Image

പരീക്ഷാ നടത്തിപ്പിലും മന്ത്രി ഇടപെട്ടു; കെ.ടി ജലീലിനെതിരെ ചെന്നിത്തല

Published on 22 October, 2019
പരീക്ഷാ നടത്തിപ്പിലും മന്ത്രി ഇടപെട്ടു; കെ.ടി ജലീലിനെതിരെ ചെന്നിത്തല
തിരുവനന്തപുരം:മന്ത്രി കെ.ടി. ജലീലിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള സാങ്കേതിക സര്‍വകലാശാല പരീക്ഷ നടത്തിപ്പില്‍മന്ത്രി കെ.ടി. ജലീല്‍ നേരിട്ട് ഇടപെട്ട് ഉത്തരവിറക്കിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പരീക്ഷാ പരിഷ്കരണം സംബന്ധിച്ച്‌ മന്ത്രി നേരിട്ട് ഉത്തരവിറക്കി. പരീക്ഷ എങ്ങിനെ നടത്തണമെന്ന് മന്ത്രി നിര്‍ദേശിക്കുകയും ഇതിനായി വി.സി. ഉത്തരവിറക്കുകയും ചെയ്തു. ചോദ്യങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷാ നടത്തിപ്പിന് എ.പി.ജെ അബ്ദുല്‍ കലാം യൂനിവേഴ്സിറ്റിയില്‍ ഉണ്ടായിരുന്ന സംവിധാനം മന്ത്രി മാറ്റി. മന്ത്രിയുടെ ഓഫീസില്‍ തയാറാക്കിയ പ്രൊപ്പോസല്‍ മന്ത്രി അംഗീകരിച്ച ശേഷം നടപ്പാക്കാന്‍ വി.സിയോട് ആജ്ഞാപിക്കുകയാണ് ചെയ്തത്. ഇത് സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തിനു മേലുള്ള പ്രൊ ചാന്‍സലറായ മന്ത്രിയുടെ കൈകടത്തലാണ്.

മുഖ്യമന്ത്രി ഈ വിഷയത്തില്‍ കാണിക്കുന്ന മൗനം ദുരൂഹമാണ്. ചട്ടം ഇനിയും ലംഘിക്കുമെന്ന് മന്ത്രി പറഞ്ഞത് സത്യപ്രതിജ്ഞാ ലംഘനമാണ്. മന്ത്രി വളയമില്ലാതെ ചാടുന്നത് കണ്ടിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക