Image

പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇന്ത്യ

Published on 20 October, 2019
പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇന്ത്യ
ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സ്ഥിരീകരിച്ച് കരസേന മേധാവി ബിപിന്‍ റാവത്. ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ പത്തിലധികം പാക് പട്ടാളക്കാരും ഭീകരരും കൊല്ലപ്പെട്ടതായും മൂന്ന് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഉയരാമെന്നും ഇതുസംബന്ധിച്ച കണക്കെടുപ്പ് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് മുതല്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ പ്രകോപനമാണ് നടക്കുന്നത്. കശ്മീരിലെ സമാധാനവും ഐക്യവും തകര്‍ക്കാനായി ഭീകരരുടെയും ചില ഏജന്‍സികളുടെയും നിര്‍ദേശമനുസരിച്ച് ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിനകത്തുള്ളവും പുറത്തുള്ളവരും അതിലുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് മടങ്ങുമ്പോള്‍ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് അവരുടെ ശ്രമം.

കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധിതവണയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. കഴിഞ്ഞദിവസം താങ്ധര്‍ മേഖലയില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ സൈന്യം തിരിച്ചടിച്ചു. അവര്‍ നുഴഞ്ഞുകയറുന്നതിന് മുമ്പേ അത് പരാജയപ്പെടുത്തിയെന്നും താാങ്ധര്‍ മേഖലയ്ക്ക് എതിര്‍വശത്തുള്ള ഭീകരകേന്ദ്രങ്ങളാണ് ഞായറാഴ്ച തകര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച രാവിലെ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ആക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക