Image

ഇന്ത്യയ്ക്ക് മാത്രമായി കിട്ടിയ പുണ്യജന്മം: മഹാത്മാ ഗാന്ധി (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 18 October, 2019
ഇന്ത്യയ്ക്ക് മാത്രമായി കിട്ടിയ പുണ്യജന്മം: മഹാത്മാ ഗാന്ധി (ബ്‌ളസന്‍ ഹൂസ്റ്റന്‍)
ഒന്നര നൂറ്റാണ്ട് മുന്‍പ് ഇന്ത്യയില്‍ ജനിച്ച അത്ഭുതമായിരുന്നു മഹാത്മാഗാന്ധി. ആയുധമെടുക്കാതെ ആശയത്തില്‍ കൂടിയും അര്‍പ്പണബോ ധത്തില്‍കൂടിയും സംയമനസമരത്തില്‍ കൂടിയും എതിരാളിയെ പരാജയപ്പെടുത്തി വിജയം കൈവരിക്കാമെന്ന് ലോകത്തിന് കാട്ടികൊടുത്ത ആദ്യസമര നായകന്‍. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയെ സ്വാതന്ത്ര്യത്തിന്റെ മനോഹരതീരം കാണിച്ചുകൊടുത്ത് അവരെ നയിച്ച നേതാവ്. അങ്ങനെ വിശേഷണങ്ങള്‍്ക്കും വിവരണങ്ങള്‍ക്കും അപ്പുറമാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി്. ഒക്‌ടോബര്‍ രണ്ടിന് മഹാത്മാഗാന്ധിയെന്ന ഇന്ത്യയുടെ ബാപ്പുജിക്ക് ഒന്നര നൂറ്റാണ്ടിന്റെ പുണ്യദിനമാണ്.
   
ജീവിതംകൊണ്ട് സന്ദേശവും പ്രവര്‍ത്തികൊണ്ട് മാതൃകയും പ്രസംഗംകൊണ്ട് ആത്മധൈര്യവും സഹനം കൊണ്ട് വിജയവും കാട്ടികൊ ടുത്ത ലോകചരിത്രത്തിലെ മഹാന്മാരില്‍ മഹാനായി മാറിയ മഹാത്മഗാന്ധി ഇന്ത്യയുടെ പുണ്യജന്മമെന്നതിന് രണ്ടഭിപ്രായമില്ല. പ്രവര്‍ത്തികൊണ്ടും പ്രസംഗങ്ങള്‍കൊണ്ടും ലോകത്തിന് മാതൃകയായി തീര്‍ന്ന മഹാത്മജിയുടെ ആപ്തവാ ക്യങ്ങള്‍ തങ്ക ലിപികളില്‍ ലോകം ചാര്‍ത്തിയിട്ടുണ്ട്.
   
ആപ്തവാക്യങ്ങള്‍ മുത്തുമാലപോലെ കോര്‍ത്തിണക്കിയ മഹാത്മജിയുടെ ജീവിതം ലോകത്തിന് പുതിയ ഒരു മാര്‍ക്ഷദീപം തന്നെയെന്ന തിന് യാതൊരു സംശയവുമില്ല. ലോകം ആരാധിക്കുന്ന മഹാത്മാക്കള്‍ പോലും മഹാത്മജിയുടെ ആപ്തവാക്യങ്ങളില്‍ ആവേശവും ആര്‍ജവവും നേടിയിട്ടുണ്ട്. കേവലം ആപ്ത വാക്യങ്ങളില്‍ കൂടി മാത്രം ജീവിച്ച് മഹത്വത്തിലേക്ക് ഉയര്‍ന്ന വ്യക്തിത്വമല്ല മഹാത്മജിയുടെ ജീവിതം. ആപ്തവാക്യങ്ങളോടൊപ്പം ആദര്‍ശജീവിതവും സമാസമം ചേര്‍ത്തതായിരുന്നു ഗാന്ധിയെന്ന എക്കാലവും ലോകം മഹാന്മാരില്‍ മഹാനായി ആരാധിക്കുന്ന ആദരിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ ജീവിതം.
   
എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് ലോകത്തോടു ഉറക്കെപ്പറഞ്ഞത് മഹാത്മജി മാത്രമായിരുന്നു. സ്വന്തം ജീവിതത്തില്‍ക്കൂടി ലോകത്തിന് ഒരു വലിയ സന്ദേശം കൊടുക്കാന്‍ കഴിഞ്ഞ ഒരു നേതാവിനെയാണ് ഇന്ത്യയ്ക്ക് രാഷ്ട്രപിതാവായി ലഭിച്ചതെന്നതില്‍ ഓരോ ഭാരതീയനും അഭിമാനം കൊള്ളേണ്ടതാണ്. അഹിംസയില്‍ അടിയുറച്ചു നിന്ന് തീര്‍ത്തും രക്തരഹിത പോരാട്ടത്തില്‍ കൂടിയും ജനാധിപത്യ മൂല്യങ്ങള്‍ ഉയ ര്‍ത്തിപ്പിടിച്ചും സായുധസമരത്തില്‍ കൂടി അവകാശങ്ങളും സ്വാതന്ത്ര്യവും നേടി ത്തരാമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തതുകൊണ്ടാണ് ഗാന്ധിജി ലോകജനതയുടെ തന്നെ നേതാവായതെന്ന് ഒരിക്കല്‍ നെല്‍സണ്‍ മണ്ഡേല പറയുകയുണ്ടായി.
   
ലോകം കണ്ട ശാസ്ത്രജ്ഞരില്‍ ഒരാളായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറയുകയുണ്ടായി മജ്ജയും മാംസവുമുള്ള ഒരു മനുഷ്യനായിരുന്നു ഗാന്ധിയെന്ന് ലോകം വിശ്വസിക്കുകയില്ല. ദൈവങ്ങളില്‍ നാം കാണുന്ന മഹത്വമാണ് ഗാന്ധി ജിയെന്ന വ്യക്തിയില്‍ അടങ്ങിയിരിക്കുന്നത്. പത്തു തലയു ള്ള രാവണനെ പുരാണങ്ങളില്‍ കൂടിയും കടല്‍പാലം സൃഷ്ടിച്ച് ലങ്കയിലെത്തിയ ഹനുമാനെയും ശക്തിമാനായ ഭീമനെയുമൊക്കെ നാം കാണുന്നത് ദൈവീക തലത്തിലൂടെയും അമാനുഷിക പരിവേഷത്തിലൂടെയും ആയിരിക്കും. അങ്ങനെയുള്ള മനുഷ്യര്‍ ഈ ലോകത്ത് ജീവിച്ചിരുന്നില്ലെന്ന് വിശ്വസിക്കുന്നവരാണ് മനുഷ്യരില്‍ ഏറെയും. അല്ലെങ്കില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ദൈവങ്ങളായിട്ടോ ആണ് അവരെ നാം സങ്കല് പിക്കാറ്. കോടാനുകോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് പത്ത് തലയുമായി പിറന്ന വ്യക്തിയെന്നല്ല മറിച്ച് അത്രയും ബുദ്ധിയും ശക്തിയുമുള്ളവര്‍ ഈ ലോകത്ത് ജീവിച്ചിരുന്നിക്കാം. ഐസ്റ്റൈന്‍ പറയുന്നതു പോലെ നൂറ്റാണ്ടുകള്‍ക്ക് ശേഷം ലോകം അങ്ങനെ ഗാന്ധിയെയും ഒരു ദൈവീക തുല്യനായി കരുതിയിരിക്കു മെന്നതാണ്. അതിന് കാരണം ഗാന്ധിജിയുടെ പ്രവര്‍ത്തികളും പ്രബോധനങ്ങളും പ്രസംഗങ്ങളും അത് സ്വന്തം ജീവിതത്തില്‍ക്കൂടി പ്രാവര്‍ത്തികമാക്കിയെന്നതുമാണ്. ദൈവങ്ങള്‍ക്കേ കഴിയൂ എന്ന് ഇന്ന് നാം വിശ്വസിക്കുന്ന പ്രവര്‍ത്തികള്‍ ഗാന്ധിജിയില്‍ കൂടി നാം കാണുന്നു എന്ന് സാരം.
   
ലോകം ഇന്നും എന്നും പ്രാവര്‍ത്തീകമാക്കാന്‍ ശ്രമിക്കുന്ന ഒന്നാണ് ഗാന്ധി സ്സം. ലോകം പല ഇസ്സങ്ങള്‍ക്കൊപ്പം പോകുകയും അതൊക്കെ തെറ്റാണെന്ന് തിരിച്ചറിയുകയും അതിനെയൊക്കെ ജനമനസ്സുകളില്‍ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഗാന്ധിസ്സത്തെ ഇന്നും ജനം നെഞ്ചിലേറ്റിക്കൊണ്ട് തന്നെ നടക്കുന്നുണ്ട്. ഇന്നും ഗാന്ധിസ്സത്തെക്കുറിച്ച് പഠി ക്കാനും പഠിപ്പിക്കാനും ലോക ജനതക്ക് ആവേശമാണ്. കാരണം അതില്‍ പൊള്ളയായ വാഗ്ദാനങ്ങളോ തെറ്റിദ്ധരിപ്പിക്കുന്ന ആശയങ്ങളോ വഴിതെറ്റി ക്കുന്ന വിപ്ലവങ്ങളോ പരീക്ഷിക്കപ്പെടാത്ത പ്രബദ്ധങ്ങളോ ഇല്ല. അടച്ച മുറിയിലിരുന്ന് പ്രത്യയശാസ്ത്രത്തിന്റെ സാധുതകളെ അടിസ്ഥാനപ്പെടു ത്തിയുള്ള പ്രതിക്രിയവാദവും കൊളോണിസത്തിന്റെ അനന്ത സാദ്ധ്യതകളെക്കുറിച്ചുള്ള പഠനവുമല്ലെ മറിച്ച് സ്വന്തം ജീവിതത്തില്‍ പരീക്ഷിച്ച് വിജയിപ്പിച്ചെടുത്ത പ്രവര്‍ത്തികള്‍ മാത്രമാണ് ഗാന്ധിസത്തിന്റെ അടിസ്ഥാനം. മറ്റ് ഇസ്സങ്ങള്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാതെ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനായിരുന്നുയെങ്കില്‍ ഗാന്ധിസത്തില്‍ കൂടി സ്വന്തം ജീവിതത്തില്‍ക്കൂടി പ്രാവര്‍ത്തികമാക്കി മറ്റുള്ളവരെ കാണിച്ചുകൊടുക്കുക മാത്രമാണ് ചെയ്തത്. മറ്റുള്ള ഇസ്സങ്ങള്‍ മയക്കുന്ന മരുന്നു പോലെ ജനങ്ങളെ തളര്‍ത്തി അവന്റെ ചിന്തയും പ്രവര്‍ത്തിയും അടിമപ്പെടുത്തിയപ്പോള്‍ ഗാന്ധിസം ജനങ്ങള്‍ക്ക് ഉണര്‍വ്വും ചിന്താശക്തിയും നല്‍കി കൊണ്ട് ഒരു മാറ്റമാണ് നല്‍കിയത്.
   
മറ്റുള്ള ഇസ്സങ്ങള്‍ തെറ്റാണെന്ന് തിരിച്ചറിഞ്ഞ് അതിനെ ഉപേക്ഷിക്കുമ്പോഴും ഗാന്ധിസ്സത്തിന്റെ മഹത്വമറി ഞ്ഞ് അതിനെ പിന്‍തുടരാന്‍ ലോകം ശ്രമിക്കുമ്പോള്‍ അത് ഭാരതത്തെ അഭിമാനത്തിന്റെ അത്യുന്നതങ്ങളില്‍ എത്തിക്കുന്നു. മതത്തിന്റെയും ജാതിയുടെ അതിര്‍വരമ്പുകള്‍ സൃഷ്ടി ക്കാതെ മാനവീക സ്‌നേഹത്തില്‍ പരസ്പരം സ്‌നേഹിക്കുകയും സഹായിക്കുകയു മെന്ന ഗാന്ധിജിയുടെ സന്ദേശം സൂര്യനെപ്പോലെ ഇന്നും ലോകത്ത് ജ്വലിച്ചു നില്‍ക്കുമ്പോള്‍ ഗാന്ധിജിയുടെ നാട്ടിലെ ജനങ്ങള്‍ ജാതിയിലും മതത്തിലും തമ്മില്‍ തല്ലി ചാകുന്ന കാഴ്ച അതിനെ മങ്ങലേല്‍പ്പിക്കുന്നു. അതിനു കാരണം ജാതിയും മതവും കൊണ്ട് അധികാരം കൈയ്യാളാന്‍ കരുക്കള്‍ നീക്കി അധികാര കൊതിയന്മാരായ വര്‍ക്ഷീയ രാഷ്ട്രീയ നേതൃത്വങ്ങള്‍ തന്നെ.
   
ഗാന്ധിസ്സവും അതില്‍ അടങ്ങിയിരിക്കുന്ന മൂല്യങ്ങളും അവര്‍ക്കിന്ന് അരോചകമാണ്. കാരണം അത് അവരുടെ മോഹത്തിന് വിലങ്ങുതടിയാണ്. ആ ആശയത്തില്‍ക്കൂടി മുന്നേറിയാല്‍ അവര്‍ക്ക് അധികാരത്തിലെത്താന്‍ കഴിയില്ലെ ന്നു മാത്രമല്ല ആമാശയത്തിനുള്ള അന്നവും കിട്ടുകയില്ല. ഗാന്ധിസവും ഗാന്ധിജിയും മാറ്റി നിര്‍ത്തപ്പെടുന്നത അതുകൊണ്ടുതന്നെ 
   
ഗാന്ധിജിയുടെ നൂറ്റിയമ്പതാം പിറന്നാളാഘോഷത്തില്‍ പോലും അത് പ്രകടമാക്കിയെന്നു പറയുമ്പോള്‍ അത് എത്രമാത്രമെന്ന് മനസ്സിലാക്കാം. ഒരു വലിയ ആഘോഷമാക്കേണ്ടത് അധികമാരുമറിയാത്തതുപോലെയാക്കി മാറ്റി യെങ്കില്‍ അതില്‍ അവരുടെ വിയോജിപ്പ് പ്രകടമാണ്. ഒക്‌ടോബര്‍ രണ്ട് ഇന്ത്യ ആചരിച്ചിരുന്നത് സേവന ദിനമായിട്ടായിരുന്നു. കേരളത്തില്‍ സേവന വാരമായിരുന്നു. സ്കൂളുകള്‍ കേന്ദ്രീകരിച്ചായിരുന്നു സേവനവാരം ആചരിച്ചിരുന്നത്. അതിന് കാരണം ഭാവി തലമുറ സേവനസന്നദ്ധരാകണമെന്ന തായിരുന്നു. സ്കൂളും പരിസരവും റോഡുകളുടെ ഇരുവശങ്ങളുമൊക്കെ വൃത്തിയും വെടിപ്പുമായി സേവനവാരം വളരെ പ്രാധാന്യത്തോടെ ആഘോഷിച്ചെങ്കില്‍ ഇന്ന് കേവലം സേവനദിനമായി ഒരു ചടങ്ങ് മാത്രമായി ഒതുക്കി തീര്‍ന്നു. കുറേക്കാലം കഴിഞ്ഞാല്‍ അതും ഒരു ഓര്‍മ്മ മാത്രമാകും. കാരണം ഗാന്ധിജിയേക്കാള്‍ നമുക്ക് സ്‌നേഹിക്കാനും ആദരിക്കാനും ചെ കുവേരമാരും ഗോഡ്‌സേമാരുമുള്ളതു തന്നെ. അവരുടെ ജന്മദിനം ഇതിനേക്കാള്‍ ഗംഭീരമായി ആചരിക്കാന്‍ അറിയാവുന്നവര്‍ക്ക് ഗാന്ധിജി രാഷ്ട്രപിതാവ് എന്ന നാമകരണം മാത്രമെയുള്ളു. രാഷ്ട്രത്തേക്കാള്‍ വലിയ സ്ഥാനം രാഷ്ട്രീയത്തിനും മറ്റും നല്‍കുന്നവരില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍. നാളെ രാഷ്ട്രപിതാവെന്ന സ്ഥാനത്തു നിന്ന് മാറ്റി ഒരു സ്വാതന്ത്ര്യസമര സേനാനിയെ ന്ന നിലയിലേക്കുപോലും മാറ്റാന്‍ അര്‍ക്ക് മടി കാണില്ല. 
   
ഇന്ത്യയുടെ രാഷ്ട്ര പിതാവ് എന്ന് വിളിച്ചുകൊണ്ട് അഭിനവരാഷ്ട്രപിതാക്കന്മാരെ പോലും സൃഷ്ടിക്കുമ്പോള്‍ ആ ശബ്ദം ഇന്ത്യയെ സ്‌നേഹിക്കുന്ന ഗാന്ധിയെ സ്‌നേഹിക്കുന്ന ഏതൊരു വ്യക്തി യേയും ഭയപ്പെടുത്തുന്നതാണ്. അതിനേക്കാള്‍ ഭയപ്പെടുത്തുന്നത് ഗാന്ധിജി കണ്ട സ്വപ്നത്തില്‍ നിന്ന് വിപരീതമായ ദിശയിലേക്കാണ് ഇത് ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുന്നതെന്നതാണ്.
   
നൂറ്റാണ്ടുകളുടെ പുണ്യമാണ് മഹാന്മാര്‍പോലും മാതൃകയാക്കുന്ന ഗാന്ധിജി ഇന്ത്യയില്‍ പിറന്നത്. സത്യാ ന്വേഷണ പരീക്ഷണങ്ങളില്‍ ക്കൂടി ഒരു തുറന്നെഴുത്തും. എന്റെ ജീവിതം എന്റെ സന്ദേശമെന്നതില്‍ കൂടി മാതൃകയും കാട്ടിയ ആ പുണ്യാ ത്മാവിന് പുണ്യദിനാശംസകള്‍.   

ബ്‌ളസന്‍ ഹൂസ്റ്റന്‍
blesson houston@gmail.com



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക