Image

ദേവരാജ് കുറുപ്പ് കാരാവള്ളില്‍ - മാറ്റുരയ്ക്കപെടാതെ പോയ ഒരു മാണിക്യക്കല്ല് (ജോസഫ് പൊന്നോലി)

Published on 18 October, 2019
ദേവരാജ് കുറുപ്പ് കാരാവള്ളില്‍ - മാറ്റുരയ്ക്കപെടാതെ പോയ ഒരു മാണിക്യക്കല്ല് (ജോസഫ് പൊന്നോലി)
ശ്രീ ദേവരാജ് കാരാവള്ളില്‍ (1944-  2019)  ജൂലൈ 15 2019 നു  ഇഹലോകവാസം വെടിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികള്‍ അനശ്വരമാണ് എന്ന് നിസ്സംശയം പറയാം.   ഔദ്യോഗികമായി അദ്ദേഹം ഒരു എഞ്ചിനീയര്‍ ആയിരുന്നു. പക്ഷേ  കലാ സാഹിത്യ  സൃഷ്ടികള്‍ക്ക് അദ്ദേഹം സമയം കണ്ടെത്തിയിരുന്നു എന്നുള്ളതാണ് എടുത്തു പറയേണ്ടതായിട്ടുള്ളത്. ഒരു കവി, നാടകകൃത്ത്, മലയാള സാഹിത്യ ചരിത്രകാരന്‍, നിരൂപകന്‍ എന്നീ നിലകളില്‍ അദ്ദേഹം തന്‍റെതായിട്ടുള്ള വ്യക്തിമുദ്ര മലയാള സാഹിത്യലോകത്ത് പതിപ്പിച്ചിട്ടുണ്ട്. പ്രവാസി മലയാള സാഹിത്യലോകത്ത് അദ്ദേഹത്തിന്റെ സംഭാവനകള്‍ക്കു അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടുണ്ടോ  എന്ന് സംശയമാണ് എന്ന് ആദ്യം തന്നെ പറയട്ടെ.

നാടകം  അന്ധരാര്

ശ്രീ ദേവരാജ് എഴുതി സംവിധാനം ചെയ്തവതരിപ്പിച്ച പ്രസിദ്ധ നാടകമാണ് “അന്ധരാര്”.  ഇത് 2001 ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.  ഈ നാടകം അമേരിക്കയില്‍ പല നാടക വേദികളിലും അരങ്ങേറി.. 2001 ലെ ഫൊക്കാനാ അവാര്‍ഡ് ഈ നാടകത്തിനു ലഭിച്ചു.  ഈ നാടകത്തിലൂടെ സമത്വത്തിലും, സാഹോദര്യ സ്‌നേഹത്തിലും ഊന്നിയ ഒരു സാമൂഹ്യ ദര്‍ശനം അദ്ദേഹം അനാവരണം ചെയ്യുന്നു

ഒരു റെയില്‍വേ സ്‌റ്റേഷന്റെ പശ്ചാത്തലത്തില്‍  അമേരിക്കന്‍ പ്രവാസി മലയാളി ജീവിതത്തെ കേന്ദ്രീകരിച്ച് ഒരു തലമുറയുടെ ജീവിത കഥ നാടകരൂപേണ അവതരിപ്പിക്കുന്നു.  അവിടെ കണ്ടുമുട്ടുന്ന പല കഥാപാത്രങ്ങളും സമൂഹത്തിന്റെ രണ്ടു ധ്രുവങ്ങളെ പ്രതിനിധാനം ചെയ്യുന്നു. സമ്പന്ന ലോകവും ദരിദ്രലോകവും.   ഈ നാടകം വഴി ശ്രീ ദേവരാജ് നമ്മുടെ സാമൂഹ്യ അന്ധത സഹൃദയര്‍ക്ക് തുറന്നുകാട്ടുകയാണ്.

രവി എന്ന അമേരിക്കന്‍ മലയാളി സാഹിത്യകാരനും തന്റെ ഭാര്യ മേരി എന്ന നേഴ്‌സും നാട്ടില്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന അജയ് എന്ന മകനും രവിയുടെ അപ്പന്‍ ഇന്‍സ്‌പെക്ടര്‍ കുട്ടന്‍ പിള്ളയും കുട്ടന്‍ പിള്ളയുടെ നാട്ടുകാരനും സുഹൃത്തുമായ യോനാ മുതലാളിയും മക്കളാല്‍ ത്യജിക്കപ്പെട്ട മേരിയുടെ അപ്പനും സമ്പന്നതയുടെ ജീര്‍ണ്ണത ചൂണ്ടിക്കാണിക്കുമ്പോള്‍ മറുവശത്ത് റയില്‍വേ സ്‌റ്റേഷനില്‍ അഭയം തേടി ഓരോ ദിവസവും മുന്നോട്ടു തള്ളി നീക്കുവാന്‍ തത്രപ്പെടുന്ന സമൂഹത്തില്‍ പാര്‍ശ്വതീകരിക്കപ്പെട്ട  കഥാപാത്രങ്ങള്‍  അതില്‍ വീര എന്ന തട്ടിപ്പ് വീരനും, പാപ്പി എന്ന വേശ്യയും,  ശിങ്കാരി എന്ന തമിഴ് പെണ്ണും, ചുമട്ടുകാരന്‍ ചെറുക്കനും, അന്ധനായ ഭിക്ഷക്കാരന്‍ ഖാദറും ഉള്‍പ്പെടും. 

വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ  മണ്ണിതില്‍ ഇഴയുന്ന  മനുഷ്യനോ  അന്ധനാര് ഇപ്പോള്‍ അന്ധനാര് എന്ന വയലാറിന്‍റെ കവിതാവരികള്‍  അവലംബിച്ചാണ് അദ്ദേഹം ഈ നാടകം എഴുതിയത്. പക്ഷേ ആ വരികള്‍ തിരുത്തി ……. വിണ്ണിലിരുന്നുറങ്ങുന്ന മനുഷ്യനോ  മണ്ണിതില്‍ ഇഴയുന്ന  ദൈവമോ  അന്ധരാര്  ഇപ്പോള്‍ അന്ധരാര്  അന്ധകാരപരപ്പിതില്‍ അന്തരാര് എന്ന് ചോദിക്കുന്ന ടൈറ്റില്‍ ഗാനത്തോടു  കൂടിയാണ് നാടകം തുടങ്ങുന്നത്. 

അമേരിക്കന്‍ ജീവിതം

പ്രവാസി മലയാളിയുടെ ജീവിതത്തിന്റെ ജീര്ണതയാണ്  ഈ നാടകത്തില്‍ പ്രതിപാദിക്കപ്പെടുന്നത്.  രവി എന്ന പ്രവാസി മലയാളി സാഹിത്യകാരനാണ് ഈ നാടകത്തിലെ നായകന്‍. മേരി എന്ന അമേരിക്കന്‍ നേഴ്‌സും മകന്‍ അജയ് എന്ന അമേരിക്കന്‍  ടീനേജറും ഇതിലെ പ്രധാന കഥാപാത്രങ്ങളാണ്.  അമേരിക്കയെന്ന പറുദീസയില്‍ മുലപ്പാലും    മാതൃഭാഷയും അന്യമാക്കിയ ഒരു തലമുറയെ  നേര്‍വഴിക്ക് കൊണ്ടുവരാന്‍ കുട്ടന്‍പിള്ളയുടെ തലമുറ (മുത്തച്ഛന്മാര്‍)  ശ്രമിക്കണമെന്ന്  രവി പറയുന്നുണ്ട്.  മേരി എന്ന നേഴ്‌സ് ഓവര്‍ ടൈം നിര്‍ത്തി  കുട്ടികളെ നോക്കണം എന്ന സൂചനയുമുണ്ട്. 

അമേരിക്കയിലെ സമ്പന്ന ജീവിതത്തില്‍ നിന്നും ഒളിച്ചോടി പോകുന്ന രവി നാട്ടിലെ ഒരു റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോമില്‍  അഭയം തേടുന്നത് ഒരു ഷൂപോളിഷ് തൊഴിലാളി ആയിട്ടാണ്.  നാട്ടില്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന  തന്‍റെ മകന്‍  അജയെ  കാണാനും തൊടാനും വേണ്ടിയാണ് രവി റെയില്‍വേ സ്‌റ്റേഷനില്‍ കഴിഞ്ഞത്. ഒരച്ഛന്‍റെ സ്‌നേഹം മകനു  കൊടുക്കാഞ്ഞതിലുള്ള ദുഃഖം മനസ്സില്‍ പേറിക്കൊണ്ട്   തനിക്കു നഷ്ടപ്പെട്ട സ്‌നേഹവും ജീവിതവും  തിരിച്ചു നേടാനുള്ള ഒരു ശ്രമമായിരുന്നു രവിയുടേത്. അമേരിക്കന്‍ മലയാളി സമൂഹത്തിന്  കൈവിട്ടുപോകുന്ന യുവാക്കളുടെ  പ്രതിനിധിയാണ് രവിയുടെയും മേരിയുടെയും  മകന്‍ അജയ്.   രവി പറയുന്നു. “ഇവനെ ഒരു മനുഷ്യനായി വളര്‍ത്തണം മതസ്‌നേഹമല്ല സ്‌നേഹം എന്ന ഏക മതമാണ് ഇവര്‍ പഠിക്കേണ്ടത്"

കുടുംബ ബന്ധങ്ങള്‍

കുടുംബ ബന്ധമാണ് ഈ നാടകത്തിന്‍റെ  ഇതിവൃത്തം. അമേരിക്കന്‍ മലയാളിയുടെ കുടുംബ ബന്ധങ്ങളുടെ ജീര്‍ണ്ണാവസ്ഥ ഇതില്‍ വെളിപ്പെടുത്തുന്നുണ്ട്.  നാടകകൃത്ത് അമേരിക്കന്‍ പ്രവാസി മലയാളി സമൂഹത്തെ വിശേഷിപ്പിക്കുന്നത് ഡോളറിന്റെ മൂല്യമേന്മയില്‍ മതിമറന്ന് സ്വയം മറക്കുന്ന മലയാളിവര്‍ഗ്ഗം എന്നാണ്. ഒരു പാശ്ചാത്യ സംസ്കാരത്തിന്  ഇരയായ  ഒരു പാവം മാപ്പുസാക്ഷി.

മേരിയുടെ അപ്പന്റെ മൂത്ത മക്കള്‍  എല്ലാം അമേരിക്കയില്‍ കോടീശ്വരന്മാര്‍ ആണ്.  നാട്ടില്‍ ഏക ആശ്രയമായിരുന്ന ജോണി എന്ന പട്ടാളക്കാരന്റെ മരണം തന്റെ സമനില തെറ്റിച്ചു. നോക്കാനാളില്ലാതെ വന്നപ്പോള്‍  മക്കള്‍ തന്നെ  ഒരു ചാരിറ്റി  സെന്ററില്‍ ആക്കി.  അവിടെ നിന്നും ഒളിച്ചോടി അലഞ്ഞു നടക്കുമ്പോള്‍ രവി അയാളെ കൂട്ടിക്കൊണ്ടുവന്നു തന്റെ കൂടെ താമസിപ്പിച്ച് ചികിത്സിക്കുന്നു.

യുവ തലമുറ

അജയ് എന്ന കഥാപാത്രം തല തിരിഞ്ഞു പോയ അമേരിക്കന്‍ മലയാളി യുവാക്കളെ ആണ് പ്രതിനിധീകരിക്കുന്നത്.

 ഇന്ത്യയിലെ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന അജയ് മാതാപിതാക്കളുടെ പണം  ധൂര്‍ത്തടിക്കുന്ന ചീത്ത കൂട്ടുകെട്ടുകളില്‍ ചെന്നു പെടുന്നു.  അനിയന്ത്രിതമായ  ലൈംഗികയ്ക്കും  മയക്കു മരുന്നുകള്‍ക്കും അടിമയാകുന്നു  ഉപദേശിക്കാന്‍ ശ്രമിക്കുന്ന രവിയെ വേഷപ്രച്ഛന്നനായി നാട്ടില്‍ ജീവിക്കുന്ന  സ്വന്തം അച്ഛനെ അവന്‍ പുച്ഛിക്കുന്നു. അവസാനം അജയ് മാനസാന്തരപ്പെടുന്നു മാതാപിതാക്കളുമായി രമ്യതപ്പെടുന്നു.   രവി മകനോട് പറയുന്നു  “ഈ നിന്ദിക്കുന്ന പണത്തിന്‍റെ വില മോന്‍ അറിയില്ല ഇതിനുവേണ്ടി പകലന്തിയോളം എല്ലുമുറിയെ പണി ചെയ്യുന്നവരുണ്ട്  മോന്‍റെ  തെറ്റല്ല അല്ല പണം കൂടി പോയതിന്റെ  കുറ്റമാണ്.”

നാടകത്തിന്റെ അവസാനം രവി ഒരു എയ്ഡ്‌സ് രോഗിയാണ് എന്ന് അയാള്‍ വെളിപ്പെടുത്തുമ്പോള്‍ എല്ലാവരും ഞെട്ടുന്നു. ഭാര്യ മേരിക്കും അത് വിശ്വസിക്കാനാവുന്നില്ല അവസാനം രവി തനിക്ക് എങ്ങനെ എയ്ഡ്‌സ് ബാധിച്ചു എന്ന് വെളിപ്പെടുത്തുന്നു. കാറപകടത്തില്‍ പെട്ട് കാലു മുറിച്ചപ്പോള്‍  ആശുപത്രിയില്‍ നിന്നും കിട്ടിയ രക്തത്തിലൂടെ പകര്‍ന്നതാണ്  തന്റെ എയ്ഡ്‌സ് രോഗം.

അന്ധരാര്?

അന്ധരാര്  പ്രവാസി മലയാളി സാഹിത്യകാരന്‍ രവിയുടെ കഥയാണ്. പക്ഷേ  രവി പറയുന്നു അതു തന്‍റെയും ഖാദറിന്റെയും ചിരുതയുടെയും പാപ്പിയുടെയും ശിങ്കാരിയുടെയുമൊക്കെ കഥയാണ് എന്ന്.

അന്ധനായ ഖാദര്‍  പറയുന്നു ഒരു  കണ്ണു പൊട്ടന്‍ ആണെങ്കിലും തനിക്കു  എല്ലാം കാണാന്‍ കഴിയും  എന്ന്.   “അന്ധനാം ഭിക്ഷുവിന്‍  ആര്‍ദ്രമാം ചോദ്യമാണ് “അന്ധരാര്” എന്ന് നാടകകൃത്തു എടുത്തു പറയുന്നു. 

രവിയുടെ അപ്പന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുട്ടന്‍ പിള്ളയും യോനാച്ചന്‍ മുതലാളിയും റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടുമുട്ടുമ്പോള്‍  നടക്കുന്ന സംഭാഷണത്തിനിടയില്‍ രവി സ്വയം ഗദ്ഗദപ്പെട്ടു പറയുന്നു “ഒരു സഹജീവിയോട് അല്പം സഹതാപമോ സഹാനുഭൂതിയോ പോയിട്ട് ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാത്ത ലോകം” ആണ് ഇതെന്ന്. 

രവി 22 വര്‍ഷത്തിനു ശേഷം തന്റെ സാഹിത്യ ജീവിതത്തിന്റെ ചുരുള്‍ അഴിക്കുന്നു. തുളസി എന്ന  തൂലികാ നാമത്തില്‍ താനായിരുന്നു എഴുതിയിരുന്നത് എന്ന് വെളിപ്പെടുത്തുന്നു.

ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട  ശിങ്കാരി എന്ന പിഞ്ചു ബാലികയുടെ കൊലപാതകികളെ കണ്ടെത്താനും പ്രതികാരം ചെയ്യാനുമുള്ള  പടവാളുമായി രവി ജീവിതം തുടരാന്‍ പ്രതിജ്ഞയെടുക്കുന്നു.  നിസ്സഹായരും നിരാലംബരുമായ പിച്ചക്കാര്‍ക്കും തെരുവ് ജീവികള്‍ക്കും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വയ്ക്കുന്നു.

നാടക സംവിധായകന്‍

ഈ നാടകത്തിന്‍റെ പരിസമാപ്തി വളരെ ഹൃദയസ്പര്‍ശിയാണ്.  കര്‍ട്ടന്‍ താഴുമ്പോളുള്ള രംഗം അദ്ദേഹം  വിവരിക്കുന്നത്  ഒരു നാടകസംവിധായകന്റെ കഴിവിനെ തെളിയിക്കുന്നതാണ്. പശ്ചാത്തല സമാപ്തി വളരെ ഭംഗിയായിട്ടാണ് ഈ നാടകത്തില്‍ വിവരിച്ചിരിക്കുന്നത്. അന്ധരാര് ഇപ്പോള്‍ അന്ധരാര് അന്ധകാര പരപ്പില്‍ അന്ധരാര് എന്ന് പാടി അന്ധനായ ഭിക്ഷക്കാരന്‍ ഖാദര്‍ പ്രവേശിക്കുന്നു പശ്ചാത്തലം അന്ധകാരപൂര്‍ണ്ണമാകുന്നു കടലില്‍ ഇരമ്പല്‍. കൊടുങ്കാറ്റ് വീശി പ്രകൃതിക്ഷോഭധ്വനിയുടെ ഏറ്റക്കുറച്ചില്‍. ടൈറ്റില്‍ ഗാനം വീണ്ടും കേള്‍ക്കാം.  അകലെനിന്ന് ചൂളമടിച്ചു വരുന്ന ട്രെയിനിന്റെ ശബ്ദം. ചായ കാപ്പി ഇഡലി വട തുടങ്ങിയ വിളികളും  രവിയുടെ കാട്ടു തുളസി എന്ന വിപ്ലവ കൃതിയുടെ കയ്യെഴുത്ത് പ്രതികള്‍ രംഗത്ത് പാറിപ്പറക്കുമ്പോള്‍  നാടകത്തിനു തിരശ്ശീല വീഴുന്നു.

ദേവരാജ് കാരാവള്ളില്‍ അന്ധരാര് എന്ന ഈ നാടകത്തിലൂടെ സമത്വ സുന്ദര സാഹോദര്യത്തിന്റെ ലോകമെന്ന തന്റെ ജീവിത ദര്‍ശനം അവതരിപ്പിക്കുന്നു. അതേ സമയം  യാഥാര്‍ത്യത്തിന്റെ പച്ചയായ  മുഖം അമേരിക്കന്‍ മലയാളി ജീവിതത്തിലെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം അനാവരണം ചെയ്തുകൊണ്ട് നമ്മുടെ സാമൂഹ്യ അന്ധത വെളിപ്പെടുത്തുന്നു. 

ജോണ്‍ മാത്യുവിന്റെ ‘അന്തകവിത്ത്” എന്ന ചെറുകഥയും  ദേവരാജ് കാരാവള്ളില്‍  നാടകമാക്കി അവതരിപ്പിച്ചിട്ടുണ്ട്.  അതിലും ഒരു തിരക്കഥാകൃത്ത്, നാടക സംവിധായകന്‍ എന്നീ നിലകളില്‍ തന്റെ കഴിവ് അദ്ദേഹം തെളിയിച്ചിരിക്കുന്നു.

സാഹിത്യ ചരിത്രകാരന്‍

തന്റെ ലേഖനങ്ങളിലൂടെ മലയാള സാഹിത്യ ചരിത്രവും മലയാള കവിതയുടെ ഉത്ഭവവും വളര്‍ച്ചയും അദ്ദേഹം വിവരിക്കുന്നു. ദേവരാജ് ലേഖനങ്ങള്‍ തന്റെ സാഹിത്യ ചരിത്ര പാണ്ഡിത്യം വെളിപ്പെടുത്തുന്നു. 

സമകാലീന കവിതകളെക്കുറിച്ചു അദ്ദേഹം ഇങ്ങനെ എഴുതി “വര്‍ത്തമാന കാലത്തിന്റെ സങ്കീര്‍ണ്ണ പ്രശ്‌നങ്ങളെ ഉള്‍ക്കൊള്ളുകയും ആയതിനോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട് മലയാളത്തിന്റെ സമകാലീന കവിതകള്‍ എന്ന കാര്യത്തില്‍ രണ്ടു പക്ഷമുണ്ടാകാന്‍ ഇടയില്ല.”

ദേവരാജിന്റെ കവിതകള്‍

ശ്രി ദേവരാജ് കാരാവള്ളില്‍ പല കവിതകളും എഴുതിയിട്ടുണ്ടെങ്കിലും തന്റെ ഏഴു  കവിതകളുടെ ഒരു സമാഹാരം  “കേദാരമാനസം” എന്ന  ഒരു സി. ഡി. യായി പ്രസിദ്ധീകരിച്ചതും കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ വാര്‍ഷിക ഗ്രന്ഥങ്ങളില്‍  പ്രസിദ്ധീകരിച്ച ഏതാനും കവിതകളും  മാത്രം ഇന്ന് അവശേഷിക്കുന്നു.  ഈ കവിതകളില്‍  തന്റെ  കാവ്യ ഭാവനയും, ദര്‍ശനവും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.  വൃത്തവും, പ്രാസവും, താളവും, ഈണവും, വാക്ചാതുരിയും,പദ സമ്പത്തും  ദേവരാജ് കവിതകളുടെ മാറ്റു കൂട്ടുന്നു.

കാവ്യോപാസന

“പുത്രകാമേഷ്ടി”  എന്ന കവിതയില്‍ അന്തരാത്മാവിന്റെ സര്‍ഗ്ഗ സൃഷ്ടിയായ കവിതയിലൂടെ  പരിവര്‍ത്തനത്തിന്റെ  പുത്രകാമേഷ്ടി യാഗം നടത്തുന്ന കവിയെ കാണാം. വയലാറിനെപ്പോലെ സര്‍ഗ്ഗ ചേതനയുടെ അശ്വമേധം നടത്തുന്ന കവിയുടെ സര്‍ഗ്ഗ ഭാവനയാം കുതിരയുടെ “ആ കുതിര കുളമ്പടി  നാദ  ചിലമ്പൊലി  സ്തപ്തമാക്കി തളക്കുവാനൊക്കുമോ “ എന്ന് കവി ചോദിക്കുന്നു.  “കാവ്യ ദേവതയോട്” എന്ന കവിതയില്‍ തന്റെ ആരാധനാ മൂര്‍ത്തിയായ കാവ്യദേവതയുടെ “മൃദു കരാംഗുലി പാദങ്ങളില്‍ തൊട്ടുരുമ്മി “ തന്നെ ഒരു പൂമ്പാറ്റയായി മാറ്റുന്നു എന്ന് അദ്ദേഹം വര്‍ണിക്കുന്നു.  തന്റെ കാവ്യോപാസനയും ജീവിതവും  കാവ്യദേവതയുടെ അള്‍ത്താരയില്‍ കത്തിയെരിയുന്ന ഒരു കരിന്തിരിയായി കവി സങ്കല്‍പ്പിക്കുന്നു.

“കേദാരമാനസം “ എന്ന കവിതയില്‍ തന്റെ ആത്മാവിന്റെ മുല്ലപ്പൂ കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു കവിയെ കാണാം. കവിയുടെ വാക്കില്‍ “ കാലത്തിന്‍ ഭേദത്തില്‍ വേരറ്റു പോകാതെ  കാക്കുമെന്നാത്മ പൂമുല്ലയല്ലാതെ ”  വേറെ പൂക്കള്‍ തന്റെ മനസ്സാകുന്ന കേദാരത്തില്‍ അവശേഷിക്കുകയില്ല എന്ന് പറയുന്ന  കവിയുടെ  സൗന്ദര്യബോധവും  ദാര്ശനികതയും ആര്‍ദ്രമായ ഭാവവും വ്യക്തമാകുന്നു.

ജീവിത ദുഖങ്ങള്‍

തന്റെ കവിതകളില്‍ ജീവിത യാഥാര്‍ഥ്യവും, ദുഖങ്ങളും പ്രകടിപ്പിക്കാന്‍ അദ്ദേഹം മറന്നില്ല. കാര്‍മേഘം എന്ന കവിതയില്‍ ജീവിത നൈരാശ്യം പേറി നടക്കുന്ന മനുഷ്യനെ കാര്‍മേഘത്തോട് ഉപമിക്കുന്നു.

അര്‍ത്തവും, മോഹവും, കാമവും ജീവിത ദുഖങ്ങളുടെ ഉറവിടമായി അദ്ദേഹം സൂചിപ്പിക്കുന്നു.   കണ്വാശ്രമത്തിലെ ശകുന്തളയേയും, ഇഷ്ടതോഴനായ സൂര്യനെ നഷ്ടപ്പെട്ട കാര്‍മേഘ ശകലത്തെയും ദുഖങ്ങളുടെ പര്യായമായി അദ്ദേഹം വര്‍ണിക്കുന്നു.  മകളേ കരയല്ലേ  എന്ന കവിതയില്‍ മറുനാട്ടില്‍ ജോലി തേടി വന്നു വഴി പിഴച്ചുപോയ യുവതിയോടുള്ള സഹതാപവും പുത്ര വാത്സല്യവും പ്രകടമാക്കുന്നു. 

“പൂവും പുഴുവും” എന്ന കവിതയില്‍ പൂവിനെ നോവിക്കാതെ “പട്ടുനൂലേകി പട്ടട പൂകുമാ” ജീവിത ചെളിക്കുണ്ടിലെ ഒരു പുഴുവാണ് കവി എന്നു സൂചിപ്പിക്കുന്നു.  “പാരില്‍ പരാജിത കീഡമാപ്പീഡിത  പാഴ് ശ്രുതി തന്ത്രികള്‍ മീട്ടുകയായ് “  എന്ന കവിയുടെ വരികള്‍  തന്റെ ലോലമായ ഹൃദയവും ദാര്ശനീയ ഭാവനയും വെളിപ്പെടുത്തുകയാണ്.

ഗൃഹാതുരത്വം

ഗൃഹാതുരത്വം വെളിപ്പെടുത്തുന്ന കവിതകളാണ്   “ഗ്രാമീണ ഭംഗി”.  “ഇനിയെന്ന് കാണും “, “ മകളേ  കരയല്ലേ” എന്നിവ.  അമേരിക്കന്‍ ജീവിതം ഒരു കാരാഗ്രഹമായിട്ടാണ് കവി കാണുന്നത്.   “ഉത്തുംഗ രാജ്യത്തെ ഉന്മാദ ലാസ്യത്തെ തൊട്ടുരുമ്മിക്കൊണ്ടിരുന്ന” കവി തന്റെ കൊച്ചു ഗ്രാമത്തെ പാടി പുകഴ്ത്തുന്നു. ആ ഗ്രാമീണ ഭംഗി വിവരിക്കുന്നതിന്റെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്.  ”അത്രയ്ക്കവാച്യമാണത്രയ്ക്യമേയമാണ്

ആകൊച്ചുനാടിന്‍  ശാലീന ഭംഗി”  എന്ന് പറഞ്ഞുകൊണ്ടു 

 “ഒറ്റക്കുതിക്കെന്റെ ഗ്രാമത്തില്‍ പറന്നെത്താന്‍” കവി തെന്നലിനെപ്പോലെ കൊതിക്കുന്നു.  നാടന്‍ പാട്ടിന്റെ ഈണത്തിലും താളത്തിലും രചിച്ച ഈ കവിതകള്‍ ഗാനങ്ങളായി അവതരിപ്പിച്ചത് മലയാളത്തിലെ പ്രശസ്ത ഗായകരാണ്.

ഒരു പച്ച മനുഷ്യന്‍, ദാര്ശനികന്‍

സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും  ഒരു മൂര്‍ത്തിമത്  ഭാവമായിരുന്നു ശ്രീ ദേവരാജ് കാരാവള്ളില്‍.  അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികളിലും ആ നൈര്‍മ്മല്യം പ്രതിഫലിക്കുന്നു.  അദ്ദേഹം അവസാനം പങ്കെടുത്ത പരിപാടിയായിരുന്നു കേരളാ റൈറ്റേഴ്‌സ് ഫോറം ജൂണ്‍ 22, 2019 ല്‍ ഹ്യുസ്റ്റണില്‍ സങ്കടിപ്പിച്ച “കാവ്യോത്സവം”.  അതില്‍ പങ്കെടുത്തുകൊണ്ട് “മാറ്റുരയ്ക്കപ്പെടുന്ന  മാണിക്യക്കല്ലുകള്‍” എന്ന തന്റെ കവിത പാടി അവതരിപ്പിച്ചു.  മാണിക്യക്കല്ലുകളായ പ്രവാസി മലയാള സാഹിത്യകാരന്മാരെ  കേരളത്തിലെ മുഖ്യധാരാ സാഹിത്യ ലോകം അവഗണിക്കുന്നു എന്നുള്ള സന്ദേശം ഉള്‍കൊള്ളുന്ന ഒരു  വിലാപ കാവ്യമായിരുന്നു അത്.

സിഗരറ്റ് നീട്ടി വലിച്ചാസ്വദിച്ചു അതിന്റെ പുകച്ചുരുളുകള്‍ വെളിയിലേക്കു ഊതി തള്ളിവിടുന്ന ദേവരാജിന്റെ ചിത്രം മനസ്സില്‍ മായാതെ നില്‍ക്കുന്നു.  ജീവിതം ആസ്വദിച്ചതിനു ശേഷം ഒരു പുകച്ചുരുളായ് തള്ളി നീക്കിയ ഒരു പച്ച മനുഷ്യന്‍ അഥവാ ദാര്ശനികനെയാണ് നാം അവിടെ കാണുന്നത്.  അതേ സമയം  തന്റെ സാഹിത്യ സൃഷ്ടികളില്‍  സാമൂഹ്യ പരിവര്‍ത്തനത്തിനായി അശ്വമേധം നടത്തിയ ഒരു കവിയും നാടകകൃത്തുമായിരുന്നു അദ്ദേഹം എന്ന് കാണാം. 

മാറ്റുരക്കപെടാതെ പോയ ഒരു മാണിക്യക്കല്ല്, ദേവരാജ് കുറുപ്പ്  കാരാവള്ളിലിന്റെ വിയോഗം മലയാള സാഹിത്യ ലോകത്ത് ഒരു നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്.  ദേവരാജ് കാരാവള്ളിലിന്റെ കവിതകളും നാടകങ്ങളും അവയിലെ സ്‌നേഹത്തിലും, സാഹോദര്യത്തിലും അധിഷ്ഠിതമായ ജീവിത ദര്‍ശനവും നമുക്ക് പ്രചോദനം നല്‍കട്ടെ.  തന്റെ സര്‍ഗ്ഗ സൃഷ്ടിയാകുന്ന കുതിരയുടെ “ആ കുതിര കുളമ്പടി  നാദ  ചിലമ്പൊലി  സ്തപ്തമാക്കി തളക്കുവാനൊക്കുമോ?”.  എന്ന് ചോദിക്കുന്ന കവിയുടെ കവിതാ വരികള്‍ ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ആ പ്രതിഭാശാലിയുടെ സ്മരണയ്ക്ക് ആദരാഞ്ജലികള്‍.  ശ്രീ ജോണ്‍ മാത്യുവിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. “ ഒരു യുഗം അവസാനിച്ചു കൊണ്ടിരിക്കുന്നു. അതേ, അമേരിക്കയിലെ മലയാളം എഴുത്തിന്റെ ഒന്നാം തലമുറ കഴിഞ്ഞുകൊണ്ടിരിക്കുന്നു.  നമ്മുടെ പ്രിയപ്പെട്ട കവിയുടെ, നാടകകൃത്തിന്റെ, സംവിധായകന്റെ, സുഹൃത്തിന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഒരു പിടി പനിനീര്‍ പൂക്കള്‍.”

ദേവരാജ് കുറുപ്പ് കാരാവള്ളില്‍ - മാറ്റുരയ്ക്കപെടാതെ പോയ ഒരു മാണിക്യക്കല്ല് (ജോസഫ് പൊന്നോലി)
Join WhatsApp News
Ninan Mathulla 2019-10-19 06:03:05
Thanks Ponnoli for keeping the memory of Devaraj alive. He deserves it. I knew Devaraj for several years, and used to ride together. He was a very soft person with no mask of 'kaapatyam'. 'Nishkalankanaya oru vyakthi'- that was my first impression about him, and it was true. I felt the enchanting power of his words that flow like the links in a chain connected to each other. Rare are people who can write like this. Comparable to Vedaviharam by Mahakavi K V Simon, or 'Adyathmaraamayanam by Ezhuthachan.
Thomas K Varghese 2019-10-21 19:12:56
Devaraj  was a simple person with a lot of capabilities.   We all are missing him.  Mr.Ponnoly!  you did a good job going through his life and writtings.  
ജോർജ്ജ് പുത്തൻകുരിശ് 2019-10-21 22:41:33
അവാർഡും പൊന്നാടയുമൊക്കെയാണ് ഒരു സാഹിത്യ പ്രതിഭയെ വിലയിരുത്താനുള്ള അളവുകോൽ എങ്കിൽ യശ്ശശരീനായ ശ്രീ ദേവരാജ് കുറുപ്പ് ഒരിക്കലും അതിനര്ഹനല്ല . കാരണം അദ്ദേഹം വിട്ടുപോയ അദ്ദേഹത്തിന്റ  അലമാരയിൽ  അത്തരം വസ്തുക്കൾ  കണ്ടെത്താൻ സാദ്ധ്യതയില്ല . എന്നാൽ അദ്ദേഹത്തിന്റെ രചനകളെ, പ്രത്യേകിച്ച് കവിതകളെ , പഠിക്കുന്നവർക്ക് 'മാറ്റുരയ്ക്കാതെ പോയ പല മാണ്യക്ക്യ' കല്ലുകല്ലുകളും  കണ്ടെത്താൻ കഴിയും.  കാല്പിനിക കവിതകൾ രചിക്കുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന വ്യൂല്പത്തി അനിതരസാധാരണമാണ് . അദ്ദേഹത്തിനോട് സംസാരിച്ച്‌ അല്പം കഴിയുന്നതിന് മുൻപ്  പ്രാപഞ്ചികമായ ഈ ലോകത്ത് നിന്ന് കാൽപ്പനികതയുടെ  ലോകത്തേക്ക് ശ്രോതാക്കളെ അദ്ദേഹം  കൂട്ടികൊണ്ടുപോകുകയും.   ചിലപ്പോൾ ചങ്ങമ്പുഴയുടെ രൂപഭാവങ്ങൾ ആർജ്ജിച്ച്‌ , നമ്മളെ ആ നടക്കാവുകളിലൂടെ എല്ലാം അദ്ദേഹത്തോടൊപ്പം ഉലാത്തിപ്പിക്കുകയും നമ്മൾക്കായി അദ്ദേഹത്തിന്റ കേദാര മാനസം തുറക്കുകയും ചെയ്യും  
   
"കേതനമായൊരുപൂന്തോപ്പിൽ നട്ടൊരാ 
കാതരതൂമുല്ല പൂവിടുമ്പോൾ 
ചേലിലാത്തേജസ്സിൻ പൂക്കൾ തൻ മാനസ-
ച്ചോരനായി മാരുതനെത്തിടുമ്പോൾ 
                ഓതിഞാനേവം ചേതമെനിക്കുണ്ടെൻറെ 
                ചേതസ്സിൽ പൂക്കളുലച്ചുവെങ്കിൽ
                ചാരത്തു ചെല്ലാതെ തല്ലിക്കൊഴിക്കാതെ 
                ദൂരത്തുപോകുക തെന്നെലെ നീ '"  (കേദാരമാനസം -ദേവരാജകുറുപ്പ് ) 

ശ്രീ ജോസഫ് പോന്നോലി ഇവിടെ പറഞ്ഞിരിക്കുന്നതുപോലെ മാറ്റുരയ്ക്കപ്പെടാതെ ആ മണിക്ക്യകല്ല് നമ്മളെ വിട്ടുപോയെങ്കിൽ , അതിനു കാരണക്കാർ, അവാർഡുകളിലും, പൊന്നാടകളേയും മാനദണ്ഡമാക്കി സാഹിത്യ പ്രതിഭകളെ സൃഷ്‌ടിക്കുന്ന ഒരു കച്ചവട സാഹിത്യ സംസാകാരം ഇവിടെയുള്ളത് കൊണ്ടാണ്. അതിൽ നിന്ന് മോചനം നേടിയില്ലെങ്കിൽ നാം , ഇതുപോലെ മരണാന്തര ലേഖനങ്ങളിലൂടെ അങ്ങനെയുള്ളവരെ ആദരിക്കേണ്ടതായി വരും . ദേവരാജിനോട് ഇടപഴകിയവർക്കറിയാം അദ്ദേഹം ഒരിക്കൽപോലും അവാർഡുകളെക്കുറിച്ച് സംസാരിച്ചിട്ടില്ലായിരുന്നുവെന്ന്    . എന്നാൽ  മലയാളഭാഷയെ. പ്രത്യകിച്ച് കാവ്യലോകത്തെ അദ്ദേഹം അകമഴിഞ്ഞു സ്നേഹിച്ചിരുന്നുവെന്നും   

"എത്ര പെരുമാക്കൾ ശങ്കരാചാര്യന്മാ-
രെത്രയോ തുഞ്ചൻമാർ കുഞ്ചൻമാരും 
ക്രൂരമാം ജാതിയാൽ നൂനമലസിപ്പോയി 
കേരളമാതാവേ നിൻ വയറ്റിൽ" (ദുരവസ്ഥ -ആശാൻ )

എന്ന  കവിത ശകലത്തിലെ ദുരവസ്ഥക്ക് കാരണം ജാതി' യായിരുന്നെങ്കിൽ. ഇന്ന്   മലയാളസാഹിത്യലോകത്ത് , പ്രത്യേകിച്ച് അമേരിക്കയിൽ , പല 'മാണിക്യ കല്ലുകളും മാറ്റുരക്കപ്പെടാതെ' പോകുന്നെങ്കിൽ അതിന് ഒരു കാരണം ഈ അവാർഡുകളും പൊന്നാടകൾക്കും വേണ്ടിയുള്ള മത്സരമല്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു 

പ്രിയസുഹൃത്ത് ശ്രീ ദേവരാജക്കുറുപ്പിന്റ ആത്മാവ് , ആശാന്റെ വീണപൂവിലെന്നപോലെ ,

"ഇപ്പശ്ചിമാബ്ദിയിലണഞ്ഞൊരു താരമാരാ-
ലുല്പന്നശോഭമുദയാദ്രിയിലെത്തിടുമ്പോൽ "
 
അദ്ദേഹം സ്വപ്നം   കണ്ടിരുന്ന ആ കാവ്യലോകത്ത് നിത്യമായ ശാന്തി അനുഭവിച്ചു   ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 

ശ്രീ ജോസഫ് പോന്നോലി എഴുതി പ്രസിദ്ധീകരിച്ച ഈ മനോഹരമായ ലേഖനം ശ്രീ. ദേവരാജ്‌ജിന് കിട്ടാവുന്ന ഏറ്റവും നല്ല ഒരു മരണാന്തര ബഹുമതിയാണ് . അദ്ദേഹം, സമയം കണ്ടെത്തി ഇങ്ങനെ ഒരു ലേഖനം എഴുതിയതിന് വളരെ അഭിനന്ദനം അർഹിക്കുന്നു . 



കുറുപ്പ് 2019-10-22 11:03:11
അമേരിക്കയിൽ ഏറ്റവും കൂടുതൽ അവാർഡ് സൃഷ്ടിക്കുന്ന സ്ഥലം ഹ്യുസ്റ്റണാണ് . വലിയ തമ്പുരാട്ടി അവാർഡ് , വീരപ്പൻ അവാർഡ് , ഫുലാൻ ദേവി അവാര്ഡ് ,  സാഹിത്യ സംഹാര അവാർഡ് തുടങ്ങിയവ . അത് കഴിഞ്ഞാൽ ഡാലസ്സ് അവിടെ ഉടനെ തന്നെ അവാർഡ് പ്രഖ്യാപിക്കും .  അങ്ങനെ അമേരിക്കയിൽ അവാർഡ് ജേതാക്കളെ തട്ടിയിട്ട് നടക്കാൻ വയ്യാതാകും .  ഏറ്റവും നല്ല സാഹിത്യകാരൻ ഞാൻ നോക്കിയിട്ട് പരേതനായ സാഹിത്യകാരനാണ് പുത്തൻകുരിശേ .  നിങ്ങൾ നാന്നായി എഴുതിയിരിക്കുന്നു . 
അവശ കലാകാരൻ 2019-10-22 12:05:53
അമേരിക്കയിൽ അവാർഡ് വിപ്ലവം തുടങ്ങിയത് ന്യുയോർക്കിൽ നിന്നാണ് . അവിടെയല്ലേ സർവ്വ സമിതികളും എന്തെല്ലാം സംഘടനകളാണ് അവിടെ . അവാർഡ് പ്രഖ്യാപിച്ചു അത് കയ്യിൽ കിട്ടുമ്പോഴേക്കും സാഹിത്യകാരൻ ഓർമ്മയാകും .   പിന്നെ എഴുത്തിന്റെ ഗുണം കൊണ്ട് എഴുതിയെന്താണെന്ന് ആരും ഓർക്കുകയുമില്ല .  എഴുത്ത്കാരന്റെ കാലശേഷം വീട്ടുകാരെടുത്തത് വിറകുകൊള്ളിയാക്കും . തണുപ്പത്ത് രണ്ടു ചായയെങ്കിലും തിളപ്പിക്കാൻ ആയാൽ അത്രയായി  .  അവാർഡ് ഒരു ശവപ്പെട്ടിയാക്കി കൊടുത്തിരുന്നെങ്കിൽ സാഹിത്യകാരൻ മരിക്കുംമ്പോൾ കുറച്ചു പൈസ ലാഭിക്കാമായിരുന്നു . അതിന്റെ പുറത്ത് വേണെങ്കിൽ നല്ല എഴുത്തുകാരനുള്ള പുരസ്കാരം എന്ന് എഴുതി വച്ചോളു , കുഴിയിൽ കിടക്കുമ്പോൾ വായിച്ചു സുഖിച്ചു കിടക്കാമല്ലോ . 

Simon 2019-10-22 15:51:03
ദേവരാജ് കുറുപ്പ് കാരാവള്ളിൽ എന്ന എഴുത്തുകാരനെ മരിച്ച ശേഷമാണ് ഞാൻ കേൾക്കുന്നത്. അദ്ദേഹം എഴുതിക്കൊണ്ടിരുന്ന സാഹിത്യ മാസികകൾ ഏതെല്ലാമെന്നും അറിയില്ല. ഈ-മലയാളിയുടെ എഴുത്തുകാരുടെ ലിസ്റ്റിൽ അദ്ദേഹത്തിന്റ പേര് കാണുന്നില്ല. ഒരു കഥയോ ലേഖനമോ  ദേവരാജ് ഇ-മലയാളിയിൽ എഴുതിയില്ലെന്ന് സാരം. ഏതായാലും ഇങ്ങനെ ഒരു സാഹിത്യകാരനെ പരിചയപ്പെടുത്തിയതിൽ ലേഖകന് അഭിനന്ദനം. ജീവിച്ചിരിക്കുമ്പോൾ ഹൂസ്റ്റൺകാർ ഈ സാഹിത്യകാരനെ സ്വന്തമാക്കി രഹസ്യമായി സൂക്ഷിച്ചിരുന്നിരിക്കണം. അദ്ദേഹത്തിന് അവാർഡുകൾ ലഭിക്കാതെ പോയ കാരണങ്ങളും അതാണ്.     
Kuriyan, New York 2019-10-22 17:41:38
"അവശ കലാകാരൻ
അമേരിക്കയിൽ അവാർഡ് വിപ്ലവം തുടങ്ങിയത് ന്യുയോർക്കിൽ നിന്നാണ് ."
കേരള സാഹിത്യ അക്കാദമി അവാർഡ് 
വന്നെത്തിയത് ന്യുയോർക്കിലാണ് അവശ 
കലാകാര..ന്യുയോർക്ക് മലയാളികളുടെ 
കയ്യിൽ കാശുമുണ്ട്. അവർ വിചാരിച്ചാൽ എന്തും നേടും.
കുര്യൻ എന്ന എന്റെ പേര് ഇംഗളീഷിൽ 
എഴുതുമ്പോൾ കുറിയാൻ എന്നാകുന്നു. കുറിയ 
എന്നുപറഞ്ഞാൽ ചെറിയ എന്നും അർത്ഥമുണ്ടോ 
വിദ്യാധര സാറേ. 
North American Award Co. 2019-10-22 18:17:24
നിങ്ങൾക്ക് ജീവിച്ചിരിക്കുമ്പോൾ അവാർഡുകൾ വേണെങ്കിൽ ,  സംഘടനകളുമായി ബന്ധപ്പെടണം . അല്ലാതെ നല്ല പുസ്തകം എഴുതിയതുകൊണ്ടു മാത്രം അവാര്ഡ് കിട്ടുകയില്ല .  ഇതിൽ ഏറ്റവും നല്ല സംഘടനകൾ 'ആന' സംഘടനകളാണ് . ഫൊക്കാന ,  ലാന ഇങ്ങനെയുള്ള ആനകളുടെ പാപ്പാന്മാരായി കുറേനാൾ അവരെ തീറ്റിപോറ്റി കഴിയുമ്പോൾ , അവർ ആനപിണ്ഡം അവാർഡ് കൊടുക്കും.  ഇപ്പോൾ തന്നെ കേരള സെന്റർ അവാർഡ് കൊടുത്ത 150 പേരെ കാണാനില്ല എന്ന് എവിടെയോ വായിച്ചു. അവാർഡ് കിട്ടിയവരെ കാണാൻ ഇല്ലെങ്കിൽ അവാർഡ് കിട്ടാത്തവരെ രഹസ്യമായി സൂക്ഷിച്ചു വച്ചിരിക്കുന്നു എന്ന് സൈമൺ  പറയുന്നതിൽ ഒരു ന്യായീകരണവും ഇല്ല .  ഒരു കണക്കിന് അവാർഡ് കിട്ടാത്തവർ ഭാഗ്യവാന്മാരാണ് . അവർക്ക് മരണാന്തര അവര്ർടെങ്കിലും കിട്ടുമല്ലോ .  ആ പാവം ആ കുറുപ്പ് ജീവിച്ചിരുന്നപ്പോൾ ഇതൊക്കെ ചെയ്തായിരുന്നെങ്കിൽ എത്ര നാണന്നായിരുന്നേനെ . എന്താണ് നമ്മൾ ഇങ്ങനെ ആയത് ? കേരളത്തിലായിരുന്നപ്പോൾ ഈ പ്രശനങ്ങൾ ഒന്നും ഇല്ലായിരിക്കുന്നു . എഴുത്തുകാർ മരിച്ചാലും ജീവിച്ചാലും അവാര്ഡു കിട്ടിയാലും കിട്ടിയില്ലേലും നമ്മൾക്ക് അതൊന്നും ഒരു പ്രശാന്തമല്ലായിരുന്നു. നമ്മൾ നമ്മളുടെ പണികളിൽ തിരക്കിലായിരുന്നു
നാരദൻ 2019-10-22 19:46:08
രാമായണോം വേദവികാരോം വായിക്കാതെ ബൈബിൾ മാത്രം വായിച്ചു കഴുനാൾക്ക് ഇദ്ദേഹത്തിന്റെ ഭാഷയെ കുറിച്ച് എങ്ങനെ പറയാൻ കഴിയും ?


വിദ്യാധരൻ 2019-10-22 23:30:32
നല്ലോരീ  സാഹിത്യക്കാരനെക്കുറിച്ചി-  
ന്നേവരെയാരും  കേൾക്കാതിരുന്നതെന്തേ ? 
നല്ല വസ്തുക്കൾ ഇന്നാര്ക്കുവേണമല്ലെങ്കിൽ  
പൊള്ളയായതാണിന്നേവർക്കും വേണ്ടത് . 
സ്വർണ്ണവും വൈരവും ഭൂമിക്കടിയിലല്ലെ 
ആരേലും ഖനനം ചെയ്തടുക്കാതെയതുപോ-
ലുള്ളമൂല്യ വസ്തുക്കൾ ആരു കാണാനാണല്ലേ ?
ആരെങ്കിലും കണ്ടാലും പൂഴ്ത്തി വയ്ക്കുമത് 
എന്നിട്ടു കാണിക്കും കൃത്രിമ വസ്തുക്കളേവരേം  
ചെമ്പു ചേർത്തതും മാറ്റു കുറഞ്ഞതും വെള്ളിയും, 
വ്യത്യസ്ഥമല്ലീ സാഹിത്യലോകവും തെല്ലും. 
തട്ടിപ്പ് വെട്ടിപ്പ് കള്ളകമ്മട്ടങ്ങളൊക്കയും,.
ഭള്ളു പറഞ്ഞാലും തല്ലുകൊടുത്താലും 
തള്ളി കയറുന്നീ  പരിഷകൾ പിന്നേയും
കാശുകൊടുത്തും കാലുകൾ നക്കിയും
കൂലിക്കെഴുതിയുണ്ടാക്കും സാഹിത്യം
എന്നിട്ടവരുടെ സംഘടനയിലൂടത് 
പൊക്കി പിടിക്കും നാട്ടാരു കാണുവാൻ.
ഉണ്ടിവർക്ക് പലഗ്രൂപ്പുകൾ അങ്ങിങ്ങായി
ഉണ്ടവർക്ക്  പൊന്നാടയും ഫലകവും 
ഒന്നിച്ചു കൂടും വർഷത്തിലൊരിക്കലിവർ 
എന്നിട്ടു കൈമാറും അവാർഡ് പരസ്പരം 
എന്നിട്ടു പുകഴ്ത്തും  അങ്ങോട്ടുമിങ്ങോട്ടും
പിറ്റേന്ന് കാലത്ത് കാണാം ഇ -മലയാളിയില -
വാർഡുധാന  ചടങ്ങിന്റെ ചിത്രങ്ങളൊട്ടേറെ  
എന്നാലിതിൽ  നിന്നൊക്കെ  വിട്ട് അകലെയായി 
നിൽക്കുന്നു യാഥാർത്ഥ കലാകാരൻ മൗനമായ്. 
നോക്കി നിൽക്കുന്നങ്ങകലെ ചക്രവാളങ്ങളിൽ 
ആപ്പിൾപോലെ  ചോന്നു തുടത്തതാമർക്കനെ 
ഓടിച്ചെന്നെടുത്തു കടിക്കാനെന്ന ഭാവത്തിൽ 
അന്തിചുവപ്പിന്റെ അഴകുകണ്ടവന്റെയുള്ളിൽ 
പൊന്തുന്നു കാവ്യഭാവന വിടരുന്നു പൂപോലെ
പിന്നെ കഠിനതാപത്താൽ കൊഴിഞ്ഞു വീഴുന്നു .
ആര് കാണാനാണാ കലാകാരനെ ജനത്തിന് 
വേണ്ടതു തട്ടിപ്പ് വെട്ടിപ്പ് കള്ളകമ്മട്ടങ്ങളെ.
നേരുന്നു ആരുമറിയാതെ മരിച്ച കലാകാരാ -
നിനക്കൊരായിരം  ബാഷ്പാഞ്ജലി  നേരുന്നു ഞാൻ  -
നീ ആരെന്നറികീലിലും ഈ അജ്ഞാതൻ 
kalamadan 2019-10-23 17:50:28

ഇതിൽ  പുന്നോലിയും അതിനു  coment  എഴുതിയവരുടെ പല  വാദത്തോടും  യോജിക്കുന്നു. എന്നാൽ എനിക്കു  ഹ്യൂസ്റ്റനിൽ  ഒത്തിരി  എഴുത്തുകാർ  സുഹൃത്തുക്കൾ  ഉണ്ടു  അവരുടെ  പലരുടേയും  ഫീഡ്‌ബാക്ക്  അനുസരിച്ചു ഈലേഖനത്തിലെയും  കമെന്റുകാരുടേയും  പല  അഭിപ്രായങ്ങളും  തെറ്റാണു . നിര്യതനായ ദേവരാജ്  കുറുപ്പുസാറിനേയും  ചെറുതായി  അറിയാം. നമ്മുടെ  ഒരു  പ്രകർദമാണ്  മരണശേഷം  പൊക്കി  പറയുക  പൊക്കി  എഴുതുക . ഇതു  തന്നയാണ്    ലേഖനത്തിലും  മറ്റു  അഭിപ്രായങ്ങളിലും. ശ്രീ  കുറുപ്  നല്ലൊരു  എഴുത്തുകാരനായിരുന്നു, നല്ല  മനുഷ്യനുമായിരുന്നു . സമ്മതിക്കുന്നു. എന്നാൽ  ശ്രീ  ദേവരാജ്  മാറ്റുരക്കത്താ  മാണിക്യ  കല്ലായിരുന്നില്ല. അവശ്യത്തിലധികം  മാറ്റുരക്കപ്പെട്ട  മാണിക്കകല്ലായിരുന്നു. അദ്ദഹത്തിനു  ഒത്തിരി  പുരസ്കാരങ്ങൾ  കിട്ടിയിട്ടുണ്ട്‌ .  കുറുപ്പിൻറ്റെ  കേദാരമനസം  തുടങ്ങി  കവിതകളും  ലേഖനങ്ങളും  പലവട്ടം  ആവർത്തിച്ചു  ഹ്യൂസ്റ്റണിലെ  രണ്ടു  സാഹിത്യ  സംഘടനയിലും  വായിച്ചിട്ടുണ്ട്‌  പ്രസിത്തീകരിച്ചിട്ടുണ്ട്, ചർച്ച നടത്തിയിട്ടുണ്ട്  എന്നു  ഹ്യൂസ്റ്റൺ  എഴുത്തുകാർ  പറഞ്ഞിട്ടുണ്ട് . ഇത്ര  അധികം  പരിഗണന  അവസരം  കിട്ടിയ - മാറ്റുരക്കപ്പട്ട  സാഹിത്യകാരൻ  ഹൂസ്റ്റണിൽ  ഇല്ലാ. അതാണ്  സത്യം, ഉള്ളതു  പോലെ  പറയുകയാണ് . ചെണ്ടമേളത്തോടെ  ശ്രീ  ദേവരാജ്  കുറുപ്പിന്റ  കൃതികൾ  മാത്രം  അവലോകനം  നടത്തിയും  മറ്റും ആഘോഷിച്ച  പല  ദിനങ്ങൾ  പോലുമുണ്ട് . ശ്രീകുറുപ്പിനു  ഒരു  അവഗനയും  ഇല്ലായിരുന്നു  എന്നു  മാത്രമല്ല കൂടുതൽ  പരിഗണനയാണു  കിട്ടിയിരുന്നത്. ചർച്ചകളിലും  ശ്രീ കുറുപ്പുസാർ  ഇടിച്ചുകയറി  ധൈര്യമായി  അഭിപ്രായം പറയുമായിരിന്നു. മരണശേഷവും ഇത്രയധികം  ആദരിക്കപ്പെട്ട  ചർച്ച ചെയ്യപ്പെട്ട  ഒരു സാഹിത്യകാരൻ പോലും  ഹൂസ്റ്റണിൽ ഉണ്ടായിട്ടില്ല. പിന്നെ  എന്തിനാണ്  ശ്രീ  പോന്നോലിയും  മറ്റും  ഇങ്ങിനെ  പറയുന്നത്? എന്നാൽ  ഹ്യൂസ്റ്റന്  പുറമെ  ശ്രീ  കുറുപ്പിനേയോ  കൃതികളെയോ  അറിയുന്നവർ  ചുരുക്കമാണ് . മരണശേഷം  ചിലർ  എഴുതിയ  പൊലിപ്പിച്ച ചരമ  കുറിപ്പിലൂടെ, സോഷ്യൽ  മീഡിയയിലൂടെ  ഹ്യൂസ്റ്റണ്  വെളിയിലുള്ള  ആൾക്കാർ  അറിഞ്ഞു . സാഹിത്യകാരന്മാരെ  നന്ദി  നമസ്ക്കാരം


മറുവെടി 2019-10-23 18:45:46
'ഉള്ളത് ഉള്ളപോലെ' ഹ്യുസ്റ്റണിൽ മലയാള സാഹിത്യത്തിന് പ്രയോചനം ഉള്ള എത്ര സാഹിത്യകാരന്മാരുണ്ട് ? എല്ലാം അവാർഡ് സാഹിത്യകാരന്മാരാണ് .' അവരുടെ വായിൽ നിന്ന് വരുന്നത്  (ഫീഡ് ബാക്ക് ) ബ്ളാ ബ്ളാ എഴുതി വിടുന്നത് ശരിയല്ല .  ദേവരാജ് കുറുപ്പിനെ ആരും അറിയില്ല എന്നാൽ അവിടെയുള്ള അവാർഡ് സാഹിത്യകാരന്മാരെ എല്ലാവരും അറിയും . പക്ഷെ അവരുടെ സാഹിത്യ കൃതികളെ ആരും അറിയുന്നില്ല . എന്നാൽ ദേവരാജിനെ ആരും അറിയുന്നില്ല പക്ഷെ ദേവരാജന്റെ കൃതിയെ ക്കുറിച്ച് പോന്നോലി (നല്ല പേര്- അമ്മ വിളിച്ച ഓമന പേരായിരിക്കും  ) എഴുതിയപ്പോൾ , അത് അയാളുടെ കൃതിയെക്കുറിച്ചാണ് എഴുതിയത്.  അദ്ദേഹത്തിൻറെ എഴുത്തിൽ നിന്നും , അഭിപ്രായം പറഞ്ഞവരുടെ എഴുത്തിൽ നിന്നും മനസ്സിലാക്കിയത് , ഇവിടെ അവാർഡിന്റെ പുറത്ത് സാഹിത്യ സേവ ചെയ്യുന്നവരെ എല്ലാവരും അറിയുമെങ്കിലും മിക്കവർക്കും അവരുടെ കൃതികൾ എന്താണെന്ന് അറിഞ്ഞുകൂടാ . അതുകൊണ്ട് ഈ അവാർഡിന്റെ പുറകെ നടക്കാതെ , നല്ല രണ്ടു കൃതികൾ എഴുതിയിട്ട് പെട്ടെന്ന് പോയി ചാകാൻ . 


ചിന്താക്കുഴപ്പം 2019-10-23 22:58:18
ഇതെന്താണ് മറുവെടി എഴുതിയത് ?  ഇപ്പോളുള്ള സാഹിത്യാകാരന്മാർ ചത്താൽ അവാരുടെ കൃതിക്ക് പേരു കിട്ടുമെന്നോ ?  ഇനി ഇവെരെല്ലാരും പോയി കൂട്ടമായി ചത്തുകളയുമോ ?  ചത്താലും വേണ്ടില്ല പേര് കേൾക്കണം എന്ന് പറഞ്ഞു നടക്കുന്നവരാണ് ഇവിടെയുള്ള എഴുത്തുകാർ . പക്ഷെ എഴുതിയ കൃതി ഇവന്റെയല്ലെങ്കിലോ ? പിന്നെ ചത്തിട്ടെന്തു കാര്യം ?  അവാർഡിൽ തൂങ്ങി നിൽക്കുന്നതായിരിക്കും നല്ലത് . ആരും സത്യം അറിയില്ലല്ലോ ! 



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക