Image

കോണ്‍ഗ്രസ് വിമതരെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന് സിദ്ധരാമയ്യ

Published on 17 October, 2019
കോണ്‍ഗ്രസ് വിമതരെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന് സിദ്ധരാമയ്യ

ദില്ലി: കര്‍ണാടകയില്‍ സഖ്യ സര്‍ക്കാര്‍ വീഴാന്‍ കാരണക്കാരായ കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാരെ ഒരു കാരണവശാലും പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ലെന്ന് കര്‍ണാട മുന്‍ മുഖ്യമന്ത്രി കെ സിദ്ധരാമയ്യ. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുവദിച്ചാല്‍ 2018ല്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച്‌ തോറ്റ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ദില്ലിയില്‍ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരായ എന്‍. മുനിരത്‌ന, എസ്.ടി സോമശേഖര്‍ എന്നിവര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം. 2018 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി പരാജയപ്പെട്ടവര്‍ക്ക് ഇത്തവണ സീറ്റ് ലഭിച്ചില്ലങ്കില്‍ ചില നേതാക്കള്‍ കോണ്‍ഗ്രസിനെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജു കാഗെ, ശരത് ബച്ചേഗൗഡ, യുബി ബനകര്‍, നന്ദീഷ് റെഡ്ഢി എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് വന്നിരുന്നത്.

ഇതുവരെ ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്നും ബി.ജെ.പിയില്‍ നിന്ന് ആര്‍ക്കെങ്കിലും കോണ്‍ഗ്രസില്‍ ചേരണമെന്നുണ്ടെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി ആലോചിച്ച്‌ തീരുമാനമെടുക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. നിലവില്‍ രണ്ടോ മൂന്നോ സീറ്റുകളില്‍ ഒഴികെ ഉപതെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായതായും സിദ്ധരാമയ്യ സൂചന നല്‍കിയിട്ടുണ്ട്.


ഡിസംബര്‍ 5നാണ് സംസ്ഥാനത്ത് 15 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അയോഗ്യരാക്കപ്പെട്ട 15 എം.എല്‍.എമാര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ സുപ്രീംകോടതിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. 13 കോണ്‍ഗ്രസ് എംഎല്‍മാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരും 1 സ്വതന്ത്രനുമടക്കം 17 എംഎല്‍എമാരാണ് അന്ന് അയോഗ്യരാക്കപ്പെട്ടത്. നിലവില്‍ രണ്ട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ കര്‍ണാടക ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക