Image

ജര്‍മനിയില്‍ കൊടുംപട്ടിണി; 20 ശതമാനം പേര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ

Published on 22 October, 2019
ജര്‍മനിയില്‍ കൊടുംപട്ടിണി;  20 ശതമാനം പേര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ
ബര്‍ലിന്‍: സമ്പന്ന രാജ്യം എന്നു വിശേഷണമുള്ള ജര്‍മനിയില്‍ സാധാരണ ജനം പട്ടിണികൊണ്ട് പൊറുതി മുട്ടുകയാണെന്നു പുതിയ പഠന റിപ്പോര്‍ട്ടിന്റെ വെളിപ്പെടുത്തല്‍.

പഠന റിപ്പോര്‍ട്ട് അനുസരിച്ച് ജര്‍മന്‍ ജനതയില്‍ 20 ശതമാനവും ദാരിദ്ര്യ രേഖയ്ക്ക് താഴെ തന്നെ. പെന്‍ഷന്‍ പറ്റിയ മുതിര്‍ന്ന പൗരന്മാരാണ് ഏറെ അനുഭവിക്കുന്നതെന്നു പഠന റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. വളര്‍ന്ന് വരുന്ന കുട്ടികളുടെ സ്ഥിതി ഇതിലും ഭയാനകം.

പ്രതിമാസം 969 യൂറോ കൊണ്ട് ജീവിക്കുന്ന 60 ശതമാനം അര്‍ധ പട്ടിണിക്കാരാണ് ഇവിടെ ഉള്ളത്. കുറഞ്ഞ വരുമാനം, കുറഞ്ഞ പെന്‍ഷന്‍, വര്‍ധിച്ച് വരുന്ന ജീവിത ചെലവ്, അടിക്കടി വര്‍ധിക്കുന്ന വാടക തുടങ്ങി പ്രധാന ഘടകങ്ങളാണ് ലക്ഷക്കണക്കിന് ജര്‍മന്‍കാരെ പട്ടിണിയിലേക്ക് തള്ളി വിടുന്നത്. അവധിക്കാലം ചെലവഴിക്കാനോ, കുട്ടികള്‍ക്ക് ഒരു നേരത്തെ ചൂടുള്ള ഭക്ഷണം കൊടുക്കാനോ പുതുവസ്ത്രം വാങ്ങാനോ കഴിയാത്തവരുടെ സംഖ്യ ഇവിടെ കൂടി വരുന്നു.

പണം ചിലവഴിക്കുന്നതിന് മുമ്പ് ഒരു സെന്റോ ഒരു യൂറോയോ തിരിച്ചും മറിച്ചും നോക്കി ചെലവഴിക്കണമോ എന്നു ചിന്തിക്കുന്നവരാണ് ഈ പട്ടിണി പാവങ്ങളില്‍ അധികവും. പണം കണ്ടെത്താന്‍ വെയ്സ്റ്റ് കൊട്ടകള്‍ പരതി അതില്‍ കിടക്കുന്ന ഒഴിഞ്ഞ കുപ്പികള്‍ പെറുക്കി വിറ്റഴിക്കുന്ന മുതിര്‍ന്ന പൗരന്മാരും ഇവിടെ ഏറെയാണ്.

ധനികനും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം ഇവിടെ കൂടി വരുന്നു. ഇതിന് ഒരു തടയിടാന്‍ ചാന്‍സലര്‍ മെര്‍ക്കലിന്റെ വിശാല മുന്നണി സര്‍ക്കാര്‍ നീക്കം ആരംഭിച്ചു കഴിഞ്ഞു. പ്രതിമാസം ഒരാള്‍ക്ക് ആയിരം യൂറോയുടെ മുകളില്‍ വരുമാനം, ഉറപ്പാക്കുക, മിനിമം പെന്‍ഷന്‍ തുക ഉയര്‍ത്തുക, ഉയരുന്ന വാടക തടയുക, ജീവിത ചെലവ് ഉയരാതെ വില നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് വിശാല മുന്നണി സര്‍ക്കാരിന്റെ ഇനിയുള്ള ശ്രദ്ധ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക