Image

ബംഗ്ലദേശ് ഭടന്‍ വെടിവയ്പില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

Published on 17 October, 2019
ബംഗ്ലദേശ് ഭടന്‍ വെടിവയ്പില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു
ന്യൂഡല്‍ഹി : പതിറ്റാണ്ടുകളായി സമാധാനം നിലനില്‍ക്കുന്ന ഇന്ത്യ – ബംഗ്ലദേശ് അതിര്‍ത്തിയില്‍ ബംഗ്ലദേശ് സേനാംഗം നടത്തിയ വെടിവയ്പില്‍ ബിഎസ്എഫ് ജവാനു വീരമൃത്യു. മറ്റൊരു ജവാനു ഗുരുതര പരുക്കേറ്റു.

ഇന്ത്യന്‍ മീന്‍പിടിത്തക്കാരെ പിടിച്ചുവച്ച സംഭവത്തില്‍ ഫ്‌ലാഗ് മീറ്റിങ് (അതിര്‍ത്തിയിലെ സേനാതല ചര്‍ച്ച) നടത്തി മടങ്ങിയ ബിഎസ്എഫ് സംഘത്തിനു നേരെ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലദേശ് (ബിജിബി) സേനാംഗം വെടിവയ്ക്കുകയായിരുന്നു.

ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ അതിര്‍ത്തി പ്രദേശമായ കക്മരിചാരില്‍ നടന്ന ആക്രമണത്തില്‍ ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ യുപി ഫിറോസാബാദ് സ്വദേശി വിജയ് ഭാന്‍ സിങ് ആണു മരിച്ചത്.

പരുക്കേറ്റ കോണ്‍സ്റ്റബിള്‍ രജ്‌വീര്‍ യാദവ് ചികിത്സയിലാണ്. പിടിച്ചുവച്ച 3 മീന്‍പിടിത്തക്കാരില്‍ ഒരാളെ ബംഗ്ലദേശ് മോചിപ്പിച്ചിട്ടില്ല.

സംഭവത്തിനു പിന്നാലെ ബിജിബി മേധാവി മേജര്‍ ജനറല്‍ ഷഫീനുല്‍ ഇസ്!ലാമിനെ ഹോട്‌ലൈനില്‍ ബന്ധപ്പെട്ട് ബിഎസ്എഫ് മേധാവി വി.കെ. ജോഹ്‌റി ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചു. സൈനികനുണ്ടായ പിഴവാണെന്നും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

സംഭവത്തെക്കുറിച്ചു കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങള്‍ റിപ്പോര്‍ട്ട് തേടി. 4096 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യ – ബംഗ്ലദേശ് രാജ്യാന്തര അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക