Image

പഞ്ചഗുസ്തിയില്‍ കൊട്ടിക്കലാശവും കടന്ന് പോളിങ്ങിലേയ്ക്ക് (ശ്രീനി)

ശ്രീനി Published on 19 October, 2019
 പഞ്ചഗുസ്തിയില്‍ കൊട്ടിക്കലാശവും കടന്ന് പോളിങ്ങിലേയ്ക്ക് (ശ്രീനി)
കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് (ഒക്‌ടോബര്‍ 19) അവസാനിക്കും. വൈകിട്ട് ആറു മണിക്കാണ് ആവേശക്കടലിരമ്പം തീര്‍ക്കുന്ന കലാശക്കൊട്ട്. നാളത്തെ നിശ്ശബ്ദ പ്രചാരണം കഴിഞ്ഞ് 21-ാംതീയതി തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. പ്രമുഖരെ അണിനിരത്തിയുള്ള റോഡ് ഷോകളോട് കൂടിയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങള്‍ ആവേശകരമായ പ്രചാരണത്തിനു ശേഷമാണ് പോളിങ് ബൂത്തുകളിലേക്കു നീങ്ങുന്നത്. ഇത്രയും മണ്ഡലങ്ങളില്‍ ഒരുമിച്ചു ഉപതെരഞ്ഞെടുപ്പു നടക്കുന്നതിന്റെ ആവേശത്തിലാണ് കേരളം.  നിയമസഭാ തിരഞ്ഞെടുപ്പിനോളം അവേശം പടര്‍ത്തിയുള്ള പ്രചാരണമാണ് നടന്നത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരക്കുന്ന സാഹചര്യത്തില്‍ മൂന്ന് മുന്നണികള്‍ക്കും ഉപതിരഞ്ഞെടുപ്പ് ഫലം വളരെ പ്രധാനപ്പെട്ടതാണ്. അരൂര്‍ മാത്രമാണ് ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റ്. ബാക്കി യു.ഡി.എഫ് സീറ്റുകളാണ്.

കോണ്‍ഗ്രസിലെ കെ മുരളീധരന്‍ 2016ല്‍ 7622 വോട്ടുകള്‍ക്ക് വിജയിച്ച വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇടതുപക്ഷത്തിന്റെ വി.കെ പ്രശാന്തും, ബി.ജെ.പി മുന്നണിയുടെ എസ് സുരേഷും രംഗത്തുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ യു.ഡി.എഫിന്റെ ലീഡ് 2836 വോട്ടുകളാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശ് 20,745 വോട്ടുകള്‍ക്ക് വിജയിച്ച കോന്നിയില്‍ യു.ഡി.എഫിന്റെ പി മോഹന്‍ രാജും ഇടതുമുന്നണിയുടെ കെ.യു ജനീഷ്‌കുമാറും എന്‍.ഡി.എയുടെ കെ സുരേന്ദ്രനും കച്ചമുറുക്കിയിട്ടുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ യു.ഡി.എഫിന്റെ ലീഡ് 2721 വോട്ടുകളാണ്.

ഇടതുസ്ഥാനാല്‍ത്ഥി എ.എം ആരീഫ് 38,519 വോട്ടുകള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട അരൂരില്‍, ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തോട് പരാജയപ്പെട്ട ഷാനിമോള്‍ ഉസ്മാനാണ് യു.ഡി.എഫ് സാരഥി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ലീഡ് 648 വോട്ടുകള്‍ മാത്രമാണ്. അവിടെ മനു സി പുളിക്കലാണ് ഇടതു കൊടിയേന്തുന്നത്. കെ.പി പ്രകാശ് ബാബു എന്‍.ഡി.എയ്ക്കുവേണ്ടി സബ്ദമുയര്‍ത്തുന്നു. യു.ഡി.എഫിന്റെ ഹൈബി ഈഡന്‍ 21,949 വോട്ടുകള്‍ക്ക് വിജയക്കൊടി പാറിച്ച എറണാകുളത്ത് ടി.ജെ വിനോദാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയാവാന്‍ ഗോദയിലുള്ളത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ യു.ഡി.എഫിന്റെ ലീഡ് 31,178 വോട്ടുകളാണ്.

ഉപതിരഞ്ഞെടുപ്പില്‍ മനു റോയ് ഇടതുപക്ഷ സാഥാനാര്‍ത്ഥിയായും സി.ജി രാജഗോപാല്‍ എന്‍.ഡി.എ സാരഥിയായും പതാകയേന്തുന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലം 89 വോട്ടുകള്‍ക്ക് യു.ഡി.എഫിന്റെ പി.ബി അബ്ദുള്‍ റസാഖ് വിജയിച്ച മഞ്ചേശ്വരത്ത്  എം.സി ഖമറുദ്ദീനാണ് യു.ഡി.എഫ് സാരഥി. എം ശങ്കര്‍ റേ ഇടതുപക്ഷ പോരാളിയും രവീശ തന്ത്രി കുണ്ടാര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫിന്റെ ലീഡ് 11,113 വോട്ടുകളാണ്. പാലാ ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ വിജയം എല്‍.ഡി.എഫിന്റെ വിജയപ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മറുവശത്ത് പാലായിലെ തിരിച്ചടി മറ്റ് മണ്ഡലങ്ങളിലേക്കും നീളുമോയെന്ന ആശങ്കയിലാണ് യു.ഡി.എഫ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും രണ്ടാംസ്ഥാനത്തെത്തിയ ബി.ജെ.പി ഇത്തവണ കോന്നിയില്‍ ശക്തമായ ത്രികോണ മത്സരം ഒരുക്കുന്നു. മൂന്ന് മുന്നണികളും ഒരു പോലെ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമായതിനാല്‍ 24-ാം തീയതിയിലെ ഫലപ്രഖ്യാപനം വലിയ രാഷ്ട്രീയ ചലനങ്ങള്‍ക്കും വഴിയൊരുക്കും. സംസ്ഥാന രാഷ്ട്രീയത്തില്‍ മുമ്പെങ്ങും കാണാത്ത വിധം സാമുദായിക ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയ തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്. എറണാകുളത്ത് തിരഞ്ഞെടുപ്പ് ആവേശം ഇതുവരെ ഉള്‍ക്കൊള്ളാന്‍ വോട്ടര്‍മാര്‍ തയ്യാറായിട്ടില്ല. പ്രമുഖ നേതാക്കളെല്ലാം മണ്ഡലത്തില്‍ സജീവമാണെങ്കിലും വളരെ നിസ്സംഗതയോടെയാണ് വോട്ടര്‍മാര്‍ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. വോട്ടര്‍മാരുടെ നിസ്സംഗത പോളിംഗിനെ ബാധിക്കുമോ എന്ന ആശങ്ക മുന്നണികള്‍ക്കുണ്ട്. 71.72 ശതമാനമാണ് 2016ലെ മണ്ഡലത്തിലെ പോളിങ്. ഉപതിരഞ്ഞെടുപ്പില്‍ പോളിങ് 70 ശതമാനമെങ്കിലും എത്തിക്കാനുള്ള പെടാപ്പാടിലാണ് മുന്നണികള്‍. തങ്ങളുടെ കുത്തക മണ്ഡലമെന്ന് യു.ഡി.എഫ് അവകാശപ്പെടുമ്പോഴും ബി.ജെ.പി പിടിക്കുന്ന വോട്ടുകളാണ് മണ്ഡലത്തില്‍ ഇക്കുറി നിര്‍ണ്ണായകമാവുക.

ത്രികോണപ്പോരിന്റെ സസ്‌പെന്‍സ് നിലനിര്‍ത്തിയിരിക്കുകയാണ് മഞ്ചേശ്വരം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച മേല്‍ക്കൈയുടെ ആത്മവിശ്വാസത്തില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. മറുവശത്ത് കഴിഞ്ഞ തവണ വഴുതിപ്പോയ വിജയം ഇത്തവണ എന്ത് വിലകൊടുത്തും പിടിച്ചെടുക്കുമെന്ന വാശിയിലാണ് ബി.ജെ.പി. അതേസമയം 2006 ആവര്‍ത്തിക്കാനാണ് സി.പി.എം ഒരുങ്ങുന്നത്. അവസാന നിമിഷത്തില്‍ വിട്ടുപോയ സ്ഥലങ്ങളിലും വീടുകളിലും ഒടിയെത്തി വോട്ടുറപ്പിക്കുകയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. പ്രധാന സ്ഥലങ്ങളിലെ പ്രചരണത്തില്‍ മാത്രമാണ് ഈ ഘട്ടത്തില്‍ ബി.ജെ.പി ശ്രദ്ധയൂന്നുന്നത്. എന്നാല്‍ അവസാന ലാപ്പിലും മുടക്കമില്ലാതെ പര്യടനവുമായി സജീവമാണ് ഇടത് സ്ഥാനാര്‍ത്ഥി. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെങ്കിലും അവസാനം ചെറിയ ഭൂരിപക്ഷത്തിനെങ്കിലും 1987 മുതല്‍ യു.ഡി.എഫ് ജയിച്ചു കയറുന്ന മണ്ഡലം കൂടിയാണ് മഞ്ചേശ്വരം.

കോന്നി കാണുന്ന ഏറ്റവും വാശിയേറിയ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. രാഷ്ട്രീയ വോട്ടുകള്‍ക്കപ്പുറം സാമൂദായിക വോട്ടുകള്‍ക്കും വലിയ പ്രധാന്യമാണ് കോന്നിയിലുള്ളത്. ഉപതിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് പൊതുവേ സ്വീകരിച്ചിരിക്കുന്ന നിലപാട് കോന്നിയിലും തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. മണ്ഡലത്തിലെ മറ്റൊരു പ്രബല വിഭാഗമായ ഓര്‍ത്തഡോക്‌സ് വോട്ടുകള്‍ ഉറപ്പിക്കാന്‍ അവസാന നിമിഷത്തിലും നെട്ടോട്ടം ഓടുകയാണ് മുന്നണികള്‍. പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്ന പരാതിയുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ് നേരിട്ട് എത്തിയത്. വൈദികരും, അത്മായ നേതാക്കളുമായി കോടിയേരി കൂടിക്കാഴ്ച്ച നടത്തി. യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികളോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ഓര്‍ത്തഡോക്‌സ് സഭ ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകുലമായി ചിന്തിക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷ.

എന്‍.എസ്.എസിന്റെ ശരീദൂര നിലപാടാണ് അവസാന ലാപ്പ് പ്രചാരണത്തില്‍ വട്ടിയൂര്‍ക്കാവിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ എന്‍.എസ്.എസ് പിന്തുണ വിജയത്തെ സ്വാധീനിക്കുന്ന ഘടകമാണ്. അതിനാല്‍ തന്നെ എന്‍.എസ്.എസ് പിന്തുണ മോഹന്‍രാജിന്റെ വിജയം ഉറപ്പിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.

എന്‍.എസ്.എസ് നേതൃത്വത്തിന്റെ നിലപാട് താഴെ തട്ടിലുള്ള സമുദായ അംഗങ്ങളിലേക്കും എത്തിച്ച് മോഹന്‍ കുമാറിന് വോട്ടുറപ്പിക്കുന്നതിലാണ് യു.ഡി.എഫ് ശ്രദ്ധിക്കുന്നത്. ശരിദൂരം പ്രഖ്യാപിച്ചതിന് പിന്നാലെ യു.ഡി.എഫിനായി എന്‍.എസ്.എസ് പ്രാദേശിക നേതൃത്വങ്ങളും പരസ്യമായി രംഗത്ത് വരികയും ചെയ്തത് മുന്നണിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. അതേസമയം, മറുവശത്ത് എന്‍.എസ്.എസ് നിലപാടിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് സി.പി.എമ്മും ബി.ജെ.പിയും. എന്‍.എസ്.എസ് നയത്തിനെതിരെ വീടുകള്‍ കയറി നിലപാട് വിശദീകരിക്കുകയാണ് എല്‍.ഡി.എഫ് നേതാക്കള്‍. എന്‍.എസ്.എസ് സ്വാധീന മേഖലയായ നെട്ടയം ഉള്‍പ്പടേയുള്ള മേഖലയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ടെത്തിയാണ് ഇടത് നിലപാട് വിശദീകരിക്കുന്നത്.

മഞ്ഞക്കൊടി വിവാദത്തില്‍ അരൂരില്‍ സ.പി.എം വിവാദത്തില്‍ പെട്ടു. പ്രചാരണത്തിന്റെ ഭാഗമായി ഇടത് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ ചെങ്കൊടിക്ക് പകരം മഞ്ഞത്തുണിയില്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത കൊടികള്‍ ഉപയോഗിച്ചതാണ് ആക്ഷേപത്തിന് വഴിവെച്ചിരികക്കുന്നത്. ഏത് വിധേനയും വോട്ട് നേടാനുള്ള മാനസികാവസ്ഥയാണ് ഇപ്പോള്‍ നേതാക്കളക്ക് എന്നും അതുകൊണ്ടാണ് ചെങ്കൊടി ഉപേക്ഷിക്കാന്‍ നേതാക്കള്‍ തയ്യാറായിരിക്കുന്നതെന്ന് ബി.ജെ.പിയും കോണ്‍ഗ്രസും ആരോപിക്കുന്നു. എന്നാല്‍ വിശദീകരണവുമായി സി.പി.എം രംഗത്ത് വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചിഹ്നമുള്ള കൊടിയില്‍ ബഹുവര്‍ണ്ണം ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നാണ് സി.പി.എമ്മിന്റെ വാദം. ഡി.വൈ.എഫ്.ഐ നേതാവ് എസ്.കെ സജീവ് നയിച്ച പടിഞ്ഞാറന്‍ മേഖല ജാഥയിലാണ് മഞ്ഞയില്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത കൊടികള്‍ ഉപയോഗിച്ചത്.

ഇതിനിടെ, ഉപതിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് സ്വീകരിച്ച നടപടി തെറ്റാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണ്. എന്നാല്‍ എന്‍.എസ്.എസിനെതിരെ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പരാതി കിട്ടിയാല്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണം അതിരുകടന്നതായാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വിലയിരുത്തല്‍. പ്രചാരണം കാരണം ജനങ്ങളുടെ ദൈംദിനകാര്യങ്ങള്‍ക്ക് തടസ്സം നേരിടുന്നതായി പരാതികളുണ്ടെന്നും ഇക്കാര്യത്തില്‍ കര്‍ശനമായി ഇടപെടാന്‍ ഡി.ജി.പിക്കും ജില്ല കലക്ടര്‍മാര്‍ക്കും കത്തയച്ചതായും അദ്ദേഹം അറിയിച്ചു. വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി എന്‍.എസ്.എസ് പരസ്യ പ്രചാരണത്തിനിറങ്ങിയിരുന്നു.

എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി യോഗം, ഓര്‍ത്തഡോക്‌സ് വൈദികര്‍ എന്നിങ്ങനെ സാമുദായിക വര്‍ഗീയ ശക്തികള്‍ പ്രത്യക്ഷമായി കളം പിടിക്കുകയും മാര്‍ക്ക് ദാനക്കേസില്‍ നിന്ന് മകന്റെ ഇന്റര്‍വ്യൂവിലേക്കു കൂടുമാറിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല-ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ തര്‍ക്കം പുതിയ വിതാനങ്ങളിലേക്കു മാറുകയും ചെയ്യുന്നതിനിടെ സംസ്ഥാനത്തെ ആകാംക്ഷയില്‍ നിര്‍ത്തുന്ന വെളയിലാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിക്കുന്നത്. ഫലത്തില്‍ വര്‍ഗീയതയാണ് കൊട്ടിക്കലാശത്തിന് ഇന്ധനം പകര്‍ന്നിട്ടുള്ളത്. മുന്‍പില്ലാത്തവിധം പ്രത്യക്ഷമായും പരസ്യമായും വര്‍ഗീയ സാമുദായിക ഇടപെടലുകളാണ് ഇത്തവണത്തെ പ്രത്യേകത. മുന്‍പും തെരഞ്ഞെടുപ്പുകളില്‍ സമുദായ വര്‍ഗീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. അതിനൊക്കെ ഒരു ഒളിയും മറയും ഉണ്ടായിരുന്നതാണ് ഇത്തവണ പ്രത്യക്ഷവും പരസ്യവുമായി മാറിയത്. അത് തിരഞ്ഞെടുപ്പു കമ്മിഷനു മുന്നില്‍ പരാതി വരെയായി എത്തുകയും ചെയ്തു.


 പഞ്ചഗുസ്തിയില്‍ കൊട്ടിക്കലാശവും കടന്ന് പോളിങ്ങിലേയ്ക്ക് (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക