Image

ഐ എന്‍ എക്സ് മീഡിയ കേസ്; ചിദംബരവും കാര്‍ത്തിക്കും ഉള്‍പ്പെടെ 14 പ്രതികളെ ഉള്‍പ്പെടുത്തി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു

Published on 19 October, 2019
ഐ എന്‍ എക്സ് മീഡിയ കേസ്; ചിദംബരവും കാര്‍ത്തിക്കും ഉള്‍പ്പെടെ 14 പ്രതികളെ ഉള്‍പ്പെടുത്തി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു
ഐ എന്‍ എക്സ് മീഡിയ കേസില്‍ മുന്‍കേന്ദ്ര മന്ത്രി പി ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും ഉള്‍പ്പെടെ 14 പ്രതികളെ ഉള്‍പ്പെടുത്തി സി ബി ഐ പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. ഡെല്‍ഹി റോസ് അവന്യൂ കോടതി തിങ്കളാഴ്ച കുറ്റപത്രം പരിഗണിക്കും.

പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. 2017 മേയ് 17 നാണ് കേസില്‍ സി ബി ഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ചിദംബരം ധനമന്ത്രിയായിരിക്കെ 2017ല്‍ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് ഐ എന്‍ എക്സ് മീഡിയ ഗ്രൂപ്പിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് ചട്ടം ലംഘിച്ച്‌ അനുമതി നല്‍കി എന്നായിരുന്നു ആരോപണം. കേസില്‍ 2019 ഓഗസ്റ്റ് 21 ന് സി ബി ഐ ചിദംബരത്തെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. ബുധനാഴ്ച ഇതേ കേസിന്റെ തന്നെ ഭാഗമായ കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്സ്മെന്റും ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

ചോദ്യം ചെയ്യലില്‍ തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും ചിദംബരം നിഷേധിച്ചിരുന്നു. എഫ് ഐ ആറിലോ മുന്‍പത്തെ കുറ്റപത്രത്തിലോ പേരില്ലാത്ത തന്നെ കസ്റ്റഡിയില്‍ വെച്ച്‌ ചോദ്യം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചിദംബരം നിരന്തരം വാദിച്ചിരുന്നു. എന്നാല്‍ മുന്‍ കുറ്റപത്രത്തില്‍ കാര്‍ത്തി ചിദംബരത്തെ ഉള്‍പ്പെടുത്തിയിരുന്നു.

അതേസമയം ബി ജെ പി രാഷ്ട്രീയ പക പോക്കലിനായി ചിദംബരത്തെ വേട്ടയാടുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക