Image

പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍ 44: ജയന്‍ വര്‍ഗീസ്)

Published on 20 October, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍  44: ജയന്‍ വര്‍ഗീസ്)
' ടീച്ചര്‍ കുട്ടിയെ പിടിച്ചു കെട്ടി ' എന്ന വെണ്ടക്കാ വാര്‍ത്തകളുമായിട്ടാണ് പിറ്റേ ദിവസത്തെ പത്രങ്ങള്‍ പുറത്തിറങ്ങിയത്. കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ടീച്ചര്‍ വിദ്യാര്‍ത്ഥിയായ പിഞ്ചു ബാലനെ ക്ലാസിലെ ബഞ്ചില്‍ കെട്ടിയിടുന്നത് എന്നും, ഈ ടീച്ചര്‍ അദ്ധ്യാപക സമൂഹത്തിനു തന്നെ  നാണക്കേടാണെന്നും വരെ  ടീച്ചറുടെ പേര് പറഞ്ഞു കൊണ്ട് ചില പത്രങ്ങള്‍ എഴുതി. ഒട്ടൊരു ക്രൂര സംതൃപ്തിയോടെ ഞാനും അന്ന് ഭാര്യയോടൊപ്പം കടയില്‍ പോയി. സാധാരണ ചിരിക്കാറുള്ള പലരും അന്ന് മുഖം വീര്‍പ്പിച്ചു കൊണ്ടാണ് നമ്മളെ സമീപിക്കുന്നത്. സ്കൂളിലെ അദ്ധ്യാപകര്‍ ചായ കുടിക്കാന്‍ പോലും പുറത്തിറങ്ങുന്നില്ല. കുട്ടികളുടെ സമരം അന്നും  നടക്കുന്നുണ്ട്. പക്ഷെ, വരാന്തയില്‍ നിന്ന് അത് വീക്ഷിക്കാന്‍ അദ്ധ്യാപകരെ ആരെയും കാണുന്നില്ല. പൊതുവെ സംഘര്‍ഷം വലിഞ്ഞു മുറുകി നില്‍ക്കുന്ന ഒരന്തരീക്ഷം.

നാട്ടുന്പുറത്തെ ചായക്കട ചര്‍ച്ചകള്‍ നടക്കുകയാണ്. കുട്ടികളെ അനാവശ്യ സമരത്തിനിറക്കിയ സാറന്മാര്‍ക്ക് ഇത് തന്നെ വരണം എന്ന് ചിലര്‍ പറയുന്‌പോള്‍, ഒരു ടീച്ചറിന്റെ ജോലി കളയിപ്പിക്കാവുന്ന ഈ നടപടി ഇച്ചിരെ  ക്രൂരമായിപ്പോയി എന്ന് മറ്റു ചിലര്‍. ഹൈക്കോടതിയില്‍ വരെ കേസ് നടത്തി ജയിച്ച ചരിത്രമുള്ള അവര്‍കള്‍ സാര്‍ ഇവനെയൊന്നും വെറുതേ വിടാന്‍ പോകുന്നില്ലെന്നും, ഈ റോഡിലൂടെ ഇവന്മാരെ കയ്യാമം വച്ച് നടത്തിക്കൊണ്ടു പോകുന്നത് നമുക്ക് കാണാമെന്നും മറ്റൊരു കൂട്ടര്‍. ദിവസങ്ങളായി ഇത്തരം ചര്‍ച്ചകള്‍ കേട്ട് കൊണ്ടാണ് എന്റെ ഭാര്യ കടയില്‍ പോയിരുന്നത്. ഇതൊക്കെ നേരിടാനുള്ള ഉള്‍ക്കരുത്ത് ഇല്ലാഞ്ഞിട്ടാവണം, ഒരു ഉച്ച കഴിഞ്ഞ നേരത്ത് അവള്‍ തല കറങ്ങി തറയില്‍ വീണു. അറിയാവുന്ന പ്രഥമ ശുശ്രൂഷകള്‍ എല്ലാം ചെയ്തിട്ടും അവള്‍ക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ല. മാത്രമല്ലാ കഴുത്തിന്റെ പിന് ഭാഗത്ത് വലിയ വേദന അനുഭവപ്പെടുന്നതായി കാണിക്കുന്നുണ്ട്. കണ്ണിലൂടെ അതുവരെ ആര്‍ക്കും കാണാത്ത തരത്തില്‍ വെണ്ണനെയ് പോലൊരു വസ്തു ഒലിച്ചിറങ്ങുന്നുമുണ്ട്.

സംഗതി സീരിയസ് ആണെന്ന് എല്ലാവരും പറഞ്ഞു. കട അടച്ചു പൂട്ടി. ആരോ വിളിച്ചു കൊണ്ട് വന്ന ഒരു വണ്ടിയില്‍ അവളെയും  കൊണ്ട് കോതമംഗലത്തെത്തി ബസ്സേലിയോസ് ആശുപത്രിയില്‍ അഡ്മിറ്റായി. ആശുപത്രിയിലെത്തിയിട്ടും യാതൊരു കുറവും അനുഭവപ്പെടുന്നില്ലെന്നാണ് അവള്‍ പറയുന്നത്. അടിയന്തിരമായി എക്‌സ്‌റേ എടുത്തു. അത് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത്, നട്ടെല്ലിന്റെ ഭാഗമായിട്ടുള്ള കഴുത്തിലെ എല്ല് തേയുകയാണെന്നും, രണ്ടാഴ്ചയില്‍ കുറയാതെ ആശുപത്രിയില്‍ കിടക്കേണ്ടി വരും എന്നുമാണ്. തല്‍ക്കാലത്തേക്ക് ഞാന്‍ എല്ലാം മറന്നു. അവളോടൊപ്പം ആശുപത്രിയില്‍ കൂടി. ( എന്റെ പ്രിയപ്പെട്ടവര്‍ ആശുപത്രിയിലായാല്‍ അവിടം വിട്ടു പോകുവാന്‍ മനസ് വരാത്ത ഒരു ദുര്‍ബല ഹൃദയനായിരുന്നു ഞാന്‍. )

ഞാന്‍ ഭാര്യയോടൊപ്പം ആശുപത്രിയിലായിരിക്കുന്‌പോള്‍ പിറ്റേ ദിവസം നടന്ന സംഭവങ്ങള്‍ ഇങ്ങിനെയാണ് : ആലുവാ ഭാഗത്ത് താമസിക്കുന്ന തുളസീധരന്‍ സാര്‍ ചാത്തമറ്റത്തേക്ക് പോകാനായി കോതമംഗലത്തു വന്നു മുന്‍സിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ ബസ് കാത്തു നില്‍ക്കുന്നു. ചാത്തമറ്റം സ്കൂള്‍ വിഷയങ്ങള്‍ അവിടെ സജീവ ചര്‍ച്ചയായിരിക്കുകയാണ്. തന്റെ സ്കൂളിനെക്കുറിച്ചു നാട്ടുകാരില്‍ നിന്നും ഹെഡ്മാസ്റ്റര്‍ കേള്‍ക്കുന്നതിങ്ങനെയാണ് : " ചാത്തമറ്റം സ്ക്കൂളില്‍ കുട്ടികള്‍ ഭയങ്കര സമരമാണ്, " 
" എന്താ കാര്യം? " 
" കാര്യം അവിടെ ഒരു ടീച്ചര്‍ കുട്ടിയെ ക്ലാസില്‍ പിടിച്ചു കെട്ടി."

( അങ്ങിനെ ചാത്തമറ്റം ഗവര്‍മെന്റ് ഹൈസ്കൂളില്‍ പി. ടി. എ. ക്കെതിരെ അദ്ധ്യാപരുടെ പിന്തുണയോടെ കുട്ടികള്‍ ആരംഭിച്ച സമരത്തിന്റെ കാരണം, പി. ടി. എ. യുടെയും, അതിലൂടെ പ്രസിഡണ്ടായ  എന്റെയും തലയില്‍ നിന്ന് തെന്നി  മാറുകയും,  റോസി ടീച്ചറിന്റെയും അതിലൂടെ  ആദ്ധ്യാപക വിഭാഗത്തിന്റെ നേതാവായ അവര്‍കള്‍ സാറിന്റെയും തലയില്‍   തന്നെ വന്നു വീഴുകയും ചെയ്‌യുന്‌പോള്‍, ഇതൊന്നുമറിയാതെ ഭാര്യയോടൊപ്പം ഞാന്‍ ആശുപത്രിയില്‍ ആയിരുന്നു. നിസ്സഹായനും, നിരാവലംബനുമായ മനുഷ്യന്റെ മുന്നില്‍ അവസരോചിതമായ രൂപത്തിലും, ഭാവത്തിലും ദൈവം പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുള്ള കഥകള്‍ക്ക് പിന്നില്‍ അതാതു കാലത്തെ മനുഷ്യന്റെ തീവ്രമായ അനുഭവങ്ങളായിരിക്കും കാരണമായത് എന്ന് എനിക്ക് ബോധ്യപ്പെട്ടു.)

ഹെഡ്മാസ്റ്റര്‍  അദ്ദേഹം സ്കൂളിലെത്തുന്‌പോള്‍ അവിടെ ഭയങ്കര സമരമാണ്. ഒരു കൊള്ളാവുന്ന ചൂരല്‍ വടിയുമായി വന്ന്  സമരം അവസാനിപ്പിക്കണമെന്നും, അകത്തു കയറണമെന്നും അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു. ഇത് കേട്ടപ്പോള്‍ ആരോ പറഞ്ഞു പഠിപ്പിച്ച പോലെ സമരക്കാര്‍ : " ഐ. ആര്‍. ഡി. പി. പറഞ്ഞാലൊന്നും, അങ്ങിനെ ഞങ്ങള്‍ കേറൂല്ലാ, " അവകാശത്തിന് സമരം ചെയ്താല്‍ അട്ടിമറിക്കാന്‍ നോക്കണ്ട. " എന്ന്  ഉറക്കെ മുദ്രാവാക്യം വിളിച്ചവത്രേ!  തന്നെ മനഃപൂര്‍വം അപമാനിക്കാനുള്ള ഈ വിളിയില്‍ മനം  നൊന്ത ഹെഡ്മാസ്റ്റര്‍ മുന്നില്‍ക്കണ്ട എല്ലാവരെയും ഓടിച്ചിട്ടടിച്ച്  അകത്തു കയറ്റി. നാല്‍പ്പതിലധികം കുട്ടികള്‍ക്ക് അടി കിട്ടുകയും, അതില്‍ ഒന്‍പത് കുട്ടികളുടെ തുട പൊട്ടി ചോരയൊഴുകുകയും ചെയ്തു. സമരത്തിന് മാനസിക സപ്പോര്‍ട്ടുമായി പുറത്തു നിന്ന രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ കുട്ടികള്‍ ചോരയൊലിപ്പിച്ചു കൊണ്ട് വരുന്നത് കണ്ടപ്പോള്‍ ക്ഷുഭിതരായി സംഘടിച്ചു സ്കൂളിലേക്കോടികയറി. ആദ്യം കണ്ട അദ്ധ്യാപകനെ അടിച്ചോടിച്ച അവര്‍ മറ്റുള്ളവരെ തെരയുന്‌പോഴേക്കും ഹെഡ്മാസ്റ്റര്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ അധ്യാപകരും ഓഫിസ് മുറിയില്‍ ഓടിക്കയറി അകത്തു നിന്ന് കുറ്റിയിട്ട് ഒളിച്ചു. പുറത്തിറങ്ങിയാല്‍ തട്ടിക്കളയും എന്ന ഭീഷണിയുമായി നാട്ടുകാര്‍ മുഷ്ടി ചുരുട്ടി  സ്കൂള്‍ വളഞ്ഞു കാവല്‍ നിന്നു.

രണ്ടുമൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നിറയെ പോലീസ് കാരുമായി ഒരു പോലീസ് വാന്‍ വന്നു. പോത്താനിക്കാട് എസ. ഐ. ആളുകളോട് ശാന്തരാവാന്‍ ആവശ്യപ്പെട്ടു. ആളുകള്‍ അടങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ബലമായി ഒരു പോലീസ് വലയം സൃഷ്ടിച്ച്  അദ്ധ്യാപകരെ അതിനുള്ളിലാക്കി നടത്തി വാനില്‍ക്കയറ്റി രക്ഷിച്ചു കൊണ്ട് പോയി. അവര്‍കള്‍ സാറും, റോസി ടീച്ചറും ഉള്‍പ്പടെയുള്ള അഞ്ച്  അധ്യാപകരെ ഇനി ഇങ്ങോട്ടു തിരിച്ചയക്കരുതെന്നും, അവര്‍ വന്നാല്‍ സ്ക്കൂളില്‍ കയറ്റുകയില്ലെന്നും പറഞ്ഞിട്ടാണ് നാട്ടുകാര്‍ പോലീസ് വാന്‍ വിട്ടയച്ചത്. ഇതൊക്കെ നടക്കുന്‌പോള്‍, ഇതിനെല്ലാം കാരണക്കാരനും, ഗുണ ഭോക്താവുമായ ഞാന്‍ ഇതൊന്നും അറിയാതെ കോതമംഗലത്തെ ആശുപത്രി മുറിയില്‍ ഭാര്യക്ക് കൂട്ടിരിക്കുകയായിരുന്നു എന്നതാണ് ഏറെ ചിന്തനീയം. ( സാഹചര്യങ്ങളുടെ അഴിക്കൂടുകള്‍ കൊണ്ട് കാലം എനിക്ക് വേണ്ടി ക്രിയേറ്റ് ചെയ്ത മറ്റൊരു സുരക്ഷാ വലയം എന്ന് തന്നെയാണ് ഈ സംഗതികളെ ഞാന്‍ വിലയിരുത്തിയത്. )

സ്കൂളിന്റെ മുന്നില്‍ റോഡില്‍ ഒരു സമരപ്പന്തല്‍ ഉയര്‍ന്നു. പഞ്ചായത്തു പ്രസിഡണ്ടിന്റെ നേതൃത്വത്തിലാണ് നാട്ടുകാരുടെ സമരം. ഇവിടെ സംഭവിച്ച ഒരു വലിയ  മാറ്റം രാഷ്ട്രീയ ചേരി തിരിവുകളില്ലാതെ നാട്ടുകാര്‍ ഒന്നിച്ചു നിന്നാണ് സമരം ചെയ്യുന്നത്  എന്നതാണ്. ( അടി കൊണ്ടതിലധികവും ഞങ്ങളുടെ എതിരാളികളുടെ കുട്ടികള്‍ ആയിരുന്നു എന്നതാവാം ഇതിനു കാരണം.) ലിസ്റ്റില്‍പ്പെട്ട അധ്യാപകരില്‍ ചിലര്‍ സ്കൂളില്‍ കയറാന്‍ വന്നിട്ട് നാട്ടുകാര്‍ തിരിച്ചോടിച്ചു. ആരോപണ വിധേയരായ അഞ്ച് അദ്ധ്യാപകരെ സ്ഥലം മാറ്റിയിട്ടല്ലാതെ യാതൊരു ഒത്തു തീര്‍പ്പിനും തയ്യാറല്ലെന്നാണ് നിലപാട്. ഈ  സമരത്തില്‍ മുന്‍പ് എനിക്കെതിരെ മുദ്രാവാക്യം വിളിച്ച കുട്ടികളും, അവരുടെ തന്തമാരുംകൂടി എനിക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നതും കാലം കേട്ടു : " പാടവരന്പത്തൂണു കഴിച്ചൊരു, പാവപ്പെട്ടൊരു പിള്ളേര്‍ക്കായ്  ഹൃദയമലിഞ്ഞൊരു പി. ടി. എ. വാട്ടര്‍ ടാങ്ക് പണിയിച്ചൂ  അതിനെച്ചൊല്ലി കലഹിച്ചൂ  കടിപിടി കൂട്ടി രസിച്ചവരേ,  നിങ്ങള്‍ക്കിനിയും മാപ്പില്ലാ  കടന്നു പോകൂ കശ്മലരേ " എന്നായിരുന്നു കാലം അവരെക്കൊണ്ട് തിരിച്ചു
വിളിപ്പിച്ചത് ?

ഒന്നുരണ്ടു ദിവസത്തിനകം റോസി ടീച്ചര്‍ക്കെതിരെയുള്ള പരാതിയിന്മേല്‍ ഡി. ഡി. അന്വേഷണത്തിന് വന്നു. ടീച്ചറിനെ അവിടുന്ന് സ്ഥലം മാറ്റിത്തരാം എന്ന് ഡി. ഡി. പറഞ്ഞെങ്കിലും ജനം സമ്മതിച്ചില്ല. ലിസ്റ്റിലുള്ള മുഴുവന്‍ അധ്യാപകരെയും മാറ്റാതെ യാതൊരു ഒത്തു തീര്‍പ്പിനും തങ്ങള്‍ തയ്യാറല്ലെന്ന നിലപാടില്‍ ജനം ഉറച്ചു നിന്നു. അന്നൊക്കെ ഞാന്‍ ആശുപത്രിയിലാണ്.  പത്തു മൈലില്‍ അധികം ദൂരമുള്ള കോതമംഗലത്തെ എ. ഇ. ഓ. ഓഫിസിലേക്ക് ചാത്തമറ്റത്തെ മുഴുവന്‍ ജനങ്ങളുംകൂടി കാല്‍നടയായി ഒരു പ്രകടനം നടത്തുന്നതാണെന്ന് സമര സമിതി പ്രഖ്യാപിച്ചു. അതില്‍ എന്റെ സാന്നിധ്യം അത്യാവശ്യമാണെന്ന് കുഞ്ഞുമാത്തൂച്ചേട്ടന്‍ പറഞ്ഞയച്ചതനുസരിച്ചു ഞാന്‍ സ്ഥലത്തെത്തുന്‌പോള്‍ അഞ്ഞൂറിലധികം ആളുകളാണ് അവിടെ തയ്യാറായി നില്‍ക്കുന്നത്. ജാഥാ ക്യാപ്റ്റനായി പി. ടി. എ. പ്രസിഡണ്ട് എന്ന നിലയില്‍ കൊടിയും പിടിച്ചു മുന്നില്‍ ഞാന്‍. അഞ്ഞൂറ് പേര്‍ മുദ്രാവാക്യങ്ങളും മുഴക്കി പിറകെ.

സുദീര്‍ഘമായ ആ ജാഥയുടെ ചിത്രങ്ങളും, വാര്‍ത്തയും എല്ലാ  പത്രങ്ങളും വെണ്ടക്കയില്‍ പ്രസിദ്ധീകരിച്ചു. അന്ന് ടി. വി. ചാനലുകള്‍ നിലവില്‍ വന്നിരുന്നില്ലാ എന്നത് ഞങ്ങളുടെ ഭാഗ്യം. അല്ലെങ്കില്‍ തന്നെ ' ചാത്തമറ്റം സ്കൂള്‍ സമരം ഒന്നാം ദിവസം, രണ്ടാം ദിവസം, മൂന്നാം ദിവസം ' എന്നിങ്ങനെ വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. കോതമംഗലത്തു കൂടിയ പ്രതിഷേധ പൊതുയോഗത്തില്‍ അല്‍പ്പം ചൂടന്‍ ഭാഷയിലാണ് ഞാന്‍ പ്രസംഗിച്ചത്. " ഈ പ്രശ്‌നം എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ ചാത്തമറ്റത്ത് ചോരപ്പുഴ ഒഴുകും " എന്നൊക്കെ ഞാന്‍ പറയുന്‌പോള്‍ അതിന്റെ ഗൗരവം എത്രയെന്ന് ഞാന്‍ ഉള്‍ക്കൊണ്ടില്ലെങ്കിലും, ഡിപ്പാര്‍ട്ടുമെന്റ് ശരിക്കും ഉള്‍ക്കൊള്ളുകതന്നെ ചെയ്തു.

അങ്ങിനെയാണ് എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒത്തുതീര്‍പ്പു ചര്‍ച്ച നിശ്ചയിക്കപ്പെട്ടത്. ഡി.ഡി., ഡി.ഇ.ഓ., എ.ഇ.ഓ., മുതലായ ഔദ്യോഗിക പാനല്‍, എം. എല്‍. എ., പഞ്ചായത്ത് പ്രസിഡന്റ്, പി.ടി.എ.തുടങ്ങിയ പബ്ലിക് പാനലിനൊപ്പം പൊതുജനങ്ങള്‍, ഗവര്‍മെന്റ് അധ്യാപകരുടെ സംഘടനാ പ്രതിനിധികള്‍, ആരെയൊക്കെയോ പ്രതിനിധീകരിക്കുന്ന ചില അഡ്വക്കേറ്റുമാര്‍ എന്നിങ്ങനെ വലിയൊരു സദസ്സിലാണ് ഒത്തു തീര്‍പ്പു ചര്‍ച്ച. ( ഇതിനിടയില്‍ ചില സംഘടനാ നേതാക്കള്‍ എന്നെ രഹസ്യമായി വിളിച്ചു മാറ്റി എന്ത് ചോദിച്ചാലും തരാം, ആ പരാതി ഒന്ന് പിന്‍വലിക്കാമോ എന്നും ചോദിക്കുകയുണ്ടായി.)

( ഇതിനിടയില്‍ ഉണ്ടായ ഒരു സംഭവം കൂടി പറയാതെ ഈ ചാപ്റ്റര്‍ അവസാനിപ്പിക്കാനാവില്ല. ഒത്തുതീര്‍പ്പു ചര്‍ച്ചകള്ക്കു മുന്‍പുള്ള ഒരു ദിവസം, അതായത് റോസി ടീച്ചറിനെക്കുറിച്ചുള്ള വാര്‍ത്ത വന്ന അതേദിവസം പി. ടി. എ. യുടെ ഒരടിയന്തിര യോഗം വിളിച്ചിരിക്കുന്നതായി  തലേ ദിവസം തന്നെ ഹെഡ്മാസ്റ്റര്‍ ഞങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കോട്ടയത്തു നിന്ന് തിരിച്ചെത്തിയപ്പോള്‍ താമസിച്ചു പോയത് കൊണ്ട് ബസുകള്‍ എല്ലാം പോയിക്കഴിഞ്ഞിരുന്നു. അവസാനത്തെ കാളിയാര്‍ ബസ്സില്‍ പോത്താനിക്കാട്ടിറങ്ങിയ ഞാന്‍ വീട്ടിലേക്ക് നടക്കുകയാണ്.  വഴിക്കു വച്ച് വൈസ് പ്രസിഡണ്ട് മത്തായിയെ കണ്ടു മുട്ടിയതിനാല്‍ ഞങ്ങള്‍ ഒന്നിച്ചാണ് നടപ്പ്. പ്രത്യേക വെളിച്ചമൊന്നും കൈയിലില്ല. എങ്കിലും കൂരിരുട്ടുമില്ല. ആനത്തു കുഴിയില്‍ എത്തിയപ്പോള്‍ അവര്‍കള്‍ സാറിന്റെ ബഡിയും, ചാത്തമറ്റത്തെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ ഓപ്പറേറ്ററുമായ ജോസ് മറ്റൊരാളോട് സംസാരിച്ചു കൊണ്ട് റോഡരികില്‍ നില്‍ക്കുന്നുണ്ട്. സംസാര വിഷയം സ്കൂള്‍ തന്നെ. ഞങ്ങള്‍ കടന്നു പോരുന്നതിനിടക്ക് കേട്ട ഒരു വാചകം " നോക്കിക്കോ, നാളെ മീറ്റിങ്ങു കഴിയുന്നോല്‍ പി. ടി. എ. ക്കാരെ കയ്യാമം വച്ച് നടത്തിക്കും " എന്നതായിരുന്നു. ഞങ്ങളെ തിരിച്ചറിഞ്ഞു കാണാന്‍ ഇടയില്ല. എങ്കിലും ജോസ് പെട്ടെന്ന് സംസാരം നിര്‍ത്തി.

പിറ്റേന്ന് വെളുപ്പിന് ഞാന്‍ ഉണരുന്നതിനും മുന്‍പ് വാതിലില്‍ ആരോ മുട്ടുന്നത് കേട്ട് കൊണ്ടാണ് ഞാന്‍ എഴുന്നേറ്റു വാതില്‍ തുറന്നത്. ആനത്തുകുഴിയില്‍ താമസക്കാരനും എന്റെ സുഹൃത്തുമായ ' പീരങ്കിപ്പണിക്കന്‍ ' എന്ന വൃദ്ധനാണ് മുന്നില്‍. രണ്ടാം ലോക മഹായുദ്ധക്കാലത്ത് ജപ്പാന്‍ നാവികപ്പടയുടെ ആക്രമണം ഭയന്ന് കേരളത്തിലെ ഭരണാധികാരികള്‍ ( ഒരുപക്ഷെ അവര്‍ ബ്രിടീഷുകാര്‍  ആയിരുന്നിരിക്കാം.) തെങ്ങിന്‍ തടി മുറിച്ചു വലിയ കാളവണ്ടി ചക്രങ്ങളില്‍ പിടിപ്പിച്ചു കറുത്ത പെയിന്റടിച്ചു പീരങ്കി പോലെയാക്കി കേരളത്തിന്റെ തന്ത്ര പ്രധാനമായ സ്ഥലങ്ങളിലെല്ലാം നിരനിരയായി വച്ചിരുന്നു. അക്രമണോദ്ദേശവുമായി ജപ്പാന്‍ നാവികപ്പട അന്ന് കൊച്ചിയുടെ പുറം കടലില്‍ എത്തിയിരുന്നുവെന്നും, തീരത്ത് റെഡിയായി നില്‍ക്കുന്ന പീരങ്കികള്‍ കണ്ടു ഭയന്ന് ആക്രമിക്കാതെ തിരിച്ചു പോയി എന്നും  പറയപ്പെടുന്നു. അന്ന് തെങ്ങിന്‍ തടി മുറിച്ചു പീരങ്കി പണിയാന്‍ പോയ യുവാവാണ്, ഇന്ന് വൃദ്ധനും, വല്ലപ്പോഴും അല്‍പ്പം മരപ്പണിയൊക്കെ എനിക്ക് ചെയ്തു തരുന്നയാളും, വലിയ നാടക കന്പക്കാരനും, എന്റെ സുഹൃത്തുമായ ഈ നില്‍ക്കുന്ന പീരങ്കിപ്പണിക്കന്‍.

ഇന്നലെ അല്‍പ്പം ലഹരിയില്‍ ജോസ് സംസാരിക്കുന്നത് പണിക്കര്‍ കേട്ടുവെന്നും, ഇന്ന് പി. ടി. എ. യോഗത്തിനു പോയാല്‍ പെണ്ണുകേസില്‍ കുടുക്കി  എന്നെ അറസ്റ്റു ചെയ്യിക്കുമെന്നും, അതിനാല്‍ യോഗത്തിന് പോകരുതെന്ന് പറയുവാനുമാണ് രണ്ടു മൈല്‍ നടന്ന് അതിരാവിലെ പണിക്കന്‍ വന്നിരിക്കുന്നത്. പണിക്കന്റെ ഉപദേശവും മറ്റു സാഹചര്യങ്ങളും പരിഗണിച്ചു കൊണ്ട് അന്ന് ഞങ്ങളാരും യോഗത്തിനു പോയതേയില്ല. )

ഒത്തു തീര്‍പ്പു ചര്‍ച്ചയില്‍ ഔദ്യോഗിക പക്ഷം നിരത്തിയ യാതൊരു വാദങ്ങളും വിലപ്പോയില്ല. സ്ത്രീകളും, അമ്മമാരും വരെ പ്രശ്‌നത്തില്‍ ഇടപെട്ടു സംസാരിച്ചു. ചില അദ്ധ്യാപകര്‍ക്കെതിരെ അവര്‍ അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ കൂടി ആരോപിച്ചപ്പോള്‍, ( ഇതില്‍ എനിക്കു  പങ്കില്ല. അത്തരം കാര്യങ്ങളൊന്നും പി. ടി. എ. ഉന്നയിച്ചിട്ടുമില്ല. ) എല്ലാവരും വായടച്ച് പൊതുജനങ്ങളുടെ മുഴുവന്‍ ഡിമാന്റുകളും അംഗീകരിച്ച കൊണ്ടുള്ള  ഒത്തു തീര്‍പ്പു നിലവില്‍ വന്നു. ഇതനുസരിച്ച് ഹെഡ്മാസ്റ്റര്‍ സ്വമേധയായും, അവര്‍കള്‍ സാറും, റോസി ടീച്ചറും ഉള്‍പ്പടെയുള്ള അഞ്ചു അദ്ധ്യാപകര്‍ ഫണീഷ് മെന്റ്  ട്രാന്‍സ് ഫറിന് വിധേയരായും ചാത്തമറ്റം സ്കൂളില്‍ നിന്ന് സ്ഥലം മാറ്റപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തില്‍ ഇതുവരെയും സമാനമായ ഒരു സംഭവം ഉണ്ടായതായി അറിവില്ല.

അറുപതോളം കുട്ടികള്‍ പരീക്ഷയെഴുതിയ ആ വര്‍ഷത്തെ എസ് . എസ് . എല്‍. സി. പരീക്ഷക്ക് എനിക്കെതിരേ മുദ്രാവാക്യം വിളിച്ചവര്‍ ഉള്‍പ്പടെ ആരും തന്നെ ജയിച്ചില്ല എന്നത് യാദൃശ്ചികമാവാം. പൈങ്ങോട്ടൂരില്‍ നിന്ന് വന്ന് പഠിച്ചു കൊണ്ടിരുന്ന ഒരു കുട്ടി മാത്രമാണ് ആ വര്‍ഷം ജയിച്ചത്. ആ കുട്ടി സമരത്തില്‍ പങ്കെടുത്തിരുന്നില്ലാ എന്നതും യാദൃശ്ചികമാവാം ? ബാക്കി മുഴുവന്‍ തോറ്റു.

സ്കൂളിലെ സീനിയര്‍ അദ്ധ്യാപികയും, രണ്ടു മൈല്‍ അകലെയുള്ള പൈങ്ങോട്ടൂരില്‍ താമസക്കാരിയുമായ അന്നക്കുട്ടി ടീച്ചറിനെ പ്രമോട്ട് ചെയ്ത് ഹെഡ് മിസ്ട്രസ്സ് ആയി നിയമിച്ചു. സ്കൂളിലെ ആവശ്യമായ തസ്തികകള്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന്  ഉടന്‍ നികത്തി. അന്ന് മുതല്‍ ഇന്നുവരെയും സ്കൂളിന്റെ പ്രവര്‍ത്തനം വളരെ ഭംഗിയായി നടന്നു വരുന്നതായിട്ടാണ് അറിയാന്‍ കഴിയുന്നത്. ഇപ്പോള്‍ എറണാകുളം ജില്ലയിലെ ഏറ്റവും പ്രമുഖമായ സ്കൂളുകളില്‍ ഒന്നാണ് ചാത്തമറ്റം ഗവര്‍മെന്റ് സ്കൂള്‍ എന്നും അംഗീകാരം നേടിക്കഴിഞ്ഞിരിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം ഈയിടെ ചിക്കാഗോയില്‍ നിന്ന് അവര്‍കള്‍ സാര്‍ ന്യൂ യോര്‍ക്കിലേക്കു എന്നെ വിളിച്ചിരുന്നു. റിട്ടയര്‍മെന്റിനു ശേഷം ചിക്കാഗോയിലുള്ള മകന്റെ കൂടെയാണ് അദ്ദേഹം താമസിക്കുന്നത്. വളരെ സൗഹാര്‍ദ്ദപൂര്‍വം ബന്ധുക്കളെപ്പോലെ ബഹുമാനത്തോടെ ഞങ്ങള്‍ വളരെ നേരം സംസാരിച്ചു. താന്താങ്ങളുടെ നിലനില്‍പ്പിനു വേണ്ടി മനുഷ്യന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടക്ക് സഹജീവികള്‍ക്ക് അല്‍പ്പം അലോസരമൊക്കെ ഉണ്ടായിപ്പോകുന്നത് അപൂര്‍ണ്ണനായ മനുഷ്യനെ സംബന്ധിച്ചിടത്തോളം തികച്ചും സ്വാഭാവികം മാത്രമാണല്ലോ? അദ്ദേഹം എന്നെ വിളിച്ചപ്പോള്‍ ഒരു ജേഷ്ഠ സഹോദരന്‍ വിളിക്കുന്നത് പോലെയുള്ള ഒരാനന്ദം ഞാന്‍ അനുഭവിച്ചറിഞ്ഞു.

ഇതെല്ലാം എന്നെ ബോധ്യപ്പെടുത്തുന്ന ഒന്നുണ്ട്. എന്റെ യാതൊരു പങ്കുമില്ലാതെ എന്റെ പ്രതിസന്ധികളില്‍ എനിക്ക് വേണ്ടി ചിന്തിക്കുന്ന ഒരു മനസ്സ് എനിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന ബോധം. ആ മനസ്സുതന്നെയല്ലേ മറ്റു മനസ്സുകളെ പ്രചോദിപ്പിച്ചു കൊണ്ട് സാഹചര്യങ്ങളെ ക്രിയേറ്റ് ചെയ്യുകയും, സാഹചര്യങ്ങള്‍ കടഞ്ഞു കടഞ്ഞു നമുക്കാവശ്യമുള്ള നന്മയുടെ  വെണ്ണ വേര്‍തിരിക്കുകയും ചെയ്യുന്ന പ്രപഞ്ച മനസ്സ് എന്ന ദൈവം?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക