Image

ലോകസിനിമകള്‍- എ ഹാര്‍ഡ് ഡേ (A Hard Day) (2014)

Published on 20 October, 2019
ലോകസിനിമകള്‍- എ ഹാര്‍ഡ് ഡേ (A Hard Day) (2014)
ഡ്രാമ /ക്രൈം
സംവിധായകന്‍: കിം സിയോങ്ഹുന്‍ 
അഭിനേതാക്കള്‍: ലീ സുന്‍കെയ്ന്‍, ചോ ജിന്‍വൂങ്
രാജ്യം: സൗത്ത് കൊറിയ
സമയം: 111 മിനിറ്റ്
ഭാഷ: കൊറിയന്‍

ഡിട്ടെക്ട്ടീവ് ആയ കോയുടെ ജീവിതത്തിലെ ഏറ്റവും മോശമായ ഒരു  ദിവസത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ്  "എ ഹാര്‍ഡ് ഡേ'  എന്ന കൊറിയന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഡിട്ടെക്ട്ടീവ്  കോയുടെ  അമ്മ മരിച്ച ആ ദിവസം തന്നെ ആണ് അദ്ദേഹത്തിന്റെ  ഭാര്യയുടെ വിവാഹമോചന കത്ത് അദ്ദേഹത്തിന് ലഭിക്കുന്നത്. കൂനിന്മേല്‍ കുരു എന്നപോലെ അന്ന് തന്നെ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തില്‍ നിന്ന് കോയ്ക്ക് എതിരെയുള്ള അന്വേഷണവും ആരംഭിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായ പരിശോധനകളും ഡിട്ടെക്ട്ടീവ് കോയുടെ  ഓഫീസില്‍ അരങ്ങേറുമ്പോള്‍,  ഒരു വശത്ത് കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങളും, മറുവശത്ത് അമ്മയുടെ മരണവും ചടങ്ങുകള്‍ക്ക് അവിടെ ഉണ്ടാകേണ്ട ആവശ്യകതയും  എല്ലാം കൂടി അദ്ദേഹത്തിനെ വലയ്ക്കുന്നു.  എന്നാല്‍ അതേസമയത്  കോയുടെ ഓഫീസില്‍ നിന്നും അദ്ദേഹത്തിനൊപ്പം ആരോപണവിധേരായ സഹപ്രവര്‍ത്തകരുടെ ഫോണ്‍കോളുകളും മുറയ്ക്ക് വന്നുകൊണ്ടിരുന്നു.  ഒരേ സമയത്തു പല സ്ഥലത്തു പ്രത്യക്ഷപ്പെടേണ്ട സാഹചര്യം! എല്ലാം കൊണ്ടും ഭ്രാന്തു പിടിക്കുന്ന അവസ്ഥ!

എല്ലാംകൊണ്ടും ആകെ തകര്‍ന്ന ഡിട്ടെക്ട്ടീവ് കോ കാറും എടുത്തു ഓഫീസിലേക്ക് പുറപ്പെടുന്നു. എന്നാല്‍ യാത്രക്കിടയില്‍ നായയെ രക്ഷിക്കാന്‍ വേണ്ടി കാര്‍ വെട്ടിച്ചപ്പോള്‍ കോയുടെ കാര്‍ ഒരു സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുന്നു. പേടിച്ചുപോയ കോ പുറത്തിറങ്ങി നോക്കിയപ്പോള്‍ ഗുരുതരമായി പരിക്കേറ്റ അപരിചിതന്‍ തല്‍ക്ഷണം മരിച്ചിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്ക്കുമ്പോഴാണ് ആ വഴി വരുന്ന പോലീസ് കാര്‍ കോ  കാണുന്നത്! ഡിട്ടെക്ട്ടീവ് കോ പെട്ടന്ന് തന്നെ ആ ശരീരം റോഡില്‍ നിന്നും മാറ്റി ഒളിപ്പിക്കുന്നു. അങ്ങനെ ദുരിതമായി മാറിയ ആ ദിവസത്തെ ദുരിതത്തിന്റെ ആഴം കൂട്ടാന്‍ ഒരെണ്ണം കൂടി കോയുടെ തലയിലായി!

ഇതുവരെ ഉണ്ടായ പോലെ ഒരു സാധാരണ ദുരന്തമായിരുന്നില്ല ഇത്! ഒരാള്‍ മരണപ്പെട്ടിരിക്കുന്നു! അതുകൊണ്ടു തന്നെ കടുത്ത ശിക്ഷയും ലഭിക്കും. പരിഹരിക്കേണ്ട കുടുംബ പ്രശ്‌നത്തെ ഓര്‍ത്തും അമ്മയുടെ സംസ്കാര ചടങ്ങിന് അവിടെ എത്തേണ്ട ആവശ്യകതയെ ഓര്‍ത്തും ഡിട്ടെക്ട്ടീവ് കോ നിയമത്തിനു കീഴടങ്ങാതെ സ്വയം രക്ഷപ്പെടാന്‍ തീരുമാനിക്കുന്നു. അതിനായി അദ്ദേഹം ഒരു വഴി കണ്ടെത്തുന്നു. അങ്ങനെ ദുരന്തപൂര്‍ണ്ണമായ ആ ദിവസത്തെ വിഷമങ്ങള്‍ മുഴുവന്‍ അവസാനിച്ചു എന്ന് കരുതുമ്പോള്‍ കോയ്ക്ക് ഒരു കോള്‍ വരുന്നു. കോ ചെയ്തതിനെ കുറിച്ച് അറിയാവുന്ന ഒരാള്‍ കോയെ ബ്ലാക്ക്‌മെയില്‍ ചെയ്തു തുടങ്ങുന്നു. ഒരു പോലീസുദ്യോഗസ്ഥനായ കോ അയാളെ നിസാരമാക്കി തള്ളിക്കളയുന്നു. എന്നാല്‍ അയാള്‍ തീരെ നിസാരക്കാരനല്ലായിരുന്നു  എന്ന് കോയ്ക്ക് അധികം താമസിയാതെ മനസ്സിലാവുന്നു. അയാളെ വെറുതെ വിട്ടാല്‍ തന്റെ സ്വൈര്യജീവിതത്തിനു തടസ്സമാകുമെന്നു കോയ്ക്ക് പൂര്‍ണ്ണ ബോധ്യമായി!. കോ ഇനി അയാളെ എന്ത് ചെയ്യും? കോയുടെ കാര്‍ ഇടിച്ചു തെറുപ്പിച്ചത് ആരെയായിരുന്നു? എന്താണ് ബ്ലാക്‌മെയില്‍ ചെയ്യുന്ന ആളുടെ ഉദ്ദേശം?  ണ്ടഡിട്ടെക്ട്ടീവ് കോയ്ക്ക് ഉത്തരം കണ്ടുപിടിക്കാന്‍ ഒരുപാട് ചോദ്യങ്ങളുണ്ട്!

2014ല്‍ ഇറങ്ങിയ മികച്ച കൊറിയന്‍ ത്രില്ലര്‍ എന്ന് പറയാം ഈ ചിത്രത്തെ. അവസാനം വരെ സസ്‌പെന്‍സ് നിലനിര്‍ത്തുന്ന മികച്ച ഒരു കൊറിയന്‍ ചിത്രമാണിത്. നായകനും വില്ലനും തമ്മിലുള്ള ക്യാറ്റ് & മൗസ് ഗെയിം ആണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഒരിക്കല്‍ പോലും ബോറടിക്കാതെ ഇരുന്നു കാണാം. 2014 ലെ Cannes Film Festival ല്‍ Directors' Fortnight  വിഭാഗത്തില്‍ ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊറിയന്‍ ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ക്ക് തീര്‍ച്ചയായും കാണാവുന്ന ഒരു ചിത്രം.

ലോകസിനിമകള്‍- എ ഹാര്‍ഡ് ഡേ (A Hard Day) (2014)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക