Image

സവര്‍ക്കറിന് അല്ല, ഗാന്ധി ഘാതകന്‍ ഗോഡ്സേയ്ക്ക് തന്നെ ഭാരത രത്ന നല്‍കൂ; ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ്

Published on 17 October, 2019
സവര്‍ക്കറിന് അല്ല, ഗാന്ധി ഘാതകന്‍ ഗോഡ്സേയ്ക്ക് തന്നെ ഭാരത രത്ന നല്‍കൂ; ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ്

നാഗ്പൂര്‍: ഹിന്ദു മഹാസഭ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറിന് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത് രത്ന നല്‍കുമെന്ന ബിജെപി പ്രകടന പത്രികയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. സവര്‍ക്കറിന് മാത്രമല്ല ഗാന്ധി ഘാതകന്‍ നാഥൂറാം വിനായക് ഗോഡ്സേയ്ക്ക് തന്നെ ഭാരതരത്ന നല്‍കണമെന്ന് തിവാരി പറഞ്ഞു. നാഗ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിവാരി.


ഗാന്ധി വധത്തിന് ഗൂഡാലോചന നടത്തിയ പ്രതിയാണ് സവര്‍ക്കര്‍. എന്നാല്‍ നാഥുറാം ഗോഡ്സെയാണ് ഗാന്ധിയെ കൊലപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ സവര്‍ക്കറിന് പകരം ഗോഡ്സേയ്ക്ക് തന്നെ ഭാരതരത്ന നല്‍കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മനീഷ് തിവാരി പറഞ്ഞു. ബിജെപിയുടെ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ഗാന്ധി കൊലപാതക കേസിലെ പ്രതിയാണ് സവര്‍ക്കര്‍. തെളിവുകളുടെ അഭാവത്തിലാണ് സവര്‍ക്കറിനെ വെറുതേ വിട്ടത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ പറയുന്നു സവര്‍ക്കറിന് ഭാരതരത്ന നല്‍കുമെന്ന്. ഗാന്ധിജിയുടെ കൊലയാളിയായ നാഥുറാം ഗോഡ്‌സെക്ക് ഭരത് രത്‌ന നല്‍കണമെന്ന ആവശ്യപ്പെടുന്ന ദിവസം വിദൂരമല്ല,കോണ്‍ഗ്രസ് നേതാവ് റഷീദ് അല്‍വി പറഞ്ഞു.


മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനുള്ള 44 പേജ് വരുന്ന സങ്കല്‍പ്പ് പത്ര എന്ന് പേരിട്ട പ്രകടന പത്രികയിലാണ് ബിജെപി സവര്‍ക്കറിന് ഭാരത രത്ന നല്‍കുമെന്ന വാഗ്ദാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിജെപിയുടെ ഹിന്ദുത്വ ആശയത്തിന്റെ പിതാവായാണ് സവര്‍ക്കര്‍ അറിയപ്പെടുന്നത്.ബിജെപിയുടെ തിരുമാനത്തിനെതിരെ എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തിയിരുന്നു.

ജയില്‍ മോചനത്തിനായി ബ്രട്ടീഷുകാര്‍ക്ക് ആറ് തവണ മാപ്പെഴുതി നല്‍കിയ ആളാണ് സവര്‍ക്കര്‍ എന്ന് ഒവൈസി പറഞ്ഞിരുന്നു. ഗാന്ധിജിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന സമയത്ത് തന്നെ ഗാന്ധി കൊലപാതകക്കേസിലെ പ്രതിയായ സവര്‍ക്കര്‍ക്ക് ഭാരതരത്‌നം കൊടുക്കണമെന്ന നിര്‍ദ്ദേശം നമ്മുടെ കാലത്തെ ഏറ്റവും വലിയ വിരോധാഭാസമാണെന്നായിരുന്നു സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പ്രതികരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക