌: ജഗദീഷ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക