Image

മഴയിലും ആവേശം ചോരാതെ അരൂര്‍; മഞ്ചേശ്വരത്തും കോന്നിയിലും മികച്ച പോളിംഗ്; തണുത്തുറഞ്ഞ് എറണാകുളം

Published on 21 October, 2019
മഴയിലും ആവേശം ചോരാതെ അരൂര്‍; മഞ്ചേശ്വരത്തും കോന്നിയിലും മികച്ച പോളിംഗ്; തണുത്തുറഞ്ഞ് എറണാകുളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മുതല്‍ തകര്‍ത്തുപെയ്യുന്ന മഴയ്ക്ക് ഉപതെരഞ്ഞെടുപ്പില്‍ കാര്യമായ ഭീഷണി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. എറണാകുളം ഒഴികെ മറ്റ് നാലു മണ്ഡലങ്ങളിലും മികച്ച പോളിംഗ് തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഴയുടെ ആവേശം ഒട്ടും ചോരാതെയാണ് അരൂര്‍ മുന്നേറുന്നത്. കോന്നിയും മഞ്ചേശ്വരവും തൊട്ടുപിന്നിലുണ്ട്. വട്ടിയൂര്‍ക്കാവില്‍ അല്പം മന്ദഗതിയിലാണ് പോളിംഗ്. എന്നാല്‍ എറണാകുളം എല്ലാ കക്ഷികളെയും നിരാശപ്പെടുത്തിക്കളഞ്ഞു.

അരൂരില്‍ 5.20 വരെയുള്ള കണക്ക് പ്രകാരം 75.66% ആണ് പോളിംഗ്. മഞ്ചേശ്വരത്ത് 69%, കോന്നി 65.1%, വട്ടിയൂര്‍ക്കാവ് 62.3%, എറണാകുളം 52.03% എന്നിങ്ങനെയാണ് പോളിംഗ് നിരക്ക്.

അതേസമയം, മഴ കുറഞ്ഞത് ഉച്ചകഴിഞ്ഞ് വോട്ടര്‍മാര്‍ കൂടുതലായി ബൂത്തുകളിലേക്ക് എത്തുകയാണ്. പോളിംഗ് സമയം നീട്ടിനല്‍കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ആറു മണിക്ക് ബൂത്തില്‍ ക്യൂവില്‍ ഉള്ള എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അനുവാദം നല്‍കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

അരൂര്‍, അരുക്കുറ്റി, എഴുപുന്ന യു.ഡി.എഫ് ലീഡ് പ്രതീക്ഷിക്കുന്ന പഞ്ചായത്തുകളാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ലീഡ് നേടിയ പഞ്ചായത്തുകളാണ്. വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് എല്ലാ ബൂത്തുകളിലും. ഈ നില തുടര്‍ന്നാല്‍ 84 ശതമാനത്തിനു മുകളില്‍ പോളിംഗ് കടക്കുമെന്ന പ്രതീക്ഷയാണുള്ളത്.

മഞ്ചേശ്വരത്ത് 1,40,000ന് മുകളില്‍ വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്തിക്കഴിഞ്ഞു. പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടിംഗ് ശതമാനം ഉയരുമെന്ന പ്രതീക്ഷയാണ് ജില്ലാ ഭരണകൂടം പ്രകടിപ്പിക്കുന്നത്. മംഗല്‍പാടി പഞ്ചായത്തിലെ ആറ് ബൂത്തുകളില്‍ ക്രമസമാധാന പ്രശ്‌നമുള്ളതിനാല്‍ പ്രത്യേക മജിസ്‌ട്രേറ്റിനെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക