Image

മിഡില്‍ ഈസ്റ്റ് വീണ്ടും: കുര്‍ദിഷ്, തുര്‍ക്കി, സിറിയ സംഘര്‍ഷാവസ്ഥ (ബി ജോണ്‍ കുന്തറ)

Published on 17 October, 2019
മിഡില്‍ ഈസ്റ്റ് വീണ്ടും: കുര്‍ദിഷ്, തുര്‍ക്കി, സിറിയ സംഘര്‍ഷാവസ്ഥ (ബി ജോണ്‍ കുന്തറ)
ഇപ്പോള്‍ നാം കേള്‍ക്കുന്നത് തുര്‍ക്കി സിറിയന്‍ അതിര്‍ത്തി ലംഗിച് കുര്‍ഡ്സ് എന്ന വംശം കൈയേറി പാര്‍ത്തിരിക്കുന്ന സിറിയന്‍ മേഖല ആക്രമിക്കുന്നു. കാരണം തുര്‍ക്കി പറയുന്നത് കുര്‍ഡ്സ് തങ്ങളുടെ എതിരാളികള്‍.ഇവര്‍ അമേരിക്കയുടെ പരിരക്ഷയുടെ തണലില്‍ തുര്‍ക്കിക്ക് എതിരായി ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. തുര്‍ക്കിയും കുര്‍ഡ്സും കാലാകാലങ്ങളായി ശത്രുക്കള്‍.

ഡൊണാള്‍ഡ് ട്രംപിനോട് പൊതുവേ നിരവധി മാധ്യമങ്ങള്‍ക്കും അനേകം രാഷ്ട്രീയ നേതാക്കള്‍ക്കുമുള്ള കടുത്ത വൈരാഗ്യം മാറ്റിനിറുത്തി ചിന്തിച്ചാല്‍ മാത്രമേ എന്താണ് ഇന്നു സംജാതമായിരിക്കുന്ന തുര്‍ക്കി, കുര്‍ഡ്സ്, സിറിയ, ഇറാന്‍ ഇവര്‍ തമ്മില്‍ തമ്മിലുള്ളസംഘര്‍ഷത്തിന്റ്റെ യാഥാര്‍ത്ഥ്യം കാണുകയുള്ളു.

കാലാ കാലങ്ങളായി ഓട്ടമന്‍ ഭരണ കാലം മുതല്‍ നിലനില്‍ക്കുന്ന ഒരു സംഘര്‍ഷാവസ്ഥയാണ് ഈ മൂന്നു കക്ഷികള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ച ഇല്ലായ്മ്മ. സദ്ദാം ഹുസൈന്‍, മുവമ്മര്‍ ഗദ്ദാഫി, ബാഷര്‍ അസദ് പോലുള്ള സ്വേച്ഛാധിപതികളുടെ നിഷ്ഠുര ഭരണത്തിനു കീഴില്‍ കുര്‍ദ് പോലുള്ള ന്യൂനപക്ഷക്കാര്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ അടക്കി ജീവിച്ചിരുന്നു.

എന്നാല്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ്ബുഷ് തുടങ്ങി വച്ച ഇറാക്ക് യുദ്ധത്തോടെ മിഡില്‍ ഈസ്റ്റ് പുകഞ്ഞുകൊണ്ടിരുന്ന തീക്കൊള്ളിയില്‍ പെട്രോള്‍ ഒഴിച്ചതുപോലായി മാറി. സദ്ദാംമാറ്റപ്പെട്ടു. ഇറാക്ക് നശിച്ചു. ഇറാക്കി കുര്‍ദികള്‍ക്ക് നവജീവന്‍ ലഭിച്ചു. ഇറാനെ നിലക്കു നിറുത്തുന്നതിന് ആരും ഇല്ലാതായി.

പിന്നീട് ഈ രാഷ്ട്ര പുനഃനിര്‍മാണ പദ്ധതി ഒബാമയുടെ സമയം ലിബിയയിലേക്ക് നീങ്ങി. ഗദ്ദാഫിയെ പുറത്താക്കി വധിച്ചു. ആ രാജ്യവും അരാജകത്വത്തിലേക്ക് നീങ്ങി.

അധികം വൈകാതെ സിറിയയില്‍ അസ്സദിനെതിരായി ചെറിയ തോതില്‍ ഏതാനും വിമതര്‍ രംഗത്തെത്തി. ഇവരെ ഇസ്രായേല്‍, അമേരിക്ക, എന്നീ രാജ്യങ്ങള്‍ പ്രോല്‍സാഹിപ്പിച്ചു. എന്താണ് ഇറാക്കിലും ലിബിയയിലും നടന്നത് എന്നറിയാവുന്ന അസദ് തുടക്കത്തിലേ വിമതരെ നശിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമവും തുടങ്ങി റഷ്യയുടെ ആശീര്‍വാദത്തില്‍. സിറിയയുടെ ഒരു പ്രദേശം തന്റെ കരങ്ങളില്‍ നിന്നും പോയി എന്നതൊഴിച്ചാല്‍ ഇന്നും അസദ് ഭരണത്തില്‍ തുടരുന്നു.

ഈ സംഘര്‍ഷാവസ്ഥയുടെ പിന്നില്‍ വേറേയുംമുന്‍സംഭവങ്ങള്‍. നേരത്തെ നാം തുടങ്ങിവയ്ച്ച അഫ്ഗാന്‍ യുദ്ധത്തില്‍ നിന്നും രക്ഷപ്പെട്ട മുസ്ലിം തീവ്ര വാദികള്‍ക്ക് ചേക്കേറുന്നതിനുള്ള സ്ഥലങ്ങളായി മാറി ഇറാക് , ലിബിയ പിന്നീട് സിറിയന്‍ വിമതര്‍ പിടിച്ചെടുത്തവടക്കന്‍ മേഖലയും. ഇവര്‍ മാത്രമല്ല ഇവിടെ സംഘര്‍ഷാവസ്ഥകള്‍ക്ക് കാരണക്കാര്‍. ഇസ്ലാമിലെ സുന്നി, ഷിയാ, പക്ഷക്കാര്‍ .കൂടാതെ പലേ സമീപ രാജ്യങ്ങളിലുമായി ഛിന്നഭിന്നമായി കിടക്കുന്ന കുര്‍ദികള്‍, ക്രിസ്ത്യന്‍സ്.

സിറിയലിലെ ആഭ്യന്തര സംഘര്‍ഷത്തെ മുതലെടുത്തു വടക്കന്‍ മേഖലയില്‍ എത്തിയ ഐ എസ് എന്നു വിളിക്കപ്പെടുന്ന തീവ്രവാദികള്‍ അവരുടെ ഇറാക് താവളങ്ങള്‍ പലതും ഈ സംഘര്‍ഷ മേഘലകളിലേക്ക് വികസിപ്പിച്ചു. ഇവിടെ ഇറാന്‍ പോലുള്ള രാഷ്ട്രങ്ങള്‍ ഐ എസോ അഥവാ അമേരിക്കയോ അവരുടെ പ്രധാന പ്രശ്‌നം എന്ന ചോദ്യത്തിലെത്തി.

ഈയവസരത്തില്‍ ഡൊണാള്‍ഡ് ട്രമ്പ് പ്രെസിഡന്റ്റായി തിരഞ്ഞെടുക്കപ്പെട്ടു. വിഷയം വീണ്ടും വഷളായി ട്രമ്പ് ഒബാമ രൂപീകരിച്ച ഇറാന്‍ അണ്വായുധ കരാറില്‍ നിന്നും പിന്മാറും എന്ന സൂചനയും ലഭിച്ചു.

ശരിതന്നെ കുര്‍ദുകളുടെ സഹായത്തില്‍ അമേരിക്ക ഐസിസ് പ്രസ്ഥാനത്തെ സിറിയന്‍ അതിര്‍ത്തി മേഖലയില്‍ നിന്നും തുരത്തി. അവര്‍ഇന്ന് കുര്‍ദുകളുടെ തടവുകാര്‍. അമേരിക്കയുടെ സഹായവും സംരക്ഷണവും മുതലെടുത്തു തുര്‍ക്കിയില്‍ കുര്‍ദുകള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നാണ് തുര്‍ക്കിയുടെ പ്രധാന പരാതി.

തുര്‍ക്കി ഒരു നാറ്റോ അംഗരാജ്യമാണ് പരാതിയുമായി പലതവണ യൂറോപ്യന്‍ യൂണിയനെ സമീപിച്ചെങ്കിലും ആരും കാര്യമായ ശ്രദ്ധ നല്‍കിയിട്ടില്ല. ട്രമ്പ് തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ പറയുമായിരുന്നു തനിക്ക് മറ്റു രാജ്യങ്ങളിലെ സംഘര്‍ഷാവസ്ഥകളില്‍ ഇടപെടുന്നതില്‍ താല്‍പ്പര്യമില്ല അമേരിക്കന്‍ സൈനികരെ അപകട സ്ഥാനങ്ങളില്‍ നിന്നും പിന്‍വലിക്കും.

തുര്‍ക്കിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് എര്‍ദോഗാന്‍ സിറിയന്‍ അതിര്‍ത്തിയില്‍ ഒരു ബഫര്‍ മേഖല സൃഷ്ടിക്കണമെന്ന ആഗ്രഹത്തില്‍ സൈനിക സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു. ഈ അവസരത്തില്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ട്രമ്പ് സിറിയന്‍ അതിര്‍ത്തി മേഖലയില്‍ നിന്നും ആയിരത്തില്‍ പരം സൈനികരെ പിന്‍വലിച്ചു. അതിനുശേഷം അന്‍പതില്‍ താഴെ അമേരിക്കന്‍ ഭടന്മാര്‍ മാത്രമേ കുര്‍ദുകളെ സഹായിക്കുന്നതിന് അണിനിരത്തിയിരുന്നുള്ളു.

വളരെ നാളുകളായി എര്‍ദോഗാന്‍ ഒരു നേറ്റോ രാജ്യമെന്ന നിലയില്‍ അമേരിക്കയെ നിര്‍ബന്ധിക്കുന്നു അമേരിക്കന്‍ സേനയെ മുഴുവനായി പിന്‍വലിക്കണമെന്ന്. മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഈ അവസ്ഥ നന്നായറിയാം എന്നാല്‍ ആര്‍ക്കും ഇവിടെ ഒരു സഹായ ഹസ്തം നീട്ടുന്നതില്‍ താല്‍പ്പര്യവുമില്ല.

രണ്ടാഴ്ചകള്‍ക്കു മുന്‍പ് എര്‍ദോഗാന്‍ പ്രസിഡന്റ് ട്രംപിനോട് കടുത്ത ഭാഷയില്‍ പറഞ്ഞു അവശേഷിക്കുന്ന അമേരിക്കന്‍ സൈനികരെ മാറ്റിയാലും ഇല്ലെങ്കിലും തങ്ങള്‍ സിറിയന്‍ അതിര്‍ത്തി ലംഗിച്ച് പ്രവേശിക്കുമെന്നു. വീണ്ടും, ഒരു നാറ്റോ അംഗമെന്ന നിലയില്‍ അമേരിക്ക തുര്‍ക്കിയെ സഹായിക്കുന്നതിന് ബാധ്യസ്ഥമാണ്. അല്ലെങ്കില്‍ തുര്‍ക്കിയെ സംഘടനയില്‍ നിന്നും പുറത്താക്കണം.

ആലോചിച്ചു നോക്കൂ, ട്രമ്പ് അവശേഷിച്ച ഏതാനും സൈനികരെ പിന്‍വലിക്കുന്നില്ല, തുര്‍ക്കിപ്പട റോക്കറ്റുകള്‍ വിക്ഷേപിക്കുന്നു. ഇതില്‍ അമേരിക്കന്‍ ഭടന്മാര്‍ വിധിക്കപ്പെടുന്നു എന്തായിരിക്കണം ഇതില്‍ അമേരിക്കയുടെ പ്രതികരണം?

അമേരിക്കക്ക് ബോംബുകള്‍ വിക്ഷേപിച്ചു തുര്‍ക്കി പടയെ നശിപ്പിക്കാം. ഓര്‍ക്കുക നാം മറ്റൊരു നാറ്റോ രാജ്യവുമായി യുദ്ധത്തില്‍ ഏര്‍പ്പെടുകയാണ്. ഇവിടെ ആര്‍ക്കും എന്തുവേണമെങ്കിലും പറയാം ട്രമ്പ് നമ്മെ സഹായിച്ച കുര്‍ദുകളെ തഴഞ്ഞു ഉപേക്ഷിച്ചു എന്നെല്ലാം.

നേരത്തെ സൂചിപ്പിച്ചതുപോലെ ഇതൊന്നും ഒരു രാവിലെ പൊട്ടിമുളച്ച പ്രശ്നങ്ങളല്ല. 30 മില്ലിയണിലധികം കുര്‍ദികള്‍ ഇറാക്ക്, ഇറാന്‍, സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്നു. ഇതില്‍ ഇറാക്കി കുര്‍ദുകള്‍ക്ക് മാത്രമേ ഒരു സ്വയംഭരണ സംവിധാനവും എണ്ണ സ്വത്തുമുള്ളു. സിറിയയില്‍ ഇവര്‍ ഒരുക്കമിട്ടത് ഇറാക്ക് മാതിരി ഒരു പ്രദേശം മുറിച്ചെടുത്തു തങ്ങളുടെ ഒരു രാജ്യം സ്രുഷ്ട്ടിക്കുക.

ഇതൊരു നിസ്സാര സംഭവമായി ഈരാജ്യത്തെ ട്രമ്പ് വിരോധികള്‍ എടുക്കരുത്. തുര്‍ക്കി ഒരു നാറ്റോ അംഗമെന്ന നിലയില്‍ റഷ്യന്‍ ഭീഷണി നേരിടുന്നതിന്, 5000 ത്തോളം അമേരിക്കന്‍ സൈനികരും ന്യുക്ലീയര്‍ ആയുധങ്ങളും അമേരിക്ക തുര്‍ക്കിയില്‍ സൂക്ഷിക്കുന്നുണ്ട്. കൂടാതെ ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ തുര്‍ക്കിയില്‍ താമസിക്കുന്നു. ഇവരെ എര്‍ദോഗാന്‍ പുറത്താക്കിയാല്‍ യൂറോപ്പ് ഇവരെയെല്ലാം സ്വീകരിക്കുമോ? ഈ സാഹചര്യത്തില്‍ തുര്‍ക്കിയുമായി ഒരു യുദ്ധത്തില്‍ അമേരിക്ക ചാടിവീഴുക മൂന്നാം ലോകമഹായുദ്ധം തുടങ്ങിവയ്ക്കുക.

ഇപ്പോള്‍ ട്രമ്പ് എടുത്തിരിക്കുന്ന തീരുമാനത്തിന്റ്റെ പശ്ച്ചാത്തലത്തില്‍ നിരവധി ജീവനുകള്‍ കുര്‍ദ് മേഖലകളില്‍ നഷ്ടപ്പെടുന്നുണ്ട്. അമേരിക്ക തുര്‍ക്കിയെ താക്കീതു ചെയ്യുന്നുണ്ട് ഈ നരഹത്യ അവസാനിപ്പിച്ചില്ല എങ്കില്‍ മറ്റു രൂക്ഷമായ പരിണിതഫലങ്ങള്‍ സ്വീകരിക്കേണ്ടിവരും. എന്തുകൊണ്ട് മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതില്‍ ഇടപെടുന്നില്ല അമേരിക്ക 7000 മൈലുകള്‍ക്കപ്പുറം ഇതെല്ലാം സംഭവിക്കുന്നത് നിങ്ങളുടെ വീടിന്റെ പിന്‍വശത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക