Image

വിശുദ്ധ മദര്‍ കബ്രീനിയുടെ ശില്‍പം നിര്‍മ്മിക്കുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍

Published on 17 October, 2019
വിശുദ്ധ മദര്‍ കബ്രീനിയുടെ ശില്‍പം നിര്‍മ്മിക്കുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍
ന്യൂയോര്‍ക്ക്: ഇറ്റാലിയന്‍  അമേരിക്കന്‍ സന്യാസിനിയായിരുന്ന മദര്‍ ഫ്രാന്‍സിസ് സേവ്യര്‍ കബ്രീനിയുടെ ശില്‍പം നിര്‍മ്മിക്കുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമോ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 14നു നടന്ന കൊളംബസ് ഡേ പരേഡില്‍ പങ്കെടുത്തതിനു ശേഷമായിരുന്നു പ്രഖ്യാപനം. ന്യൂയോര്‍ക്ക്  നഗരത്തെ വളര്‍ത്താനായി വലിയ പങ്കുവഹിച്ച വനിതകളുടെ പ്രതിമകള്‍  സ്ഥാപിക്കുന്നതിന്റെ ആദ്യ പടിയായി (ഷീ ബില്‍ ഇനിഷ്യേറ്റീവ്) നാമനിര്‍ദേശങ്ങള്‍ സ്വീകരിച്ചപ്പോള്‍, ഏറ്റവും കൂടുതല്‍ പിന്തുണ കിട്ടിയത് മദര്‍ കബ്രീനിയുടെ പേരിനായിരുന്നു. എന്നാല്‍ അവസാന പട്ടികയില്‍ നിന്നും മദര്‍ ഫ്രാന്‍സിസ് സേവ്യര്‍ കബ്രീനിയുടെ പേര്  ഒഴിവാക്കപ്പെട്ടു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

വിഷയത്തില്‍ ബ്രൂക്ലിന്‍ സംസ്ഥാനം, തീരുമാനത്തെ ശക്തമായി വിമര്‍ശിക്കുകയും, പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.  ഇതിനുപിന്നാലെയാണ് പ്രതിമ നിര്‍മ്മിക്കാനുള്ള സാമ്പത്തിക സഹായം നല്‍കാമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. ബ്രൂക്ലിന്‍ സംസ്ഥാനവും, കൊളംബസ് സിറ്റിസണ്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് പ്രതിമ നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മിഷ്ണറീസ് സിസ്‌റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയാണ് മദര്‍ കബ്രീനി. ന്യൂയോര്‍ക്കില്‍ നിരവധി, സ്കൂളുകളും, അനാഥാലയങ്ങളും മദര്‍ കബ്രീനി സ്ഥാപിച്ചിട്ടുണ്ട്. 1946ലാണ് മദര്‍ കബ്രീനിയെ വിശുദ്ധപദവിയിലേക്ക് സഭ  ഉയര്‍ത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക